ADVERTISEMENT

കണ്ണാ...കള്ള കണ്ണാ...മീര എന്ന പേരായതു കൊണ്ടാകാം എനിക്ക് നിന്നോട് ഇത്ര പ്രണയം എന്റെ കള്ള കണ്ണാ.

പതിവ് പോലെ മീര സ്വയം സംസാരിച്ചു തുടങ്ങി. അവൾ മീര. മേലേവീട്ടിൽ സേതുവിന്റെയും രേണുവിന്റെയും രണ്ടു മക്കളിൽ ഇളയ സന്തതി. സഹോദരൻ മനോജ് എന്ന് പേരുള്ള മനു എട്ടാം ക്ലാസ്സിലും മീര ഏഴാം ക്ലാസ്സിലും പഠിക്കുന്നു. കുഞ്ഞു നാൾ മുതൽ കൃഷ്ണനോട് വലിയ ആരാധനയാണ് കക്ഷിക്ക്. കുഞ്ഞു നാൾ മുതൽ മുത്തശ്ശിയുടെ നാവിൽ നിന്നും കൃഷ്ണനെ കുറിച്ചുള്ള റൊമാന്റിക് കഥകളൊക്കെ കേട്ട് കള്ള കണ്ണൻ അവളുടെ മനസ്സിൽ അങ്ങു കയറിക്കൂടി. സാധാരണ ഇമ്മിണി വലിയ പെൺകുട്ടികളുടെ റൊമാന്റിക് ഹീറോ ആണല്ലോ നമ്മുടെ കൃഷ്ണേട്ടൻ....പുള്ളിക്ക് എന്തുമാകാം, പതിനാറായിരത്തി എട്ടോ..വേണേൽ കാക്ക തൊള്ളായിരം ഭാര്യമാർ വേണേലും ആകാം. ഒന്നിനെ സഹിക്കുന്നതിനേ വളരെയേറെ കഷ്ടപ്പെടുന്ന നമ്മുടെ ചേട്ടന്മാർ ഒന്ന് സങ്കല്പിച്ചെ നമ്മുടെ കൃഷ്ണന്റെ ഒരു അവസ്ഥ?...ആ കള്ള കണ്ണനാണ് നമ്മുടെ മീരയുടെ മനസ്സിൽ അങ്ങു പതിഞ്ഞു പോയ കള്ളൻ

ഒറ്റക്കാകുന്ന നേരങ്ങളിൽ മീരയുടെ സാങ്കല്പിക ലോകത്തു അവളും അവളുടെ കണ്ണനും മാത്രം. തനിച്ചിരിക്കുന്നതായിരുന്നു അവൾക്കേറ്റവും ഇഷ്ടവും.

ഒരിക്കൽ ഒരു കൃഷ്ണ ജയന്തി ദിനത്തിൽ അമ്പലത്തിൽ കൂട്ടുകാരി ചിത്രയോടൊപ്പം പോയപ്പോൾ, നീല പട്ടു പാവാടയും ബ്ലൗസും ധരിച്ചു പോയ അവളെ, അമ്പലം ദേവസ്വം ബോർഡിലെ ബന്ധു കൂടിയായ ഒരു മാമൻ പിടിച്ചു രാധയായി വേഷം കെട്ടിച്ചു. പാവം അവളുടെ കൃഷ്ണനോ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയും. അങ്ങനെ ഇമ്മിണി ബലിയ രാധയും നമ്മുടെ കുഞ്ഞു കൃഷ്ണനും കൂടെ തോഴിമാർക്കൊപ്പം ആരവങ്ങളോടെ നാട്ടുകാർക്ക് മുന്നിലൂടെ ഘോഷയാത്രയായി നീങ്ങി. അന്ന് നമ്മുടെ കുട്ടി മീരയുടെ മനസ്സിൽ എന്തോ പിടിച്ചടക്കിയ സന്തോഷം. തന്റെ കണ്ണന്റെ കൈയിൽ പിടിച്ചവൾ ലജ്ഞാവതിയായി നടന്നു നീങ്ങി. അതോടു കൂടെ കൃഷ്ണനോടുള്ള പ്രണയം മീരയുടെ മനസ്സിൽ ഒന്ന് കൂടെ ശക്തി പ്രാപിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി. അച്ഛൻ പെങ്ങളുടെ മകന്റെ കല്യാണ ദിവസം. അരുവിക്കര ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അന്ന് മീരക്കുട്ടി പതിവിലേറെ സന്തോഷവതിയാരുന്നു. മഞ്ഞയിൽ സ്വര്ണവർണമുള്ള പട്ടു പാവടയൊക്കെ ഉടുത്തു, മുടിയിൽ നിറയെ മുല്ലപൂവ് ചൂടി, കണ്ണൊക്കെ എഴുതി, മാച്ചിനുള്ള കുപ്പിവളകളും, മാലയും മറ്റുമിട്ട് നമ്മുടെ സുന്ദരി മീരക്കുട്ടി വീട്ടുകാർക്കൊപ്പം കല്യാണത്തിനെത്തി. വിവാഹ മുഹൂർത്തം പന്ത്രണ്ടിനും ഒന്നിനും ഇടയ്ക്കായിരുന്നു. അതിനാൽ നമ്മുടെ മീരക്കും സംഘത്തിനും നല്ലതു പോലെ സമയം കിട്ടുമായിരുന്നു കളിക്കുവാനായി.

അങ്ങനെ അവർ ഒരു സംഘമായി നേരെ അമ്പലക്കുളത്തിലെ മീനുകൾക്ക് അരി എറിഞ്ഞു കൊടുക്കുവാനായി പോയി. അങ്ങനെ ഒരു ആചാരം അവിടെ നില നിന്നു പോന്നിരുന്നു. അമ്പലക്കുളത്തിലെ മീനുകൾക്ക് അരി നേർച്ചയായി എറിഞ്ഞു കൊടുക്കുകയും മീനുകൾ കൂട്ടമായി വന്നു അവ തിന്നുപോകുകയും ചെയ്താൽ നേർച്ചയിട്ട കാര്യം നടക്കും എന്നാണ് സങ്കൽപം. അതിലെ തെറ്റും ശെരിയും നോക്കി എന്തായാലും മിനക്കെടുന്നില്ല. അല്ലേലും അവരവരുടെ ശരിയാണ് വിശാസ്വം എന്നത്.

അങ്ങനെ നമ്മുടെ മീരകുട്ടിയും സംഘവും കൂടെ തൊട്ടടുത്ത അമ്പലത്തിനു ചേർന്നുള്ള കടയിൽ നിന്നും അരിയും മേടിച്ചു മീനുകൾക്ക് ഇട്ടു കൊടുക്കുവാനായി പോയി. അമ്പലകുളക്കടവിൽ അവർ സംഘമായിരുന്നു കളിച്ചു ചിരിച്ചു മീനുകൾക്ക് അരിയിട്ടു കൊടുത്തു. മീനുകൾ കൂട്ടം കൂട്ടമായി വന്നു അവയൊക്കെ കൊത്തി തിന്നു കൊണ്ടിരുന്നു. നമ്മുടെ മീരയാകട്ടെ കുറച്ചൊന്നു മാറിയിരുന്നു തീറ്റയിട്ടു തുടങ്ങി. അവൾ അവളുടേതായ ലോകത്തായിരുന്നു. ചുറ്റുമുള്ള കളിചിരികൾ ഒന്നും തന്നെ അവൾ കേൾക്കുന്നില്ലായിരുന്നു. അങ്ങനെ അവൾ തീറ്റയിട്ടു കൊടുക്കുന്ന നേരം പെെട്ടന്ന് മീരക്ക് വല്ലാണ്ട് തല കറങ്ങും പോലെ....അവൾ നോക്കി നിൽക്കെ അമ്പലകുളത്തിന്നു കുറെ ഓളങ്ങൾ....കല്ലെടുത്തു എറിയുമ്പോൾ ജലനിരപ്പ് ഓളങ്ങൾ ഉണ്ടാക്കുന്നത് പോലെ....അവൾ വീണ്ടും കണ്ണ് തുറന്നു നോക്കി.....ആ വെള്ളത്തിന് നീലനിറം ഏറുന്നുവോ? അതോ, ഇതു തന്റെ തോന്നലാണോ? അവൾ വീണ്ടും സൂക്ഷിച്ചു നോക്കി. അപ്പോളേക്കും പകുത്തുമാറിയ ഓളങ്ങൾക്ക് നല്ല നീല നിറമാകുകയും...അതിൽ കള്ള പുഞ്ചിരിയോടെ അവളുടെ കണ്ണൻ...അവൾക്കു ശ്വാസം നിലക്കും പോലെ തോന്നി...ഇതു സത്യമാണോ..അതോ മിഥ്യയോ?..അവൾ സൂക്ഷിച്ചു നോക്കി...അതെ, തന്റെ കണ്ണൻ.....കരിനീല വർണ്ണൻ. അവൻ രണ്ടു കൈകൾ നീട്ടി അവളെ വിളിക്കുവാണ്. കള്ള പുഞ്ചിരിയോടെ...കണ്ണാ, സത്യാണോ ഇത്? നീയാണോ ഇത്? വീണ്ടും കണ്ണൻ അവളുടെ നേരെ കൈകൾ നീട്ടി. അവൾ പെട്ടെന്ന് എണീച്ചു മുന്നോട്ടു നീങ്ങി...അമ്പലപടവിലെ അവസാന പടിയും കടന്നു, വലതു കൈ മുന്നോട്ടു നീട്ടി കൊണ്ട്...

മീര കണ്ണ് തുറന്നു...നോക്കുമ്പോൾ ഉടുപ്പ് മുഴുവൻ നനഞ്ഞിട്ടുണ്ട്...ചുറ്റിലും ബന്ധുക്കൾ...കൂട്ടുകാരികൾ മാറി മാറി പേര് വിളിക്കുന്നു..അമ്മയുടെ മടിയിലായി തല ചേർത്ത് കിടക്കുവായിരുന്നവൾ...എന്താ മോളെ, എന്റെ കുഞ്ഞിന് എന്താ പറ്റിയെ? 'അമ്മ കരയുന്നു. ആരൊക്കെയോ സമാധാനിപ്പിക്കുന്നു...സാരമില്ല, കൃഷ്ണന്റെ അമ്പലമല്ലേ..കൃഷ്ണൻ കാത്തു. ഒന്നുമില്ല മോൾക്ക്. കുറച്ചൊന്നു ഫാനിനു നേരെ കിടത്തു. എന്നിട്ടു എല്ലാരും കുറച്ചൊന്നു മാറി നില്ക്കു..കുട്ടി ഒന്ന് ശ്വാസം വിടട്ടെ, കൃഷ്ണന് എന്തേലും നേര്ച്ച പറഞ്ഞോളൂ..മോളെ കാത്തതിന്...കൂട്ടത്തിലെ മുതിർന്ന ഒരു അമ്മാവൻ പറഞ്ഞു. അമ്മ അന്നേരം തന്നെ ഒരു നിലവിലക്ക് മീരയുടെ കൈ കൊണ്ട് കൃഷ്ണന്റെ മുന്നിൽ വച്ചേക്കാമെന്നു നേര്ച്ച പറഞ്ഞു...കുറച്ചു നേരത്തിനൊടുവിൽ വിവാഹം നടക്കുന്ന ധിറുതിയിൽ പലരും പല വഴിക്കു പോയി.

എന്നാലും എന്റെ കണ്ണാ...നീ എവിടെ പോയി?

എന്റെ നേർക്ക് കൈ നീട്ടിയിട്ടല്ലേ ഞാൻ വന്നേ..

എന്നെ പറ്റിച്ചു അല്ലെ കള്ളാ....മിണ്ടില്ല ഇനി നിന്നോട്...കൂടില്ല ഞാൻ നിന്നോടിനി.....

അതാണ് കണ്ണനെ നേരിട്ട് കണ്ട മീരയുടെ അവസാന അനുഭവം. അത് ഒരു തരത്തിൽ കണ്ണനോടുള്ള അഗാതപ്രണയത്തിൽ  നിന്നും ഉരുത്തിരിഞ്ഞു വന്ന മനസിന്റെ വിഭ്രാന്തിയായിരുന്നോ??? എന്തോ ആകട്ടെ.....എന്തായാലും തന്റെ കള്ള കണ്ണനെ മീര കണ്ടു...അങ്ങനെ വിശ്വസിക്കുവാനായിരുന്നു മീരക്ക് ഇഷ്ട്ടം...അല്ലേലും മനസ്, അത് പറയുന്നത് ചെയ്യുക, അത് വിശ്വസിക്കുന്നത് വിശ്വസിക്കുക...അതാവുമ്പോൾ ആരെയും പഴി ചാരണ്ടാലൊ.

സമയവും തിരമാലയും ആർക്കു വേണ്ടിയും കാത്തിരിക്കില്ല എന്ന പഴഞ്ചൊല്ല് പോലെ കാലചക്രം മുന്നോട്ടു പോയികൊണ്ടേയിരുന്നു. മീര കാമുകിയായി, ഭാര്യയായി, അമ്മയായി....എന്നാലും അവളുടെ മനസ്സിൽ കൃഷ്ണൻ അങ്ങനെ തന്നെ നില നിന്നു...ഒത്തിരി, ഒത്തിരി വലിയ ദൈവമായി...അവളുടെ മാത്രം കള്ള കണ്ണനായി....ഇന്നും അമ്മയുടെ നേര്ച്ച ഒരു കടമായി നിൽക്കുന്നത് കൊണ്ടാകാം കൃഷ്ണൻ  അവളുടെ മനസ്സിൽ, മനസിന്റെ ഉള്ളറകളിൽ നർത്തനമാടുന്നത്...നിൽക്കട്ടെ അമ്മയുടെ ആ നേർച്ച എന്നും ഒരു കടമായി തന്നെ...അവളുടെ കൃഷ്ണൻ, അവളുടെ കള്ള കണ്ണൻ എന്നും അവളോടൊപ്പം തന്നെ ഉണ്ടാകുമല്ലോ...അവളിൽ തന്നെ തുടങ്ങി..അവളിൽ തന്നെ അവസാനിച്ചു കൊണ്ട്.....നമുക്കും പ്രാർത്ഥിക്കാം നമ്മുടെ മീരകുട്ടിക്കു വേണ്ടി..അവളുടെ കണ്ണന് വേണ്ടി......                                                                           

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com