sections
MORE

ജൂസപ്പെ

male-angel
SHARE

ജൂസപ്പേ, നിനക്കായി

മലര്‍ക്കെത്തുറക്കുന്നൂ

സ്വര്‍ഗഗോപുരവാതില്‍

സഹര്‍ഷം മാലാഖമാര്‍.

താതസന്നിധി വിട്ടു

വരവായ് തേജോമയ

പുത്രനീ ധന്യാത്മാവെ

പൊന്മുടി ചൂടിക്കുവാന്‍

നിന്‍റെ മേല്പിടിക്കുന്ന

സ്നേഹത്തിന്‍ കൊടി, രക്ത

വര്‍ണ്ണാഭമാര്‍ന്നായാഗ

സ്മൃതിയായ് വിരാജിപ്പൂ.

ബര്‍ഗായിലാരും നിന്നെ

യാത്രയാക്കുവാന്‍, തുള്ളി

കണ്ണുനീര്‍ പൊഴിക്കുവാന്‍

ഇല്ലാതെപോയെന്നാലും

നിന്‍റെ ജീവിതം സ്വര്‍ഗ്ഗ-

മാഘോഷിച്ചീടും; ദീര്‍ഘ

കാലമായ് ഒരു ദേഹി

വന്നതാണല്ലോ വീട്ടില്‍!

തന്‍റെ കൈകളാല്‍ തിരു

കര്‍മ്മമേറ്റവര്‍ രോഗ

ഗ്രസ്തരായ് ഇളവിട്ടു

പോകുന്നതെല്ലാം നോക്കി

നൊന്തുനില്‍ക്കവേ, സ്വന്തം

ജീവനില്‍ പടരുന്ന

മൃത്യുവിന്‍ ഗന്ധം തിരി-

ച്ചറിയാനാവാതെ പോയ്.

ചാരത്തു പ്രാണന്‍ കിട്ടാ-

തുഴറും യുവാവിനായ്

സ്വന്തജീവിതം കാക്കും

യന്ത്രമേകുവാന്‍ ചൊന്ന്,

മൃത്യുവേ വരിച്ചോരു

ധന്യനാം പുരോഹിതാ

നിന്‍ പാദപാംസുക്കള്‍കൊ-

ണ്ടാകട്ടെന്‍ നീരാജനം.

സ്നേഹിതനായി പ്രാണ-

നേകുവതേക്കാളേറെ

സ്നേഹമേയില്ലെന്നോതി-

ത്തന്ന തന്‍ ഗുരുവിനെ

ചരണം പ്രതിയനു-

ഗമിക്കാന്‍ കൊതിച്ച നിന്‍

ജനനം ഇതിഹാസ-

മാക്കി നീ രചിച്ചല്ലോ.

ഞങ്ങളല്പന്മാര്‍ കുരി-

ശ്ശെടുത്തു തമ്മില്‍ തല്ലി-

ക്കീറുന്ന വിശുദ്ധന്മാര്‍.

വചനം സ്വകാര്യ സ്വ-

ത്താക്കുന്ന പ്രവാചകര്‍

വിശ്വാസ മര്‍മ്മങ്ങളെ

വിറ്റു കാശാക്കുന്നവര്‍

സ്വന്ത കണ്ണിലെ മര-

ക്കോലിനെ കാണാതന്യ

കണ്ണിലെ കരടിനെ

തേടുന്ന കുരുടന്മാര്‍...

മാരികള്‍ വരും, മഹാ

മാരികള്‍ വരും പോകും

നാള്‍ വരെ പരസ്പരം

സ്നേഹിച്ചു കഴിയുവോര്‍,

പിന്നെയും തുടരും പോര്‍-

വിളികള്‍, പൂര്‍വാധികം

ശക്തിയില്‍ നിണം കണ്ടു

പുളയ്ക്കും നരാധമര്‍.

മതിയെന്‍ വിലാപങ്ങള്‍

ധന്യമാനവാ, നിന്‍റെ

സ്മൃതിയില്‍ കളങ്കമായ്

തീരരുതെന്‍ കണ്ണുനീര്‍!!

നിനയാ നേരത്തെഴു-

നൂറുകോടിയെ കരി

നിഴലില്‍ വിഴുങ്ങിയ

വൈറസ്സിന്‍ മഥനത്തില്‍

ഞങ്ങള്‍ക്കു കാലം തന്നോ-

രമൃതിന്‍ കണമാണു

വൈദിക തപോധനന്‍

ജൂസപ്പെ ബെരാര്‍ ഡെല്ലി !!

ജൂസപ്പേ, നിനക്കായി

മലര്‍ക്കെത്തുറക്കുന്നൂ

സ്വര്‍ഗ ഗോപുര വാതില്‍

പോവുക പുണ്യാത്മാവേ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA