sections
MORE

പുത്തൻ പുലരികളിലേയ്ക്ക്

funeral
SHARE

എല്ലിയുടെ വാവിട്ടുള്ള നിലവിളികേട്ടാണ് ഉണർന്നത് ഇന്നും അലാറമടിച്ചില്ല ഫോണിലെ അലാറവും ശബ്‌ദിച്ചില്ല. ഏഴുമണി കഴിഞ്ഞു ചാടിയെണീറ്റു  ഫോണെടുത്തുനോക്കി ശൂന്യം ബാറ്ററി തീർന്നുകാണും. കുളിമുറിയുടെ വാതിൽക്കൽ നിന്നാണ് എല്ലി കരയുന്നത്, ഹന്നാ വാതിൽ തുറക്കാത്തത് തന്നെ കാരണം. മൂന്നാം ക്‌ളാസ്സിൽ പഠിക്കുന്ന ഹന്ന കെട്ടിച്ചമയുവാൻ ഈയിടെയായി  അമിതഉത്സാഹം കാണിക്കുകയാണ്. അവളുടെ മുറിയിൽ എല്ലാ സൗകര്യവുമുണ്ടെങ്കിലും കുളിമുറിയിലുള്ള വലിയ നിലക്കണ്ണാടിയാണ് അവൾക്ക് താൽപ്പര്യം. അവളുടെ വല്യമ്മയെപ്പോലെ തന്നെ മോഡലിങ്ങിന് പോകുവാനുള്ള തയ്യാറെടുപ്പാണ് മൂന്നാം ക്‌ളാസ്സുകാരിക്ക് . തട്ടിവിളിച്ചിട്ട് കാര്യമില്ലാത്തതുകൊണ്ട് എല്ലിയ്ക്ക് എന്റെ കുളിമുറി തുറന്നു കൊടുത്തു പെട്ടെന്ന് തയാറാവണമെന്ന് ഓർമിപ്പിച്ചുകൊണ്ട് അടുക്കളയിലേയ്ക്ക് പാഞ്ഞു.

ഇന്നിനി ഒന്നും സമയമില്ല നാലു മുട്ട പുഴുങ്ങുവാൻ വച്ചു, പാലും തല്‍ക്ഷണം തയാറാവുന്ന സിരിയലും എടുത്തു മേശപ്പുറത്തു വച്ചു, കുട്ടികൾക്ക് താൽപ്പര്യം പോലെ കഴിച്ചോളും. നാലു വയസ്സ് മാത്രമുള്ള എല്ലി ഒരു മാസമായി നഴ്സറിയിൽ പോയിത്തുടങ്ങിയിട്ട്, ഇപ്പോൾ വളരെയധികം ശുഷ്‌ക്കാന്തി കാണിക്കുന്നുണ്ട്. വിവാഹം കഴിച്ചിട്ടില്ലാത്ത അമ്മയുടെ പദവിയുള്ളതുകൊണ്ടു കുട്ടികൾക്ക് ഉച്ചഭക്ഷണം സൗജന്യമാണ്.

പെട്ടെന്ന് തയ്യറാകുവാനായി കുളിമുറിയിൽ നിന്നും എല്ലിയെ പുറത്താക്കി കണ്ണാടിയിൽ നോക്കിയതും സ്തംഭിച്ചു നിന്നു കവിളിനു താഴേ  കഴുത്തിലുള്ള പാട് അൽപ്പംകൂടി തടിച്ചിരിക്കുന്നു. ഇന്നലെ മുഴുവൻ ഐസ്പായ്ക്ക് വച്ചിട്ടും തടിപ്പ് കൂടി വന്നു. ചർമ്മത്തിന് കീഴിലുള്ള രക്തക്കുഴലുകൾ തകർന്നിരിക്കുവാൻ സാധ്യതയുള്ളതുകൊണ്ടു ചെറിയതവി ഉപയോഗിച്ച് ഏറെനേരം തടവുകയും ചെയ്തിരുന്നു. കറ്റാർ വാഴയുടെ തണ്ടു പിഴിഞ്ഞ ചാറാണ് പ്രകൃതിയുടെ ഉത്തമ ഔഷധമെന്നു കേട്ടിട്ടുണ്ടെങ്കിലും തൽക്കാലം കയ്യിലില്ല.  ചൂട് വെള്ളവും സോപ്പുമുപയോഗിച്ചു നന്നായി കഴുകി വീണ്ടും ശ്രദ്ധിച്ചുനോക്കി തടിപ്പിന് വലിയ വ്യത്യാസമില്ല, വേദനയില്ലാത്തതുകൊണ്ടും  രക്തസ്രാവമില്ലാത്തതുകൊണ്ട് അണുബാധയുണ്ടാകുവാൻ സാധ്യതയുമില്ല പക്ഷെ മുൻകരുതലായി ഏതെങ്കിലും മരുന്ന് കഴിക്കേണ്ടി വരുമോയെന്നു  സംശയിച്ചു. അമിതമായ സ്നേഹമായിരുന്നോ അതോ ഒത്തിരി കാലങ്ങൾക്കുശേഷം കണ്ടത്തിലുള്ള ആവേശം മാത്രമായിരുന്നോ എന്നോർത്തെടുക്കുവാൻ സാധിക്കുന്നില്ല. സൗന്ദര്യവർദ്ധക ക്രീമുകളിൽ ചർമ്മത്തിന്റെ നിറവുമായി  പൊരുത്തപ്പെടുന്നതിനെ തന്നെ  തിരഞ്ഞെടുത്തു  നന്നായി ചുറ്റിനും തേച്ചുപിടിപ്പിച്ചു. തൽക്കാലം നീളമുള്ള മുടികൊണ്ട് മറച്ചിടാം അതോടൊപ്പം  ഒരു പാരസെറ്റമോൾ ഗുളികകൂടി കഴിക്കാം.

വാരാന്ധ്യങ്ങൾ പൂർണ്ണ വിശ്രമ വേളകളാക്കുവാനായി പ്രവൃത്തിദിനങ്ങളിലെ അഞ്ചാം ദിവസത്തിന്റെ അപരാഹ്നത്തിൽത്തന്നെ പട്ടണമധ്യത്തിലുള്ള പുരാതനമായ പബിൽനിന്നും തുടങ്ങുന്ന ആസവദ്രവ്യത്തിന്റെ  ആസ്വാദനം.  ചതച്ച ബാർളിയിൽ   യീസ്റ്റ് ചേർത്ത് പുളിപ്പിക്കുമ്പോൾ ധാന്യങ്ങളിലെ അന്നജം ആദ്യമേ പഞ്ചസാരയായും പിന്നീട് രൂപാന്തരീകൃതമാവുന്ന ആസവം നുകർന്നുള്ള ആനന്ദയാത്ര.  പല പബ്ബുകളിലായി സഹപ്രവർത്തകർക്കും  സുഹൃത്തുക്കൾക്കുമൊപ്പം ബന്ധുക്കളെയും സന്ധിക്കുമ്പോൾ ആവലാതികൾക്കുപരി ആനന്ദം പങ്കിട്ടുള്ള  മുഴുനീള യാത്രയുടെ പര്യവസാനം അർദ്ധബോധാവസ്ഥയിൽ സുഹൃത്തുക്കൾക്കൊപ്പമാകും ചിലവഴിക്കേണ്ടി വരുന്നത്. പബ്ബുകളിലെ പുരുഷമേധാവിത്ത്വം അവസാനിച്ചിട്ട് വളരെയധികം നാളുകളായെങ്കിലും ഇപ്പോഴും വാരാന്ത്യങ്ങളിൽ പോലും സ്ത്രീപുരുഷ സമത്വം സാധ്യമാവുന്നില്ല.  നാനാ തരത്തിലുള്ള  ബിയറിന്റെ ഗുണമേന്മയും കാൽപ്പന്തുകളിയിലെ  ആന്തരികവും ബാഹ്യവുമായ വൈകാരികതകളും അറിയാമെങ്കിൽ പണ്ഡിതനും സകലകലാവല്ലഭനുമാണെന്ന ഭാവത്തിനും തെല്ലും ശമനമില്ല പുരുഷകേസരികൾക്ക്. അതുകൊണ്ടു തന്നെ പതിവ് സംവാദങ്ങൾക്ക്  വിഷയ ദാരിദ്രം നിലനിൽക്കുകയാണ്. എന്നാൽ ആകാരവടിവും  ആകര്‍ഷണീയരുമായ യുവതികളോടെ പ്രായഭേദമില്ലാതെ ശൃംഗാര ഭാവത്തിലുള്ള കൊഞ്ചിക്കുഴച്ചിലുകളും തുടരുന്നു. കാമത്തെക്കാളുപരി മാനസികോല്ലാസവും സംതൃപ്തിയുമാണ് ഓരോ നാരിയും കാംഷിക്കുന്നതെന്ന് തിരിച്ചറിവില്ലാത്ത സ്വാർത്ഥമതികൾ തന്നെയാണ് നരവർഗ്ഗമെക്കാലവും.

ആധുനിക നാളുകളിൽ അനുയോജ്യമായ ഇണകളെത്തിരയുവാൻ  ഇന്റര്‍നെറ്റ്  ആപ്പുകളുൾപ്പെടുന്ന ധാരാളം കുറുക്കു വഴികളുണ്ടെങ്കിലും  പ്രായോഗികതയിൽ വിശ്വസിക്കുന്ന  ഭൂരിഭാഗം സ്ത്രീ പുരുഷന്മാരും യാഥാർഥ്യ ജീവിത സാഹചര്യങ്ങളെ എങ്ങനെ ഓരോരുത്തരും നേരിടുന്നു എന്നറിയുവാനുള്ള മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. സന്തുഷ്ടമായ വിവാഹജീവിതത്തിന്  അന്യോന്യം സഹകരിക്കുകയും  അന്യോന്യം തണലായിരിക്കേണ്ടത് അനിവാര്യമായിരിക്കെ ഓരോരുത്തരും എത്രത്തോളം ത്യാഗമനോഭാവം പ്രകടിപ്പിക്കുന്നുണ്ട് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ത്യജിച്ചുകൊണ്ട് പെരുമാറുവാൻ തയ്യാറാവുന്നു എന്നറിയുവാനുള്ള ജിജ്ഞാസ. ഏകാന്തജീവിതത്തിൽ നിന്നും മുക്തി തേടുവാൻ ആഗ്രഹിക്കുന്ന സമാനചിന്താഗതിക്കാരെ   എത്തിക്കുന്നത്  കൂടുതലും പബ്ബുകളിലും സന്നദ്ധസേവന മേഖലകളിലും  കായിക പരിശീലന  രംഗങ്ങളിലും തന്നെയാണ്. നൈമിഷികമായ ശാരീരിക സംതൃപ്തിയിലുപരി മാനസികോല്ലാസവും അന്യോന്യം സംസാരിക്കുവാനും മനസിലാക്കുവാനും ഗുണനിലവാരമുള്ള ആശയങ്ങൾ പങ്കുവയ്ക്കുവാനും സാധിക്കുമെങ്കിൽ ആത്മബന്ധങ്ങൾ ഊട്ടിഉറപ്പിക്കുവാനുതകുന്ന ദീർഘദൂര യാത്രകളുമാണ് കാംക്ഷിക്കുന്നത്. 

ബാല്യത്തിലും പിന്നീട് യൗവനത്തിലും രാജകുമാരനോടുത്തുള്ള ആർഭാടജീവിതങ്ങളും സുഹൃത്തുക്കളോടും കുടുംബാഗങ്ങളുമൊത്തുള്ള  സന്തോഷ നിമിഷങ്ങൾ അനുദിനം പങ്കുവയ്ക്കുന്ന  മധുരസ്വപ്‌നങ്ങൾ കാണുന്നതെങ്കിലും സ്വന്തം ചിറകു വിരിച്ചു പറക്കുവാറായപ്പോൾ  പ്രായോഗികജീവിതം അതിജീവനമായി മാറുകയാണ് പതിവ്. ചെറുപ്പം മുതലേ പ്രായത്തിലധികം വളർന്ന ശരീരപ്രകൃതി ആയിരുന്നതിനാൽ  കൗമാരത്തിലെത്തുന്നതിനു വളരെ മുൻപ് തന്നെ കുട്ടിപ്രണയങ്ങൾ തുടങ്ങിയിരുന്നു. കാലത്തിനു മുൻപേ പറക്കുവാൻ തുടങ്ങിയെന്നു മനസിലാക്കിയപ്പോൾ പ്രണയബന്ധങ്ങൾ സുരക്ഷിതമാക്കുവാനുള്ള എല്ലാ ഉപദേശങ്ങളും നൽകുവാൻ 'അമ്മ മടികാണിച്ചില്ല. കലാലയ ജീവിതത്തിലെ ആഘോഷങ്ങളിലും വാരാന്ത്യത്തിലുള്ള നിശാപാർട്ടികളിലും പാറിപ്പറന്നു ജീവിതം ആസ്വദിച്ചപ്പോഴും അമ്മയുടെ സമയോചിതമായ മുൻകരുതലുകൾ ഉപകാരപ്പെടുക തന്നെ ചെയ്തു. കളിക്കൂട്ടുകാരനായ ടോമിലിനുമായുള്ള ദീർഘനാളത്തെ  ബന്ധം പിരിയേണ്ടി വന്നപ്പോഴുണ്ടായ മാനസിക തകർച്ചയിൽ തുണയായത് അമ്മയുടെ സമയോചിതമായ വൈകാരിക പിന്തുണ മാത്രമായിരുന്നു. അമ്മയെന്നും കുടുംബത്തിന്റെ നെടുംതൂണായി നിലനിന്നിരുന്നു നാവിക സേനയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന അച്ഛനുമായുള്ള ബന്ധം പലയാവർത്തി വഷളമായപ്പോഴും ഞങ്ങൾ നാലു കുട്ടികളുടെ സുരക്ഷയെപ്രതി എല്ലാം സഹിക്കുവാനും പൊറുക്കുവാനും തയ്യാറായിരുന്നു. ജോലിയോടുള്ള അമിതമായ ആത്മാർഥതയും തോളിലെ തങ്കരേഖകളുടെ വീതിയോടുള്ള പ്രതിബദ്ധതയുമായിരിക്കണം അച്ഛനെ ധാർഷ്ട്ട്യക്കാരനാക്കി മാറ്റിയത്.  ആരോഗദൃഢഗാത്രനായ അച്ഛന്റെ ശരീരാകൃതിയും അമിത സൗന്ദര്യമില്ലെങ്കിലും കുലീനത്വം നിറഞ്ഞ അമ്മയുടെ മുഖകാന്തിയും  പാരമ്പര്യമായി  ലഭിച്ചതെന്ന് എനിക്ക് മാത്രമാണ്.

വീണ്ടും എല്ലിയുടെ കരച്ചിൽ ചിന്തകളിൽ നിന്നും ഞെട്ടിയുണർത്തി പ്രാതലിനിടയിലുള്ള അടിയായിരിക്കണം രണ്ടും പേരും വിട്ടുകൊടുക്കുവാൻ തയ്യാറാവുന്നില്ല. അവർക്കും വല്യച്ഛന്റെ സ്വഭാവഗുണങ്ങൾ പക്ഷെ തമ്മിൽ വേർപിരിഞ്ഞിരിക്കുവാൻ തുനിയാറുമില്ല. ഇനിയും താമസിച്ചാൽ കുട്ടികൾ സ്കൂളിലെത്താൻ വൈകുമെന്നുള്ളതിനാൽ ധൃതിയിൽ വേഷമിട്ടു താഴെയെത്തി ചായയും കുടിച്ചു തിരിഞ്ഞപ്പോൾ തന്നെ എല്ലി കാറിന്റെ താക്കോലെടുത്തു തന്നു. കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തപ്പോൾ ഹന്നയുടെ കണ്ണുകളിലെ നൈരാശ്യം ശ്രദ്ധിച്ചു, അവളെയും വാരിപ്പുണർന്നുകൊണ്ട് ചെവിയിൽ മന്ത്രിച്ചു "എന്റെ തങ്കക്കുടം". വീടിന്റെ വാതിൽ തുറന്നതും എല്ലി വീണ്ടുംപോയി ഗ്യാരേജിന്റെ വാതിലും തുറന്നുപിടിച്ചു. കാർ നിരത്തിലെത്തിയതും വാതിലടച്ചിട്ടു എല്ലി കാറിൽകയറി സീറ്റ് ബെൽറ്റിട്ടുകൊണ്ടു മന്ദഹസിച്ചു, നന്ദിയും പറഞ്ഞുകൊണ്ട് വീണ്ടും അഭിനന്ദിച്ചു "എന്റെ സുന്ദരിക്കുട്ടി". ജനിച്ചു പഠിച്ചു വളർന്ന പട്ടണത്തിൽതന്നെ ജോലി ലഭിച്ചതിലും കുടുംബവുമായി ജീവിക്കുന്നതിൽ   ആശ്വാസമുണ്ടെങ്കിലും സ്വന്തമായി വീടു മേടിക്കുവാൻ സമയമായപ്പോൾ  ബാങ്ക് വായ്പ്പകളിൽ ആശ്രയിക്കേണ്ടിവന്നു. 

അച്ഛനും അമ്മയും പട്ടണമധ്യത്തിൽ തന്നെ താമസിക്കുന്നതുകൊണ്ടുള്ള ആകെ ഉപകാരം വാരാന്ധ്യങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേകമാളെ തിരയേണ്ടയെന്നതു തന്നെ. പ്രതീക്ഷിച്ചതുപോലെ തിരക്കേറിയിരുന്നെങ്കിലും കുട്ടികളെ താമസിക്കാതെ സ്‌കൂളിലെത്തിക്കുവാൻ സാധിച്ചു. ആഴ്ച്ചയിലെ ആദ്യദിനത്തിൽ തന്നെ  വൈകിയെത്തുമ്പോൾ സഹപ്രവർത്തകരോട് വിവരിക്കേണ്ടിവരില്ലെങ്കിലും പുതുതായെത്തിയ വകുപ്പു മേധാവിയുടെ മുഖം കരുവാളിക്കുന്നത് ശ്രദ്ധിക്കാതിരിക്കുവാൻ സാധിക്കില്ല.  ഇന്ത്യയിൽനിന്നും കുടിയേറിയവനാണെങ്കിലും ചുരുങ്ങിയകാലം കൊണ്ട് ഉയരങ്ങളിലെത്തിയത് ബുദ്ധിയിലൂടെയും പ്രവർത്തനമികവിലൂടെ  മാത്രം. ചെയ്യുന്ന ജോലിയോട് കൂറുള്ള വ്യക്തിയാണ്   അതോടൊപ്പം  അന്യായ പരിഞ്ജാനവും  അറിവില്ലാത്ത വിഷയങ്ങൾ ഇല്ലെന്നുതന്നെ  മനസിലാകും.  ജാള്യതയോടെയുള്ള   പുഞ്ചിരി ഒഴിവാക്കണമെന്നാഗ്രഹമുണ്ടെങ്കിലും ഓഫീസിലെത്തിയ വിവരമറിയിക്കുവാൻ മിന്നായത്തിലൊന്നു നോക്കി ചിരിച്ചെന്നു വരുത്തി കോഫിക്കപ്പുമായി കഫേയിലേയ്ക്കു നടന്നു. ഓഫീസ് ദിനങ്ങളിൽ മാത്രമാണ് കാപ്പിക്കുരു പൊടിച്ചുള്ള രുചിയേറിയ കോഫി കുടിക്കുവാൻ സാധ്യമാവുകയുള്ളു പ്രത്യേകിച്ചും  ആഡത്തിന്റെ കൈകൾക്ക് മാസ്മരികത കൂടുതലാണ്. ആടം ഗ്രീക്കിൽ നിന്നുമെത്തിയ പരദേശി പക്ഷെ ഒരു വീട് വയ്ക്കുവാനുള്ള സമ്പാദ്യമാവുമ്പോൾ തിരികെ പോകണമെന്ന് ഒരിക്കൽ പറഞ്ഞിരുന്നു.    നീണ്ടനിരയില്ലെങ്കിലും  പതിവു കുശലങ്ങളിലൂടെ ആടം ഓരോരുത്തർക്കും തന്റെ സ്വാദേറിയ കാപ്പിയുണ്ടാക്കി പേരുപറഞ്ഞു  കപ്പുകളിലേയ്ക്ക് നിറയ്ക്കുമ്പോൾ ചെയ്യുന്ന ജോലിയോടുള്ള ആത്മമാർഥത പൂർണ്ണമായി പ്രകടമാകുന്നുണ്ട്. കാപ്പിയിലെ കഫീന്  മണവും രുചിയുമില്ലാത്തവയാണ്, എന്നാലും കുരുവിനേ ഞെരിച്ചു പൊടിക്കുമ്പോൾ  അസ്ഥിരമായ ജൈവ സംയുക്തങ്ങൾ  ബാഷ്പീകരിക്കപ്പെടുന്നതിലൂടെ രൂപീകൃതമാവുന്ന സുഗന്ധം വളരെ ആകർഷണീയം തന്നെയാണ്. നുരപതയുന്ന കാപ്പിയുടെ സൗരഭ്യം നാസാദ്വാരങ്ങളിലേയ്ക്ക് ഒഴുകുമ്പോൾ കണ്ണുകൾ താനെ അടഞ്ഞു നിർവൃതിയിൽ ലയിച്ചു നിൽക്കുവാനാണ് ആഗ്രഹമെങ്കിലും വാരാന്ത്യവിശേഷങ്ങൾ അറിയുവാൻ ചൂടുള്ള കാപ്പിയുമായി ബെക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.

മറ്റൊരാളുമായി കുശലം പറഞ്ഞിരുന്ന ബെക്കിയെ കുഷ്യനുള്ള ഇരിപ്പിടത്തിലേയ്ക്കെത്തുവാൻ കണ്ണുകളിലൂടെ  ആംഗ്യം നൽകിക്കൊണ്ട്   സോഫയിലേയ്ക്ക് അമർന്നിരിന്നു. ഇരിക്കുമ്പോൾ ലേശം കുഴിയുന്ന കുഷ്യനുകൾ ആശ്വാസം നൽകുന്നുണ്ട് അതോടൊപ്പം കാൽപാദങ്ങൾ നിലത്തു പൂർണ്ണമായി ചവിട്ടിക്കൊണ്ട് വളഞ്ഞ മുട്ടുകളിലൂന്നി ചൂടുള്ള കാപ്പി രണ്ടുകയ്യിലും ചേർത്തു പിടിച്ചിരിന്ന് ആദ്യത്തെ കാവിളിറക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി സൗരഭ്യം നുകർന്നു. റെബേക്കാ വൂൾഫോർഡ് എന്ന മുഴുവൻ പേരിലും അറിയപ്പെടുവാൻ ആഗ്രഹിക്കുന്ന ബെക്കി ഒരു നല്ല ശ്രോതാവായതുകൊണ്ട് അവളോടൊത്തു ചിലവിടുന്ന നിമിഷങ്ങൾ അധികം ബോറടിപ്പിക്കാറില്ല. പ്രത്യേക വിഷയമില്ലാത്തതുകൊണ്ടും വാരാന്ത്യത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചില്ലായെന്നു ഭാവിച്ചുകൊണ്ട് രാവിലത്തെ പ്രത്യേകിച്ചും  തിങ്കളാഴ്ച്ചകളിൽ തിരക്കേറുന്ന ഗതാഗതത്തിൽ തന്നെ തുടങ്ങി. ബെക്കിയുടെ കണ്ണിലെ നൈരാശ്യം പ്രതീക്ഷിക്കാത്ത വാർത്തകൾ  ലഭിക്കാത്തതു മൂലമാണെന്നു തിരിച്ചറിഞ്ഞെങ്കിലും ആകാംഷയുടെ മുൾമുനയിൽ തൽക്കാലം നിർത്തുവാൻ തീരുമാനിച്ചെങ്കിലും ബെക്കിയെല്ലാമറിഞ്ഞിരുന്നു എന്നു വെളിവാക്കുന്നതായിരുന്നു അവളുടെ അടുത്ത ചോദ്യം "റ്റോമി ഇറാഖിലേക്ക് തന്നെയാണോ തിരിച്ചു പോയത്". അന്ധാളിച്ചു പോയെങ്കിലും മനഃസാന്നിധ്യം ക്ഷണങ്ങൾക്കുള്ളിൽ  വീണ്ടെടുത്തു. അറിയാമെങ്കിലും കളവു പറയുവാനാണ് നാവ് പൊന്തിയത് തൽക്കാലം ആസ്ഥാനകേന്ദ്രത്തിലേക്കാണ് പോയത് പിന്നീട് ചിലപ്പോൾ പോകേണ്ടി വരും.  

ഇറാക്ക് എന്ന പേരു കേൾക്കുമ്പോൾ തന്നെ നാലു വർഷങ്ങൾക്കു മുൻപുള്ള പാതിരാത്രിയാണ് ഓർമ്മയിൽ തെളിയുന്നത്. ഹന്നയ്ക്ക് നാലു വയസും എല്ലി എന്റെയുള്ളിൽ  ആറുമാസവും ഏകദേശം രാത്രി പത്തുമണിക്ക് ഡോർബെൽ  പതിവില്ലാതെ ശബ്‌ദിച്ചപ്പോൾ അയൽക്കാരിയാവുമെന്നു കരുതി വാതിൽ തുറന്നപ്പോൾ മൂന്ന് പട്ടാളവേഷധാരികൾ, മനസ്സിൽ കൊള്ളിയാൻ മിന്നി തളർന്നു വീണയെന്നെ താങ്ങിയതും അവർ തന്നെ. അനാവശ്യമായ  ഇറാക്ക് യുദ്ധം അനേകം കുടുംബിനികളെ വിധവകളാക്കിയതുപോലെ അന്നേ ദിവസം എന്റെ ഊഴമായിരുന്നു. അസമയത്തുള്ള പട്ടാളഉദ്യോഗസ്ഥരുടെ സന്ദർശനവും  മറ്റൊന്നായിരുന്നില്ല. മേജർ ക്രിസ്റ്റഫർ തോമസ് ഒരു അതുല്യ പ്രതിഭയാണെന്ന് എന്റെ അച്ഛന്റെ അംഗീകാരവും ലഭിച്ച വ്യക്തിത്ത്വം ഇനി വെറും ഓർമ്മ മാത്രമായി നിലനിൽക്കുമെന്നു വിശ്വസിക്കുവാൻ കൂടി സാധിക്കാതിരുന്ന കാലത്തിലാണ് അന്ധ്യോപചാരം അർപ്പിക്കേണ്ടി വന്നത്. കേവലം അഞ്ചരവർഷം മാത്രം  നീണ്ട വിവാഹജീവിതത്തിൽ  ഒരുമിച്ചു ജീവിക്കുവാൻ സാധിച്ചത് ആകെക്കൂടി അഞ്ചോ ആറോ മാസക്കാലം. ക്രിസ്സുള്ളപ്പോൾ മറ്റൊന്നിനെക്കുറിച്ചും പരിഭവമില്ലാതിരുന്നു എല്ലാം കണ്ടറിഞ്ഞു കൃത്യമായി നിർവഹിക്കുമായിരുന്നു. ഒരിക്കൽ പോലും ആരുമായും മുഖം കറുത്ത് ഇടപെഴുകുന്നതും  ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹന്നായ്ക്ക് എന്നും കളിക്കൂട്ടുകാരൻ മാത്രമായിരുന്നു ക്രിസ്സ് . ഹന്നാ കിടക്കയിൽ പോലും ഞങ്ങളുടെ മദ്ധ്യേ ശയിച്ചിരുന്നത് ക്രിസ്നോടുള്ള വാത്സല്യം മൂലവും. ബറ്റാലിയൻ കമ്മാണ്ടർ ആയിരുന്ന ക്രിസ്സിനൊപ്പം അദ്ദേഹത്തിന്റെ മറ്റു അഞ്ചു സഹപ്രവർത്തകരും ഒരു കുഴി ബോംബ് സ്ഫോടനത്തിൽ വീരഗതി പ്രാപിച്ചപ്പോൾ ബ്രിട്ടണ് അനാവശ്യമായ  ഇറാക്ക് യുദ്ധത്തിലൂടെ നഷ്ട്ടങ്ങൾ  മാത്രം അനാഥമായ കുടുംബങ്ങളുടെ എണ്ണവും കൂടിവന്നു.

വൂട്ടൺ ബാസ്സറ്റ് വിൽഷയർ കൗൺണ്ടിയിലെ ഒരു ചെറിയ ഗ്രാമമാണെങ്കിലും അതിലെ നിവാസികളെല്ലാവരും തന്നെ പ്രതിരോധമേഖലകളിൽ സേവനമനുഷ്ഠിച്ചു വിരമിച്ചവർ. അതുകൊണ്ടുതന്നെ പട്ടാളക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആശ്രിതരോടും വലിയ ആദരവും പ്രകടിപ്പിക്കുന്നവരാണ്.   ഈ ഗ്രാമത്തോട് ചേർന്ന സ്ഥലമായ  ലൈനത്താണ്  രാജകീയ വായുസേനയുടെ അതിപുരാതനമായ വിമാനത്താവളം  സ്ഥിതിചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് നിർമ്മിക്കപ്പെട്ട ഈ വ്യോമ താവളം വളരെ തന്ത്രപ്രധാനമായ ആക്രമങ്ങൾക്കും പ്രതിരോധത്തിനും ഉപയോഗിച്ചിട്ടുണ്ട്. അഫ്ഗാനിലും പിന്നീട് ഇറാക്ക് യുദ്ധത്തിലും വീരമൃത്യു പ്രാപിച്ച സൈനീകരുടെ ഭൗതീക ശരീരം ബ്രിട്ടണിലേയ്ക്ക് എത്തിച്ചിരുന്നത് ഈ വിമാനത്താവളത്തിലൂടെയായിരുന്നു. ഭൗതീക ശരീരങ്ങളുടെ എണ്ണം കൂടിയപ്പോൾ ഇവ പേറുന്ന കാറുകളുടെ എണ്ണവും കൂടി, അതിനൊപ്പം ബന്ധുമിത്രാതികളുടെ കാറും കൂടിയായപ്പോൾ മൈലുകളോളം നീളുന്ന വിലാപയാത്രയായി മാറുവാൻ തുടങ്ങി. വീരമൃത്യുപ്രാപിച്ച എല്ലാ  സൈനികരും  ആരുടെയൊക്കെയോ പ്രിയപെട്ടവരാണെന്നു  തിരിച്ചറിഞ്ഞുകൊണ്ട്  അവർക്കെല്ലാവർക്കും അനുയോജ്യമായത് വീരോചിതമായ യാത്രയയപ്പാണെന്ന്   മനസിലാക്കി  ഈ ഗ്രാമവാസികളെല്ലാവരും അണിനിരക്കുവാൻ തുടങ്ങിയപ്പോൾ ഈ ഗ്രാമത്തിന്റെ യശസ്സ് ഉയരുന്നു. ലോകത്തെമ്പാടും അറിയപ്പെടുവാൻ  തുടങ്ങിയപ്പോൾ ബ്രിട്ടന്റെ രാജ്ഞി രാജകീയ  പദവി നൽകിക്കൊണ്ട് റോയൽ വൂട്ടൺ ബാസ്സറ്റ് എന്ന് നാമകരണവും നൽകി. അതിനുശേഷമാണ്  മേജർ ക്രിസ്റ്റഫർ തോമസിന്റെയും സഹപ്രവർത്തകരുടേയും നിശ്ചലമായ ശരീരം വഹിച്ചുള്ള വിമാനമെത്തിയത്.

ചിന്നിച്ചിതറിയ ക്രിസ്സിന്റെ ശരീരഭാഗങ്ങൾ പേടകത്തിലാക്കി പൂർണ്ണ സൈനീക ബഹുമതികളോട്  സംസ്കരിക്കുവാൻ എത്തിച്ചപ്പോൾ മാത്രമാണ് തന്റെ പ്രിയപ്പെട്ട ഡാഡിയുടേതാണെന്ന്  ഹന്ന  തിരിച്ചറിഞ്ഞതും ഏങ്ങിക്കരയുവാൻ തുടങ്ങിയതും.  പേടകത്തിനുള്ളിൽ  മേജർ ക്രിസ്റ്റഫർ തോമസിന്റെ ഭൗതീക ശരീരമാണെന്നു   സ്ഥിരീകരിക്കുവാൻ വേണ്ടി  മുകളിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഫോട്ടോ. മറവിരോഗത്താൽ വലയുന്ന അമ്മയ്ക്ക് ക്രിസ് ഏകമകനായിരുന്നു, ആയയുടെ സഹായത്താൽ ചക്രക്കസേരയിലെത്തിയ അമ്മ നിർവികാരതയോടെ നോക്കിയിരുന്നു.  ഗ്രാനിയെ കണ്ടതും ഹന്നാ ഓടിപ്പോയി വിതുമ്പിക്കൊണ്ട് കെട്ടിപ്പിടിച്ചു. വിഷാദത്തോടെ ശോഷിച്ച കൈകൾ കൊണ്ട് ശിരസിൽ തലോടാൻ  മാത്രമാണ് ആ അമ്മയ്ക്ക് സാധിച്ചത്. എല്ലാ ചടങ്ങുകളും പൂർത്തിയായപ്പോൾ ഫോട്ടോയും പുഷ്പ്പങ്ങളും ബാക്കിയാക്കി പേടകം ഭൂമിയിലേയ്ക്ക് താഴ്ന്നപ്പോൾ കണ്ണിലിരുട്ടുകയറി വീഴുന്നതിനുമുൻപ് ആരോ താങ്ങിപ്പിടിച്ചു. എല്ലി പിറക്കുന്നതിന് മുൻപ് തന്നെ ക്രിസിന്റെ മമ്മയെയും അരികത്തു തന്നെ അടക്കുവാനെത്തിയിരുന്നു. ക്രിസിന്റെ നെഞ്ചിലെ ചൂടും ഹൃദയമിടിപ്പും ഓർമ്മയിൽ നിറഞ്ഞുനിന്നിരുന്നതുകൊണ്ട് മറ്റൊരു ബന്ധത്തിനു നാളിതുവരെയും തയ്യാറായുമില്ല.

പക്ഷെ ഇപ്പോൾ, കഴുത്തിലൊരു തരിപ്പനുഭവപ്പെട്ടപ്പോൾ യാന്ധ്രികമായി  കൈകൾ തിരുമ്മുവാനെത്തിയത്  തിരിച്ചറിഞ്ഞുകൊണ്ട് ബെക്കി പറഞ്ഞു തുടങ്ങി.  ഇപ്പോൾ ടോമിലിൻ  വളരെയധികം മാറിയിരിക്കുന്നു നിനക്കുവേണ്ടി മാത്രമാണിപ്പോൾ കാത്തിരിക്കുന്നത്. കുട്ടികളെ വളരെയധികം ഇഷ്ടവുമാണ് പ്രത്യേകിച്ചും അച്ചന്റെ സ്നേഹം അനുഭവിച്ചിട്ടില്ലാത്ത എല്ലിയ്ക്കൊരച്ചന്റെ ആവശ്യമുണ്ടിപ്പോൾ. പെൺകുട്ടികൾ അച്ഛന്റെ മാറിലെ ചൂടേറ്റ് വേണം വളരുവാൻ. ഹന്നാ തീർച്ചയായും എളുപ്പത്തിൽ പൊരുത്തപ്പെടും  എല്ലിയുടെയും നിന്റെയും മുഖം വിടരുമ്പോൾ ചിലപ്പോൾ അവൾ കൂടുതൽ ആഹ്ലാദിക്കും.  അതിനെല്ലാമുപരി നിനക്ക്  വീണ്ടും ആകർഷണീയതയേറിയിരിക്കുന്നു ശരീരം തയാറാവുമ്പോൾ മനസിൽ സ്നേഹം നിറയും.  നിന്നെക്കാണുവാൻ മാത്രമാണ് ടോമിലിൻ വാരാന്ത്യത്തിൽ എത്തിയതും നിനക്കുവേണ്ടി പബ്ബിൽ കാത്തിരുന്നതും.  

എത്ര ആഴമേറിയ മുറിവുകളേയുമുണക്കുവാൻ കാലത്തിന് സാധ്യമാകുമെന്ന് ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിച്ചപ്പോഴും കുട്ടികളുടെ മനസ്സറിയുവാൻ വെമ്പിയിരുന്നു. ജീവിത യാത്രയിലെ ചില തീരുമാനങ്ങൾ സ്വാർത്ഥത മൂലമാണെന്ന് മറ്റുള്ളവർ തെറ്റായി വ്യാഖ്യനിച്ചാലും വ്യക്തിതാൽപര്യങ്ങളേ ഉൾക്കൊള്ളുന്നത് സമാനചിന്താഗതിക്കാരും സമാനമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും മാത്രം. നിലക്കാതെ സഞ്ചരിക്കുന്ന സമയമാണ് മാറ്റങ്ങൾക്ക് തുടക്കമിടുന്നതെന്ന്  ബെക്കി വീണ്ടും ഓർമ്മിച്ചപ്പോൾ മരവിച്ച മുല്ലകൾ   വീണ്ടും തളിരിടുന്നത് മനസിന്റെ കണ്ണാടിയായ മുഖത്തിൽ പ്രതിഫലിച്ചു. മനസിന്റെ താളങ്ങൾക്കൊപ്പം അധരങ്ങളും വിടർന്നത് പുതിയ ആകാശത്തെയും ഭൂമിയെയും വരവേൽക്കുവാനാണെന്ന് എന്റെ പ്രിയ മിത്രത്തിനുൾക്കൊളളുവാൻ നിമിഷങ്ങൾ മതിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA