ADVERTISEMENT

കാലത്തികവിങ്കൽ ദിവ്യാവതാരമായ്

കാലിത്തൊഴുത്തിലൊരു പുണ്യ ജാതമായ്

ആലംബഹീനർക്കായ് ആശ്വാസമറ്റോർക്കായ്

ബേത്‌ലഹേമിൽ പിറന്നല്ലോ, വിൺനായകൻ.

പാപാന്ധകാരത്തെ ജീവിതഭാരത്തെ

പാടെ മായിക്കുവാൻ വിശ്വവെളിച്ചമായ്

പുൽക്കൂട്ടിലുദിച്ചൊരാ നവ്യതാരകം

പാരിൽ പ്രഭാപൂരമായിന്നും ശോഭിപ്പൂ.

 

ആശയായ്, ആശ്വാസ, മാനന്ദമായെങ്ങും

അത്യുന്നതന്റെ തിരുപ്പിറവിയിന്നും

ആഗോളമായ് പെരുനാളായി ഘോഷിക്കെ

അന്ധതമസ്സിന്നും മർത്യരെ ചൂഴുന്നു.

 

അന്നത്തെക്കാളുമീ മന്നിടമിപ്പൊഴും

അന്ധകാരത്തിലമർന്നിടും നാളിലും

വന്നുദിച്ചീടണേ ദിവ്യനക്ഷത്രമായ്

ചിന്നും പ്രകാശമായ് ശാന്തി പകരുകേ.

 

നിരാശ്രയർക്കിടയ്ക്കു ത്വൽ നിവാസമെന്നറിഞ്ഞിതേൻ

വരിച്ചിടുന്നു താഴ്മയാർന്നു നിന്ദ്യമായതൊക്കെ, തേ,

ദരിദ്രർ, ഹീനരേഴകൾ വസിച്ചിടുന്നിടങ്ങളിൽ

നിരാമയന്റെ ദീപ്തിയത്രെ ക്രിസ്തുമസിൻ ധന്യത.

 

സന്മനസ്സുള്ളോർക്കെല്ലാം ഭൂമിയിൽ സമാധാനം

വിൺമയർക്കൊപ്പം നാമും സ്തുതികൾ കരേറ്റിടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com