ADVERTISEMENT

കൊറോണാ വൈറസ് ഭീഷണിക്കെതിരെ കേരളം ഇതുവരെ കൈക്കൊണ്ട നടപടികള്‍ എത്ര നന്നായി എന്ന കാര്യം ലോകത്തിന്റെ ശ്രദ്ധയില്‍ പെടുകയും അത് പൊതുവെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, വൈറസ് ഭീതി കേരളത്തില്‍ ആഞ്ഞുവീശുമ്പോള്‍ എന്റെ മാതൃസംസ്ഥാനത്തുനിന്നു പുറത്തുവരുന്ന ചില കഥകള്‍ വളരെ വല്ലായ്മയുളവാക്കുന്നവയാണ്. അവ മനുഷ്യരാശിയുടെ ഉന്നത ഗുണങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നല്ല, പ്രത്യേകിച്ചും പ്രവാസികള്‍ കൊണ്ടുവന്ന പണത്തിന്റെ ബലത്തില്‍ ജീവിക്കുകയും അഭിവൃത്തിപ്രാപിക്കുകയും, ടൂറിസത്തില്‍നിന്ന് ധാരാളമായി വരുമാനം നേടുകയും ചെയ്യുന്ന ഒരു ജനത. 

ഞാനിവിടെ പറഞ്ഞുവരുന്നത് ചില കേരളീയരില്‍ നിന്ന് പ്രവാസികള്‍ക്കും വിദേശികള്‍ക്കും നേരിടേണ്ടിവന്ന പെരുമാറ്റത്തെ പറ്റിയാണ്. അവരില്‍ ചിലര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയവരാണ്. ചിലരാകട്ടെ, സംസ്ഥാനം ഏര്‍പ്പെടുത്തിയയാത്രാ നിയന്ത്രണത്തില്‍ പെട്ടുപോയവരും. പ്രവാസികളില്‍ പലര്‍ക്കും ഇന്ത്യന്‍ പൗരത്വവുമുണ്ട്. അവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവകാശമുണ്ട്. ചില വിദേശ ടൂറിസ്റ്റുകളാകട്ടെ കൊറോണാ വൈറസുമായി ബന്ധപ്പെട്ട് പൊടുന്നനെയുണ്ടായ, അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കിടയില്‍പെട്ടു പോയവരാണ്. ചിലരാകട്ടെ ദീര്‍ഘകാലമായി തങ്ങളുടെ ഒരു സ്വപ്‌ന വെക്കേഷന്‍ ചിലവഴിക്കാനായി ഇറങ്ങിത്തിരിച്ചവരാണ്. യാത്ര ചെയ്തില്ലെങ്കില്‍ തങ്ങള്‍ നടത്തിയ പ്രീ-പെയ്ഡ് ബുക്കിങ് നഷ്ടം വരുത്തുമെന്നതിനാലാണ് പലരും കേരളത്തിലെത്തിയത്. 

foreign-1

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലെ കേരളത്തിന്റെ പുരോഗതി പ്രധാനമായും 'മണി-ഓര്‍ഡര്‍ സാമ്പത്തികവ്യവസ്ഥ'യിലൂന്നിയായിരുന്നു. വിദേശത്തു നിന്നുള്ള പണമടയ്ക്കലിലൂടെയാണ് കേരളത്തിന്റെ സാമൂഹികവും, സാമ്പത്തികവുമായ വളര്‍ച്ച അതിവേഗംസാധ്യമായത്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, വിദേശത്തു വസിക്കാന്‍ പോയവരില്‍ ഏറ്റവുമധികം തുക സ്വന്തം രാജ്യത്ത് എത്തിക്കുന്ന രാജ്യക്കാര്‍ ഇന്ത്യക്കാരാണ്, ഇപ്പോഴും. അവര്‍ 2018ല്‍ 79 ബില്ല്യന്‍ ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചത്! ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്ഇക്കാര്യത്തിലും കേരളമാണ് മുന്നില്‍. മുമ്പു പറഞ്ഞ തുകയുടെ 20 ശതമാനവും എത്തിയത് കേരളത്തിലാണ്. വിദേശ ഇന്ത്യക്കാര്‍ കൊണ്ടുവരുന്ന പണം അവരുടെ കുടുബങ്ങള്‍ക്കു മാത്രമല്ല ഉപകാരപ്പെടുക, മറിച്ച് രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെയ്‌മെന്റ്‌സിന്റെ (രാജ്യത്തിന്റെ വിദേശ വരുമാനവുംവിദേശച്ചെലവും തമ്മിലുള്ള വ്യത്യാസം) കാര്യത്തിലും പ്രയോജനപ്പെടുന്നു. 

ഇങ്ങനെ കേരളത്തിന്റെ സമ്പദ്ഘടനയിലേക്ക് എത്തുന്ന പണം കേളീയരുടെ ജീവിത നിലവാരത്തിലടക്കം  കാര്യമായ പ്രഭാവം ചെലുത്തുന്നു. കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ പോയവരാണ് എന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അവരാണ് കേരളത്തിലേക്കുള്ള പണമൊഴുക്കിന്റെ പ്രധാന സ്രോതസ്. മിഡില്‍ ഇസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പു നടത്തിയ ഒരു പഠനം പ്രകാരം കേരളത്തിന്റെ നികുതി വരുമാനത്തിന്റെ 1.74 മടങ്ങാണ് ഗള്‍ഫുകാര്‍ കൊണ്ടുവരുന്നത്. കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായത്തേക്കള്‍ 5.5 മടങ്ങ് കൂടുതലാണ് ഈ തുക. കശുവണ്ടി കയറ്റുമതിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 36 മടങ്ങും, സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്നു ലഭിക്കുന്നതിന്റെ 30 മടങ്ങും വരും ഗള്‍ഫുകാര്‍ കൊണ്ടുവരുന്ന പണം. 

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കാനൻ റിസോർട്ടിൽ കഴിയുന്ന വിദേശവിനോദ സഞ്ചാരികളെ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും ബോധവൽക്കരണവും നൽകുന്ന നീലേശ്വരം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കാനൻ റിസോർട്ടിൽ കഴിയുന്ന വിദേശവിനോദ സഞ്ചാരികളെ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും ബോധവൽക്കരണവും നൽകുന്ന നീലേശ്വരം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

ഈ പഠനം പ്രകാരം പ്രവാസികള്‍ കൊണ്ടുവരുന്ന പണം വീട്ടു ചിലവിലും പ്രതിഫലിച്ചുകാണാം. നിക്ഷേപങ്ങള്‍ക്ക്, മികച്ച വീടുകള്‍ നിര്‍മ്മിക്കുന്നതിന്, ആധൂനിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് ഒക്കെ ഇവ ഉപകരിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്ന കാര്യത്തിലും പ്രവാസികളുടെ പണം പ്രയോജനപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലടക്കം ആളുകള്‍ക്കു വന്നിരിക്കുന്ന അഭിവൃത്തിയുടെ കാര്യത്തിലും, ദാരിദ്ര്യം, തൊഴിലില്ലായ്മ കുറയ്ക്കുന്നകാര്യത്തിലും പ്രവാസികളുടെ പണം ഉപകരിക്കുന്നു. 

കേരളത്തിന്റെ മൊത്തം കാര്യങ്ങള്‍ മതിപ്പുതോന്നിക്കുന്ന രീതിയിലാണ്. സംസ്ഥാനത്തിന്റെ ഹ്യൂമന്‍ ഡിവലപ്‌മെന്റ് ഇന്‍ഡക്‌സ് (എച്ഡിഐ) റേറ്റിങ് 0.790 ആണ്. ഇത് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ സാധിക്കാത്തനേട്ടമാണ്. പൊതുശുചിത്വ നിലവാരം, ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇത്തരം കാര്യങ്ങളെല്ലാമാണ് ഇതിനുപകരിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും കക്കൂസ് ആയതോടെ, 2016ല്‍ 'പൊതു സ്ഥലത്ത് മലവിസര്‍ജ്ജനം നടത്താത്ത' സംസ്ഥാനമായി മാറിയിരുന്നു. കേരളത്തിലെ സ്ത്രീകളുടെവിദ്യാഭ്യാസ അനുപാതം 94 ശതമാനമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. 

ഇതൊക്കെയാണെങ്കിലും ഈ വിഷമംപിടിച്ച കാലത്ത് നാട്ടിലേക്കു തിരിച്ചു വരുന്ന ചില പ്രവാസികള്‍ക്കും, കേരളത്തില്‍ പെട്ടുപോയ ടൂറിസ്റ്റുകള്‍ക്കും നേരിടേണ്ടി വന്നു എന്നു പറയപ്പെടുന്ന അനുഭവങ്ങള്‍ ഹൃയഭേദകമാണ്. അധികാരികളോട് സത്യസന്ധമായി പ്രവാസികള്‍ പെരുമറണം എന്ന കാര്യവും, അവര്‍ വൈറസ് വാഹകരാകാമെന്ന കാര്യവും നിര്‍ണ്ണായകമാണ്. അവര്‍ നിയമത്തിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറുകയും അവരുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. എന്നാല്‍, ഇങ്ങനെ വിമാനമിറങ്ങുന്നവരെപരിശോധിക്കുന്ന കാര്യത്തില്‍ സംസ്ഥാനം പരാജയപ്പെട്ടെങ്കില്‍ അതിന്റെ പഴി അവരുടെ മേല്‍ ചാരരുത്. ഓരോരുത്തരും എവിടെ നിന്നു യാത്ര തുടങ്ങുന്നുവെന്നും ഏതു രാജ്യങ്ങളില്‍ കൂടെ കടന്നുവരുന്നുവെന്നും കണ്ടെത്തി അവരെ ക്വാറന്റീന്‍ ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. ആരോഗ്യ പരിശോധനയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ വിമാനത്താവളത്തിലും നേരത്തെ തന്നെ സ്ഥാപിക്കപ്പെടേണ്ടതായിരുന്നു. സംരക്ഷണം നല്‍കുന്ന കവചങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ടതുമായിരുന്നു. 

തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് എത്തിയ അർജന്റീന സ്വദേശിനി മരിയക്ക് താമസിക്കുവാൻ നേരത്തെ പറഞ്ഞിരുന്ന ഹോട്ടലിൽ മുറി നൽകാത്തതിനെ തുടർന്ന് വിവരമറിഞ്ഞ് എത്തിയ പെ‍ാലീസിനോട് സഹായം അഭ്യർഥിക്കുന്നു.
തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് എത്തിയ അർജന്റീന സ്വദേശിനി മരിയക്ക് താമസിക്കുവാൻ നേരത്തെ പറഞ്ഞിരുന്ന ഹോട്ടലിൽ മുറി നൽകാത്തതിനെ തുടർന്ന് വിവരമറിഞ്ഞ് എത്തിയ പെ‍ാലീസിനോട് സഹായം അഭ്യർഥിക്കുന്നു.

അതിനു പകരം നമ്മള്‍കണ്ടത് കൊറോണാ വൈറസ് വാഹകരാകേണ്ടി വന്ന ചിലരെ രാക്ഷസരായി കാണുന്ന കാഴ്ചയാണ്. അവര്‍ വാഹകരായത് മിക്കവാറും അവരുടെ പിഴവാകാനും വഴിയില്ല. ചിലര്‍ക്ക് വൈറസ് ലഭിച്ചത് യാത്രാമധ്യേ ആയിരിക്കാം. ചിലര്‍ക്ക് വിമാനമിറങ്ങുമ്പോള്‍ ഒരു രോഗലക്ഷണവും കണ്ടില്ലായിരുന്നിരിക്കാം. അതിനാല്‍ ഇത്തരക്കാര്‍ക്കു നേരിടേണ്ടിവന്ന പീഡനത്തിനും ചീത്തവിളിക്കും, അവരുടെമേല്‍ ചൊരിഞ്ഞ പുച്ഛത്തിനും ഒരു ന്യായീകരണവുമില്ല.   

ചില വിദേശ ടൂറിസ്റ്റുകള്‍ക്ക് എന്റെ സഹ മലയാളികളില്‍ നിന്ന് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മേല്‍വിവരിച്ചതിലും ഭീകരമാണ്. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാതെ റോഡിന്റെ നടുക്കു നിന്നു തോരാതെ കരയുന്ന വിദേശ ദമ്പതികള്‍ അതീവക്ലേശകരമായ അനുഭവങ്ങളില്‍കൂടിയാണ് കടന്നുപോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ക്ക്, പേടിച്ചരണ്ട ഗസ്റ്റ് ഹൗസ്, ഹോട്ടല്‍ നടത്തിപ്പുകാര്‍ ഭക്ഷണവും അഭയവും നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റ് ഇടപെട്ടാണ് അവരെ രക്ഷിക്കുന്നത്. റിസേര്‍വ്ചെയ്ത് കേരളത്തിലെത്തിയ വിദേശികള്‍ക്ക് റൂം നല്‍കാതെയിരുന്നതിനാല്‍ അവര്‍ക്ക് സിമിത്തേരികളില്‍ താമസിക്കേണ്ടതായി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഇത് കേരളത്തിലെ മാത്രം കഥയല്ല, ഇന്ത്യയൊട്ടാകെ ടൂറിസ്റ്റുകളെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഇറക്കിവിടുകയും, ടാക്‌സിക്കാര്‍ സ്വാഗതം ചെയ്യാതിരിക്കുകയും, റസ്റ്ററന്റുകളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും, പൊതു സ്ഥലത്തുവച്ച് ശത്രുതയോടെ നോക്കുകയും ചെയ്തു. വിദേശികള്‍ കൊറോണാവൈറസ് വാഹകരാണെന്ന വ്യാജ വിവരം പരത്തിയിതിന് സാമൂഹ്യ മാധ്യമങ്ങളും കുറച്ച് ഉത്തരവാദിത്വമുണ്ട്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നെത്തിയ വിദ്യാർഥികളെ പോലും ഇത്തവണ ആക്രമണത്തില്‍നിന്ന് ഒഴിവാക്കിയില്ല. മറ്റു വിദ്യാർഥികള്‍ തന്നെ അവരെ ഉപദ്രവിച്ചു. അവരുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും മര്യാദയില്ലാതെയും നോക്കിക്കാണുകയും, വംശീയമായ യാഥാസ്ഥിതികത്വം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ പെരുമാറുകയും ചെയ്തിരിക്കുന്നു. 

അവസാനമായി, ഭൂമിയിലെ ഏറ്റവും വലിയ കൂട്ടം സാമ്പത്തിക അഭയാർഥികളാണ് കേരളിയര്‍ എന്നോര്‍ക്കുക. അവര്‍ നിരന്തരം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ലോകത്തിന്റെ അറ്റത്തേക്ക് തന്റെ അഭിവൃത്തിക്കായി നീങ്ങിക്കൊണ്ടിരിക്കുന്നു. നമ്മളെത്തിച്ചേരുന്ന രാജ്യങ്ങള്‍ നമ്മളോട് മര്യാദയ്ക്കു പെരുമാറണും എന്നും, നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കണം എന്നും, നമ്മുടെ മതാചാരങ്ങളെ ബഹുമാനിക്കണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു. ഇതൊന്നും കൂടാതെ, അവരുടെ സ്വത്തിന്റെഒരു ഭാഗം നമ്മുടെ സംസ്ഥാനത്തേക്ക് കൈമാറി, നമ്മള്‍ ഇവിടെ വിട്ടിട്ടുപോയവരുടെ ജീവിതം കൂടെ അഭിവൃത്തിപ്പെടുത്താനും അവരോട് അപേക്ഷിക്കുന്നു. 

UAE-coronavirus

അതിനാല്‍, നല്ല കാലത്തായാലും, ചീത്തക്കാലത്തായാലും, നമ്മുടെ നാട്ടിലേക്കു വരുമ്പോള്‍, വിദേശ ടൂറിസ്റ്റുകളായാലും, മടങ്ങിവരുന്ന പ്രവാസികളായാലും അവര്‍ക്ക് നല്ല പെരുമാറ്റം കിട്ടുന്നു എന്ന് ഉറപ്പാക്കുക നമ്മുടെ കര്‍ത്തവ്യമാണ്. വിദേശത്തൊന്ന് കേരളത്തില്‍ വേറൊന്ന് എന്നു രണ്ടു രീതിയില്‍ ഇക്കാര്യങ്ങള്‍ സംഭവിച്ചുകൂടാ. കേരളത്തിലെ ഗവണ്‍മെന്റ് വിദേശകള്‍ക്കെതിരെയുള്ള അക്രങ്ങളെ അപലപിച്ചതും അവരെ വൈറസ് വാഹകരായി കാണരുതെന്ന് അഭ്യര്‍ത്ഥിച്ചതും എനിക്ക് പ്രതീക്ഷപകരുന്നു. പത്തു ലക്ഷത്തിലേറെ ടൂറിസ്റ്റുകളാണ് 2018ല്‍ കേരളത്തിലെത്തിയത്. ഒരു ദേശീയ വിപത്ത് പലപ്പോഴും ആ രാജ്യത്തെ ആളുകളുടെ സ്വഭാവം പുറത്തുകൊണ്ടുവരുന്നു. കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടെ'ന്നാണ് വിളിക്കുന്നത്. അതിനു പകരം ലോകത്തെക്കൊണ്ട്' പിശാചിന്റെ സ്വന്തം ആളുകള്‍' എന്നു വിളിപ്പിക്കാതിരിക്കാം! 

(ലേഖകൻ ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ ചീഫ് ടെക്‌നോളജി ഓഫിസറും, അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ്-ചെയര്‍മാനും ആണ്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com