sections
MORE

"നിനക്ക് ഏതു തരം ജീവിതപങ്കാളിയെ ആണു വേണ്ടത്?" രണ്ടു പെൺകുട്ടികളുടെ പ്രണയസങ്കൽപ്പങ്ങൾ

valentine-day-2
SHARE

പ്രകടിപ്പിക്കാൻ കൂടിയുള്ളതാണ് പ്രണയം 

കോളജിന്റെ  ഇടനാഴിയിലൂടെ കൈകോർത്തു നടക്കെ ഒരു ദിവസം എന്റെ ആത്മസഖി  ചോദിച്ചു,"നിനക്ക് ഏതു രീതിയിലുള്ള ജീവിതപങ്കാളിയെ ആണു വേണ്ടത്?"

"എനിക്ക് കൃഷ്ണനെപ്പോലെ പ്രണയിക്കുന്ന ഒരാളെയാണ് ഇഷ്ടം" ഞാൻ വാചാലയായി. 'അവന്റെ  പ്രണയം മുഴുവനും കുസൃതി നിറഞ്ഞതായിരിക്കണം.. അവന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയത്തിന്റെ കടലാഴങ്ങൾ എനിക്ക് കാണണം.. അവന്റെ  വിരൽത്തുമ്പിലെ  പ്രണയത്തിന്റെ  മാന്ത്രികസ്പർശം അനുഭവിക്കണം.. ഒന്നും പറയാതെതന്നെ അത്രമേൽ അവന് എന്നെ മനസ്സിലാകണം. ആ പ്രണയം പഴയ വീഞ്ഞുപോൽ അതിമധുരവും ആസ്വാദ്യകരവുമായിരിക്കണം.നിനക്കോ?' ഞാൻ അവളോട് ചോദിച്ചു. 

'എനിക്ക് ശിവനെപ്പോലെ അതിതീക്ഷ്‌ണവും ഗാഢവുമായി പ്രണയിക്കുന്ന  ഏകപത്നീവ്രതമുളള ഒരാളെത്തന്നെ വേണം. അർദ്ധനാരീശ്വരനെപ്പോലെ  പ്രേമപാരവശ്യംകൊണ്ട് ഉടൽപോലും ഞങ്ങൾക്കൊന്നുമതി"

രണ്ടു പെൺകുട്ടികളുടെയും  പ്രണയസങ്കൽപ്പങ്ങൾ പ്രണയത്തെക്കാൾ ആർദ്രമായിരുന്നു. ജീവിതത്തിൽ പ്രണയപൂർവ്വം ജീവിക്കാൻ ആയാൽ പിന്നെയെല്ലാം താനെ വരുമെന്ന് അവർ വിശ്വസിച്ചിരുന്നു... പ്രണയമാണനശ്വരം എന്നു  ചിന്തിച്ചിരുന്നു.

ഇല കൊഴിയുന്ന മരങ്ങൾക്കിടയിലൂടെ തണുപ്പ് അരിച്ചിറങ്ങുന്ന ഒരു ശരത്കാലത്തെ  പുലരിയിലാണ് ഞാൻ സുമംഗലി ആയത്. സങ്കൽപ്പവും യാഥാർഥ്യവും തമ്മിലുള്ള അന്തരം അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അവയെനിക്ക്. അദ്ദേഹം പ്രണയത്തിൽ വളരെയധികം മിതത്വം ആഗ്രഹിച്ച ഒരാളായിരുന്നു. എന്റെ  ആത്മസഖി വല്ലപ്പോഴും എന്റരികിൽ വന്നു ചേർന്നുനിന്നുകൊണ്ട്  പ്രതീക്ഷയോടെ പറയും.. 'എങ്കിലും നീ എന്നെക്കാൾ ഭാഗ്യവതിയാണ്.. ഒരു വ്യാഴവട്ടം കഴിയുമ്പോൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന് കേട്ടിട്ടില്ലേ.നമുക്ക് കാത്തിരിക്കാം.' 

എന്നാൽ, പ്രണയത്തെ ബലി കഴിക്കേണ്ടി വരുന്നത് എന്നെ സംബന്ധിച്ച് ആത്മഹത്യാപരമായിരുന്നു. അതെന്നെ ആഴത്തിൽ വേദനിപ്പിച്ചു. അതിനിടയിൽ ജീവിതത്തിൽ ശുഭപ്രതീക്ഷ മാത്രം കാത്തുസൂക്ഷിച്ചിരുന്ന ആത്മമിത്രത്തിന്റെ  വിയോഗം എന്നെ മാനസികമായി തളർത്തിയിരുന്നു.  വിഷാദത്തിന്റെ  ഒരു കരിം നീല ആവരണം എന്നെ വന്നുമൂടി. അത് കാൻസറിനേക്കാൾ വേഗത്തിൽ എന്റെ  കോശങ്ങളെ കാർന്നുതിന്നാൻ തുടങ്ങി. അപ്പോഴേക്കും കാലം ഒരു വ്യാഴവട്ടം പൂർത്തിയാക്കിയിരുന്നു. തികച്ചും ഒറ്റയ്ക്കായിപ്പോയ എന്റെ  ജീവിതത്തിലേയ്ക്ക് ആത്മമിത്രത്തിന്റെ  സ്നേഹാശംസപോലെ  അദ്ദേഹത്തിന്റെ  പ്രണയം  ഒഴുകിയെത്തി. അദ്ദേഹത്തിന് എന്നെ മനസ്സിലാകാൻ തുടങ്ങിയിരുന്നു. ഇപ്പോൾ എനിക്കറിയാം പ്രണയമേ, നിങ്ങൾ എന്നെ എത്രയേറെ സ്നേഹിക്കുന്നുവെന്ന്. ഈ  ജന്മം മുഴുവൻ നിങ്ങളോടൊന്നിച്ചു ജീവിക്കുവാൻ ഞാനും ആഗ്രഹിക്കുന്നു. 

എനിക്ക് നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത്, നിങ്ങൾക്ക് ഒരു ജീവിതപങ്കാളി ഉണ്ടെങ്കിൽ ഹൃദയം തുറന്നുതന്നെ അവരെ പ്രണയിക്കുക. 'പ്രകടമല്ലാത്ത സ്നേഹം' നിങ്ങൾ അവരുടെ ശവക്കല്ലറയിൽ കൊണ്ടുവയ്ക്കുന്ന പുഷ്പത്തിന് തുല്യമാണ്. ആ സ്നേഹം അവരെ ഓരോ നിമിഷവും ഇഞ്ചിഞ്ചായി കൊല്ലുന്നു. അതുകൊണ്ട് ഈ ഹ്രസ്വ ജീവിതത്തിൽ മനസ്സു തുറന്നു പ്രണയിക്കൂ..

ഇനി നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നവർ ആണെങ്കിൽ  നല്ലതിനെ എന്നതിലുപരി 'ചേരുന്നതിനെ' തിരഞ്ഞെടുക്കുക. കാരണം നല്ലതെല്ലാം  നിങ്ങൾക്കു  ചേരുന്നതാകണമെന്നു നിർബന്ധമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA