sections
MORE

ജോളിയും ജോക്കറും

jolly-and-jokker
SHARE

ക്രൂരമായ കൊലപാതക പരമ്പരകളിലൂടെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ജോളിയെന്ന സീരിയല്‍ കില്ലറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോളാണ് ,സിരകളെ മരവിപ്പിക്കുന്ന കൊലപാതക പരമ്പരകള്‍ നടത്തുന്ന “ജോക്കര്‍” എന്ന പേരിലറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ നായക കഥാപാത്രമാക്കുന്ന ഹോളിവുഡ് ചിത്രം “ജോക്കര്‍” വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ട് ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്നത്.  

വാര്‍ണര്‍ ബ്രദേര്‍സ് നിര്‍മിച്ച് ടോഡ്‌ ഫിലിപ്സ് സംവിധാനം ചെയ്ത എഴുപത് മില്യന്‍ ഡോളര്‍  നിര്‍മാണ ചെലവുള്ള ഈ ചിത്രം വാരിക്കൂട്ടിയത് എഴുനൂറ്റി മുപ്പത്തിയേഴ് മില്ല്യന്‍ ഡോളറാണ്, അനിതര സാധാരണമായ സമര്‍പ്പണ മനോഭാവവും സംവിധാന ചാതുരിയും മാറ്റി നിര്‍ത്തിയാല്‍ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുക വാകീന്‍ ഫീനിക്സ് (JOAQUIN PHOENIX) എന്ന അതുല്യ നടന്‍ അഭിനയിച്ച “ജോക്കര്‍ “ എന്ന കഥാപാത്രമാണ്.

കുട്ടികള്‍ക്കുള്ള കോമിക് ഗ്രാഫിക് നോവലായ “ബാറ്റ്മാന്‍: ദി  കില്ലിങ് ജോക്ക് എന്ന നോവലിലെ  വില്ലന്‍ കഥാപാത്രത്തെ നായകനാക്കി കൊണ്ട് നിര്‍മിച്ച :ജോക്കര്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്ത “R” വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ചിത്രം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ  ചൂണ്ടിക്കാട്ടി 2012 ലെ അറോറ തിയേറ്റര്‍ ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചിത്രം നിരോധിക്കാന്‍ ആവശ്യപെട്ടതായിരുന്നു ചിത്രത്തിനെതിരെ വന്ന ആദ്യ പ്രതിഷേധം. 

2012 ല്‍ “ദി ഡാര്‍ക്ക് നൈറ്റ് റയ്സസ്” എന്ന ബാറ്റ്സ്മാന്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടക്കായിരുന്നു ചിത്രത്തിലെ പ്രധാന വില്ലനായ 'ജോക്കര്‍' എന്ന കഥാപാത്രത്തെപോലെ വേഷം ധരിച്ചു വന്ന കൊലയാളി ,കാണികള്‍ക്ക് നേരെ വെടിയുതിർത്തത്.

അന്ന് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും എഴുപത് പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.എഴുകൊല്ലത്തിനു ശേഷം അതെ“ജോക്കര്‍ കഥാപാത്രത്തിനെ നായകനാക്കി വരുന്ന ചിത്രം നിരോധിക്കണമെന്നാണ് തിയേറ്റര്‍ വെടിവെപ്പിലെ ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ജോക്കറെ ഹീറോ ആയി അവതരിപ്പിക്കുന്നില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെയാണ് വാര്‍ണര്‍ ബ്രദര്‍ഴ്സ്ചിത്രം റിലീസ് ചെയ്തത്. അമേരിക്കയിലെ തിയേറ്ററപകളില്‍ വന്‍ സുരക്ഷ തന്നെ പൊലീസ് ഒരുക്കി.സിനിമ കാണാന്‍ വരുന്നവര്‍ ഫെയിസ് പെയിന്റ് ചെയ്യുന്നതും മുഖമൂടികള്‍ ധരിക്കുന്നതും നിരോധിച്ചു.

യുഎഇയിലെ ആദ്യ ദിവസത്തെ ഷോയിലൂടെ മാത്രം മൂന്നറ് മില്യന്‍ ദിര്‍ഹം കളക്ഷന്‍ നേടി റെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ട് ഏറ്റവും വലിയ പണം വാരി സിനിമയായ ജോക്കര്‍ കണ്ടിറങ്ങിയപ്പോള്‍ അതി മനോഹരമായ കലാ സൃഷ്ടി ആസ്വദിച്ച സംതൃപ്തിയുണ്ടായെങ്കിലും ,അതി ഭീകരമായ വിധം ഒരു വികാര ശൂന്യത മനസ്സിനെ അലട്ടികൊണ്ടിരുന്നു. ജോക്കറിന്‍റെ സ്ഥാനത്ത് ജോളി യുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി.

വൃദ്ധയായ അമ്മയോടൊപ്പം ,സൗഹൃദങ്ങളില്ലാതെ  ഒറ്റപെട്ട ജീവിതം നയിക്കുന്ന ആര്‍തര്‍ ഫ്ലെക് എന്ന കൊമേഡിയന്‍, സ്നേഹ രാഹിത്യവും സമൂഹത്തിന്‍റെ അവഗണനയും ബാല്യ കാല പീഡനങ്ങളും തന്മൂലമുണ്ടായ ന്യൂറോണ്‍ ഡിസോര്‍ഡറും, തൊഴില്‍ രംഗത്തുള്ള പരാജയവുമൊക്കെ കാരണം ‘ജോക്കര്‍” എന്ന പേരില്‍ അറിയപ്പെടുന്ന സീരിയല്‍ കൊലപാതകിയായി മാറുന്നതാണ് കഥ .

1981 ല്‍ ഗോഥം സിറ്റിയിലാണ് കഥ നടക്കുന്നത് ആ സമയത്ത് നില നിന്നിരുന്ന ദാരിദ്രവും തൊഴിലില്ലായ്മയും കാരണം രോഷാകുലരായ ജനങ്ങള്‍ “കില്‍ ദ റിച്ച്” എന്ന മുദ്രാവാക്യം മുഴക്കി തെരുവുകള്‍ കയ്യേറുന്ന സമയത്താണ് സ്വയം പ്രതിരോധത്തിനായി ആര്‍തര്‍ മൂന്ന് പണക്കാരായ ചെറുപ്പക്കാരെ ട്രെയിനില്‍ വച്ച് വെടിവച്ച് കൊല്ലുന്നത്. ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടു വീട്ടിലേക്കു വരുന്ന ആര്‍തര്‍ തന്‍റെ ജോക്കര്‍ മേക്കപ്പില്‍ ആയിരുന്നു . ജോക്കര്‍ മുഖമൂടിയണിഞ്ഞ ഒരാളാണ് സമ്പന്നരായ യുവാക്കളെ കൊന്നത് എന്ന വാര്‍ത്ത പരന്നതോട് കൂടി ജനം “ജോക്കറെ” ഒരു ഹീറോയായി കരുതുന്നു. തെരുവില്‍ ജനങ്ങള്‍ ജോക്കര്‍ മുഖമൂടിയണിഞ്ഞ്, ഫെയിസ് പെയിന്റു ചെയ്തു പ്രകടനങ്ങള്‍ നടത്തുന്നു. അവസാന രംഗത്ത് ജോക്കര്‍ ഒരു രാഷ്ട്രീയ നായകനെ പോലെ കാറിനു മുകളില്‍ കയറി നിന്ന് ജനങ്ങളെ അഭിവാദനം ചെയ്യുന്നത് കൂടി കാണുമ്പോള്‍ വാര്‍ണര്‍ ബ്രദേര്‍സ് നല്‍കിയ ഉറപ്പു ലംഘിച്ചിരിക്കുന്നു എന്ന് വ്യക്തം.

ദരിദ്രനായ ആര്‍തര്‍ ആയി അഭിനയിക്കാന്‍ വേണ്ടി നായക നടന്‍ വാകീന്‍ ഫീനിക്സ് തന്‍റെ ശരീര ഭാരം ഇരുപത്തിയഞ്ച് കിലോ കുറച്ചു, വയറൊട്ടി, എല്ലുകള്‍ ഉയര്‍ന്നു കാണുന്ന വാകീനിന്‍റെ രൂപം നമ്മളെ അദ്ഭുതപ്പെടുത്തും. വെറും ഒരു ആപ്പിളും അല്പം പുഴുങ്ങിയ ബീന്‍സുമാണ് മാസങ്ങളോളം താന്‍ കഴിച്ചതെന്ന് വാക്വീന്‍  ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അപാരമായ സംവിധാന ചാതുരി കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ സിനിമയുടെ ഭാഗമായി മാറുന്നു, പ്രത്യേകിച്ചും ആര്‍തര്‍ തന്‍റെ വൃദ്ധയായ അമ്മയെ ശുശ്രൂഷിക്കുമ്പോള്‍ ,മുറെ ഫ്രാങ്ക്ളിന്‍ എന്ന ടെലിവിഷന്‍ അവതാരകന്‍റെ ഷോ അമ്മയോടൊത്ത്‌ എന്നും രാത്രി കാണുമ്പോള്‍ , ഒരു കുഞ്ഞിന്‍റെ അമ്മയും വിധവയുമായ സോഫി എന്ന സ്ത്രീയില്‍ അനുരക്തനാകുമ്പോള്‍ ,തന്‍റെ അനിയന്ത്രിതമായ ചിരി രോഗം കൊണ്ട്കഷ്ടപ്പെടുമ്പോളൊക്കെ നമ്മള്‍ അറിയാതെ ആര്‍തറിനെ ഇഷ്ടപ്പെടുന്നു. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ,അലിവുള്ള ആര്‍തറി ല്‍ പ്രേക്ഷകരില്‍ പലര്‍ക്കും താതാത്മ്യം പ്രപിക്കനാകും എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ  വിജയവും  ദുരന്തവും.

“ജോക്കറെന്ന” കൊലയാളിയായി പരിണമിച്ച ആര്‍തര്‍ തന്‍റെതായ ന്യയീകരണങ്ങളുമായി താന്‍ ജീവന് തുല്യം സ്നേഹിച്ച അമ്മയെയും, തന്‍റെ റോള്‍ മോഡലായിരുന്ന ടെലിവിഷന്‍ അവതാരകനായ മുറെ ഫ്രാങ്ക്ളിനെയും കാമുകിയായ സോഫിയെയും നിര്‍ദ്ദയം കൊല്ലുന്നത് കാണുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന ഞെട്ടല്‍ ഒരു സിനിമയെന്ന  നിലയില്‍ അത് സംവിധായകന്‍റെ വിജയമാണെങ്കിലും ,പ്രേക്ഷകന്‍റെ മനസ്സില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കനത്തതാണ്. സ്നേഹം,ബഹുമാനം,പ്രേമം തുടങ്ങിയ ആര്‍ദ്രമായ വികാരങ്ങളെ പ്രതികാരത്തിന്‍റെ അഗ്നിയില്‍ കുഴിച്ചുമൂടുന്നത്, അത് വരെ സിനിമയുമായി തതാത്മം പ്രാപിച്ചിരുന്ന കാണികളെ വല്ലാതെ അലോസരപ്പെടുത്തും. കഥപറയുന്നതില്‍ പ്രേക്ഷകന് കൂടി ഭാഗമാകുന്ന വിധം സ്ക്രിപ്റ്റില്‍ മനപ്പൂര്‍വം വരുത്തിയ ചില പ്രയോഗങ്ങള്‍  കൂടിയാകുമ്പോള്‍ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിനെ “ജോക്കര്‍' വല്ലാതെ കലുഷിതമാക്കുന്നു. അവശേഷിപ്പിക്കുന്ന ചോദ്യങ്ങളും കലുഷിതമായ മനസ്സുമായല്ലാതെ തിയേറ്റര്‍ വിടാനാവില്ല. അത് കൊണ്ടാകണം സിനിമ കാണുന്നവരുടെ മേല്‍ ഞങ്ങളുടെയൊരു കണ്ണുണ്ടാകുമെന്ന് ലൊസാഞ്ചലസ് പോലീസ് വ്യക്തമാക്കിയത്.

വെനീസ് ഫിലിം  ഫെസ്റ്റിവലിലെ  ആദ്യ പ്രദര്‍ശനത്തോട് കൂടി തന്നെ ഒരു ഉന്നതമായ കലാസൃഷ്ടി എന്ന രീതിയില്‍ സിനിമ അംഗീകാരം നേടി. എന്നാല്‍ പലരും അപ്പോള്‍ തന്നെ സിനിമ സമൂഹത്തില്‍ ഉണ്ടാക്കാനിടയുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. യാദൃശ്ചികമെന്നു പറയാം “ജോക്കര്‍ “സിനിമ ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെ “ജോളി” എന്ന സീരിയല്‍ കില്ലര്‍ മലയാള മാധ്യമങ്ങളില്‍ നിറയുന്നത്.ജോക്കറില്‍ എന്ന പോലെ അതി നിഷ്ടൂരമായ രീതിയില്‍ യാതൊരു മനസ്സക്ഷികുത്തുമില്ലാതെ ജോളിയും കൊന്നത് സ്വന്തം ബന്ധുക്കളെയാണ് ,ജോക്കറിലെ നായകന്‍ കൊല നടത്തിയ ശേഷം സന്തോഷത്തോടെ നൃത്തം ചെയ്യുന്നുണ്ട്, ജോളിയുടെയും നൃത്ത ദൃശ്യങ്ങ ള്‍ നമുക്ക് ടിക്ക് ടോക്കി ല്‍ കാണാന്‍ കഴിഞ്ഞു. കൊലപാതക പാരമ്പരകള്‍ നടത്തുമ്പോഴും ലവ ലേശം കുറ്റബോധമില്ലാതെ,സാധാരണ  ജീവിതം നടത്താന്‍  കഴിയുന്നു എന്നതാണ് സീരിയല്‍ കില്ലര്‍ മാരെ സാധാരണ കൊലപാതകികളില്‍ നിന്നും കൂടുതല്‍ അപകടകാരികളാക്കുന്നത്.”ജോളി”യുടെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നത് ഇവരെ ഇപ്പോഴെങ്കിലും അറസ്റ്റ് ചെയ്തത് നന്നായി , അല്ലെങ്കില്‍ ഇനിയും നിരവധി പേര്‍ ജോളിയുടെ ഇരകളായി മാറിയേനെ എന്നാണ്.

ജോളിയുടെ കഥ സിനിമയ്ക്കാന്‍ നടത്തുന്ന വെപ്രാളങ്ങള്‍ കാണുമ്പോള്‍ ആശങ്ക തോന്നുന്നു. കൂടത്തായ് കൊലപാതകം ദൃശ്യ വൽക്കരിക്കാന്‍ പോകുകയാണ്. ഹൊറര്‍ സിനിമകള്‍ സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ മികച്ച ഉദാഹരണമാണ് അമേരിക്കന്‍ ജനത. വെടിവയ്പ്പുകളും ഗണ്‍ വയലന്‍സുമൊക്കെ ഇത്തരം സിനിമകളുടെ സ്വധീനമാണെന്നു മനശാസ്ത്രഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കൊലപാതകികളെ നിരപരാധികളും അനുകമ്പ കിട്ടുന്നവരായും വീരന്മാരയും ചിത്രീകരിക്കുന്ന സിനിമകള്‍ക്ക്‌ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു നല്‍കാതിരിക്കുക എന്നതാണ് സമൂഹത്തിന്‍റെ സുരക്ഷക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ മുന്‍കരുതല്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA