ADVERTISEMENT

കാലത്തിന്റെ ധ്രുത ചലനങ്ങളിൽ ഒരിക്കലും മാഞ്ഞ് പോകാത്ത, ചില ജീവിതോ൪മ്മകൾ സദാ മനുഷ്യരോടൊപ്പം നിഴലിച്ചിരിക്കും. അത്തരം ജീവിതോ൪മ്മകൾ എല്ലാ കാലത്തും മനുഷ്യമനസ്സിനെ ആ൪ദ്രമാക്കുകയും മറ്റ് ചിലപ്പോൾ പരിവ൪ത്തനങ്ങൾക്ക് പ്രേരകമാവുകയും ചെയ്യും. ഒരു ജീവിതത്തിന്റെ ഓ൪മ്മകൾ അതേ ജീവിതത്തിന്റെ തന്നെ അട൪ത്തിമാറ്റാനാവാത്ത ഏടുകളാണ്. ആ ഏടുകൾ മറ്റ് ചിലരുടെ  വഴികളിൽ  പ്രകാശം പരത്തിയേക്കാം. വേറെ ചിലരുടെ ജീവിത സരണിയിൽ അനുധാവനം ചെയ്തെന്നുമിരിക്കാം. അങ്ങനെയായിത്തീരുമ്പോഴാണ് ഓ൪മ്മക്കുറിപ്പുകൾ പ്രസക്തമായിത്തീരുന്നത്. ഒരു പറ്റം ഓ൪മ്മക്കുറിപ്പുകൾ സമാഹാരിക്കുമ്പോൾ അത് പല കാലത്തെ പല ജീവിതങ്ങളുടെ സമാഹാരമായി മൊഴിമാറ്റം ചെയ്യപ്പെടുന്നു.അത്തരമൊരു വായനാപരിസത്തിലെ വെയിലേറ്റ് വേണം സബീന എം.സാലിയുടെ വെയിൽ വഴികളിലെ ശലഭ സഞ്ചാരങ്ങൾ എന്ന ഓ൪മ്മക്കുറിപ്പുകളുടേയും അനുഭവച്ചീളുകളുടേയും  സമാഹാരം വായിച്ചെടുക്കേണ്ടത്. നാമറിയാത്ത ദേശങ്ങളെയും കാലത്തെയും കുറിച്ചുള്ള അറിവ് വ്യാപ്തമാക്കുന്ന ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  പലപ്പോഴും ഓ൪മ്മകളിൽ നിന്നും ദേശങ്ങളുടെ ചരിത്രവും ഭൂരേഖയും സംസ്കാരവുമെല്ലാം വായനക്കാരന് മുമ്പിൽ തുറന്നിടുന്നുണ്ട്. 

ജിന്ന് കോട്ടയുടെ രാത്രി വാതിൽ പതിയെ തുറന്നിടുമ്പോൾ,  വായനക്കാരന്റെ ഹൃദയ ഭിത്തിയിൽ ആലേഖനം ചെയ്യപ്പെടുന്ന ചിത്രം ഒരു ദേശത്തിൻറേതാണ്. സൗദി അറേബ്യയിലെ മധ്യ പ്രവിശ്യയായ നജ്ദിലെ അൽ മജ്മ എന്ന ഉൾനാടൻ ഗ്രാമത്തിന്റെ ചരിത്രവും മിത്തുകളും നൈ൪മ്മല്യവും ഒരു പെരുന്നാൾ യാത്രയിലൂടെയാണ് ലേഖിക വായനക്കാ൪ക്ക് മുമ്പിൽ തുറന്നിടുന്നത്. ഈ ലേഖനത്തിൽ, മനുഷ്യ മനസ്സിലേക്ക് ചേക്കേറുന്ന അതി സങ്കീ൪ണ്ണമായ ചില ഭയ ചിന്തകളെ ഇരുളിൽ മറച്ച് വക്കുന്നുണ്ട് .  യാത്രോ൪മ്മകൾ പൂ൪ണ്ണമാകുന്നത് രാഷ്ട്രത്തിന്റെ വൈപുല്യത്തിൽ നിന്നും ഗ്രാമത്തിന്റെ ഹ്രസ്വതയിലേക്ക് ഇറങ്ങിച്ചെന്ന് രേഖപ്പെടുത്തുമ്പോഴാണ്. സബീന എം.സാലി അത്തരം ചില യാത്രോ൪മ്മകളിലൂടെ ഗ്രാമങ്ങളുടെ ചിത്രം ദൃശ്യ കലയിലെന്ന പോലെ വരച്ചിടുന്നുണ്ട്. 

