sections
MORE

ദൈവത്തിൻറെ നൂറാമത്തെ പേര് -വായനാസ്വാദനം

book
SHARE

മനുഷ്യന് സ്ഥായിയാട്ടുള്ള ഒരു വികാരമുണ്ടോ? ഇല്ല. മാറിമറിയുന്ന വികാരങ്ങളുടെ കേളീരംഗമാണ് മനുഷ്യമനസ്സ്. എന്നാൽ എഴുത്തിലേക്ക് വരുമ്പോൾ, പല കഥയെഴുത്തുകാരിലും കാണുന്ന ഒരു ദോഷമാണ് ഒരേരീതിയിലുള്ള എഴുത്ത് അല്ലെങ്കിൽ ആവർത്തന വിരസത. കഥാപാത്രങ്ങൾ, സ്ഥലകാലങ്ങൾ ഒക്കെ മാറിമറിയുമെങ്കിലും അത്തരക്കാരിൽ കഥയുടെ കാതൽ ഒന്നുതന്നെയായിരിക്കും.  ഇവിടെയാണ് വ്യത്യസ്തമായ എഴുത്തുവഴികളിലൂടെ തൂലികചലിക്കുന്ന പ്രീതി രഞ്ജിത്തിൻറെ 'ദൈവത്തിൻറെ നൂറാമത്തെ പേര്' എന്ന കഥാസമാഹാരത്തിന്റെ പ്രസക്‌തി.  മനുഷ്യമനസ്സിന്റെ ഭാവങ്ങളെ വിവിധ വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണുന്ന, ഒപ്പിയെടിക്കുന്ന ഇരുപത് കഥകൾ.

താൻ തിരഞ്ഞെടുത്ത വിഷയങ്ങളോടും അതിലെ കഥാപാത്രങ്ങളോടും എത്രമാത്രം താതാമ്യം പ്രാപിക്കാമോ അത്രമാത്രം പ്രാപിച്ചിട്ടുണ്ട് എഴുത്തുകാരി. ചില കഥകളിൽ അവർ സ്വയം കഥാപാത്രമായി ഭവിക്കുന്നു. ചിലതിൽ കാഴ്ച്ചക്കാരിയായി തെല്ലകലെ നിന്ന് നോക്കിക്കാണുന്നു.  മറ്റു ചിലയിടത്താകട്ടെ നല്ലൊരു കേൾവിക്കരിയെപ്പോലെ ലയിച്ചുചേരുന്നു.  അങ്ങനെ ലളിതാവതരണനത്തിലൂടെ കർണ്ണപുടങ്ങൾക്ക് കേൾക്കാൻ ഇമ്പമുള്ള നാദധാരപോലെയും, കണ്ണുകൾക്ക് നയനാനന്ദസുഖം നൽകുന്നൊരു വർണ്ണകാഴ്ച്ചപോലെയും, മനസ്സിന് സമ്മിശ്രവികാരങ്ങളാലുള്ള ചെറുതൂവൽസ്പർശം പോലെയും വായനാനുഭവം മാറിത്തീരുന്നു.  ഹൃദയഭിത്തികളിൽ തൂലികയാകുന്ന നാരായം കൊണ്ട് കോറിയിട്ടപോലെയുള്ള ഒരുപിടി കഥകൾ.

കഥാലോകത്തേക്കുള്ള വാതായനം തുറക്കുന്ന  'കുഞ്ഞാപ്പുവിൻറെ സ്വർഗ്ഗം' എന്ന കഥയിലെ സ്പൈഡർമാനായ കുഞ്ഞാപ്പുവിനെ നോക്കി അദ്ഭുതം കൂറിനിൽക്കുന്ന ചിന്നൂട്ടിയുടെ മുഖം ഹൃദയസ്പർശിയാണ്. ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ് "കുഞ്ഞാപ്പു സ്വർഗ്ഗം കാണാൻ കേറീതാ, സ്വർഗ്ഗം കാണാൻ" ആ വാക്കുകളിൽ എല്ലാമുണ്ട്. വാരിവലിച്ചെഴുതാതെ കഥ അവതരിപ്പിക്കുന്ന കഴിവാണത്. ഈ പുസ്തകത്തിലെ മനോഹരമായ കഥകളിൽ ഒന്നാണിത്.

'ഗർഭിണികളുടെ ഗ്രാമം' മുമ്പുള്ള കഥയിൽനിന്നും വ്യത്യസ്‌തമായ പശ്ചാത്തലം, കഥാഗതി.  ഒരു ചലച്ചിത്രകാഴ്ച്ചപോലെ വായിച്ചുപോകാം.  അമ്മിഞ്ഞപ്പാലിനായി അലറിക്കരയുന്ന കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയിൽ ജനിക്കുന്ന ഈ കഥ, വായനക്കാരനിൽ വികാരസംഘർഷം സൃഷ്ടിക്കുന്നുണ്ട്.

'ഒരു വാട്സ്ആപ്പ് കല്യാണക്കുറി', 'വർഗ്ഗീസ് അച്ചായന്റെ ചൊറി', 'പൊറോട്ട അല്ല പറാത്ത', 'പച്ചപ്പായൽ കൊണ്ടൊരു ശല്യം', 'മംഗല്യം തന്തുനാനേനാ' എന്നീ കഥകളിൽ നിറഞ്ഞുനിൽക്കുന്നത് ഹാസ്യരസവും അതേപോലെ ഗതകാലസ്മരണകളിലെ അമളികളും. കൺമുമ്പിൽ കാണുന്ന രംഗങ്ങൾ പോലെ ചിരിയുടെ കുമിളകൾ പൊട്ടുന്നു.  ഈ കഥകളിലെയെല്ലാം പ്രമേയങ്ങൾ വായനക്കാരന് നൽകുന്നതാകട്ടെ ഒന്നാംതരം ചിരിയും ചിന്തയും.  "അന്ന് ആ പായലിൽ വഴുതി നേരെ വന്നുവീണത് എൻറെ മനസ്സിലേക്കാ" എന്ന് പച്ചപ്പായൽ കഥയിൽ വായിക്കുമ്പോൾ അതിന് തൊട്ടുമുമ്പ് വായിച്ച 'ഉത്തരമില്ലാത്ത ചോദ്യങ്ങൾ' എന്ന കഥയിലെ വിജയനും  പന്ത്രണ്ടാം വിവാഹവാർഷികത്തിന് ഭാര്യക്ക് അയാൾ നൽകുന്ന മനോഹര സമ്മാനവും മനസ്സിലേൽപ്പിക്കുന്ന സ്‌നേഹത്തിന്റെയും നൊമ്പരത്തിന്റെയും നഖക്ഷതങ്ങൾക്ക് ബ്രേക്കിട്ട പോലെയാകുന്നു. പിന്നെ ചിരിച്ചുപോകുന്നു.

'അശ്രുചുംബന'ത്തിലെ വേദനയാകുന്ന പുഴുക്കൾ  അരിയ്ക്കുന്നത് വായനക്കാരൻറെ വികാരത്തിൽകൂടിയാണ്.  പ്രതികാരദുർഗ്ഗയാകുന്ന പെൺമനസ്സിനെ അവിടെ കാണാം. 'ചലിക്കുന്ന ജീരകമിട്ടായി'യിൽ നിറയുന്നതോ; ഏകാന്തചിന്തയുടെ ശക്തിയും താളവുമാണ്.  പെട്ടെന്ന് നിശ്ചലമാകുന്ന ഒരു ലോകത്തിലൂടെ ലക്ഷ്‌മിയുടെ മനസ്സ് ചലിക്കുന്നു.  കഥ വായിക്കുമ്പോൾ ബോധിവൃക്ഷത്തണലിൽ ഇരിക്കുന്ന ബുദ്ധൻ ഒരു മിന്നായം പോലെ മനസ്സിലൂടെ പാഞ്ഞുപോയി.

മൂന്നാമത്തെ കഥയാണ് പുസ്‌തകത്തിന്റെ പേര്. ആമിന എന്ന കഥാപാത്രം ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല.  നമ്മുടെ സമൂഹജീവിതത്തിലേക്ക് തുറന്നുവച്ച ജാലകമാണ്, അടയാളപ്പെടുത്തലാണ്. "ദൈവത്തിന്റെ നൂറാമത്തെ പേര് എന്താണെന്ന് അറിയോ സീന?" എന്ന് ആമിന ചോദിക്കുന്നത് വായനക്കാരനോടും സമൂഹത്തോടുമായിതത്തീരുന്നത് അതിനാലാണ്.

ഈ പുസ്തകത്തിലെ എല്ലാക്കഥകളും സ്വന്തം അനുഭവംപോലെ വായനക്കാരന് ആസ്വദിക്കാം. വായന ഒരു മടുപ്പോ, കർത്തവ്യമോ, കർമ്മമോ അല്ലാതെ അനുഭത്തിൻറെ തോണിയിലേറി ഒഴുകിനീങ്ങുന്ന പ്രതീതി. അപ്പോൾ പേജുകൾ മറിയുന്നത് നാം അറിയില്ല. ഓരോ കഥ വായിച്ചുകഴിയുമ്പോളും അടുത്ത കഥ എന്താണെന്ന് ഒരു ജിജ്ഞാസ എഴുത്തുകാരി കഥകളിലെല്ലാം കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രീതിയുടെ കന്നി പുസ്തകമാണ് ഇതെങ്കിലും എഴുത്തിൽ തഴക്കംവന്ന രചനാശൈലി പുസ്തകത്തിലുടനീളം കാണാം.

വായനക്കാരൻ അന്യനല്ലതാകുന്ന എഴുത്തിലെ പൊരുത്തം. ഇതാണ് പ്രീതി രഞ്ജിത്തിൻറെ 'ദൈവത്തിൻറെ നൂറാമത്തെ പേര്' എന്ന ചെറുകഥാ സമാഹാരം.  

സൈകതം ബുക്‌സ് ആണ് പ്രസാധകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA