ADVERTISEMENT

Our life dreams the Utopia. Our death achieves the Ideal- Victor Hugo

മുള്ളു നിറഞ്ഞ മരത്തിൽ നിന്ന് പൂ പറിച്ചാൽ ഒരു കുട്ടിക്കുണ്ടാകുന്ന ഉൾ പുളകമാണ് പ്രവാസിക്ക് നാട്ടിൽ പോകാനുള്ള ലീവ് ശരിയാവുമ്പോഴുണ്ടാവുക. പലതരം കടമ്പകളും കടക്കണ്ണുകളും കയറിയിറങ്ങിയാണ് അവധിക്കടലാസിൽ മുദ്ര പതിയുക. പൊതുമാപ്പിൽ നാടുവിടാൻ അനധികൃത കുടിയേറ്റക്കാരനു ലഭിക്കുന്ന 'ഔട്പാസ് ' പോലെയാണിത്. അന്നുതൊട്ട് നാട്ടിലെത്തിയാലുള്ള അവധി ദിനങ്ങൾ കെട്ടഴിച്ച് വിടുന്നതിനെ കുറിച്ച് അവൻ ആലോചിച്ചുകൊണ്ടിരിക്കും. കാണുന്ന 'കൂട്ടുകാരോടൊക്ക 'നിന്റെ വീട്ടിൽ പോകും' എന്നൊക്കെ ആവേശത്താൽ തട്ടിവിടും. ആത്മാർഥത അരച്ചു ചേർത്താണ് അതെല്ലാം പറയുന്നതെങ്കിലും പലതും പാലിക്കാൻ എണ്ണിച്ചുട്ട് കിട്ടിയ അരുമദിനങ്ങൾ മതിയാകില്ല.

life5

പെരുമഴയും പ്രളയവും കേരളത്തിലേക്ക് വരുന്നതിന്റെ തൊട്ടുമുമ്പാണ് അവധിയുടെ സിലിണ്ടർ കാലിയാക്കി കരിപ്പൂരിലേക്ക് മടങ്ങിയെത്തിയത്. മഴയ്ക്ക് പകരം മരണമാലാഖയാണ് ആ മാസത്തിൽ മണ്ണിലിറങ്ങിയിരുന്നത്. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനം അതിന്റെ ഏറ്റവും ചുരുങ്ങിയ നിലയിലാണ് അന്ന് നാട്ടിലേക്ക് പറക്കാൻ വൈകിയത്. വെറും രണ്ട് മണിക്കൂർ മാത്രം ! മൂന്നു മാസം കൂടെ നിൽക്കാനെത്തിയ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിലെ 'വിലകൂടിയ' തട്ട് കടകളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആദ്യ മരണവാർത്ത ഫോണിലെത്തി. ഉപ്പയുടെ പിതൃവ്യനാണ് മരിച്ചത്.

അവസാനമായി അദ്ദേഹത്തെ കണ്ടത് ലോക സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിൽ പോയ സമയത്താണ്. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായതിനാൽ പുതുരക്തം കയറ്റാൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയിരുന്നു. ഗ്രാമത്തിലെ സുസ്മേരവദനനായ പൗരൻ ഡയാലിസിസിനു വിധേയനായത് പൊടുന്നനെയാണ്. ശുഭ്രവസ്ത്രം മാത്രം ധരിച്ചു ശീലിച്ച അദ്ദേഹം ഏറെക്കാലം കോൺഗ്രസുകാരനായി കൊടി ചുമന്നിരുന്നതും ഓർമയിലെത്തി.

യാത്രയുടെ സന്തോഷത്തിരി കെടുത്തേണ്ടന്ന് കരുതി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഉപ്പയോട് മരണവാർത്ത പങ്കുവച്ചില്ല. വിമാനം കരിപ്പൂർ തൊട്ട ശേഷമാണ് വിവരം പറഞ്ഞത്. കുലത്തിലെ ഒരു കാരണവർ നഷ്ടമാകുന്നതിന്റെ വ്യഥ ഉപ്പയുടെ മുഖത്ത് അപ്പോൾ പ്രകടമായി. എങ്കിലും മരണാനന്തര കർമങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കാനാകുമല്ലോ എന്ന ആശ്വാസം ശ്വാസത്തിലേക്ക് സ്വകാര്യമായി നിക്ഷേപിച്ചപ്പോൾ നഷ്ടപ്പെട്ട പ്രസന്നതയുടെ ശകലം മുഖത്തു തിരിച്ചെത്തി.

life6

കരയിൽ പിടഞ്ഞ മത്സ്യത്തിനു വെള്ളം തിരിച്ചു കിട്ടിയ പോലെയാണ് ഉപ്പ നാട്ടിലെ സാഹചര്യങ്ങളിലേക്ക് പുനഃപ്രവേശം നടത്തിയത്. പുലരും മുൻപേ മരണ വീട്ടിലെത്തി. മരണ, മംഗല്യ വീടുകളിൽ പോകേണ്ട സാഹചര്യം ഗൾഫിൽ മഴ പോലെ തന്നെ അപൂർവമാണ്. ആളുകൾക്കിടയിൽ നിന്ന് പരേതന്റെ അവസാന നാളുകളും നാട്ടുകാരുടെ ആരോഗ്യ ശീലങ്ങളും സുഹൃത്തുക്കൾ പതുക്കെ പങ്കുവച്ചു. വൃക്കകൾ വേഗത്തിൽ ജോലി അവസാനിപ്പിക്കുന്നത് സാധാരണമായിരിക്കുന്നു. പ്രായമായവരിൽ പ്രമേഹം പടരുന്നതോടെ അതു തീവ്രമാകുന്നു. മാറിയ ഭക്ഷണ ശീലം യുവാക്കളുടെ വൃക്കകളെയും കടന്നാക്രമിക്കുകയാണ്. ഈ ശീലം മാറ്റാൻ ആരും തയാറല്ലെന്ന് നാട്ടിലെ കല്യാണങ്ങളും കൂൺ കണക്കെ ഉയരുന്ന ഫാസ്റ്റ്ഫൂഡ് കോർട്ടുകളും കൊട്ടിഘോഷിക്കുന്നുണ്ട്.

സന്നദ്ധസംഘടനകൾ ഡയാലിസിസ് സെന്ററുകൾ തുറന്നാണ് വൃക്കരോഗങ്ങൾക്ക് താൽക്കാലിക മറയിടുന്നത്. ചെലവേറിയതിനാൽ നടത്തിപ്പ് അവതാളത്തിലായ പലതും രോഗം ബാധിച്ച വൃക്കപോല തന്നെ നിശ്ചലവുമാണ്. മരണത്തിനുള്ള മുന്നൊരുക്കമെന്ന പോലെ തൊട്ടുമുമ്പുള്ള ദിവസം ആർജിത സ്വത്തുക്കളെല്ലാം അദ്ദേഹം മക്കളുടെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുത്തു. ആരോഗ്യമില്ലാത്തവനു സമ്പാദ്യം ഒരു പാഴ് വസ്തുവയിരിക്കും. പരോപകാരിയായ നാട്ടിലെ ഓട്ടോക്കാരൻ തന്നെയാണ് ആശുപത്രിയിലേക്ക് മുറതെറ്റാതെ കൊണ്ടു പോയിരുന്നത്. അവശനായ അവസാന ദിവസം നിസ്സഹായത പങ്കുവച്ച് ഓട്ടോ ഡ്രൈവർ പിൻവാങ്ങി. ഒരു റിലേ മത്സരത്തിലെ ശേഷിക്കുന്ന ഓട്ടക്കാരനെപ്പോലെ മകൻ കാറിൽ കൊണ്ടുപോകാൻ നിർബന്ധിതനായ അന്നാണ് അവസാനശ്വാസവും നിലച്ചത്.

ഇതു പറഞ്ഞിരിക്ക മൂകത മുറ്റിയ ആ വീട്ടിലേക്ക് ഒരാൾ കൂടി കടന്നുവന്നു. സൗദിയിൽ ജോലി ചെയ്യുന്ന, അദ്ദേഹത്തിന്റെ ഇളയ മകൻ. ചേതനയറ്റ ഉപ്പയുടെ മുഖത്തേക്കവൻ നോക്കുന്നതിനു മുൻപേ ഉമ്മ അവനെ മാറോട് ചേർത്ത് കരഞ്ഞു. ചിറകറ്റ അവർക്ക് ആശ്വാസമായിരുന്നു അഗാധമായ ആ ആശ്ലേഷം. മ രണമായാലും മംഗല്യമായാലും വരാനുള്ളവരിൽ അവസാനത്തെ ആൾ പ്രവാസിയാകും. അതും കഴിഞ്ഞപ്പോൾ ഭൗതികദേഹം പള്ളിയിലേക്കും പിന്നെ പള്ളിപ്പറമ്പിലെ മണ്ണിലും മറഞ്ഞു. അവധി ദിനത്തിലെ ആദ്യ ദിവസം ആരംഭിച്ചത് മൂന്ന് പിടി മണ്ണ് ആ ഖബറിലേക്ക് വിറയലോടെ വിതറിക്കൊണ്ടായിരുന്നു.

life

കുട്ടികൾക്ക് അനുഭവ പാഠങ്ങൾ

അവധിക്കാല കർമങ്ങൾ അടയാളപ്പെടുത്താൻ അധ്യാപകർ താക്കീത് നൽകിയാണ് ഗൾഫിലെ സ്കൂളുകൾ അടച്ചത്. മലകളും മരങ്ങളും പാടങ്ങളും ഗൾഫിലെ കുട്ടികൾക്ക് കിട്ടാക്കനിയായതിനാൽ സമീപത്തെ വിനോദ കേന്ദ്രങ്ങളായ കാടുകളിലേക്കു അവരെ കൊണ്ടുപോയി. നിലമ്പൂർ നെടുങ്കയം വനവും അതിനു മധ്യത്തിലൂടെ സമൃദ്ധമായൊഴുകുന്ന തോടും അതിലൊന്നായിരുന്നു. കുന്നുകൾ കയറിയിറങ്ങിക്കഴിഞ്ഞാലെത്തുന്ന ആഡ്യൻപാറയിലെ നീരൊഴുക്കും പ്രകൃതിയുടെ പ്രസരിപ്പിന്റെ കാലപ്പഴക്കമുള്ള പതിപ്പാണ്. നെടുങ്കയത്തെ ചെക്ക് പോസ്റ്റ് വാഹനങ്ങൾ കടത്തിവിടുന്നത് കാട്ടിലേക്കാണ്. കാനനഭംഗി കണ്ട് കഴിഞ്ഞവർക്ക് തെളിവെള്ളത്തിൽ നീരാടാനാകും. ഒരു വട്ടം ചുറ്റിക്കറങ്ങിയാൽ കാടിന്റെയും കിട്ടാറിന്റെയും കാന്തി നമ്മുടെ ഉള്ളിൽ ഒരു കുളിരായുണ്ടാകും. ഗൾഫിലെ ചൂടിൽ ആ കാഴ്‌ചകൾ ഒരു ചാറ്റൽമഴ പോലെ പെയ്തു കൊണ്ടിരിക്കുകയാണ്. ആഡ്യൻപാറ ആർക്കും വേണ്ടാത്ത ഒരിടമായിരുന്നു. വൈകിയാണെങ്കിലും സർക്കാർ ഒരു വിനോദ കേന്ദ്രമാക്കി വെളിച്ചത്തേക്ക് കൊണ്ടുവന്നു.

life-11

പല നാട്ടിൽ നിന്നും സ്വതന്ത്ര സഞ്ചാരികളായെത്തിയ യുവാക്കളുടെ ജീവൻ വെള്ളം വലിച്ചുകൊണ്ടു പോയപ്പോഴാണ് നീളത്തിൽ വേലി കെട്ടി വേർതിരിച്ചത്. മരണത്തെ ഓർമിപ്പിക്കുന്ന ഒരു ഫലകം പരിധി വിടാതിരിക്കാൻ അവിടെ ഉയർത്തി വച്ചിട്ടുണ്ട്. ഫുട്ബോൾ ഗ്രൗണ്ടിലെ സ്കോർബോർഡ് പോലെയാണത്. മതി മറന്നുള്ള ‘വെള്ളംകളിയിൽ’ ഓരോ വർഷവും എത്രയോ ജീവൻ അവിടെ പൊലിയുന്നു.

നിലമ്പൂരിലേക്ക് പ്രവേശിക്കുന്നതോടെ പ്രകൃതിയുടെ രമണീയതയിലേക്കും കാനന ഭംഗിയിലേക്കുമാണ് പ്രവേശിക്കുന്നത്. ഭൂമിക്ക് 20 ശതമാനം ഓക്സിജൻ നൽകുന്ന ആമസോൺ കാടുകൾ കത്തിക്കൊണ്ടിരിക്കുകയാണ്. നിലമ്പൂർ കാടുകൾ എത്ര ശതമാനം ഓക്സിജൻ മനുഷ്യനു നൽകുന്നുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഒരു മരത്തിനു മഴു വയ്ക്കുമ്പോൾ മനുഷ്യൻ ആലോചിക്കേണ്ടത് ഓക്സിജന്റ വിലയാണ്. മണ്ണിനു മരം നൽകുന്നതു ബലമാണ്. പക്ഷേ, വൻകിട ആശുപത്രികളിലെ ഓക്സിജൻ സിലിണ്ടറുകളിൽ നിന്നു അവസാന നിമിഷം വലിച്ചെടുത്ത വായുവിന്റെ വില മാത്രമേ അവൻ അറിയുന്നുള്ളൂ. അപ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും.

അടുത്ത യാത്രയ്ക്ക് അരങ്ങൊരുങ്ങുന്നതിന്റെ മുമ്പാണ് രോഗശയ്യയിലായ അയൽവാസിയും ആദ്യ അക്ഷരം പഠിപ്പിച്ച ഗ്രാമഗുരുവിന്റെ ഭാര്യയെയും കാണാൻ പോയത്. കിടപ്പിലായ ആ ഉമ്മയുടെ ചുറ്റും പെൺമക്കൾ ഖിന്നരായി പ്രാർഥനാപുരസ്സരം ചാരത്തുണ്ട്. വരണ്ടുണങ്ങിയ ചുണ്ടുകളിലൂടെ നനവിറങ്ങാൻ വെള്ളം ഉറ്റിച്ച് കൊടുക്കുന്നു. ജനനം മുതൽ മരണം വരെ ഒരു ജല സ്പർശം മനുഷ്യനു വേണം.

life-3

ജോർദാൻ നദിയിലെ വിശുദ്ധ മസീഹ് ജലം

ജോർദാൻ നദിയിലെ വിശുദ്ധ മസീഹ് ജലം കൊണ്ട് രോഗികളെ ശുദ്ധി വരുത്താറുണ്ടെന്ന് വായിച്ചിട്ടുണ്ട്. പിറവിയിലെ സന്തോഷത്തിലും അവശതയിലെ അസ്കിതകളിലും വെള്ളം വേണം. ഒരാൾ ജീവിതത്തിലേക്ക് വരുന്നതും മരണത്തിലേക്ക് വീഴുന്നതും വെള്ളത്തുള്ളികൾ നുകർന്ന് കൊണ്ടാണ്. പിന്നീട് മൃതദേഹം വെള്ളത്തിൽ കഴുകുന്നു. മയ്യത്ത് കുളിപ്പിക്കൽ ജീവിക്കുന്നവർക്ക് മരിച്ചവരോടുള്ള അന്ത്യകർമമാണ്. പുടവയിൽ പൊതിഞ്ഞ് കുഴിമാടത്തിലേക്ക് പിന്നീട് അന്ത്യയാത്ര. മണ്ണിൽ വച്ച് മണ്ണ് കൊണ്ട് മൂടി ഒടുവിൽ ഖബ്റിനു മുകളിലും വെള്ളം തളിക്കുന്ന കാഴ്ച. ജലം ജീവൻ മാത്രവുമല്ല. മനുഷ്യന് പിരിയാനാകാത്ത ബന്ധമുള്ള അതിശയങ്ങളുടെ അമൃതാണ്.

അവരുടെ രണ്ട് ആൺമക്കളും കുടുംബവും ഹജിനു പോകാൻ നാളുകൾ എണ്ണി കൊണ്ടിരിക്കുകയാണ്. മാതാവിന്റെ ആ കിടപ്പ് അവരെ സ്വസ്ഥരാക്കുന്നുണ്ടെന്ന് വാക്കുകളിൽ നിന്നു വ്യക്തമായി. സന്ദർശകരെ സ്വീകരിക്കാൻ പൂമുഖത്തിരുന്ന അവരിൽ വാചാലതയുള്ളയാൾ മനസ്സ് മുന്നിലേക്ക് കുടഞ്ഞത് ഈ വാക്കുകൾ കൊണ്ടായിരുന്നു. 'പോകേണ്ട ദിവസം അടുത്തു, ഉമ്മാന്റെ ഈ അവസ്ഥ കാരണം ഒന്നും ഒരുക്കാൻ പറ്റിയിട്ടില്ല'! മക്കൾ തീർഥയാത്രയുടെ സ്വപ്നത്തിലും അവരെ പ്രസവിച്ച മാതാവ് അവരെ അതിനു പ്രാപ്തരാക്കി ഒടുക്കത്തെ യാത്രയുടെ വക്കിലുമാണ്. പിറ്റേ ദിവസം മരണദൂതനായി ഫോൺ ചിലച്ചു ' ആ ഉമ്മ മരിച്ചു' ! യാത്ര ഉപേക്ഷിച്ച് തിരിച്ചെത്തി മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. പുണ്യനഗരത്തിലേക്കുള്ള രണ്ട് മക്കളുടെയും അവരുടെ പത്നിമാരുടെയും യാത്രയ്ക്ക് തടസ്സം നിൽക്കാതെ ആ വയോധിക വഴിമാറിക്കൊടുത്തു. മരണത്തിലും മാതാവ് മാതൃദേഹം സ്നേഹം ചുരത്തിയതായി തോന്നി. അമ്മ ഒരിക്കലും മക്കൾക്ക് വഴിമുടക്കില്ലെന്ന് കാതിൽ മന്ത്രിച്ച മരണമായിരുന്നു അത്.

വെങ്കടങ്ങിലെ വയലുകൾ

വാഴയും കപ്പയും കൃഷി ചെയ്തിരുന്ന ഗ്രാമ വയലുകളിലെല്ലാം മണിമന്ദിരങ്ങളാണ്. പാടങ്ങളിൽ പടുത്തുയർത്തിയ പുത്തൻ വീടുകൾ വഴിപോക്കന്റെ പ്രത്യേക ശ്രദ്ധ ക്ഷണിക്കും. കുന്നുകളിൽ ഇടം പിടിച്ച വീടുകൾക്കും ദൃശ്യചാതുരിയുണ്ട്. മണ്ണിടിച്ചിൽ കുന്നുകളിലെ വീടുകളെ മണ്ണോട് ചേർത്തപ്പോൾ വയൽവീടുകൾ ഉറവകൾ ഉരുവം കൊള്ളുന്ന ചതുപ്പ് നിലമായി മാറി. താഴ്ന്ന പ്രദേശത്തിലാണ് വീടെങ്കിൽ തോടും പുഴയും ഒഴുകിയെത്തിയാണ് പുരയിടങ്ങളെ വെള്ളത്തിലാഴ്ത്തിയത്. മലപ്പുറം ജില്ലയിലെ പ്രളയകാലത്തിന്റെ പൊതു സ്വഭാവം ഇതായിരുന്നു.

മുന്നൊരുക്കങ്ങളില്ലാതെയുള്ള യാത്ര അന്ന് തൃശൂരിലെ വെങ്കടങ്ങിലേക്കായിരുന്നു. സുഹൃത്ത് ഗഫൂറും ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന വീടാണ് ലക്ഷ്യം. ദുബായ് മുഹൈസിനയിൽ താമസിച്ചപ്പോൾ ഗഫൂറും കുടുംബവുമായിരുന്നു അയൽവാസി. ഒമാനിലേക്ക് കൂടുമാറിയിട്ടും ഗഫൂർക്കാ കുടുംബം ദുബായ് ബന്ധം വിട്ടില്ല. ഇപ്പോൾ ദുബായിലും ഒമാനിലുമായി ബിസിനസ് ചെയ്ത് ഇരു രാജ്യങ്ങളെയും ഒരേസമയം, ചേർത്ത് പിടിക്കുകയാണ്. ബന്ധങ്ങൾ പിരിക്കാനുള്ളതല്ല, പിടിക്കാനുള്ളതാണെന്ന് അദ്ദേഹം സ്വജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ട്.

life4

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് പെരുന്നാൾ ആണെങ്കിൽ ദുബായിലേക്ക് മാറാൻ സാധിക്കുന്ന വീസയുള്ള കൂട്ടുകാരൻ. ഗൂഗിൾ സഹായത്തോടെ ഗഫൂറിന്റെ വീട്ടുപടിക്കലെത്തിയപ്പോൾ സമയം സന്ധ്യയായി. വൈകാതെ തന്നെ കുട്ടിപ്പട്ടാളങ്ങൾക്കൊപ്പം പ്രദേശത്തെ പാടങ്ങൾ കാണാൻ പോയി. അറ്റം കാണാവയലുകൾ ഒറ്റയടിക്ക് ദൃശ്യമായപ്പോൾ കുട്ടികൾക്കും ഉത്സാഹമായി. മടങ്ങുന്നതു വരെ ഇളം തെന്നൽ തഴുകുന്നുണ്ടായിരുന്നു. വൈകുന്നേരങ്ങളിലെ ഇളങ്കാറ്റേറ്റ് യുവാക്കൾ വയലുകളുടെ അരികിൽ ഇരുന്നു വെടി പറയുന്നുണ്ട്. നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകളാണ് കമിതാക്കളെ പോലെ ഒട്ടിനിന്ന പാടങ്ങളെ വേർപെടുത്തിയത്. ഗഫൂറിന്റെ വലിയ വസതിയിൽ പാട്ടും പറച്ചിലുമായി ഒരു രാവിനെ യാത്രയാക്കി.

ഗഫൂറിന്റെ ഉമ്മയിൽ നിന്നും നാട്ടുവിശേഷങ്ങൾ കേട്ടിരുന്നു.

***

സ്വയംപര്യാപ്തരാണെന്ന് നടിക്കുന്ന ഫ്ലാറ്റ് സംസ്കാരത്തിൽ അയൽപക്ക ബന്ധമുണ്ടാവുക എന്നത് സർവപ്രധാനമാണ്. അപ്രതീക്ഷിക അലട്ടലുകളും രോഗവും അഗ്നിബാധയുമൊക്കെ പതുങ്ങി കിടക്കുന്നതാണ് കെട്ടിടങ്ങൾ. ഇതിലേതെങ്കിലുമൊന്ന് പത്തിവിടർത്തുമ്പോൾ പരസഹായം വേണ്ടെന്ന ബോധം വീണുടയും. ദുബായിലെ കറാമയിലെ സമീപ ഫ്ലാറ്റിലാണ് രാമദാസേട്ടനും കുടുംബവും താമസിക്കുന്നത്. അവരുടെ വീട് പെരുമ്പാവൂരിൽ. മലപ്പുറത്ത് നിന്ന് പെരുമ്പാവൂരിൽ എത്താനുള്ള സാധ്യതയില്ലെന്ന അദ്ദേഹത്തിന്റെ ധാരണ തിരുത്തി വീട്ടിലും വാഹനമെത്തി. കുറെ കുടുംബങ്ങൾ വില്ലകൾ വാങ്ങി താമസിക്കുന്നു. ബാൽക്കണിയിലുരുന്ന് പരസ്പരം കൊച്ചുവർത്തമാനം പറയാൻ പാകത്തിലാണ് വില്ലകളുടെ നിൽപ്പ്. ചേച്ചിമാരെല്ലാം വീടിന്റെ ജന്മനാലുള്ള അടുപ്പം അവർ തമ്മിലുള്ള മനസ്സടുപ്പമാക്കി മാറ്റിയിട്ടുണ്ട്. യൂണിഫോം ധരിച്ച പൊലീസ് പരേഡിലെ ഒരം നിശ്ചല ദൃശ്യം പോലെയാണ് പെരുമ്പാവൂരിലെ വില്ലകൾ.

life445

നാട്ടുവഴികൾ താണ്ടി...

നാട്ടുവഴികൾ താണ്ടി പെരുമ്പാവൂരിൽ നിന്ന് മടങ്ങിയെത്തിയ ദിവസം മറ്റൊരു മരണ വാർത്ത എതിരേറ്റു. എഴുത്തിലും പ്രഭാഷണത്തിലും ചെറുപ്പം മുതൽ കേട്ടിരുന്ന സമീപ പ്രദേശത്തുകാരനായ എം.ഐ. തങ്ങളെയാണ് മരണം കൊത്തിയെടുത്തത്. താത്ത്വികനും സാത്വികനുമായി സമുദായത്തിൽ അലങ്കാരങ്ങളില്ലാതെ ജീവിച്ച മനുഷ്യൻ. ആത്മീയ പരിവേഷത്തിനു സകല സാധ്യതകളുമുള്ള വിളിപ്പേര് വിനിയോഗിക്കാതെ വിയോഗം വരെ ജ്ഞാനോപാസനയിൽ മുഴുകിയാണ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ മരണം നാടിന്റെ ധിഷണാശാലിയുടെ നിർഗമനമായി. കേരളത്തിന്റെ സാംസ്കാരിക, രാഷട്രീയ ചരിത്രം വിസ്മരിച്ച് അതിരു കടക്കുന്നവരെ സ്മൃതിസുഗന്ധം കൊണ്ട് പിടിച്ചിരുത്തിയ സർഗസാന്നിധ്യമായിരുന്നു എം ഐ തങ്ങൾ. നാടിനെ മഷി വറ്റിയ പേന പോലെ അനാഥമാക്കിയ അന്ത്യം .

മരണം ഒരു യാത്രയാണെന്ന് പലവുരു ഓർമപ്പെടുത്തിയതു ഈ അവധിക്കാലത്താണ്. സന്തോഷങ്ങളുടെ പൂത്തിരി ഏതു സമയത്തും അതു തല്ലിക്കെടുത്തും. മറഞ്ഞിരിക്കുന്ന മൃഗത്തെപ്പോലെ ഏതു സമയവും കടന്നുപിടിക്കും. ഋതുഭേദങ്ങളില്ലാതെ മരണം മനുഷ്യനെ കീഴ്പ്പെടുത്തുന്നു. ഇതു മറക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് സന്തോഷം മനസ്സിൽ നൈമിഷിക നൃത്തമാടുന്നത്. നാട്ടിലും മറുനാട്ടിലുമെല്ലാം ഭാവമാറ്റമില്ലാത്തത് മരണത്തിനു മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com