sections
MORE

കുഞ്ഞു സ്വപ്നങ്ങൾക്ക് നിതാന്ത ജാഗ്രതാകവചം

SHARE

കായിക മേളകളിലും സ്കൂൾ ഗ്രൗണ്ടുകളിലെ കൂട്ടുകാരുടെ കളികൾക്കുമിടയിൽ കുട്ടികൾ മറിഞ്ഞു വീഴുന്നതോ പരുക്കു പറ്റുന്നതോ സാധാരണമാണ്. എന്നാൽ അടുത്തിടെ കളിക്കളത്തിലെ പിഴവുമൂലം നമുക്ക് നഷ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെ ഓമനമുഖങ്ങൾ മനസ്സിനെ പൊള്ളിക്കുന്നതാണ്. സമാനമായ ഒരനുഭവം കടന്നുവന്നതു കൊണ്ടായിരിക്കണം ആ കുഞ്ഞുങ്ങൾ എന്റെ മനസ്സിനെ ഇത്രമേൽ അസ്വസ്ഥമാക്കുന്നത്.

പത്ത് ഇരുപത് വർഷങ്ങൾക്കുമുൻപ് നടന്ന സംഭവമാണ്. ഞാനന്ന് 9–ാം ക്ലാസിൽ പഠിക്കുന്നു. ഞങ്ങളുടെ സ്കൂൾ ഉപജില്ലാകായികമേളയ്ക്ക് തയ്യാറെടുക്കുന്ന സമയം. മികച്ചതായി മൂന്ന് ഐറ്റം എങ്കിലും ചെയ്യുന്നവർക്കാണ്  സെലക്ഷൻ കിട്ടിയിരുന്നത്. ഒരാൾക്ക് മൂന്ന് ഐറ്റം എന്ന നിലയിൽ, ഓട്ടത്തിലും ലോങ്ങ് ജംപിലും സെലക്ഷൻ കിട്ടിയ എനിക്ക് ഐറ്റം തികയ്ക്കുന്നതിനു വേണ്ടി ഡിസ്കസ് ത്രോ തിരഞ്ഞെടുക്കേണ്ടി വന്നു. അതിനോട് എനിക്ക് ഒട്ടും താൽപര്യമില്ലെങ്കിലും വേറെ മാർഗം ഇല്ലായിരുന്നു. ഒടുവിൽ മത്സരത്തിനു രണ്ടു ദിവസം ബാക്കി. ഡിസ്കസ് ത്രോയിൽ എനിക്ക് നല്ല പരിശീലനം ആവശ്യമാണെന്ന് പി ടി ടീച്ചർ പറഞ്ഞതനുസരിച്ച് ഗ്രൗണ്ടിൽ മറ്റാരുമില്ലാത്ത ക്ലാസ് പീരിയഡുകളിൽ ഞാനാ മെറ്റൽ വളയവുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങും. 

അങ്ങനെ മേളയുടെ തലേദിവസം വന്നെത്തി. ഉച്ച കഴിഞ്ഞ് ആദ്യത്തെ പിരീഡ് ആണ്. സ്കൂൾ ഗ്രൗണ്ട് ഒരു ഈച്ച പോലും ഇല്ലാതെ മൂകമായപ്പോൾ ഞാൻ അവസാന പരിശീലനത്തിനിറങ്ങി. അവിടെങ്ങും ആരുമില്ല. ഞാൻ പരിശീലനം ആരംഭിച്ചു. ലക്ഷ്യസ്ഥാനം നോക്കി ഞാൻ വാശിയോടെ എറിഞ്ഞു പഠിക്കുകയാണ്. എതിർദിശയിൽനിന്നും രണ്ടുമൂന്നു കുട്ടികൾ പാട്ടുക്ലാസിനെ ലക്ഷ്യമാക്കി നടന്നുവരുന്നത് ഞാൻ കണ്ടിരുന്നില്ല. ദൗർഭാഗ്യവശാൽ ഞാൻ എറിഞ്ഞു കൊണ്ടിരുന്ന ഡിസ്ക് ഉന്നം തെറ്റി എതിർദിശയിലേക്ക് പായുകയും ഒരു കുഞ്ഞിന്റെ  നട്ടെല്ലിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപ്രതീക്ഷിതമായി സംഭവിച്ച ആ അപകടം കണ്ടു ഞാൻ തരിച്ചുനിന്നു.

ഭയന്നുവിറച്ച എന്റെ  കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരയായി ഒഴുകി. അന്നത്തെ എന്റെ ക്ലാസ് ടീച്ചർ ആയിരുന്ന മേരിക്കുട്ടി ടീച്ചറുടെ സാന്ത്വനവാക്കുകളും, മറ്റു ടീച്ചേഴ്‌സിന്റെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്നേഹവായ്പ്പും നല്ല വാക്കുകളുമാണ് സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് ഏറെ നാൾ കഴിഞ്ഞിട്ടും മുക്തി നേടാൻ എന്നെ സഹായിച്ചത്.ആ കായികമേളയിൽ ഞാൻ കണ്ടതും ഇതൊക്കെത്തന്നെയായിരുന്നു. 

ജാവലിൻ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എല്ലാം നടക്കുന്നതിനിടയിൽക്കൂടി കുട്ടികൾ ചന്നംപിന്നം ഒഴുകി നടക്കുന്നുണ്ട്. തനിക്കുചുറ്റും പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ആരും ബോധവാന്മാരല്ല എന്ന ചിന്ത സ്വന്തം അനുഭവത്തിൽക്കൂടി മാത്രമാണ് എനിക്കും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ആ അനുഭവത്തിൻറെ വെളിച്ചത്തിൽ ഞാൻ പറയട്ടെ.. ഏതു മത്സരങ്ങൾക്ക് ഒരുങ്ങുമ്പോഴും പ്രത്യേകിച്ച് കായിക മത്സരങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങളോട് മറക്കാതെ പറഞ്ഞു കൊടുക്കണം. 

സ്വന്തം സുരക്ഷയെപ്പറ്റിയും ചുറ്റുമുള്ളവരുടെ സുരക്ഷയെക്കുറിച്ചും എല്ലായ്പ്പോഴും ശ്രദ്ധ വേണമെന്ന്. മത്സരങ്ങളുടെ, കുട്ടികളികളുടെ ആവേശത്തിരകൾക്കിടയിൽ ഒരിക്കലും മനോനിയന്ത്രണം നഷ്ടമാകരുതെന്ന്. നാം മൂലം ഒരാളുടെയും ജീവനോ ജീവിതമോ നഷ്ടപ്പെടരുത് എന്ന്. നാം മാത്രമേ അവർക്ക് അതെല്ലാം പറഞ്ഞുകൊടുക്കാൻ ഉള്ളൂ എന്ന് മനസ്സിലാക്കുക. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒരു കയ്യബദ്ധത്തിന് നമ്മുടെ കുട്ടിയെ ജീവിതകാലം മുഴുവൻ കുറ്റബോധത്തിന്റെ നിഴൽപ്പിടിയിൽ ജീവിക്കാൻ അനുവദിക്കാതിരിക്കുക.

കഴിഞ്ഞ കുറേ ദിവസങ്ങളായി മനസ്സിൽ വേട്ടയാടിക്കൊണ്ടിരുന്ന പേരായിരുന്നു അഫീൽ ജോൺസൺ. പാലായിലെ സ്കൂൾ കായികമേളയ്ക്കിടയിൽ ഹാമർ തലയ്ക്കു വീണു ഗുരുതരമായി പരുക്കേറ്റു മരിച്ച, ലോകമറിയുന്ന ഫുട്ബോൾ താരം ആകാൻ കൊതിച്ച ഒരു പതിനേഴുകാരൻ. അവന്റെ  നിഷ്കളങ്കമുഖം മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ആ വേദന മായുംമുമ്പേ കളിക്കളത്തിലെ അശ്രദ്ധമൂലം നവനീത് എന്ന ഒരു കുഞ്ഞുപുഞ്ചിരികൂടി നമ്മുടെ ഇടയിൽനിന്നും എന്നെന്നേക്കുമായി മാഞ്ഞുപോയിരിക്കുന്നു.

മരണം അതിന്റെ സമയമാകുമ്പോൾ ഏതെങ്കിലും മായ കാണിച്ച് പ്രത്യക്ഷമാകും എന്നുള്ളത് നിശ്ചയമാണ്. എന്നാലും അച്ഛനമ്മമാരേ, നമുക്ക് കരുതിയിരിക്കാം. മറ്റുള്ളവന്റെ  ജീവനു വില ഇല്ലാതെ സ്വാർത്ഥതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഈ ലോകത്ത് അത് അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഓരോ സമയവും നാംതന്നെ നൽകിക്കൊണ്ടിരിക്കണം.

തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് സ്കൂൾ അധികൃതരും ഉറപ്പു വരുത്തണം. എല്ലാത്തിനുമുപരി സംഘാടകർ, അവരുടെ മേളയ്ക്ക് പൊലിപ്പ് പകരാൻ കൈമെയ് മറന്നുവരുന്ന ആ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിൽ ഒരു വലിയ സുരക്ഷാകവചം കെട്ടി ഉയർത്തുക. അശ്രദ്ധ കൊണ്ടും സമയലാഭം നോക്കിയും നാം നഷ്ടപ്പെടുത്തിയ ആ കുഞ്ഞുജീവനെ ഓർത്തുകൊണ്ട്, ഇനി ഒരു കുഞ്ഞു സ്വപ്നവും  കളിക്കളത്തിൽ ചലനമറ്റു വീഴരുതേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA