ADVERTISEMENT

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരാൾക്കും കൃത്യമായി ഭാവിപ്രവചിക്കുവാനും അതനുസരിച്ചു തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ജീവിക്കുവാനും സാധിക്കുകയില്ലാ എന്നത് തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെയും വളർച്ചയുടെയും രഹസ്യം. ഭൂതകാലത്തിലെ ജീവിതാനുഭവങ്ങളിൽ നിന്നും അനുയോജ്യമായ പാഠങ്ങൾ ഉൾക്കൊണ്ട് നിലവിലുള്ള ജീവിതം എത്രയും ഭംഗിയായി ജീവിക്കുന്നതിലൂടെ ഭാവിയിലെ ജീവിതം ഏറ്റവും സുഗമമായി മാറുമെന്ന ഒരു ശുഭപ്രതീക്ഷ മാത്രമാണ് ലോകത്തിലുള്ള ഭൂരിഭാഗം മനുഷ്യർക്കും. എന്നാൽ കൊറോണ പോലുള്ള രാജ്യാന്തര സാംക്രമിക രോഗങ്ങൾ ഓരോ മനുഷ്യരുടെയും പ്രതീക്ഷകളെയും സങ്കല്പങ്ങളെയും തകർത്തുകൊണ്ട് ലോകത്തിൽ ഭീതിപരത്തുമ്പോൾ അന്യോന്യം സംരക്ഷണ കവചം തീർക്കുക മാത്രമാണ് നിലവിൽ അഭികാമ്യമായ ഏകമാർഗവും. 

 

ശാസ്ത്രവും സമൂഹവും ചില മനുഷ്യരെങ്കിലും കാലോചിതമായി ഈ ആധുനിക ലോകത്തിൽ വളർന്നുയെന്ന് അനുമാനിക്കുമ്പോഴും സാധാരണക്കാരായ ചില മനുഷ്യരെങ്കിലും ഇപ്പോഴും 200,000 വർഷങ്ങൾക്ക് പുറകിൽ അതായത്  ശിലായുഗത്തിലാണ്  ജീവിക്കുന്നത്  എന്ന പ്രതീതി ജനിപ്പിക്കുന്ന പെരുമാറ്റങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. അതായത് അന്നത്തെക്കാലങ്ങളിൽ അതിജീവനത്തെ സാധ്യമാക്കിയ സ്വഭാവസവിശേഷതങ്ങൾ ഇന്നും ആളുകൾ പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതം ഭീഷണിയിലാവുമ്പോൾ പ്രതിരോധത്തിലാവുകയും അപരനും തന്നെപ്പോലെ തന്നെ ഒരു മനുഷ്യനാണ് എന്നുള്ള പരിഗണനയും നൽകാതെ കാട്ടുമൃഗങ്ങളെപ്പോലെ ക്രൂരമായി ചെറുത്തു തോൽപ്പിക്കുന്ന സ്വഭാവങ്ങളും പെരുമാറ്റങ്ങളും.

 

ഈ ക്രൂരമായ മൃഗീയ സ്വഭാവം മനുഷ്യനിൽ ഇന്നും നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് പരിണാമസംബന്ധമായ വിഷയങ്ങളിൽ പഠനങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞന്മാർ ഇപ്പോഴും വിശ്വസിക്കുന്നത് "ശിലായുഗത്തിൽ നിന്ന് വ്യക്തികളെ പുറത്തെടുക്കാൻ സാധിക്കും പക്ഷെ അവരിൽ നിന്നും ശിലായുഗം പുറത്തെടുത്ത് കളയുവാൻ  സാധിക്കില്ല". അതോടൊപ്പം തന്നെ എല്ലാ മനുഷ്യരും ഒരേപോലെയല്ലായെന്നും കാലോചിതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ധാരാളം മനുഷ്യർ ലോകത്തിലുണ്ടെന്ന വസ്തുതയും ഈ ശാസ്ത്രജ്ഞന്മാർ  ഊന്നി പറയുന്നുമുണ്ട്. ഒരോ വ്യക്തികളുടെയും തനതായ ജനിതകഘടനയിലുള്ള വ്യത്യാസവും, സംസ്കാരങ്ങളിലെയും ജീവിത അനുഭവങ്ങളിലും തമ്മിലുള്ള അന്തരങ്ങളുമാണ് ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങൾ മനുഷ്യരിൽ കാണപ്പെടുന്നത്. ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞൻ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളോടെ യോചിക്കുന്നതുമാണ് മനുഷ്യന്റെ ഈ മൃഗീയ സ്വഭാവരീതികൾ. അതായത് മനുഷ്യൻ ഭൂമിക്ക് വേണ്ടി സൃഷ്ടിക്കപെട്ടതല്ല മറിച്ച് മൃഗങ്ങളിൽ നിന്നും പരിണമിച്ചു മനുഷ്യരൂപം പൂണ്ടതാണെന്ന സിദ്ധാന്തം.  അദ്ദേഹത്തിന്റെ തത്ത്വങ്ങളിൽ മനുഷ്യർ മറ്റെല്ലാ ജീവജാലങ്ങളുമായി ഒരു പൊതു പൈതൃകം പങ്കിടുന്നു, ഈ ആധുനിക ലോകത്തിലും അവരുടെ സ്വഭാവത്തിലും പ്രവത്തനങ്ങളിലും ഈ പൊതു പൈതൃകം പ്രതിഫലിക്കുന്നു.

 

കൊറോണയെന്ന മഹാമാരി ഈ ആധുനിക യുഗത്തിലും എല്ലാ മനുഷ്യരെയും അവരുടെ ഭവനങ്ങളിൽ ബന്ധനസ്ഥരാക്കിയപ്പോഴും ചില മനുഷ്യർ ഇപ്പോഴും അവരുടെ മൃഗീയ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന വാർത്തകൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലഭിക്കുമ്പോൾ മനുഷ്യരായി ഭൂമിയിൽ ജനിച്ചവർക്ക് നെഞ്ചുപൊട്ടി വിലപിക്കുവാൻ മാത്രമാണ് സാധിക്കുന്നത്. ഇപ്പോഴും അദൃശ്യമായി നിൽക്കുന്ന ശത്രു ആരുടെയൊക്കെ ജീവനെടുക്കുവാൻ എവിടെയൊക്കെ കാത്തിരിക്കുന്നു എന്ന് തിരിച്ചറിയുവാൻ സാധിക്കുന്നില്ല അപ്പോഴും പ്രത്യക്ഷത്തിൽ കാണുന്ന മനുഷ്യരോട് ഏറ്റവും ക്രൂരമായി പെരുമാറുന്നതായുള്ള സംഭവങ്ങൾ. കൊറോണ ബാധിച്ചവരും കൊറോണ ഭീതിയിൽ കഴിയുന്നവരുടെയും നിലവിലുള്ള ഏകആശ്രയം വൈദ്യശാസ്ത്രമേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ മാത്രമാണ്. 

 

ഈ മേഖലകളിൽ പ്രവർത്തിക്കുന്നതുകൊണ്ട് മാത്രം കൊറോണയിലൂടെ ജീവൻ നഷ്ടപെട്ട ധാരാളം ഡോക്ടർമാരും നഴ്സുമാരും മറ്റു മനുഷ്യരും ലോകെത്തെന്പാടുമുണ്ട്. ഇനിയും പലരും അപകടനിലകൾ തരണം ചെയ്യാതെ ചികിത്സയിലുമാണ്. ഏതു നിമിഷവും രോഗം പിടിപെടുവാൻ സാധ്യതയുണ്ടെന്നും മരണത്തിലേയ്ക്ക് വരെ നയിക്കപെടാമെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും തെല്ലും ഭയമില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ആൽമാർത്ഥമായി തങ്ങളുടെ ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.ലോകമെന്പാടും അവരോരുത്തരുടെയും പ്രവർത്തനങ്ങളെ പല രീതിയിൽ അനുമോദിക്കുവാനും അംഗീകരിക്കുവാനും മറ്റുള്ള മനുഷ്യർ ശ്രമിക്കുമ്പോൾ ജീവത്യാഗം ചെയ്ത വ്യക്‌തികളുടെ ശവശരീരത്തോടു പോലും അനാദരവ് കാണിക്കുന്ന സംഭവങ്ങൾ ഉണ്ടാവുമ്പോൾ  വീണ്ടും ഭൂമിയിൽ മനുഷ്യരായി ജനിച്ചവർക്ക് നെഞ്ചു പൊട്ടിക്കരയുവാൻ മാത്രമാണ് കഴിയുന്നത്.

 

ഭാരതത്തിൽ തന്നെ ചെന്നൈയിൽ അൻപത്തിയഞ്ചു വയസ്സ് മാത്രം പ്രായമുള്ള ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം സംസ്കരിക്കുവാൻ പോലും അദ്ദേഹത്തിന്റെ കുടുംബത്തെയും സഹപ്രവർത്തകരെയും അനുവദിക്കാതിരിക്കുക മാത്രമല്ല മൃഗങ്ങളിൽ നിന്നും പരിണാമം പ്രാപിച്ച മനുഷ്യർ ചെയ്തത്. മൃതശരീരവുമായെത്തിയ ആംബുലൻസ് തല്ലിത്തകർക്കുകയും ഡ്രൈവറെയും മറ്റുള്ളവരെയും കല്ലും വടികളുമുപയോഗിച്ചു ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമാണ് ചെയ്തത്. പല ശ്മശാനങ്ങൾ കേറിയിറങ്ങിയെങ്കിലും അവസാനം പൊലീസുകാരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് ആ മൃതശരീരം കുഴിച്ചു മൂടുവാൻ മാത്രമാണ് സാധ്യമായത്. ഒരു സാധാരണ ഡോക്ടറെക്കാളുപരി വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ.സൈമണിന്റെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതിലുപരി ഒരു മനുഷ്യന് ലഭിക്കേണ്ട അന്ധ്യോപചാരവും നിഷേധിക്കുകയാണുണ്ടത്.

 

കോവിഡ് രോഗികളുടെ പരിചരണത്തിലൂടെയാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകൾക്കും രോഗബാധയേറ്റതെന്ന് വളരെ കൃത്യമായി അറിവുണ്ടായിട്ടും അദ്ദേഹത്തിന്റെ മൃതദേഹത്തോടെ പ്രകടിപ്പിച്ച ക്രൂരത ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും എത്രത്തോളം ദുഖമുണ്ടായിട്ടുണ്ടെന്ന് ആർക്കും വിവരിക്കുവാൻ സാധിക്കില്ല. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്ന പ്രദേശങ്ങളിൽ അണുബാധ പടരുമെന്ന മിഥ്യാധാരണകളും  പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പലയാവർത്തി സാധാരണക്കാരെ ബോധ്യമാക്കിയ വസ്തുതയാണെങ്കിലും അധികാരികളെ അനുസരിക്കുവാൻ തയ്യാറാവുന്നില്ല  അംഗീകരിക്കുവാൻ കൂട്ടാക്കുന്നില്ല. ആധുനിക ലോകത്തിൽ ശാസ്ത്രം വളർന്നെങ്കിലും മൃഗങ്ങളിൽ നിന്നും പരിണമിച്ച മനുഷ്യൻ ഇന്നും ശിലായുഗത്തിലെപ്പോലെ പെരുമാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.  തങ്ങളെപ്പോലെ തന്നെയുള്ള മറ്റു മനുഷ്യർക്ക് അവരുടേതായ മാനുഷിക പരിഗണനകൾ നൽകാതെ തങ്ങളെ മാത്രം സംരക്ഷിക്കുവാൻ ശ്രമിക്കുന്ന തികച്ചും സ്വാർത്ഥപരമായ ചിന്താഗതികൾ.

 

മനുഷ്യർ മറ്റു മനുഷ്യരുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കാതെ വരുമ്പോളാണ് മനുഷ്യത്ത്വമില്ലായ്മയെന്ന് അല്ലെങ്കിൽ മനുഷ്യത്ത്വം മരവിച്ചു എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികൾക്കും ചിന്തിക്കുവാനും നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാൻ സാഹചര്യമുള്ളപ്പോഴും മൃഗങ്ങളെപ്പോലെ മറ്റുള്ളവരുടെ വീണ്ടു വിചാരമില്ലാത്ത ഇച്ഛാശക്തികൾക്ക് വശംവദരായി കൊടുക്കുമ്പോൾ വ്യക്തികളുടെ തനത് വ്യക്തിത്ത്വങ്ങളാണ് നഷ്ടപ്പെടുന്നത്. അങ്ങനെ മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളായി  മാറുന്ന വ്യക്തികൾ വെറും നാൽക്കാലി കൂട്ടങ്ങൾ മാത്രമാണ്. ഏതൊരു അവസരങ്ങളിലും സ്വന്തം തീരുമാനമെടുക്കുവാൻ സ്വാതന്ത്യമില്ലാതെ പ്രവർത്തക്കേണ്ടി വരുന്ന വ്യക്തികൾക്ക് തങ്ങളുടെ സ്വന്തം വ്യക്തിത്ത്വം എന്നന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ് അതുമല്ലെങ്കിൽ തങ്ങളുടെ വ്യക്തി സ്വാതന്ത്യം  മറ്റുള്ളവർക്ക് അടിയറവ് വയ്ക്കുകയാണ് ചെയ്യുന്നത്.  വിവേചനശക്തികളും വീണ്ടുവിചാരങ്ങളും എല്ലാ മനുഷ്യർക്കും ഉള്ളപ്പോൾ തങ്ങൾക്ക് അനിഷ്ടമായ പ്രവർത്തനങ്ങളുടെ മേൽ വികാരാധീനരാവുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് സർവ്വ സാധാരണമാണ്. എന്നാൽ എടുത്തുചാടിയുള്ള പ്രവർത്തനങ്ങളിലൂടെ മറ്റു വ്യക്തികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് അത്  ഒരുകാലത്തും നീതികരിക്കുവാൻ സാധിക്കാത്ത കുറ്റകൃത്യമായി മാറും. കൂട്ടം കൂടിയോ സംഘം ചേർന്നോ മറ്റുള്ളവരുടെ മേൽ അത്യാചാരങ്ങൾ നടത്തുമ്പോൾ മാനുഷിക നീതിയ്ക്കു പകരം കാട്ടുനീതിയാണ് പ്രാവർത്തികമാക്കുന്നത്.  ശിലായുഗങ്ങളിൽ കാണപ്പെട്ടിരുന്ന മൃഗങ്ങളിൽ നിന്നും പരിണമിച്ച മനുഷ്യന്റെ പ്രവർത്തനരീതികൾ. 

 

ലോകം വളർന്നെങ്കിലും ചില പരിണമിച്ച മനുഷ്യരുടെയെങ്കിലും ചിന്താഗതികളും ജീവിതരീതികളും ഇനിയും മാറാതിരിക്കുവാനുള്ള കാരണവും വീണ്ടും പരിണാമ സിദ്ധാന്തത്തിലെ ശാസ്ത്രജ്ഞർ വിവരിക്കുന്നുണ്ട്. അവയെല്ലാം ഒരുപരിതിവരെ ശരിയുമായിരിക്കാം എങ്കിൽ പോലും ഒരേ സമൂഹത്തിൽ ജീവിക്കുമ്പോൾ സഹോദരങ്ങളാണെന്ന് പ്രത്യക്ഷത്തിൽ പറയുകയും പരോക്ഷമായി അനുദിനം ദ്രോഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികളുടെ മനസികാവസ്ഥകൾക്കാണ് ചികിത്സയുടെ ആവശ്യം. മനുഷ്യർ വ്യക്തിപരമായി മറ്റുള്ളവരോട് അകാരണമായി വിധ്വെഷം പുലർത്തുന്ന രീതികൾ കണ്ടുവരുന്നത് കൂടുതലും വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്താത്ത വ്യക്തികളിലാണ് എന്നാൽ അവരിൽ ചിലർ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്താഗതികളിൽ മാറ്റങ്ങൾ വരുത്താറുമുണ്ട്. അനുയോജ്യമായ വിദ്യാഭ്യാസവും ധാരാളം ജീവിതാനുഭവങ്ങളുമുള്ള വ്യക്തികൾക്ക് പോലും അവരുടെ വികാരങ്ങളെ എല്ലായ്പ്പോഴും നിയന്ധ്രിക്കുവാൻ സാധിക്കാതെ വരുന്ന അവസരങ്ങളുമുണ്ട്. 

 

അപ്പോൾ ഇതൊന്നുമില്ലാത്ത സാധാരണക്കാരിൽ നിന്നും വളരെ നീചമായ പ്രതികരണങ്ങൾ പ്രേതീക്ഷിക്കാം. പ്രത്യേകിച്ചും വളരെ സ്വാർത്ഥമതികളായ മനുഷ്യരിൽ നിന്നും, ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു നന്മയും തിരിച്ചറിയുവാൻ സാധിക്കാത്ത വ്യക്തികളിൽ നിന്നും. അതിലുപരി ഇങ്ങനെയുള്ള മനുഷ്യരുടെ ഒരു കൂട്ടം തന്നെ ഉടലെടുത്താൽ, അങ്ങനെയൊരു കൂട്ടത്തെ നിയന്ധ്രിക്കുവാൻ ബുദ്ധിമുട്ടായി വരുക തന്നെ ചെയ്യും. കാരണം മറ്റൊന്നുമല്ല അവരോരുത്തരെയും നയിക്കുന്നത് അവരുടെ നൈമിഷക ചിന്താഗതികൾ  മാത്രമാണ് സ്വാർത്ഥത നിറഞ്ഞ അവരുടെ വിചാരങ്ങളില്ലാത്ത വികാരങ്ങൾ.

നൈമിഷികമായ വികാരങ്ങൾക്ക് അടിമപ്പെട്ടു കാടത്വം പ്രവർത്തിക്കുന്ന കലാപകാരികൾ തമ്മിലുള്ള ബന്ധവും സദൃഢമല്ലായെന്നു തന്നെയാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതും. 

 

സമൂഹത്തിൽ കലാപത്തിന് പുറപ്പെടുന്ന പല വ്യക്തികൾക്കും യഥാർത്ഥ കാരണങ്ങൾ അറിവില്ലാതെയാണ് കലാപങ്ങളിൽ പങ്കെടുക്കുന്നത്. സമൂഹത്തിൽ  ചില പ്രമുഖവ്യക്തികളോടുള്ള അമിതമായ പ്രതിബദ്ധത മൂലം കലാപങ്ങളിൽ പെട്ടു പോവുകയാണ് പലരും. അതുകൊണ്ടു മാത്രമാണ് പര്യാപ്‌തമായ പോലീസ് സേനയുണ്ടെങ്കിലും കലാപകാരികളെ അടിച്ചമർത്താതെ അവരോരുത്തരെയും പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവത്കരിച്ചും ചില അവസരങ്ങളിൽ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നത്.  സംഘടിതമായ ഭീകരാക്രമണങ്ങളിൽ അല്ലാതെ കലാപകാരികൾ മാരകമായ ആയുധങ്ങളും ഉപയോഗിക്കാറുമില്ല അതുകൊണ്ടു തന്നെ സമയോചിതമായ നയതന്ത്രങ്ങളിലൂടെ നിയന്ത്രിക്കുവാനും സാധിക്കും. 

 

കലാപങ്ങളിലൂടെ ഒരു രാജ്യത്തും മാറ്റങ്ങൾ വരുത്തുവാൻ ആർക്കും സാധിച്ചിട്ടില്ല.  പങ്കെടുക്കുന്നവർക്കും ലക്ഷ്യം വച്ചിട്ടുള്ള ചിലർക്കും മാത്രമാണ് നഷ്ടങ്ങൾ സംഭവിക്കുന്നത്. ചില അവസരങ്ങളിൽ തീർത്താൽ തീരാത്ത നഷ്ടങ്ങൾ. ഇതുതന്നെയാണ് ഡോ. സൈമൺ ഹെർക്കുലീസിന്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷെ അതിലുപരി അദൃശ്യമായ ശത്രുവിനെതിരെ സ്വന്തം ജീവിതം പോലും പണയംവച്ച് മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന ആരോഗ്യപരിപാലകരുടെ ആൽമവിശ്വാസമാണ് നഷ്ടപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ സംരക്ഷിക്കേണ്ടതും അതൊന്നുമാത്രമാണ്. ലോകത്തിലുള്ള എല്ലാ ആരോഗ്യപരിപാലകരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാൽ മാത്രം മതിയാവുകയില്ല. അവരോരുത്തരെയും നമ്മുടെ ഹൃദയങ്ങളിൽ നിന്നും അനുമോദിക്കണം. ജീവിച്ചിരിക്കുന്നവരെപ്പോലെ തന്നെ അവരുടെ ചേതനയറ്റ ശരീരങ്ങളെയും ഒരേപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com