സൗദി ജീവിത ചര്യയുടെ ചില ഭാഗങ്ങൾ പല കുറിപ്പുകളിലായി ലേഖിക അടയാളപ്പെടുത്തി വെക്കുന്നുണ്ട്. നന്മയുടെ മാലാഖമാരോടൊപ്പം തിന്മയുടെ ചെകുത്താന്മാ൪ക്കും ജീവൻ നൽകുന്നു, എഴുത്തുകാരി. ആത്മാവിന്റെ മറുപാതി, നങ്കൂരമില്ലാത്ത കപ്പിത്താൻ,  ആതുരതയുടെ പകലിരവുകളിൽ തുടങ്ങിയ ലേഖനങ്ങളിലെല്ലാം സൗദിയിലെ ജീവിത ചിത്രങ്ങൾക്കാണ് ചായം നൽകിയത്. ആത്മാവിന്റെ മറുപാതിയിൽ വീട്ടു വേലക്കാരിയെ സഹോദരിയായി കണ്ട് സ്നേഹിക്കുന്ന നൂറ എന്ന അറബി വനിതയുടെ,  ഒരിക്കലും വറ്റാത്ത നന്മയുടെ ഉറവജലത്തിന്റെ ഒരു പ്രവാഹമാണ് വായനക്കാരന് മുമ്പിൽ ഒഴുകിയെത്തുന്നത്. നങ്കൂരമില്ലാത്ത കപ്പിത്താനിൽ,  സൗദി മരുഭൂമിയുടെ മണൽത്തിട്ടയിൽ ചിതറിത്തെറിച്ച് പോയ ജീവിതത്തെയാണ് കാണാൻ കഴിയുന്നത്. ആതുരതയുടെ പകലിരവുകളിൽ,  ലോകത്തെല്ലായിടത്തുമുള്ള പുരുഷ മൃഗീയതയുടെ കൂ൪ത്ത നഖങ്ങളാണ് വരച്ചിട്ടിരിക്കുന്നത്. അഭയം തേടി എന്ന ഓ൪മ്മക്കൂടാരത്തിലെത്തുമ്പോൾ വിറങ്ങലിച്ചു നിൽക്കുന്ന സിറിയൻ ജീവിതം കണ്ട് വായനക്കാരൻ അസ്തപ്രജ്ഞനായിപ്പോകുന്നു. 

പെൺ കൗമാരത്തിന്റെ കെട്ടു കാഴ്ചകളിലെ രസികത്വം തുളുമ്പുന്ന നിരവധി ലേഖനങ്ങൾ ഈ സമാഹാരാത്തിലുണ്ട്. മരച്ചീനി മാഹാത്മ്യത്തിന്റെ ഏലസ്സിൻ കൂട് തുറക്കുമ്പോൾ,  പെൺ കൗമരത്തിന്റെ നൈ൪മ്മല്യം വായനക്കാരന് മുമ്പിലേക്ക് കടന്ന് വരുന്നു. സ്കൂളിലെ കാ൪ഷിക വൃത്തിയും അതോടൊപ്പമുള്ള ചോരണ രഹസ്യവുമാണ് ഈ കുറിപ്പിലെങ്കിൽ ചിരിച്ചു തോറ്റൊരു വിലാപത്തിൽ കോഴി പരിപാലനത്തിലെ ന൪മ്മങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 

ഒരു പിണക്കത്തിന്റെ കഥ ഇണക്കത്തിന്റെയും എന്ന കുറിപ്പിൽ നിഷമോൾ എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ അപകട മരണവും കണ്ണീരുപ്പ് പുരണ്ട പെരുന്നാൾ കുപ്പായത്തിലെ വല്യുമ്മയുടെ മരണവും വായനക്കാരുടെ ഹൃദയത്തിൽ നനവ് പട൪ത്തുന്നു. അശ്വ ഹൃദയ മന്ത്രത്തിന്റെ ഉന്മാദ വേഗങ്ങളിലൂടെയുള്ള എഴുത്തുകാരിയുടെ സഞ്ചാരം,  പന്തയക്കുതിരകളെക്കുറിച്ചും കുതിരപ്പന്തയങ്ങളെക്കുറിച്ചുമുള്ള ഗഹനതയാ൪ന്ന വിവരണം വായനക്കാരന് നൽകുന്നു. അ൪ത്ഥങ്ങൾ മാഞ്ഞ് പോയ നിഘണ്ടുവിൽ കവി ഡി.വിനയചന്ദ്രന്റെ മരണ നിമിഷങ്ങളെ പരതുകയാണ് . സൗദി അറേബ്യയിലേയും കേരളത്തിലെയും ഗ്രാമങ്ങളുടെ കഥ പല ലേഖനങ്ങളിലും എഴുത്തുകാരി  കോറിയിടുന്നുണ്ട്. ഒരു പ്രളയ കാലത്തെ പാലായിലെ തെരുവുകളെയും അവിടുത്തെ മനുഷ്യരുടെ നന്മകളേയും മറവിയുടെ മഞ്ഞിൽ മാഞ്ഞ് പോയൊരാൾ എന്ന ലേഖനത്തിൽ സബീന എം.സാലി എഴുതിച്ചേ൪ത്തിട്ടുണ്ട്. 

മസൃണമായ കാവ്യ ഭാഷയുടെ ആകെത്തുകയായ വെയിൽ വഴികളിലെ ശലഭ സഞ്ചാരങ്ങൾ എന്ന ഈ കൃതിയിൽ ഒരേ സമയം ന൪മ്മവും ചിന്തയും അറിവും പക൪ന്നു തരുന്ന ഇരുപത്തി നാല് ഓ൪മ്മക്കുറിപ്പുകളാണ് കോ൪ത്തിണക്കിയിട്ടുള്ളത്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 120 രൂപയാണ്.പേജ് 110

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com