ADVERTISEMENT

മാർച്ച് മാസം എനിക്കെന്നും നഷ്ടങ്ങളുടെ കാലമായിരുന്നു. പഠനകാലങ്ങളിൽ കൊല്ലപ്പരീക്ഷ എന്ന അഗ്നിപരീക്ഷ കൊണ്ട് അകവും അന്തരീക്ഷ ഊഷ്മാവുകൊണ്ട് പുറവും വേവാറുണ്ടായിരുന്നു. എനിക്കെന്റെ ഗ്രാമവും ഏറെ ഇഷ്ടപ്പെട്ട അമ്മമ്മയും നഷ്ടപ്പെട്ടത് അടുത്തടുത്ത മാർച്ച് മാസങ്ങളിൽ ആയിരുന്നു.പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഞാനാദ്യമായി മാർച്ച് മാസത്തിൽ നാട്ടിലെത്തുന്നത്.

അദ്ദേഹം എനിക്ക് ആരായിരുന്നു.. ഗുരുവായിരുന്നോ? അതോ സ്വന്തം അച്ഛനെക്കാൾ വാത്സല്യം നൽകിയ മറ്റൊരു അച്ഛനോ? എന്റെ അച്ഛൻ സ്നേഹം ഉള്ളിലൊതുക്കുന്ന ആളായിരുന്നു.. എന്നാൽ ആ കുറവ് നികത്താൻ എന്നവണ്ണം ആയിരുന്നു അദ്ദേഹം ജീവിതത്തിലേക്ക് കയറിവന്നത്.. പലപ്പോഴും ആ സ്നേഹത്തിന് അർഹതയില്ല എന്ന് കരുതി മാറി നിൽക്കും ഞാൻ.. എന്നാൽ അകലും തോറും അത്ഭുതകരമായി അദ്ദേഹം എന്നെ അന്വേഷിച്ചു കൊണ്ടിരുന്നു.. 

എന്റെ വിവാഹത്തിനു ക്ഷണിക്കാൻ ആയിരുന്നു ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്നത്.. അത് 2005 ഓഗസ്റ്റ് മാസം ആയിരുന്നു. അതിനുമുമ്പും കേച്ചേരിയിലൂടെ ഒരായിരം വട്ടം നടക്കുമ്പോൾ ഉമ്മറത്തെ കസേരയിൽ ചാരിക്കിടക്കുന്ന അദ്ദേഹത്തെ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷേ, അടുത്തു ചെല്ലാൻ ധൈര്യം വന്നില്ല. അദ്ദേഹം അധികം സംസാരിക്കാത്ത ആളാണെന്നും ദേഷ്യക്കാരൻ ആണെന്നുമൊക്കെയാണ് എല്ലാവരും പറഞ്ഞത്.. അതുകൊണ്ടുതന്നെ ആഗ്രഹിച്ചിട്ടും ആ കൂടിക്കാഴ്ച നടന്നില്ല. 

