ADVERTISEMENT

പൂക്കൾക്ക് കാമുകന്മാർ ഏറെയാണ്. ഈച്ചകൾ, വണ്ടുകൾ, ശലഭങ്ങൾ അങ്ങനെയങ്ങനെ.  അതിൽ സുന്ദരവർണ്ണചിറകുകൾ വിടർത്തി പ്രണയിക്ക്  മൃദുസുഖസ്പർശനം പകർന്നുനൽകുന്ന ശലഭങ്ങളുടെ സ്ഥാനം ഏറെ മുന്നിലാണ്. അതിനാൽതന്നെ പ്രകൃതിയുടെ ഈ പ്രണയത്തിലെ സുപ്രധാന നായികാനായകന്മാരായി പൂക്കളെയും ശലഭങ്ങളെയും നാം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

 

പ്രണയ കവിതകളാൽ സമ്പന്നമായ എഴുത്താണ് വിപിൻ ഗോപിനാഥിന്റേത്. തൻറെ ആദ്യ കവിതാസമാഹാരമായ 'പൂമരം പെയ്യുമ്പോൾ' നിർത്തിയിടത്തുനിന്നാണ് 'ശലഭദൂരങ്ങൾ' ആരംഭിച്ചിരിക്കുന്നതെന്ന് വായനയിൽ തോന്നുന്നത് പ്രണയത്തിൻറെ അതിരുകളില്ലാത്ത ഭാവനകളിലൂടെയാണ്.

 

എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പ്രണയകവിതകൾ മാത്രം എന്ന മട്ടിൽ ആവശ്യത്തിനും അനാവശ്യത്തിനും പ്രണയകവിതാപ്രളയം കണ്ടുവരുന്ന ഈ കാലത്ത്, തൻറെ ചെറുചിന്തകളും ചെറുവാക്കുകളും കാല്പനികതയുടെ ആർദ്രമായ വരികളാൽ ആലേഖനം ചെയ്യുന്ന വിപിൻ, എഴുത്തിൽ തെല്ല് വ്യത്യസ്തനാവുകയും വേറിട്ട വഴിയേ സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് 'ശലഭദൂരങ്ങൾ' എന്ന കവിതാസമാഹാരം.

 

പുസ്‌തകത്തിന്റെ അവതാരികയിൽ കവി കുരീപ്പുഴ ശ്രീകുമാർ പറയുംപോലെ 'ലോകത്ത് ഏറ്റവും കൂടുതൽ എഴുതപെട്ട പ്രണയത്തെ'  വായനക്കാരാകുന്ന പൂക്കളിലേക്ക് ശലഭംപോലെ പറന്നുപാറിക്കളിക്കുന്ന ചെറുകവിതകൾ.  വലിയ ബൗദ്ധികതലങ്ങളിലേക്കൊന്നും കവി നമ്മെ കൂട്ടികൊണ്ട് പോകുന്നതേയില്ല.  പിന്നെയോ, ലളിതസുന്ദരമായി ആലാപന സൗന്ദര്യം നിറയുന്ന കുഞ്ഞുകുഞ്ഞു കവിതകളാകുന്നു ഈ സമാഹാരത്തിൽ കാണുവാനാവുക.

 

കവിതകളുടെ ഉള്ളിലേക്ക് നമ്മൾ നോക്കിയാൽ അതിൽ നിറഞ്ഞിരിക്കുന്നതെല്ലാം പ്രണയം എന്ന സങ്കൽപത്തെ കവി നോക്കിക്കാണുന്ന രീതിയാണ്. തന്റെ ചാരെ അല്ലെങ്കിൽ ഒരു വിളിപ്പാടകലെ നിൽക്കുന്നപ്രണയിനിയോടുള്ള വാക്കുകളാണിതെല്ലാം എന്ന തോന്നൽ ഉളവാക്കുന്ന എഴുത്തുശൈലി മിക്ക കവിതകളിലും ദൃശ്യമാകുന്നു.  പറഞ്ഞതും, ഇനി പറയുവാൻ പോകുന്നതും എല്ലാം ആർദ്രമായ വരികളിലൂടെ മനസ്സ് തുറന്ന് കവി അവളോട് സംവദിക്കുന്നു.  പുസ്തകത്തിലെ ഓരോ താളുകളിലും കാണാനാവുക ശലഭം വിതറുന്ന ഈ പ്രണയപരാഗമാണ്.

 

'പ്രിയസഖി, നിറമൊട്ടുമങ്ങിയ നിന്നോർമ്മകളിലിപ്പോഴും പനിനീർ പൂവിൻ സുഗന്ധം' എന്നാണ് പുസ്‌തകം ആരംഭിക്കുന്നതുതന്നെ. പുസ്‌തകം അവസാനിക്കുന്ന പേജിലാകട്ടെ അതിരുകളില്ലാത്ത മണ്ണും വിണ്ണുമായും സ്നേഹത്തിൻ വേലിയേറ്റങ്ങൾ തീർക്കുന്ന സാഗരമായും സൂഫി സംഗീതമായും ഹൃദയസംഗീതം അങ്ങനെ പൊഴിയുകയാണ്.

 

മിക്ക കവിതകളിലും പ്രണയത്തിൻറെ പൂമ്പൊടി വാഹകനായ  ശലഭസാന്നിധ്യവുമുണ്ട്.  'രാത്രിമഴ' എന്ന കവിതയിൽ നിന്നെക്കുറിച്ചുള്ള കിനാവുകൾ അല്ലാതെ എനിക്കിനി എന്തുവേണം? എന്ന് കവി ചോദിക്കുന്നു. 'കടലിൻറെ കാമുകനിൽ' നിൻറെ ചിരിയുടെ തിരമാലകൾ തീരത്തെ മണലിൽ ഞാനെഴുതിയ കവിത വായിച്ചുകളയുംവരെ ഞാൻ നിൻറെ കാമുകനായിടാം' എന്ന് കുറിക്കുന്നു.  ഇതുപോലെ പ്രകൃതിയിലെ ഓരോന്നിലും നിറയുന്ന പ്രണയത്തെ വെളിപ്പെടുത്തുകയാണ് ഓരോ കവിതയിലൂടെയും. പുഴയായും, ശലഭമായും, ശംഖായും, ജാലകങ്ങളായും, ഗാനമായും, അർത്ഥമുള്ള വാക്കുകളെയും, പനിനീർ പൂവുകളായും, ചുമരിൽ കോറിയ ചിത്രമായും, മുളംതണ്ടിലെ മോഹനഗാനമായും കവിതകളിലൂടെ  പ്രണയമെന്ന വസന്തകാലത്തിൻറെ ചാരുത തീർക്കുകയാണ് വിപിൻ ഗോപിനാഥ്. 'ധ്യാനം', 'അതിരുകൾ ഇല്ലാത്ത കടൽ', 'ശലഭദൂരങ്ങൾ', 'രാധയോട്', 'ബോധിവൃക്ഷം', 'മഴമൊഴി' എന്നിങ്ങനെ ഓരോ കവിതയിലും പ്രണയത്തെ ദർശിക്കുവാൻ കവി തൻറെ ഭാവനയാകുന്ന ദർപ്പണം നന്നായി ഉപയോഗിക്കുന്നു.

 

 

ചില വ്യത്യസ്‌തങ്ങളായ കവിതകളും പുസ്തകത്തിൽ കാണാം. 'കാട്ടുചെമ്പകം', 'മുക്കൂത്തിപ്പെണ്ണ്' എന്നിവ താളത്തിൽ പാടുവാനുതകുന്ന നാടൻ ശീലുകളാണ്. ആഴത്തിൽ നോക്കിയാൽ അവയിലും പ്രണയം ഒളിച്ചിരിക്കുന്നു.

 

'അച്ഛൻ' എന്ന കവിത ഹൃദയത്തിൽ പിതാവിനോടുള്ള സ്ഥാനം (പ്രണയം) അളക്കുന്നു. 'സുര' എന്ന കവിത ലഹരിയുടെ പാനപാത്രം. 'മാം വിദ്ധി' വരരുചിയുടെ സ്വപ്നടനസത്യം. 'തെരുവിലെ കല' സമൂഹത്തിൽ സമൂഹത്തിൽ പുറംതള്ളപ്പെടുന്നവരോടുള്ള അർച്ചന. അങ്ങനെ പ്രണയത്തോടൊപ്പം സമകാലിക സംഭവങ്ങളും അങ്ങിങ്ങ് കൈകോർത്ത ഹാരം കണക്കെ പുസ്‌തകവായന അനുഭവപ്പെടാം.

 

ഇനി കവിതകളിലെ കുറവുകൾ നോക്കാം.  ചില കവിതകളിലെങ്കിലും കാണുന്ന ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു. ഒരേ ബിംബങ്ങൾ വിവിധതരത്തിൽ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. നഷ്ടപ്രണയത്തിൻറെ വിങ്ങൽ വീണ്ടും വീണ്ടും കടന്നുവരുന്നു.  ഇത്തരത്തിൽ ചില ചെറുന്യൂനതകൾ കാണാമെങ്കിലും കുഞ്ഞുകവിതകളുടെ പ്രണയതലോടൽ ഏൽക്കുവാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് നാലുംകൂട്ടിയുള്ള ഒരു മുറുക്ക് പോലെയാണ് 'ശലഭദൂരങ്ങൾ' എന്ന കവിതാസമാഹാരം.

 

മനോഹരമായി പുസ്‌തകത്തിന്റെ പുറംചട്ട വരച്ചിരിക്കുന്നത് വിപിൻ ഗോപിനാഥ് തന്നെയാണ്.

 

 

ഫേബിയൻ ബുക്‌സ് ആണ് പ്രസാധകർ. 98 പേജുകളുള്ള പുസ്‌തകത്തിന്റെ വില 110 രൂപ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com