ADVERTISEMENT

ഫിലഡല്‍ഫിയ∙ 1993 നവംബര്‍ ഒന്നിന് മാസ്ട്രിജറ്റ് ട്രീറ്റിയോടെ ഇപ്പോള്‍ 28 യൂറോപ്യന്‍ രാജ്യങ്ങളടങ്ങുന്ന സംഘടനയുടെ ഉദ്ദേശശുദ്ധി അംഗീകരിച്ചുകൊണ്ടുള്ള 2012 ലെ സമാധാനത്തിനുള്ള നോബെല്‍ പ്രൈസ് കരസ്ഥമാക്കി. രാഷ്ട്രീയ സാമ്പത്തിക സമഗ്രത സ്ഥാപിക്കുന്നതോടൊപ്പം പരസ്പര ക്രയവിക്രയങ്ങള്‍ പ്രതിബന്ധങ്ങള്‍ ഇല്ലാതെ നടത്തുവാനും സുഖമമായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും വേണ്ടി കോമണ്‍ കറന്‍സിയായി യൂറോ നിലവിലാക്കി. പാസ്പോര്‍ട്ട് ഇല്ലാതെ വെറും ഐഡന്‍റിറ്റി കാര്‍ഡ് മാത്രം ഉപയോഗിച്ചുള്ള സന്ദര്‍ശനം ബ്രിട്ടന്‍ അടക്കം സാമ്പത്തികമായി സാമാന്യശക്തിയുള്ള പല രാജ്യങ്ങളിലേയും സുരക്ഷിതത്വം അനിയന്ത്രിതമായി പരാജയപ്പെട്ടു.

കഴിഞ്ഞ നവംബര്‍ 29ന് വിനോദസഞ്ചാരകേന്ദ്രമായ ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരവാദി ഉസ്മാന്‍ ഖാന്‍ രണ്ടു നിര്‍ദോഷികളെ ദാരുണമായി കുത്തികൊല്ലുകയും മൂന്നുപേരെ ഗുരുതരമായി കുത്തി പരുക്ക് ഏൽപിക്കുകയും ചെയ്തു. 2012-ല്‍ ഭീകരപ്രവര്‍ത്തനം മൂലം ജയിലില്‍ അടയ്ക്കപ്പെട്ട ശേഷം താല‍ക്കാലിക നിബന്ധനകളോടെ 2018-ല്‍ മോചിതനായ ഖാന്‍ കുടുംബസമേതം യൂറോപ്യന്‍ യൂണിയന്‍റെ മറവില്‍ ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. ജന്മസിദ്ധമായും സാഹചര്യ സമ്മര്‍ദംകൊണ്ടും മങ്ങാതെ മനസ്സില്‍ നിലനിന്ന ഭീകരപ്രവര്‍ത്തന ശൈലിയോടുള്ള അടങ്ങാത്ത ആവേശവും മൂലമാണ് നിരപരാധികളെ കുത്തിവീഴ്ത്തിയതായി പൊലീസ് അന്വേഷണത്തില്‍ അറിഞ്ഞത്.

രണ്ടാം ലോക മഹായുദ്ധക്കെടുതികള്‍ക്കുശേഷം പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവും ആയ ബന്ധത്തിനോടൊപ്പം കൂടുതല്‍ സുരക്ഷിതത്വവും ഉറപ്പാക്കുവാന്‍വേണ്ടി ഫ്രാന്‍സിന്‍റെയും ജര്‍മനിയുടെയും സാന്നിധ്യത്തില്‍ 1951 ലെ ട്രീറ്റി ഓഫ് പാരിസിനെ തുടര്‍ന്ന് 1952-ല്‍ 'യൂറോപ്യന്‍ കോള്‍ ആന്‍റ് സ്റ്റീല്‍ കമ്മ്യൂണിറ്റി' രൂപംകൊണ്ടു. പുതിയ സംഘടനയ്ക്കുവേണ്ടി അന്നത്തെ ഗ്രേറ്റ് ബ്രിട്ടനെ ക്ഷണിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധത്തില്‍ ദാരുണമായി നശിച്ച, സാമ്പത്തിക ഭദ്രത ഇല്ലാത്ത ചെറുരാജ്യങ്ങളുമായി ബന്ധപ്പെടുവാന്‍ 1973 വരെ ബ്രിട്ടൻ താൽപര്യപ്പെട്ടില്ല. 1973 ലെ പുതുവര്‍ഷ പിറവിദിനം ഡെന്‍മാര്‍ക്കിനോടും ഐയര്‍ലന്‍ഡിനോടും ഒപ്പം യൂറോപ്യന്‍ കമ്മ്യൂണിറ്റിയിലെ അംഗത്വം ബ്രിട്ടൻ സ്വീകരിച്ചു. ക്രമേണ യൂറോപ്യന്‍ യൂണിയന്‍ ആയി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ ബ്രിട്ടനു സാമ്പത്തികമായി പ്രത്യേകനേട്ടങ്ങള്‍ ഇല്ലാതെ ആഗോളതലത്തില്‍ അമേരിക്കന്‍ ഡോളറോടൊപ്പം അംഗീകരിച്ചിരുന്ന യുകെ പൗണ്ട്സിന്‍റെ പ്രശസ്തി യൂറോപ്യന്‍ യൂണിയന്‍റെ കറന്‍സിയായ യൂറോയുടെ ആഗമനത്തോടുകൂടി താഴ്ത്തപ്പെട്ടു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കയ്യടക്കി ലോകമഹായുദ്ധങ്ങളില്‍ നേതൃത്വനിരയില്‍നിന്ന ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനിലെ വെറും നാലര ലക്ഷം ജനങ്ങള്‍ മാത്രമുള്ള മാള്‍ട്ടായുടെയും ദാരിദ്രവും ചേരിപ്പോരും മൂലം നിത്യദുരിതത്തിലുള്ള ഹംഗറിയുടെയും ബള്‍ഗേറിയായുടെയും റൊമാനിയായുടെയും തുല്യനിലവാരത്തിലേക്ക് സ്വയമായി വഴുതിവീണു. യൂറോപ്യന്‍ യൂണിയന്‍ എന്ന കെണിയില്‍നിന്നും മോചനലബ്ധിക്കുവേണ്ടിയുള്ള 2016, ജൂണ്‍ 23ലെ ജനഹിത പരിശോധനയില്‍ 52 ശതമാനം അനുകൂലിച്ചും 48 ശതമാനം പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി. 

കഴിഞ്ഞ ഡിസംബർ 12ന് നടത്തിയ ജനറല്‍ ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ മുഖ്യ എതിര്‍പക്ഷമായ ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടു കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റേയും വിജയം യൂറോപ്യന്‍ യൂണിയനിൽ നിന്നും വിടവാങ്ങല്‍ -ബ്രെക്സിറ്റ് വളരെ സുഗമം ആക്കി. യൂറോപ്യന്‍ യൂണിയനില്‍നിന്നുമുള്ള വിടുതല്‍ നേടുമെന്നുള്ള പ്രീ ഇലക്ഷന്‍ വാഗ്ദാനം മൂലമാണ് ബോറിസ് ജോണ്‍സണും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത്. 2020 ജനുവരി 31നകം യൂറോപ്യന്‍ യൂണിയനില്‍നിന്നും പൂര്‍ണ്ണമായി വിടവാങ്ങുമെന്ന ശുഭപ്രതീക്ഷയില്‍ ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം സമാധാന കാംഷികളും കഴിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com