ADVERTISEMENT

കോവിഡ്-19 എന്ന നാമകരണം ചെയ്ത കൊറോണോ വൈറസ് ലോകത്തെല്ലായിടത്തും ഭീതിയും അനിശ്ചതത്ത്വവും വിതറി മുന്നേറുമ്പോൾ നിരന്തരമുള്ള  ജാഗ്രത മാത്രമാണ് നിലവിൽ ഈ അദൃശ്യരോഗത്തിൽ നിന്നും രക്ഷപെടുവാനുള്ള ഏകമാർഗം. ആരോഗ്യ മേഖലകളിലെ വിദഗ്‌ധരുടെയും അധികാരികളുടെയും സമയോചിതമായ നിർദ്ദേശങ്ങൾ പാലിക്കുക കഴിവതും രോഗബാധിത മേഖലകൾ സന്ദർശിക്കാതിരിക്കുക രോഗബാധിതരുമായി ഇടപെടാതിരിക്കുക അതോടൊപ്പം ശാരീരിക ശുചിത്വം പരിപാലിച്ചുകൊണ്ടു പൂർണ്ണ ആരോഗ്യവാനും ആരോഗ്യവതികളുമായി സാധാരണ ജീവിതം നയിക്കുക എന്നത് മാത്രമാണ്.  ഒരു പക്ഷേ, സാമൂഹിക ജീവികളായ മനുഷ്യർക്ക് കൂട്ടിലടച്ച കിളികളെപ്പോലെ ജീവിക്കുവാൻ ഒന്നോ രണ്ടോ മാസം സാധ്യമാകും. അതിലും നീണ്ടു പോയാൽ ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടായി മാറും. 

കുടുംബമായി താമസിക്കുന്ന മലയാളികൾക്ക് ചിലപ്പോൾ അതിലും കൂടുതൽ നാളുകൾ സാധ്യമാകും പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമായി മാറുകയാണ്. പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലും മറ്റു സ്ഥലങ്ങളിലുമുള്ള മുതിർന്ന പൗരന്മാർ, അസുഖമുള്ളവരും ഇല്ലാത്തവരും ജീവിതത്തിന്റെ അവസാന നാളുകളിൽ എത്തി നിൽക്കുന്നവർ. നിലവിലെ തീർത്തും നിർഭാഗ്യകരമായ സാഹചര്യങ്ങൾ  അവരാരുടെയും പ്രവൃത്തിദോഷം കൊണ്ടുണ്ടായതല്ല മറിച്ചു സാധാരണ മനുഷ്യന്റെ അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അലസതകൊണ്ടും സമൂഹങ്ങളോടും മറ്റുള്ളവരോടും പ്രതിബദ്ധതയില്ലായ്മകൊണ്ടും മാത്രം രൂപീകൃതമായതാണ്.

ഭൂമിയോട് യുദ്ധം ചെയ്തു നെറ്റിയിൽ വിയർപ്പൊഴുക്കി ജീവിച്ചിരുന്ന വ്യക്തികളിൽ ആധുനിക രോഗങ്ങളായ ഹൃദ്രോഗവും പഞ്ചസാര രോഗവും അമിത രക്ത സമ്മർദ്ദവും ഒന്നും തന്നെ ഉണ്ടായിരുന്നില്ലായെന്നത് വാസ്തുതകൾ തന്നെയായി നിലനിൽക്കുന്നു. എങ്കിൽപോലും പലപ്പോഴും പുരാതനകാലങ്ങളിൽ കേട്ടുകേൾവി പോലുമുണ്ടായിട്ടില്ലാത്ത പല രോഗങ്ങളും ആധുനിക ലോകത്തിൽ പ്രത്യേകിച്ചും മനുഷ്യൻ ശാസ്ത്രീയമായി വളരെയധികം പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണക്കാർക്ക് അന്ധാളിച്ചു നിൽക്കുവാൻ  മാത്രമാണ് സാധിക്കുന്നത്. പൂർണ്ണ ആരോഗ്യവാനായി ജീവിക്കുന്ന വ്യക്തികൾക്ക് ഹൃദ്രോഗം പിടിപെട്ടുവെന്നു കേൾക്കുമ്പോൾ ശാസ്ത്രീയ വിശദീകരണം ലഭിക്കുന്നത് രക്തവാഹക ധമനികൾ തടസപ്പെട്ടു എന്നുമാത്രമാണ്. എന്നാൽ എന്തുകൊണ്ട് ഈ ധമനികളിൽ തടസങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന് ചിലരെങ്കിലും അന്യഷിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം പലതാണെങ്കിലും കൂടുതലും ഭക്ഷണവും ഭക്ഷണരീതികളും, അനുയോജ്യമായ വ്യായാമമിലായ്മയും, അമിതമായ  ജീവിത സമ്മർദ്ദങ്ങളും. 

covid-test

എന്നാൽ, ഇത്രയൊക്കെയുണ്ടെങ്കിലും കുറച്ചു വ്യക്തികൾ മാത്രമാണ് ചിന്തിക്കുവാൻ ശ്രമിക്കുന്നത് ഈ പ്രതിപാദിച്ച കരണങ്ങളെല്ലാം തന്നെ വ്യക്തിനിർമ്മിതം തന്നെയല്ലേയെന്ന്. ഓരോ വ്യക്തികളുടെയും ജീവിതത്തിൽ എന്ത് ചെയ്യണം എന്ത് പ്രവർത്തിക്കണം എന്ത് കഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉള്ളപ്പോൾ എങ്ങനെയാണ് വീണ്ടും രോഗിയായി മാറുന്നത്. ഇതിനെല്ലാത്തിനുമുള്ള ഉത്തരം മറ്റെങ്ങും ലഭിക്കില്ല പകരം ഓരോ വ്യക്തികളുടെയും ജീവിത സാഹചര്യങ്ങൾ തന്നെയാണ്, ഏത് സാഹചര്യത്തിലാണ് അവരോരുത്തരും ജനിക്കുന്നതും, വളരുന്നതും, ജീവിക്കുന്നതും, ജോലി ചെയ്യുന്നതും, അതിലുമുപരി അവരോരുത്തരുടേയും നിലവിലെ പ്രായത്തിനനുസൃതമായ ജീവിതരീതികളും.

സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളുടെ ചുറ്റുപാടുകളും സാമൂഹിക ജീവിത രീതികളും അവരോരുത്തരുടേയും ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്നറിയുന്നത് എല്ലാവർക്കും വളരെയധികം ഗുണം ചെയ്യുമെന്നുമുള്ളതിൽ തർക്കമില്ലാത്ത കാര്യം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ നിലവിലെ കണക്കുകൾ പ്രകാരം ലോകമെന്പാടും അവശ്യ സാധനങ്ങളുടെ ലഭ്യത വർധിച്ചു ചിലയിടങ്ങളിൽ ആവശ്യത്തിലധികവുമായി അതോടൊപ്പം വർധിച്ചുവന്ന ഉപഭോഗ ജീവിതശൈലിയിൽ  ലോകമെമ്പാടുമുള്ള മനുഷ്യരുടെ അമിതവണ്ണവും ഏകദേശം മൂന്നിരട്ടിയായി മാറി. 

covid-19-kerala

2016 -ലേ കണക്കുകൾ പ്രകാരം പതിനെട്ടു വയസിനു മുകളിലുള്ള മനുഷ്യരിൽ മൂന്നിലൊന്നു പേരും അമിതവണ്ണമുള്ളവരാണ് അവരിൽ പകുതിയും തടിച്ചു കൊഴുത്ത പൊണ്ണത്തടിയന്മാരും. അതിലും ആകാംഷാജനകമായ വസ്തുത ലോകജനസംഖ്യയിൽ ഭൂരിഭാഗവും ജീവിക്കുന്നത് ഭാരക്കുറവിനേക്കാൾ അമിതവണ്ണമുള്ള  ആളുകൾ അകാലത്തിൽ മരിക്കുന്ന രാജ്യങ്ങളിലുമാണ്. വ്യക്തികളിൽ അമിതഭാരവും അമിതവണ്ണവുമെന്നാൽ അമിതമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അസാധാരണമായ അവസ്ഥ മാത്രമാണ്. അതായത് നിലവിലെ ലോകത്തുള്ള ഭൂരിഭാഗം വ്യക്തികളും അവരുടെ ആവശ്യത്തെക്കാൾ കൂടുതൽ ആഹാരം കഴിക്കുന്നു. 

അമിതമായ ഭക്ഷണം അനുയോജ്യമായ ശാരീരിക പ്രവർത്തനത്തിന്റെ അഭാവത്തിൽ അലിഞ്ഞുപോകാതെ ശരീരത്തിൽ നിലനിൽക്കുന്നു. ശരീരത്തിന്റെ  ദൈനംദിന പ്രവർത്തനത്തിന് ആവശ്യമില്ലാത്ത കൊഴുപ്പ് ശരീരത്തിന് തന്നെ ദോഷം ചെയ്തുകൊണ്ടിരിക്കുന്നു, അതേത്തുടർന്ന് മനുഷ്യൻ സ്വാഭാവികമായും രോഗിയായി മാറുന്നു. സ്വാഭാവിക ശരീരത്തിന്റെ താളം തെറ്റിയ മനുഷ്യൻ നഷ്ടപെട്ട സ്വാഭാവികത വീണ്ടെടുക്കുവാനായി കൃത്രിമമായ സൃഷ്‌ടിച്ച മരുന്നുകൾ കഴിക്കുന്നു.  അതേത്തുടർന്ന് ജന്‍മനാ ലഭിച്ച രോഗപ്രതിരോധശക്തികൾ വീണ്ടും കുറയുന്നു. അങ്ങനെ ആരോഗ്യം ക്ഷയിച്ച ശരീരത്തിലേയ്ക്ക് മൃഗങ്ങളിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും പുതിയ രോഗാണുക്കളുടെ രൂപത്തിൽ വീണ്ടും പുതിയ രോഗങ്ങളെത്തുന്നു.

ജാതിമത രാഷ്ട്രീയ ചിന്താഗതികളില്ലാതെ ആൽമാർഥത നിറഞ്ഞ  സാമൂഹിക പ്രവർത്തനം നടത്തുന്ന ഓരോ വ്യക്തികളുടെയും ലക്ഷ്യം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആരോഗ്യപൂർണമായ സന്തുഷ്ട്ട ജീവിതവും അഭിവൃദ്ധിയും മാത്രമാണ്. അങ്ങനെയുള്ള വ്യക്തികൾ പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും പരമപ്രധാനമായ ഉദ്ദേശവും ഒന്നു മാത്രം "എക്കാലവും അഭിവൃദ്ധി പ്രാപിക്കുന്ന ശക്തമായ സമൂഹങ്ങളും അതിലുള്ള അംഗങ്ങളും". ഭൂരിഭാഗം മനുഷ്യരും പൂർണ്ണ ആരോഗ്യത്തോടെ ജനിക്കുന്നതിനാൽ സ്വന്തം ആരോഗ്യം സംരക്ഷിക്കുക എന്നുള്ളത്  ഭരണകൂടങ്ങളെക്കാളും ആശുപത്രികളെക്കാളും ആരോഗ്യ സംഘടനകളേക്കാളുമുപരി ഓരോ വ്യക്തികളുടെയും പ്രാഥമികാവശ്യവും കടമയും ജീവിതലക്ഷ്യവുമാണ്. കാരണം ഓരോ വ്യക്തികളുമാണ് സമൂഹങ്ങളെ സംരക്ഷിക്കേണ്ടതും നയിക്കേണ്ടതും അതിലുപരി അവരുടെ പ്രവർത്തനങ്ങളും ജീവിത ശൈലികളും നിയന്ധ്രിക്കുന്നതും സാമൂഹിക താൽപര്യങ്ങൾക്ക് വിധേയമായും അനുരൂപമായും രൂപപ്പെടുത്തേണ്ടതും.

covid-uk

പൂർണ്ണ ആരോഗ്യമുള്ള വ്യക്തികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല മറിച്ച്  വ്യക്തിപരമായി ജോലിചെയ്‌തു ജീവിക്കുവാനുള്ള ആരോഗ്യകരമായ അന്തരീക്ഷവും, അനുയോജ്യമായ  അവസരങ്ങളും സുരക്ഷിതമായ ഭവനങ്ങളും സുസ്ഥിരമായ വ്യക്തിബന്ധങ്ങളും, ഉയർന്ന ആത്മാഭിമാനവും അതിലുപരി സമൂഹത്തിൽ അന്യോന്യമുള്ള ആരോഗ്യകരമായ പെരുമാറ്റങ്ങളും കൂടിയാണ്. അതോടൊപ്പം  ആരോഗ്യമുള്ള സമൂഹമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതേ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾക്ക് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ഒരാളെപ്പോലും  രോഗികളാവാതെ മുൻകരുതലുകളെടുത്തു സംരക്ഷിക്കുന്നവയാണ്. ആരോഗ്യമുള്ള സമൂഹത്തിൽ നിലവിലുള്ള എല്ലാ നയപരമായ തീരുമാനങ്ങളും  സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവും, സാമ്പത്തികവും, വാണിജ്യവും, പാരിസ്ഥിതികവുമായ തീരുമാനങ്ങൾ അംഗംങ്ങളുടെ ആരോഗ്യപരമായ ജീവിതത്തിനെ അനുകൂലിക്കുന്നതും  പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കണം.

ഇപ്പോൾ ലോകത്തുള്ള എല്ലാ മനുഷ്യരെയും മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണാ വൈറസ് ഈ വർഷം ജനുവരിയിലെ ആദ്യനാളുകളിൽ ചൈനയിലുള്ള ചെറിയ നഗരമായ വുഹാനിലെ ജനങ്ങളെ പരിഭ്രാന്തരാക്കി വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുവാൻ നിർബന്ധിതരായപ്പോൾ ലോകത്തിന്റെ മറ്റുഭാങ്ങളിലുള്ള ഒരാൾ പോലും തങ്ങളുടേതാണ് അടുത്ത ഊഴമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിദ്യകളുടെ ബലത്തി ലും സംരക്ഷണത്തിലും ജീവിക്കുന്ന പാശ്ചാത്യലോകം. ഇറ്റലിയുടെ വടക്കൻ പ്രവിശ്യകളിലുള്ള ഒരു നഗരമാണ് കോഡോഗ്‌ണോ, വളരെ പുരാതനമായ നഗരത്തിലെ നിവാസികളെല്ലാം തന്നെ പാശ്ചാത്യലോകത്തിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആഡംബര ജീവിതം നയിക്കുന്നവർ. അവരിലൊരാൾക്ക് ഫെബ്രുവരിയുടെ പകുതിയിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിനാളുകളിൽ പകർന്നു പിടിച്ചപ്പോഴും അവരാരും കരുതിയില്ലായിരുന്നു അവരെല്ലാവരും മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം വീടുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടവരായി മാറുമെന്ന്. 

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മാനസിക വിഭ്രാന്തികളുള്ള സിനിമകളിൽ കാണുന്നതുപോലെ ആ പട്ടണം പുറം ലോകത്തിനു മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ സമൂഹത്തിൽനിന്നും ബന്ധുമിത്രാദികളിൽ നിന്നും ഒറ്റപ്പെടുത്തി. രോഗം മൂർച്ഛിച്ചു മരണാസന്നരായവർക്കു പോലും അനുയോജ്യമായ ചികിത്സാ സൗകര്യം ഒരുക്കുവാൻ സാധിക്കുന്നില്ലാ. മരണപ്പെട്ടവർക്ക്  ആദരണീയമായി അന്ധ്യകർമ്മങ്ങൾ ചെയ്യുവാനുള്ള സാവകാശംപോലും ലഭിക്കാതെ തിടുക്കത്തിൽ അടക്കുവാൻ മാത്രം സാധിച്ചു. ചുരുക്കത്തിൽ ഈ അടുത്തനാളുകളിൽ വരെ  വളരെതിരക്കേറിയ പട്ടണത്തിൽ ശ്മാശാന മൂകത പടർന്ന് എല്ലാവരെയും പോലുസുകാരുടെ കാവലോടെ അവരവരുടെ വീടുകളിൽ തളച്ചു നിർത്തി.  

covid-corona

എന്നാൽ ഇതിലും തീവ്രമായ പ്രകൃതിദുരന്തങ്ങളെപ്പോലും അതിജീവിക്കുവാൻ കഴിവുള്ള ആ പട്ടണത്തിലെ മനുഷ്യർ പ്രായോഗികമായി പ്രവർത്തിച്ചു. ഒരുസമയത്ത് അവശ്യസാധനങ്ങൾ  യെധേഷ്ടം ലഭിച്ചിരുന്നത് കൊറോണയുടെ സാന്നിധ്യത്തിൽ കിട്ടാക്കനിയായപ്പോൾ ഉള്ളതുകൊണ്ട് ജീവിക്കുവാൻ ശീലിച്ചു. കടകമ്പോളങ്ങളിലേ അലമാരകൾ ശൂന്യമായപ്പോഴും മറ്റുള്ളവരെയും സർക്കാരുദ്യോഗസ്ഥരെയും പഴിക്കാതെ അവശ്യസാധനങ്ങളുടെ ലഭ്യതയനുസരിച്ചു കടകളുടെ മുൻപിൽ ക്യൂനിൽക്കുവാൻ ശീലിച്ചു. കൊറോണ വൈറസ്സിൽ നിന്നും രക്ഷപെടുവാനുള്ള ഏകമാർഗം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്ന സുപ്രധാന വസ്തുത തിരിച്ചറിഞ്ഞവർ ബന്ധുമിത്രാദികളിൽ നിന്നുപോലും അകലം പാലിച്ചു. ഓരോ വ്യക്തികൾക്കും സ്വന്തം ജീവനും ആരോഗ്യവുമാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞു അനുയോജ്യമായി ജീവിക്കുവാൻ സാധിക്കുന്നു. 

പല രാജ്യങ്ങളിലെയും പൂർവികർ അവരെയും അവരുടെ രാജ്യത്തെയും സംരക്ഷിക്കുവാൻ ഭൗതികമായി യുദ്ധം ചെയ്തെങ്കിൽ പുതിയ തലമുറ തങ്ങളെയും തങ്ങളുടെ രാജ്യത്തെയും സംരക്ഷിക്കുവാൻ ഉത്തരവാദിത്ത്വപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത്‌  തങ്ങളോരോരുത്തരുടേയും ജീവിത ശൈലികളിൽ സമയോചിതമായ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്തത്. മനുഷ്യന്റെ ജീവന് ആപത്താണെന്നു മനസിലായപ്പോൾ ജീവിതരീതികളും പ്രവർത്തനശൈലികളും മാറ്റിക്കൊണ്ട് ആസന്നമായ മഹാമാരിയിൽ നിന്നും രക്ഷനേടുവാൻ ചിലർക്കെങ്കിലും  സാധിച്ചു.

കൊറോണാ വൈറസ് സാധാരണക്കാരായ മനുഷ്യരെ ആരോഗ്യമുള്ളവരായും ശുചിത്ത്വമുള്ളവരായും ജീവിക്കുവാനുമുള്ള മുന്നറിയിപ്പും കൂടിയാണ് നൽകുന്നത്. അതിനായി നിലവിലുള്ള മനുഷ്യന്റെ അനാരോഗ്യ ജീവിതശൈലികൾ മാറ്റിക്കൊണ്ട് ആരോഗ്യമുള്ളവരായി ജീവിക്കുവാൻ  പ്രേരിപ്പിക്കുകയാണ്.  ആഹാരപാനീയങ്ങൾ  അവശ്യവസ്തുക്കളായി മാത്രം കണ്ടുകൊണ്ട് ഉപയോഗിക്കുവാനും ശീലിപ്പിക്കുകയാണ് ഈ കാലഘട്ടങ്ങളിൽ. അത്യാവശ്യനേരങ്ങളിൽ മനുഷ്യർക്ക് സ്വന്തം ജീവൻ നിലനിർത്തുവാൻ അവരുടെ എത്ര കഠിനമായ ജീവിതരീതികളും  മാറ്റുവാൻ സാധിക്കുമെന്ന്  പ്രാവർത്തികമായി കാണിച്ചുകൊടുക്കുമ്പോൾ ഇനിയുള്ള കാലങ്ങളിലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുവാൻ ആഹ്വാനവും ചെയ്യുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com