sections
MORE

ഒന്നാം ക്ലാസ്സ്‌കാരിയുടെ സാഹസിക കഥകൾ

girl-child-in-school-uniform
SHARE

1986 കാലയളവിൽ ഞാനെന്ന ഭൂലോക മടിച്ചിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. തറവാട്ടിൽ നിന്നും ഒരുപാട് ദൂരെയുള്ള സ്കൂളാണ്. രാവിലെ എഴുന്നേൽപ്പും കുളിയും തേവാരോം  പിന്നെ പഠിത്തവും ഒക്കെയായി ആകെ കട്ടകലിപ്പായി പകച്ചു പണ്ടാരമടങ്ങി, വളരെ പരിതാപകരമായ അവസ്ഥയിൽ ആയ ആ കുഞ്ഞുകൊച്ചിന്  സ്‌കൂൾ എന്ന് കേൾക്കുമ്പോൾ ജീവിതം തന്നെ മടുത്തപോലെയായി. പക്ഷേ ആരും മനസിലാക്കിയില്ല അവളുടെ രോദനം. 

അച്ഛന് വണ്ടിയുടെ ഒരു വർക്ക് ഷോപ്പ് ഉണ്ടായിരുന്നതിനാൽ വീട്ടിൽ എപ്പോളും ജീപ്പ് ഒക്കെ കാണും. മിക്കവാറും അതിലായിരിക്കും രാവിലെ സ്കൂളിലേക്കു പോക്ക്. അല്ലേൽ ചിറ്റപ്പന്മാരുടെ കൈകളിൽ തൂങ്ങിയും അവരുടെ ഒക്കത്തിരുന്നും വഴക്കും കരച്ചിലും ഒക്കെയായി ആഘോഷമായൊരു യാത്ര. പാതിവഴിയിൽ എത്തുമ്പോൾ  'ഇച്ചി വക്കണം' എന്നൊക്കെ പറഞ്ഞു നിലത്തിറങ്ങിയാൽ തിരിച്ചു ഒറ്റ ഓട്ടമാണ് വീട്ടിലേക്ക്. അതറിയാവുന്നതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും ചിറ്റപ്പൻ എന്നെ നിലത്തിറക്കുന്ന വിഷയമേ ഇല്ലായിരുന്നു. ഒരിക്കൽ അത് ശരിക്കും  സംഭവിച്ചിട്ടും എന്നോട് ഉള്ള വിശ്വാസത്തിന്റെ ബലത്തിൽ 'നിന്നെ ഞാൻ ഇറക്കിവിടില്ല പാറുവേ' എന്നും  പറഞ്ഞ ചിറ്റപ്പന്റെ ഷർട്ട് കുളമാക്കി കൊടുത്തതും ഈ ഞാനാണ്.

വഴിയിലുള്ള അപ്പൂപ്പന്റെ കടേന്ന് കടലമിഠായി, തേൻ മിഠായി, അങ്ങനെ പലവിധ പ്രലോഭനങ്ങളിൽ മയങ്ങിയാണ് ഞാൻ സ്കൂളിൽ എത്താറുള്ളത്. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ആകെ ബഹളമായി. പ്രാർത്ഥനേം മോളിടീച്ചറുടെ ക്ലാസും വഴക്കും ഉന്തും തല്ലും, ഇടയ്ക്കു പെയ്യുന്നമഴയും, പേടിപ്പെടുത്തുന്ന ഇടിവെട്ടും, ക്ലാസ്സ് മോണിട്ടറിന്റെ ഉത്തരവാദിത്വം ഒക്കെയായി ആകെ തിരക്ക്. ക്ലാസ്സ്മുറിയൊക്കെ ഞങ്ങളെ കൊണ്ട് വൃത്തിയാക്കി ഇടാൻ ടീച്ചേഴ്സ് ശ്രമിക്കുമായിരുന്നു. കുഞ്ഞുചൂലും ഒക്കെയായി ആൺപെൺ ഭേദമില്ലാതെ ക്ലാസ്റൂം ഞങ്ങൾ അടിച്ചുവൃത്തിയാക്കും (ഒരുപക്ഷേ ഇന്നതൊക്കെ ബാലപീഡനം ആയേക്കാം).

ഇടയ്ക്കിടെ ഞങ്ങൾ റോഡിൽ  ഭയത്തോടെ  നോക്കും. കാരണം ഒരു ഭ്രാന്തൻആ വഴി വരും. കുട്ടിയപ്പൻ ന്നോ മറ്റോ ആണ് പേര്. അയാളെ കാണുമ്പോൾ മുട്ട് കൂട്ടിയിടിക്കും, അത്ര പേടി.  എന്നാൽ സ്കൂൾ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ഞങ്ങൾ ഭയങ്കര ധൈര്യശാലികളായി നിന്ന് അയാളെ  കൂകി വിളിക്കും. അയാളെങ്ങാനും സൂക്ഷിച്ചു നോക്കിയാൽ, കഴിഞ്ഞു. പിന്നെ ഓടിയൊളിക്കും. 

ഉച്ചക്കുള്ള സ്കൂൾ മുറ്റത്തു കൂട്ടുകാരോടൊന്നിച്ചിരുന്നു ഊണ് കഴിക്കലും മൂന്നു മണിക്കായുള്ള കാത്തിരിപ്പും വീട്ടിലേക്കു തിരിച്ചു പോകാനുള്ള വെമ്പലും ഒക്കെ ഇന്നലെ കഴിഞ്ഞപോലെ ഇപ്പോളുമുണ്ട് മനസ്സിൽ. എന്നെ സ്‌കൂളിൽ നിന്നും തിരികെ കൊണ്ടുപോകുവാൻ  വൈകിട്ട് അമ്മയോ തൊട്ടടുത്ത സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ ആന്റി എന്ന് വിളിക്കുന്ന അച്ഛന്റെ പെങ്ങളോ ആണ് വരുന്നത്. 

ഒരു ദിവസം സ്‌കൂളിൽ ഉച്ചയൂണ് കഴിഞ്ഞ സമയത്താണ്  അറിയുന്നത് ഇനി ക്ലാസ്  ഇല്ലെന്ന്.  അറിഞ്ഞതും  കുട്ടികളൊക്കെ ഓരോരുത്തരായി പോകാൻ തുടങ്ങി.  ഞാനാകട്ടെ  പുറത്തേക്ക് നോക്കി വിളിക്കുവാൻ ആന്റി വരുന്നതും കാത്തിരിപ്പാണ്. പത്താം ക്ളാസിലായതിനാൽ ആന്റിക്ക് ചിലപ്പോൾ സ്പെഷ്യൽ ക്ലാസ് ഒക്കെ കാണുമായിരിക്കും. കുറെ നേരമിരുന്നിട്ടും ആരേം കണ്ടില്ല. ചെറിയ പേടിയും, വിഷമവും ഒക്കെ എന്നെ പൊതിയുവാൻ തുടങ്ങി. അപ്പോൾ കൂടെയിരുന്ന ഒരു കുട്ടി ചോദിച്ചു "നിന്റെ അച്ഛന്റെ വർക്ക് ഷോപ് എനിക്കറിയാം. ആ വഴിയാണ് ഞാനും ചേച്ചിയും ഒക്കെ പോണത്.  നീ വരുന്നോ?" മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടിയ അവസ്ഥയായി. കാരണം എന്റെ വീട് ഒരുപാട് അകലെയാണ്. ഒറ്റയ്ക്ക് പോക്ക് നടക്കൂല. അപ്പോൾ വർക് ഷോപ്പിലേക്ക് പോക്കാണ് നല്ലത്.  ഇടക്കിടെ അവടെ പോകാറുള്ളതും, അവിടെ ചെല്ലുമ്പോൾ ഒക്കെ കിട്ടാറുള്ള  പലഹാരങ്ങളുടെ ലിസ്റ്റ് ഓർമ്മയിൽ ഓടിയെത്തിയതും ഞാൻ തീരുമാനം കണ്ണുമടച്ച് അങ്ങെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. 

പാട്ടുംപാടി അവളുടെ കൈയും പിടിച്ചു ഞങ്ങളിങ്ങനെ നടക്കുകയാണ്. വഴികളൊക്കെ നല്ല പരിചയം ഉള്ളപോലെ ഒരു പേടിയുമില്ലാതെ ഇങ്ങനെ പോകുമ്പോൾ, അവളുടെ ചേച്ചി മനസ്സിൽ തീ കോറിയിടുന്ന ഒരു കാര്യം പറഞ്ഞു. "ഇന്ന് ഞങ്ങൾ അമ്മച്ചിടെ വീട്ടിലേക്കാ പോവുന്നെ. ഇവിടെ വരേയുള്ളു മോളെ. ഇനി ഒറ്റയ്ക്ക്  പൊയ്ക്കോ"   ദൈവമേ!! കേട്ടപ്പോൾ ഭൂമി പിളർന്ന് താഴേക്ക് പതിച്ച പ്രതീതി. ആറുവയസ്സുകാരിടെ മനസ്സിൽ അതിൽപ്പരം എന്താണുണ്ടാവുക? എനിക്ക് തല കറങ്ങുന്നപോലെ.

അൽപസമയത്തിനകം ഞാൻ മാനസിക നിലയിൽ  തിരികെയെത്തി. മനസ്സിൽ മുന്നോട്ട് പോകാൻ എന്തോ ഒരുറപ്പ് പോലെ. യാത്രപറഞ്ഞു നീങ്ങുമ്പോൾ കൂട്ടുകാരി എന്നോട് കണ്ണ് കൊണ്ട് ക്ഷമ ചോദിച്ച പോലെ തോന്നി. അവളും അപ്പോളാണ് അങ്ങനൊരു വഴിമാറ്റത്തിന്റെ കാര്യം അറിഞ്ഞത്. 

ടാറ്റയും കൊടുത്തു ഞാനെന്ന 'ധീര' മുന്നോട്ടു നടന്നു. പൊലീസ് സ്റ്റേഷനും ഒക്കെ കണ്ട്, വളവുകളൊക്കെ നോക്കി റോഡ് ക്രോസ്സ് ചെയ്യാതെ ഒരേ സൈഡിൽ കൂടി അങ്ങനെ നടന്നു പോകുമ്പോളാണ്  മുന്നിൽ  പെട്രോൾ പമ്പു കാണുന്നത്. അപ്പോൾ  തെല്ല് ആശ്വാസമായി. കാരണം അതിനു തൊട്ടടുത്ത് തന്നെയാണ്  വർക്ക് ഷോപ്പ് എന്നെനിക്കറിയാം. ആ ആശ്വാസത്തിൽ കുഞ്ഞിക്കാലുകൾ വേഗം ചലിക്കാൻ തുടങ്ങിയ സമയത്താണ് പെട്ടെന്ന് ഒരു ഓറഞ്ച് ബസ് പെട്രോൾ അടയ്ക്കാനായി അതിലൂടെ വരുന്നത്. ഒറ്റ ചാൺവലിപ്പമുള്ള എന്നേം  എന്റെ അലുമിനിയ  പെട്ടിയും ഒക്കെ ഡ്രൈവർ കണ്ടോ എന്നറിയില്ല. അങ്ങേര് ആ വലിയ ബസ് വീശി എടുത്തതും ഞാൻ "അയ്യോ" എന്ന് പറഞ്ഞ് വീണതും ഒരുമിച്ച്. എന്റെ സൈഡിൽകൂടി ബസ്സ് പോയപ്പോൾ ഞാൻ കരുതി അതെന്നെ ഇടിച്ച് വീഴ്ത്തിയെന്ന്.

കുട്ടി വീണു എന്ന് പറഞ്ഞു ആൾക്കാർ ഓടിക്കൂടി. ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിവന്നു. ഞാൻ മരിച്ചുപോയെന്നും പറഞ്ഞു കരഞ്ഞുകൊണ്ട് കിടക്കുന്ന എന്നെ, അച്ഛന്റെ ഒരു കൂട്ടുകാരൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. "അയ്യോ ഇത് നമ്മുടെ വർക് ഷോപ്പിലെ ചേട്ടന്റെ മോളാണല്ലോ" എന്ന് പറഞ്ഞു വാരിയെടുത്തൊണ്ടൊരു ഓട്ടം. അപ്പോൾ ചായ കുടിക്കാനായി പുറത്തേക്കു വന്ന എന്റെ വല്യച്ഛൻ ഇത് കണ്ട് അന്തംവിട്ടു നിൽക്കുന്നത് കണ്ടപ്പോൾ ആ കൂട്ടുകാരൻ പറഞ്ഞു "ബസ്സ്  ഇടിച്ചുന്നും പറഞ്ഞു പമ്പിൽ കിടന്ന് കരയുവായിരുന്നു ചേട്ടാ മോൾ.  ഞാൻ എടുത്തോണ്ട് പോന്നതാണ്"

വല്യച്ഛൻ എന്നെയൊന്ന് സൂക്ഷിച്ച് നോക്കി. ചമ്മിനിന്ന എന്നെ പൊക്കിയെടുത്തു.  പിന്നെ ചെവിക്കൊരു കിഴുക്കും തന്ന്  ചായക്കടയിലോട്ട് കൊണ്ടുപോയി. അപ്പോളേക്കും വിവരങ്ങളൊക്കെ അറിഞ്ഞു എന്റെ പിതാമഹൻ അതാ ഓടിവരുന്നു! യൂണിഫോം ഇട്ടുനിൽക്കുന്ന എന്നെ കണ്ടിട്ട് ഒന്നും  മനസ്സിലാകാതെ നിന്ന അച്ഛനോട് കാര്യങ്ങൾ ഒക്കെ പഴംപൊരി കഴിക്കുന്ന തിരക്കിൽ ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു. അടുത്ത ഉഴുന്ന് വടയെ ആക്രമിക്കാൻ ഒരുങ്ങിനിന്ന എന്നെ വാരിയെടുത്തു കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് പൊതിഞ്ഞപ്പോൾ അച്ഛൻറേം വല്യച്ഛന്റേം ചിറ്റപ്പന്മാരുടേം കണ്ണുകളിൽ ആശ്വാസത്തിന്റേം സന്തോഷത്തിന്റേം കണ്ണുനീർ കുമിളകൾ ഉരുണ്ടു കൂടുന്നുണ്ടാരുന്നു.

അപ്പോൾ തന്നെ ചിറ്റപ്പൻ ഒരു ജീപ്പിൽ കയറ്റി എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടു.  മരണത്തിൽ നിന്നും രക്ഷപെട്ട പോലെ ഞാൻ ശുദ്ധവായു ശ്വസിച്ച് വീട്ടുകാരോടും അയൽപക്കക്കാരോടും കാര്യങ്ങളൊക്കെ വീരസ്യത്തോടെ പറയാൻ വെമ്പി നിൽക്കുന്ന നേരം അറിയാതെ എന്റെ കണ്ണ് തലയ്ക്കു കൈയും കൊടുത്തിരിക്കുന്ന അച്ഛമ്മയിലേക്കും അമ്മയിലേക്കും ഓടിയെത്തി. കാര്യമറിഞ്ഞ അമ്മ  അനിയന്മാരെ നിലത്തിറക്കി നിർത്തിട്ട് പേരക്കമ്പ് ഒടിച്ചെടുത്തോണ്ടു വരുന്നതാണ് പിന്നെ ഞാൻ കണ്ടത്. 

ബാക്കിയൊക്കെ നിങ്ങൾക്ക് ഊഹിക്കാമല്ലോ അല്ലെ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA