ADVERTISEMENT

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ് . ബാഹുബലിയെ തോൽപിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്. നിർമ്മാതാവായ സുഹൃത്തിനെ കാണാൻ ചെന്നതാണ്. യാദൃശ്ചികമായി അവിടെ വച്ച് പഴയ ഒരു നിർമ്മാതാവിനെ കണ്ടുമുട്ടി. കുറെ നേരം സംസാരിച്ചു. നായക നടന്റെ ഡേറ്റന്വേഷിച്ചു വന്നതാണ്. ഇതേ നടനെ വച്ചെടുത്ത കഴിഞ്ഞ പടം എട്ടു നിലയ്ക്കു പൊട്ടി. ആകെ ഉണ്ടായിരുന്ന എസ്റ്റേറ്റും വീടും പോയിക്കിട്ടി. അടുത്ത പടത്തിനു മാർവാഡി കനിയണം. അതിനു നായകന്റെ ഡേറ്റു വേണം. എന്തു ചെയ്യാം തന്റെ നമ്പർ കണ്ടാൽ പുള്ളിക്കാരൻ ഫോൺ കൂടി എടുക്കില്ല. അതു കൊണ്ടു നേരിട്ടു കണ്ടു ബോധിപ്പിക്കാൻ വന്നതാണ്. 

"കർമ്മദോഷം. അല്ലാതെന്താ '' നിർമ്മാതാവിന്റെ ആത്മഗതം

" എന്തേ അങ്ങനെ തോന്നാൻ " ഞാനറിയാതെ ചോദിച്ചു

അതൊരു നീണ്ട കഥയാണ്. അയാൾ പറഞ്ഞു തുടങ്ങി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ മലയാളത്തിലെ നിത്യവസന്ത നായകനെ വച്ചു താനെടുത്ത ആദ്യ ചിത്രത്തിന്റെ ചരിത്രം മുതൽ. നെടുവരിയൻ നായികമാരും, അഞ്ചു പാട്ടും ഗുസ്തിയും കാബറേയും തുടങ്ങി സർവ്വ മസാലയും ഉണ്ടായിട്ടു കൂടി പടം നിലം തൊട്ടില്ല. നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ. വീടിന്റെ ആധാരം പണയം വച്ചെടുത്ത പടമാണ് ആവിയായിപ്പോയത്. കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചു കഴിയേണ്ട അവസ്ഥ. ഒടുവിൽ ആത്മഹത്യയെക്കുറിച്ചാലോചിച്ച ദിവസമാണ് തന്റെ ജീവിതത്തിന്റെ തന്നെ ഗതി മാറിയ സംഭവം നടന്നത്.

തന്നെ കണ്ടെത്തിക്കൊണ്ടു ചെല്ലാൻ 'നിത്യവസന്തം' ആളെ വിട്ടിരിക്കുന്നു. നിർവ്വികാരനായി കൂടെച്ചെന്ന തന്നെക്കണ്ടതും മലയാളത്തിന്റെ ആ പ്രേമ നായകൻ ഓടി വന്നു കെട്ടിപ്പിടിച്ചു. വിഷമിക്കേണ്ടെന്നും, ഡേറ്റു തരാമെന്നും ഇനിയും പടം ചെയ്യണമെന്നും പറഞ്ഞ് ഒരു പൊതിയെടുത്തു തന്നു. തുറന്നു നോക്കിയ താൻ ഞെട്ടി. കഴിഞ്ഞ ചിത്രത്തിനു നൽകിയ പ്രതിഫലത്തിനേക്കാൾ വലിയ ഒരു തുക. താനറിയാതെ കരഞ്ഞു പോയി.

നിത്യനായകന്റെ ഡേറ്റ് കിട്ടിയതോടെ പിന്നെല്ലാം പെട്ടെന്നായിരുന്നു. പണവുമായി മാർവാഡി പുറകെ . കഥയും സംവിധായകനും റെഡി. ആകെയുള്ള പ്രശ്നം കഥാനായകൻ മറ്റു രണ്ടു ചിത്രങ്ങളിൽ മാറിമാറി അഭിനയിക്കുകയാണ്. എല്ലാം ഓണത്തിനിറങ്ങേണ്ടവയും. തന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസവും അർദ്ധരാത്രി മുതൽ മൂന്നാം ഷിഫ്റ്റിൽ അഭിനയിച്ച് ചിത്രത്തിന്റെ ഒരു ഭാഗം തീർത്തു തരാമെന്നദ്ദേഹം പറഞ്ഞപ്പോൾ ദൈവ വചനമായാണു തോന്നിയത്. ഷൂട്ടിംഗിന്റെ ചെറിയ ഇടവേളകളിൽ മാത്രം കസേരയിലിരുന്ന് മയങ്ങി 'ദൈവം' തന്റെ ചിത്രം സമയത്തിനു തീർത്തു തന്നു.

ഒടുവിൽ ചിത്രം ഓണത്തിന് തന്നെ റിലീസ് ചെയ്തു. സൂപ്പർ ഹിറ്റ്. നൂറു ദിവസം നിർത്താതെ ഓടി, തന്നെ കോടീശ്വരനാക്കി. ദൈവത്തിനു കൊടുക്കാനുള്ളതു മുഴുവൻ താൻ കൊടുത്തു തീർത്തു. നിരവധി ചിത്രങ്ങൾ തുടരെത്തടരെ പിന്നീടു ചെയ്തു. അതിൽ രണ്ടെണ്ണം തന്റെ പഴയ ദൈവത്തെ വച്ചും. അതു രണ്ടും ഉദ്ദേശിച്ച വിജയം കണ്ടില്ല. പുതിയ നായകന്മാരുടെ പുറകെയാണ് ജനം. ദൈവത്തിനു പ്രായം അറുപതോടടുക്കുന്നു. അതു കൊണ്ടു തന്നെ വൃദ്ധനായ ദൈവത്തിന്റെ കാലം കഴിഞ്ഞതായി ഞങ്ങൾ നിർമ്മാതാക്കൾ പൊതുവേ കരുതി. ദൈവത്തിന്റെ ഫോൺ അനുദിനം നിശബ്ദമായിത്തുടങ്ങി. കൂടെ ദൈവവും. എന്നും രാവിലെ കുളിച്ചു വേഷം മാറി സ്വയം മേക്കപ്പിട്ട് ആ ഫോണിന്റെ അടുത്ത് അദ്ദേഹം കാത്തിരിക്കും. ഒരു നിർമ്മാതാവിന്റേയോ സംവിധായകന്റേയോ വിളിക്കായി. തീരെ സഹികെടുമ്പോൾ ദൈവം പണ്ടു താൻ ഡേറ്റും പണവും കൊടുത്തു സഹായിച്ചവരെയൊക്കെ അങ്ങോട്ടു വിളിച്ചു നോക്കും. അടുത്ത ചിത്രത്തിൽ നോക്കട്ടെ എന്ന മറുപടി മാത്രം. പലരും ദൈവമാണെന്നു മനസ്സിലായാൽ ഫോൺ കട്ട് ചെയ്യാൻ വരെ തുടങ്ങി. ശപിക്കപ്പെട്ട ഏതോ നിമിഷത്തിൽ ഒരിക്കൽ താനും അങ്ങനെ ചെയ്തു. ദൈവം പിന്നീടൊരിക്കലും തനിക്കു ഫോൺ ചെയ്തിട്ടില്ല. ഒരു വർഷത്തിനുള്ളിൽ ദൈവം ഈ നശിച്ച ലോകം വിട്ടു പോയെന്നറിയുന്നതു വരെ താൻ ആ കരുണാമയനെക്കുറിച്ച് ആലോചിച്ചതു പോലുമില്ല എന്നതാണു സത്യം. ദൈവത്തിന്റെ ശാപമാണോ എന്നറിയില്ല എന്റെ പതനമവിടെ തുടങ്ങി.

നിർമ്മാതാവ് ആത്മകഥ പറഞ്ഞു നിർത്തിയപ്പോഴേക്കും കാരവന്റെ ടയറിൽ നിറച്ച കാറ്റ് ബ്രാൻഡഡല്ലാത്തതിൽ ദേഷ്യപ്പെട്ട് സെറ്റിൽ വൈകിയെത്തിയ നായകൻ ഷോട്ടിനു റെഡിയായി.. മൂന്നര പതിറ്റാണ്ടു മുൻപ് അമ്പത്തൊമ്പതാം വയസ്സിൽ വൃദ്ധനായകനായി കളമൊഴിയേണ്ടി വന്ന ദൈവം,  മേൽവസ്ത്രമില്ലാതെ ചുള്ളനായി നാൽപതടി ക്രയിനിൽ പറന്നു കളിക്കുന്ന  തന്നോടൊപ്പം അഭിനയിച്ച നായകനെ നോക്കി സ്വർഗ്ഗത്തിന്റെ വാതിലും തുറന്നിരുന്നു നെടുവീർപ്പിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com