അന്ന് ആദ്യമായി ആ വീട്ടിലേക്കു ചെന്നുകയറിയപ്പോൾ ഒരു മോളെപ്പോലെ അദ്ദേഹം എന്നെ വാത്സല്യം കൊണ്ടു പൊതിഞ്ഞു. ഖദീജുമ്മയോട് പറഞ്ഞ് ഫ്രഷ് ആയി അടിച്ച പഴം ജ്യൂസും അണ്ടിപ്പരിപ്പും മറ്റെന്തൊക്കെയോ അദ്ദേഹത്തിന്റെ സ്വീകരണമുറിയിൽ ഒരുക്കി. വാതോരാതെ എന്നോട് മിണ്ടിക്കൊണ്ടിരുന്നു.. ഒരു അനുരോധ ഊർജ്ജം എനിക്കു ചുറ്റും വന്നു നിറഞ്ഞു. നബിയും കൃഷ്ണനും ഉൾപ്പെടെ ഒരു നൂറു വിഷയങ്ങൾ കേച്ചേരിപ്പുഴ പോലെ അദ്ദേഹത്തിൽനിന്ന് ഒഴുകിക്കൊണ്ടിരുന്നു.. ഗുരുവായൂരപ്പനെ പറ്റിയുള്ള വിശേഷങ്ങൾ എന്നോട് ചോദിക്കും. കുട്ടി ഭാഗ്യവതിയാ..കുട്ടി കണ്ടിട്ടുണ്ടല്ലോ ഭഗവാനെ.. എനിക്ക് ഭയങ്കര ഇഷ്ടാ കൃഷ്ണനെ. അതു പറയുമ്പോൾ ആ മുഖത്ത് കൗതുകവും സന്തോഷവും വിരിയും. അന്ന് അദ്ദേഹത്തിന്റെ തണലിൽ നിന്ന് ഇറങ്ങി നടക്കാൻ തന്നെ തോന്നുന്നുണ്ടായിരുന്നില്ല.. എങ്കിലും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഇത്രയും ചിന്തിച്ചു.. ' എന്തുകൊണ്ടാണ് ഈ മനുഷ്യനെ കണ്ടുമുട്ടാൻ ഞാൻ ഇത്രയും വൈകിയത്? '

ഞാൻ നാട്ടിൽ നിന്നും തിരിച്ചു പോയപ്പോൾ അദ്ദേഹം എന്നെ മറന്നു കാണും എന്നൊക്കെയാണ് വിചാരിച്ചത്.. എന്നാൽ അദ്ദേഹം എന്റെ അച്ഛമ്മയോടും പാപ്പൻമാരോടും എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. നാട്ടിൽ വന്നാൽ തീർച്ചയായും അദ്ദേഹത്തെ കാണാതെ മടങ്ങരുതെന്ന് അച്ഛമ്മയോട് ശട്ടം കെട്ടിയിരുന്നു.. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഓരോ നിമിഷവും എന്നെ അത്ഭുതപ്പെടുത്തി.. ആ സ്നേഹം അനുഭവിക്കാൻ ഏതോ ജന്മത്തിൽ ഒരു പുണ്യം ചെയ്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി.. 

2014ന്റെ അവസാനത്തോടു കൂടിയാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച്‌ പ്രവേശിപ്പിക്കുന്നത് എന്ന് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ വിവരം അറിയാൻ ഞാൻ ഇവിടെ നിന്നും വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ സൂരജ് ആണ് ഫോൺ എടുക്കാറുള്ളത്. നേരിട്ട് പരിചയമില്ലെങ്കിലും ഉപ്പയെപ്പോലെ  സ്നേഹഭാഷിയാണ് മകനും. ' ഉപ്പ സുഖമായി വരുന്നു. ഉപ്പാക്ക് ഒരു കുഴപ്പവും പറ്റില്ല നമ്മുടെ കൂടെത്തന്നെ ഉണ്ടാവും എന്നൊക്കെ ആ മകനും വലിയ വിശ്വാസമുണ്ടായിരുന്നു. ഞാനും അത് വിശ്വസിച്ചിരുന്നു. ആ വർഷം അവധിക്കു നാട്ടിൽ പോയപ്പോൾ പോലും സുഖമായിരിക്കുന്ന അദ്ദേഹത്തെ കണ്ടു ഞാൻ മടങ്ങിയതാണ്. 

എന്നാൽ 2015 മാർച്ച് 15ന് ആകസ്മികമായി എനിക്ക് നാട്ടിലേക്ക് പോകേണ്ടി വന്നു.. ഒരു രണ്ടാഴ്ചയ്ക്ക് , അനിയന്റെ വിവാഹ ഒരുക്കങ്ങൾക്ക് വേണ്ടിയായിരുന്നു അത്. അതുകൊണ്ട് ഞാൻ ആ 15 ദിവസം കേച്ചേരിയിൽ ആണ് താമസിച്ചത്. ഞാൻ നാട്ടിലുള്ള 15 ദിവസത്തെ ആ ഇടവേളകളിൽ ആയിരുന്നു അദ്ദേഹത്തെ എനിക്ക്, അല്ല നമുക്ക് നഷ്ടപ്പെട്ടത്.. 

ആ ശനിയാഴ്ച വൈകുന്നേരം അദ്ദേഹം നമ്മെ വിട്ടുപിരിയുന്ന സമയത്ത് ഞാൻ കേച്ചേരിയിലെ വീട്ടുമുറ്റത്ത് കാലു മടങ്ങി വീഴുകയുണ്ടായി. നീരുവന്നു വീർത്ത എന്റെ കണങ്കാൽ തൈലമിട്ടുഴിഞ്ഞു ബാലമാമ കെട്ടി വയ്ക്കുമ്പോൾ അരുതാത്തതെന്തോ അവിടെ സംഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല.. എന്നാൽ പിറ്റന്നാൾ ആ വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. സാഹിത്യകാരും സിനിമാക്കാരും സാംസ്കാരിക നേതാക്കളും ബന്ധുക്കളും നാട്ടുകാരും ക്യാമറക്കാരും എല്ലാവരും വന്നുനിറഞ്ഞ ആ വീട്ടിലേക്ക് നിലത്തു കുത്താൻ ആവാത്ത ഒരു കാൽ ഉയർത്തി പിടിച്ച്‌ മറു കാലിൽ കൊച്ചംകുത്തിയാണ് ഞാൻ ചെന്നുകയറിയത്.

എനിക്കദ്ദേഹത്തെ കാണാതിരിക്കാൻ ആവില്ലായിരുന്നു.. കണ്ടു,ഞാനദ്ദേഹത്തെ ഒരു നോക്ക്.. കൈകൂപ്പി തൊഴുതുകൊണ്ട് 'വന്നിട്ടുണ്ടെന്ന്' പറഞ്ഞു. നിലത്തു തറഞ്ഞു നിൽക്കാൻ ആവാത്ത എന്റെ അവസ്ഥ കണ്ടിട്ടാകണം ആ വലിയ മനുഷ്യന്റെ ഏക മകൻ സൂരജ് എന്റെ അടുത്ത് വന്നു ആരാണെന്നു തിരക്കി. ഞാൻ പേരു പറഞ്ഞപ്പോൾ അദ്ദേഹവും പിതാവിനെപ്പോലെ എന്നെ സ്നേഹം കൊണ്ടു പൊതിഞ്ഞു. അവിടുത്തെ തിരക്കിലും ബഹളത്തിനും ഉത്തരവാദിത്വങ്ങൾക്കിടയിലും, പിതൃവിയോഗത്തിന്റെ നീറുന്ന വേദനയ്ക്കിടയിലും അദ്ദേഹം എന്നോട് പറഞ്ഞു.. ' ഈ അവസ്ഥയിൽ നടന്നു പോകരുത് കേട്ടോ.. ഞാൻ കാറെടുത്ത് വീട്ടിൽ കൊണ്ടാക്കിത്തരാം'.. അതിശയത്തോടെ ഞാനാ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.. ഉപ്പ പകർന്നുകൊടുത്ത സ്നേഹത്തിന്റെ ഗുണം!

ഇന്നും എപ്പോളും കേച്ചേരിയിലൂടെ കടന്നുപോകുമ്പോൾ ആ ഉമ്മറത്തേക്ക് ഞാനറിയാതെ ഒന്നു പാളി നോക്കും.. ഒരുപക്ഷേ ഉമ്മറത്തെ ചാരുകസേരയിൽ കേച്ചേരിപ്പുഴയുടെ സംഗീതത്തിൽ ലയിച്ചുകൊണ്ട് ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അദ്ദേഹം ഇരിക്കുന്നുണ്ടെങ്കിലോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com