sections
MORE

"ഡിയർ ലേഡീസ് ആൻഡ് ജെന്റിൽമാൻ.." 

SHARE

"ഡിയർ ലേഡീസ് ആൻഡ് ജെന്റിൽമാൻ.."പഞ്ചായത്തു മെംബർ ഈപ്പൻ കോര പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്..സത്യത്തിൽ ഇത്രയും വലിയ സദസ്സ് കണ്ടപ്പോൾ അയാൾ അഹങ്കാരത്തിനു കയ്യും, കാലും വച്ചതുപോലായി. ..

"ഓ..സോറി..എല്ലാവരും മലയാളികളാണല്ലോ..എന്നാൽ പിന്നെ മലയാളത്തിൽ തന്നെ സംസാരിക്കാം.."പത്താം ക്ലാസ്സിൽ തോറ്റ മെമ്പർ സദസ്സിനോട് അൽപം കരുണ കാണിച്ചു.

പരിപാടിയുടെ സംഘാടകൻ സോമൻ സാർ മെംബറെ നോക്കി പല്ലിറുമ്മുന്നതിന്റെ ശബ്‌ദം വേദിയിലിരുന്ന പലരും കേട്ടു. ആവേശഭരിതനായ ഈപ്പൻ കോര മാത്രം അതു കേട്ടില്ല.

"ഇങ്ങേരു വലിച്ചു നീട്ടാതിരുന്നാൽ മതിയായിരുന്നു..കോമഡി ഷോ കാണാനാണ് ഈ ആളുകൾ എല്ലാം കൂടിയിരിക്കുന്നത്. ഇപ്പോൾ തന്നെ ഒരു മണിക്കൂർ വൈകി. ഇനിയും ആളുകൾ ക്ഷമിച്ചിരിക്കും എന്നു തോന്നുന്നില്ല.." സോമൻ സാർ ആത്മഗതം ചെയ്തു..

പക്ഷെ ഇതൊന്നുമറിയാതെ ഈപ്പൻ കോര കത്തിക്കയറുകയാണ്.

ആളുകൾ കൂവി വിളിച്ചു..

"നിർത്തടോ ..നിർത്ത്.."

സദസ്സിനിടയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.

സോമൻ സാർ ഒരു കുറിപ്പെഴുതി ഈപ്പന്റെ പ്രസംഗ പീഠത്തിൽ വച്ചു.

'പെട്ടെന്ന് തീർക്കണം..ആളുകൾ അക്ഷമരാണ്.'

പക്ഷെ..മെംബർ ആഗോളവൽക്കരണവും,ആഗോളഭീകരതയും കടന്ന് സ്ത്രീ സുരക്ഷയിലേക്കു കടന്നു കഴിഞ്ഞു.

"രണ്ടു പെണ്ണ് കേസ് നിലവിലുള്ളവനാ ,സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കുന്നത്..വൃത്തി കെട്ടവൻ.."

ഈപ്പൻ കോരയുടെ വാർഡിലെ അംഗം വർക്കി മാപ്പിള പിറുപിറുത്തു..

"ആരാ..ഈ കോപ്പൻ..?" അടുത്ത പഞ്ചായത്തിൽ നിന്നും കോമഡി ഷോ കാണാനെത്തിയ ചേട്ടന് കലിയിളകി..

"അയ്യോ..കോപ്പനല്ല.. ഈപ്പൻ., ഈപ്പൻ കോര..പഞ്ചായത്തു മെംബർ." അടുത്ത് നിന്ന ക്ഷമാശീലനായ ചേട്ടൻ തിരുത്തി.

അപ്പോഴേയ്ക്കും സ്ത്രീ സുരക്ഷയും കടന്ന് ,ഇന്നത്തെ യുവാക്കളുടെ പ്രശ്നങ്ങളിലേക്ക് കടന്നു കഴിഞ്ഞു നമ്മുടെ മെംബർ..

"ഇന്നത്തെ യുവജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമെന്ന് അറിയാമോ..? ഈപ്പൻ കോര ആവേശഭരിതനായി..

"ഇനിയും ഞങ്ങളെ ബുദ്ധിമുട്ടിച്ചാൽ നീ ഒരുപാട് ബുദ്ധിമുട്ടും.."

യുവാക്കൾ ഒന്നടങ്കം അലറിവിളിച്ചു..

അതിലും ഉച്ചത്തിൽ ഈപ്പന്റെ മൈക്ക് ഗർജ്ജിച്ചു കൊണ്ടേയിരുന്നു..

"ഇവനെ..ഇന്ന്.."

സകല നിയത്രണവും വിട്ട കുറച്ചു യുവാക്കൾ സ്റ്റേജിലേക്ക് പാഞ്ഞടുത്തു..

പെട്ടെന്ന് പതറിപ്പോയ ഈപ്പൻ കോര കൈ ഉയർത്തി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു..

"ആരും പ്രകോപിതരാകരുത്..കാരണം രസമുള്ള ഭാഗം ഇനിയും വരുന്നതേ ഉള്ളൂ.."

പിന്നീടങ്ങോട്ട് രസമുള്ള ഭാഗങ്ങളുടെ ഘോഷയാത്രയായിരുന്നു.., തുടർന്ന് കോമഡി ഷോയും കഴിഞ്ഞാണ് ആളുകൾ പിരിഞ്ഞത്..

******************

പിറ്റേന്ന് വെളുപ്പിന് ആശുപത്രിക്കിടക്കയിൽ ഈപ്പൻ കോര കണ്ണ് തുറന്നു. ശരീരമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന. സോമൻ സാറും, വേറെ കുറെ ആളുകളും ചുറ്റും നിൽപ്പുണ്ട്.

"എന്നാലും എന്റെ ഈപ്പാ...രസമുള്ള ഭാഗം വരുന്നതേ ഉള്ളു എന്ന് പറഞ്ഞപ്പോൾ, ഇത്രേം രസമായിരിക്കും എന്ന് ഞാൻ വിചാരിച്ചില്ലട്ടോ. "സോമൻ സാർ താടിക്കു കയ്യും കൊടുത്തിരുന്നു പരിതപിച്ചു..

"സങ്കടം സഹിക്കവയ്യാതെ , ആഗോളവൽക്കരണവും, ആഗോള ഭീകരതയും, സ്ത്രീസുരക്ഷയും, യുവാക്കളുടെ പ്രശ്നങ്ങളുമെല്ലാം കട്ടിലിൽ തല തിരിച്ചു കിടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA