ADVERTISEMENT

എല്ലാ രാജ്യങ്ങളിലും മഹാമാരിയായിയെത്തി മനുഷ്യന്റെ ജീവിത സ്വാതന്ത്രങ്ങളെല്ലാം തന്നെ അവസാനിപ്പിച്ചെങ്കിലും ഈ ആധുനിക ലോകത്തിൽ കൊറോണാ മനുഷ്യന് നൽകുന്ന പാഠങ്ങളേറെയാണ്. അതിലൊന്ന് ജീവിതത്തിൽ ഒറ്റയാനായി ജനിക്കുന്ന മനുഷ്യർ പിന്നീടുളള ജീവിതത്തിലും പരസഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ  ജീവിക്കേണ്ട ആവശ്യകതയെയുമാണ്.  വികസിത രാജ്യങ്ങളിൽ കുട്ടികൾ പ്രായപൂർത്തിയായാലുടൻ അതായത് പതിനെട്ടു വയസ്സ് മുതൽ തന്നെ മാതാപിതാക്കളുടെ സംരക്ഷണവും സഹായവുമില്ലാതെ ജീവിക്കുവാൻ തുടങ്ങുകയാണ്. അതിനുമുൻപ് തന്നെ കുട്ടികൾക്ക് സ്വതന്ത്രരായി ജീവിക്കുവാനുള്ള പരിശീലനവും നൽകുന്നുണ്ട്. പതിനെട്ടു വയസ്സ് പൂർത്തിയായിട്ടും വീട്ടിൽ തന്നെ താമസിക്കുന്ന ചെറുപ്പക്കാരിൽ നിന്നും വാടക വാങ്ങുന്ന മാതാപിതാക്കളുമുണ്ട് പല രാജ്യങ്ങളിലും. 

പ്രായപൂർത്തിയായാലുടൻ തന്നെ ഉപരിപഠനങ്ങളുടെ ചിലവുകൾ ഭൂരിഭാഗവും കുട്ടികൾ തന്നെയാണ് വഹിക്കുന്നത്. ചില വ്യക്തികൾ ഇതിനെ കുട്ടികളുടെ മേലുള്ള ബാധ്യതയായി കാണുന്നുണ്ട് പക്ഷെ അതിലൂടെ  കുട്ടികൾ കൂടുതൽ ഉത്തരവാദിത്ത്വബോധമുള്ളവരായി മാറുന്ന വസ്തുത അവഗണിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ ഭാരതം പോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് അവർ അർഹിക്കുന്ന സ്വാതന്ത്രം അനുയോജ്യമായി നൽകുന്നുമില്ല അതിലുപരി കുട്ടികൾക്കും അവരുടെ വരും തലമുറയ്ക്കുള്ളതുകൂടി സമ്പാദിച്ചു നൽകുകയാണ് ചെയ്യുന്നത്.  മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യമായിരിക്കാം ഇതിനു പുറകിലുള്ള ചേദോവികാരം. പക്ഷേ, ഇതനുഭവിക്കുന്ന കുട്ടികൾ സ്വന്തം കാലിൽ നിൽക്കുവാൻ ത്രാണിയില്ലാത്ത വ്യക്തികളായി വളരുന്ന വസ്തുത മനസിലാക്കുന്നുമില്ല.

യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടണിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന മലയാളി ചെറുപ്പക്കാരന് ആഹാരം തീർന്നപ്പോൾ ഭൂഖണ്ഡങ്ങൾ അകലെയുള്ള മാതാപിതാക്കളെ അറിയിക്കുകയും മണിക്കൂറുകൾക്കകം കേരളത്തിലെ മുഖ്യമന്ത്രി ഇടപെട്ട് ഭക്ഷണ സാധനങ്ങളെല്ലാം അവരുടെ പക്കലെത്തിച്ചു എന്ന വാർത്ത വായിക്കുന്ന സാധാരണക്കാർക്ക് ഈ വാർത്തയിൽ എത്രത്തോളം കഴമ്പുണ്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല. മൂന്നരക്കൊടി ജനങ്ങൾ മാത്രമുള്ള കേരളത്തിൽ ഈ ദുരിത കാലത്ത് ലക്ഷക്കണക്കിന് മലയാളികൾ മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലും ഓരോ ദിവസവും തള്ളിനീക്കുമ്പോൾ ആയിര കണക്ക് മൈലുകൾ അകലെ താമസിക്കുന്ന പ്രവാസിയുടെ വിശപ്പുമാറ്റുവാൻ സമയം കണ്ടെത്തിയെങ്കിൽ അദ്ദേഹത്തിന്റെ പ്രവാസികളോടുള്ള പ്രതിബദ്ധത വളരെയധികം തന്നെയാണ്. 

മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ജോലിക്കാരോ ഇനി വിദേശകാര്യ വകുപ്പുദ്യോഗസ്ഥരോ ആരെങ്കിലുമാണ് ഇത്രയും മാതൃകാപരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അവരോടുള്ള അപേക്ഷ ഒന്നുമാത്രമാണ് യുകെ പോലുള്ള വികസിത രാജ്യങ്ങളിൽ ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരുൾപ്പെടുയുള്ള ഓരോ മനുഷ്യരെയും ഒരേപോലെ ഇവിടുത്തെ ഉദ്യോഗസ്ഥർ  അനുനിമിഷവും  സംരക്ഷിക്കുന്നുണ്ട്. അതിലുപരി ധാരാളം സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ അവരുടേതായ നിലയിൽ സഹായമെത്തിക്കുന്നുണ്ട്.  ടെലിഫോണുകളിലൂടെ ബന്ധപ്പെടുവാനും തത്സമയ സഹായമെത്തിക്കുവാനുമുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അതിലുപരി പ്രാദേശിക ഭരണകൂടങ്ങൾ (കൗൺസിൽ) എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് അനുനിമിഷം സഹായമെത്തിക്കുവാൻ തയാറുമാണ്. ഇനിയെങ്കിലും താങ്കളുടെ വിലയേറിയ സമയം കഴിവതും മറ്റു രാജ്യങ്ങളിൽ കഷ്ട്ടപ്പെടുന്ന മലയാളികളുടെ ദുരിതങ്ങൾ അകറ്റുവാൻ ഉപയോഗിക്കുക.

മുകളിൽ വിവരിച്ച സംഭവത്തിൽ ബാഹ്യലോകമറിയാത്ത പലകഥകളുണ്ടാവാം പക്ഷേ, പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ അനുയോജ്യമായ തീരുമാനമെടുക്കുവാൻ സാധിക്കാതെ വരുന്ന യുവതലമുറയുടെ നിസ്സഹായാവസ്ഥയാണ് ഉൽഘണ്ഠജനകമാവുന്നത്. കാലത്തിനൊത്ത് പ്രായോഗികമായി ചിന്തിക്കാതെയും സ്വന്തമായി ആഹാരം തേടുവാൻ ത്രാണിയില്ലാതെ വളർന്നത്  ചെറുപ്പക്കാരുടെ കഴിവുകേട് മൂലമല്ല  മറിച്ച് അവരുടെ മാതാപിതാക്കളുടെ അമിതമായ വാത്സല്യത്തിലൂടെ സംരക്ഷണ കവചം ഉണ്ടാക്കിയതുമൂലമുള്ള  പിഴവുകേടാണ്. സ്വന്തം കുഞ്ഞുങ്ങൾ പ്രായപൂർത്തിയായാൽ അവരെ അവരുടെ വഴിക്ക് പിരിച്ചുവിടുന്ന സാധാരണ മൃഗങ്ങളുടെ സാമാന്യ ബോധം പോലും തിരിച്ചറിയുവാൻ സാധിക്കാതെ മക്കളോടുള്ള അമിതമായ സ്നേഹത്താൽ അന്ധരായി പോകുന്ന മാതാപിതാക്കൾ, പ്രായോഗിക ജീവിതത്തിലുള്ള വെല്ലുവിളികളെ നേരിടുവാൻ പ്രായോഗികമായിത്തന്നെ  മക്കളെ ചിന്തിക്കുവാനും പഠിപ്പിക്കുവാനും മറന്നുപോയ മാതാപിതാക്കൾ. ആൽബർട്ട് ഐൻസ്റ്റീന്റെ  വാക്കുകൾ കടമെടുക്കയാണെങ്കിൽ "ജീവിതത്തിൽ ജ്ഞാനം ലഭിക്കുവാനുള്ള ഏക മാർഗം ജീവിതാനുഭവങ്ങളിലൂടെ മാത്രമാണ്" വിവിധ കലാലയങ്ങളിലൂടെ ലഭിക്കുന്ന വിജ്ഞാനം പൂർണ്ണമാവുന്നത്  മനസ്സിനെ ചിന്തിക്കുവാൻ പ്രവർത്തനത്തിലൂടെ പരിശീലിപ്പിക്കുമ്പോൾ മാത്രമാണ്. പ്രയോഗികമായി ഉപയോഗിക്കുവാൻ സാധിക്കാതെ വരുന്ന ഉന്നത വിജ്ഞാനം പോലും കാലക്രെമേണ ഉപകാരപ്പെടാതാവുകയും എന്നാൽ അനുദിന ജീവിത പരിജ്ഞാനങ്ങൾ വീണ്ടും വളരുകയും കൂടുതൽ ഉപകാരമായി മാറുകയും ചെയ്യുകയാണ് പതിവ്.

മക്കളെ വളർത്തുകയെന്നുള്ളത് ഒരു കാലത്ത് അതായത് കൂട്ടുകുടുംബങ്ങളായി ജീവിച്ചിരുന്ന കാലഘട്ടങ്ങളിൽ ഒരു ജോലിയോ ഒരു ബാധ്യതയുമായിരുന്നില്ല കാരണം ഓരോ കുട്ടികൾക്കും ശിഷ്ടകാല ജീവിതത്തിലേയ്ക്കാവശ്യമായിരുന്ന എല്ലാവിധ അനുഭവങ്ങളും കഴിവുകളും കൂട്ടുകുടുംബങ്ങളിലെ മറ്റു വ്യക്തികളുമായുള്ള അനുദിന ഇടപെടലുകളിലൂടെ ലഭിച്ചിരുന്നു. അതിലൊന്നുമാത്രമാണ് മനുഷ്യന്റെ ജീവൻ നിലനിർത്തുവാനാവശ്യമായ ആഹാരം ശരീരത്തിനാവശ്യമുള്ള അവസരത്തിൽ മനുഷ്യർക്ക് വിശപ്പനുഭവപ്പെടും. അപ്പോൾ മാത്രമായിരിക്കും പലരും ആഹാരത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യുന്നത് അതുകൊണ്ടു മാത്രമാണ് കൊച്ചു കുട്ടികൾ സാധാരണ കരയുക പോലും ചെയ്യുന്നത്. അതിനെത്തുടർന്നായിരിക്കാം കരയുന്ന കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കണമെന്ന ആശയം പോലും ഉരുത്തിരിഞ്ഞത്. 

രണ്ടാമതായി കൂട്ടുകുടുംബങ്ങളിൽ ആരോഗ്യമുള്ള എല്ലാവരും ഒരുമിച്ചു ജോലിചെയ്യേണ്ടിയിരുന്നതിനാൽ കുഞ്ഞുകുട്ടികളുടെ പരിപാലനം കൂടുതലും പ്രായമായവരും മറ്റു മുതിർന്ന കുട്ടികളുടെയും ചുമതലയായിരുന്നു. പല വ്യക്തികളുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾക്ക് ധാരാളം വേറിട്ട അനുഭവങ്ങൾ ലഭിക്കുകയും അതോടൊപ്പം സ്വന്തമായി ചിന്തിക്കുവാനുള്ള അവസരവും ലഭിച്ചിരുന്നു. കാലക്രമേണ എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കുവാനുള്ള കഴിവും ലഭിച്ചിരുന്നു. എന്നാൽ കാലം മാറിയപ്പോൾ അതായത് കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് മനുഷ്യന്റെ ജീവിത രീതികൾ മാറിയപ്പോൾ കുട്ടികളെ വളർത്തുകയെന്നുള്ളത് മാതാപിതാക്കളുടെ മാത്രം ജോലിയായി മാറുകയും കുട്ടികൾക്ക് മറ്റു വ്യക്തികളുമായി ഇടപഴുകുവാനുള്ള അവസരങ്ങളുമില്ലാതായി.

ലോകത്തിലുള്ള മനുഷ്യരെല്ലാവരും തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ  ജീവിക്കുന്നവരും സങ്കീർണ്ണമായ ജീവിതരീതികളിലൂടെ അനുദിനം സഞ്ചരിക്കുന്നവരാണെങ്കിലും ഏറ്റവും മേന്മയേറിയ സ്വഭാവ രീതികൾ സ്വന്തമായി  അവലംഭിക്കുവാനും ബാഹ്യമായി പ്രകടിപ്പിക്കുവാനും  ആഗ്രഹിക്കുന്നവരാണ്.  കാരണം മറ്റൊന്നുമല്ല വ്യക്തിജീവിതങ്ങളിൽ മറ്റുള്ളവർക്ക് ഭാരമാകുവാൻ ആരും ആഗ്രഹിക്കുന്നില്ല. അതോടൊപ്പം ജീവിത ലക്ഷ്യങ്ങൾ വ്യക്തിപരമായി നേടിയെന്നൊരു ആൽമവിശ്വാസം ഉളവാക്കിയെടുക്കുകയും ചെയ്യണം. അതിനാവശ്യം ഓരോരുത്തരുടെയും ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ  സന്ദർഭോചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് രൂപപ്പെടുത്തുക മാത്രമാണ്. 

മാതാപിതാക്കളും ബന്ധുമിത്രാദികളും ജീവിതത്തിൽ എല്ലായ്പ്പോഴും കൂടെ ഉണ്ടായിരിക്കുകയില്ല അതുപോലെതന്നെ എല്ലായ്പ്പോഴും മറ്റുവള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം വിജയിക്കുകയുമില്ലായെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും മനസിലാക്കുവാനും സാധിക്കുന്നുണ്ട്. ബന്ധങ്ങൾ ഓരോ മനുഷ്യജീവിതത്തിലും അനിവാര്യമാണെങ്കിലും ജീവിതത്തിൽ എല്ലായ്പ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടത് വ്യക്തികൾ മാത്രമാണ്. ആദ്യകാലങ്ങളിൽ തെറ്റുകൾ സംഭവിക്കാം പക്ഷെ തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. എങ്കിലും മറ്റുള്ളവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം നന്മതിന്മകൾ വേർതിരിച്ചു  എന്തുതന്നെയായാലും സ്വയം തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തിയുള്ളവരായി മാറണം. ഓരോരുത്തരും ജനിക്കുന്നതും  മരിക്കുന്നതും ഒറ്റയ്ക്ക് തന്നെയാണെന്ന വസ്‌തുത വിസ്‌മരിക്കാതെ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും  ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ ശീലിക്കണം.

ലോകാരംഭം മുതൽ മനുഷ്യൻ അനിശ്ചിതങ്ങളുടെ നടുവിൽ മാത്രം ജീവിക്കുന്നവരാണ് ഓരോ കാലഘട്ടങ്ങളിലും വേറിട്ടതും എളുപ്പത്തിൽ പരിഹരിക്കുവാൻ  സാധ്യമല്ലാത്ത ജീവിത പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവർ. പക്ഷെ എല്ലാക്കാലങ്ങളിലും വിജയമെന്നും ലഭിക്കുന്നത് പരിശ്രമശാലികളായ മനുഷ്യർക്ക് മാത്രമാണ്. എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടുവാനും തരണം ചെയ്യുവാനുള്ള കഴിവും മനുഷ്യർക്ക് ജന്മനാ ലഭിച്ചിട്ടുണ്ട്, സമയോചിതമായി പ്രയോഗിക്കുക മാത്രമാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതിലേയ്ക്ക് വേണ്ടത് ചെറുപ്പം മുതലുള്ള നിരന്തരമായ പരിശീലനം മാത്രം. അത് നൽകേണ്ടത് മാതാപിതാക്കൾ മാത്രമാണ്. 

സ്വന്തം കുട്ടികൾ നാളെയുടെ നല്ല പൗരന്മാരായി വളരണമെന്ന് ആഗ്രഹിക്കുക മാത്രം ചെയ്യാതെ അവരെ സ്വതന്ത്രമായി ജീവിക്കുവാൻ അനുവദിക്കുക. ജീവിതത്തിൽ തെറ്റും ശരിയും സ്വയം തിരിച്ചറിയുവാനുള്ള ജീവിതാനുഭവങ്ങൾ ലഭിക്കുവാനുള്ള അവസരങ്ങളുളവാക്കുക. കുട്ടികളുടെ നന്മയേറിയ പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ടിരിക്കാതെ പ്രോത്സാഹിപ്പിക്കുവാൻ മാത്രം ശ്രമിക്കുക. പ്രവർത്തനമേഖലകളിൽ അനുസരണങ്ങളേക്കാളുപരി സഹകരിച്ചു പ്രവർത്തിക്കുവാൻ ശീലിപ്പിക്കുക. തെറ്റുകൾ ചെയ്യുമ്പോൾ ആവർത്തിക്കാതിരിക്കാനായി ശിക്ഷകളേക്കാളുപരി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുക. എല്ലാറ്റിനുമുപരിയായി അനുദിന അതിജീവനം ശീലിപ്പിക്കണം, വളർച്ചയ്ക്കാവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്നതിനൊപ്പം അതിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങൾ വളർത്തണം. പാകം ചെയ്ത ആഹാരം സമയാസമയങ്ങളിൽ കഴിക്കുന്നതിനുപരി ആഹാരപദാർത്ഥങ്ങൾ  മണ്ണിൽ നിന്നും ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണം നടത്തണം.

മാതൃകാപരമായി കുട്ടികളെ വളർത്തുകയെന്നത് അത്ര എളുപ്പമുള്ള വസ്തുതയല്ലെങ്കിലും ഇനിയൊരു തലമുറ ഈ ഭൂമിയിൽ നിലനിൽക്കണമെന്നാഗ്രഹമുള്ള മാതാപിതാക്കൾ സ്വന്തം കുട്ടികളെ സ്നേഹിക്കുന്നതിനുപരി ലോകത്തിൽ ജീവിക്കുവാൻ മാത്രം പഠിപ്പിക്കുക. അനുദിന ജീവിത പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിവുള്ള വ്യക്തികളായി പരിശീലിപ്പിച്ചെടുക്കുക. ഈ മേഖലകളിൽ നടന്നുട്ടുള്ള പല പഠനങ്ങളിൽ നിന്നും മനസിലാക്കുന്നത് കുട്ടികളെ നന്നായി വളർത്തുവാനുതകുന്ന രീതി ആധികാരികതയുടേത് മാത്രമാണ് അതായത് ശിക്ഷണത്തിലും അതോടൊപ്പം ഉറച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ സമ്മിശ്രണമായ രീതി. ഇതുപോലുള്ള രീതികളിൽ വളരുന്ന കുട്ടികളെല്ലാവരും തന്നെ  പഠനമികവ് പുലർത്തുന്നവരും  എല്ലാ മേഖലകളിലും ഉന്നതനിലവാരം പുലർത്തുന്നവരുമാണെന്ന് തെളിയിച്ചിട്ടുണ്ട്. കുട്ടികളുള്ള കുടുംബങ്ങളിൽ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത് തെറ്റല്ല പക്ഷേ, തീരുമാനങ്ങളുണ്ടായിരിക്കണം, ശക്തമായ തീരുമാനങ്ങൾ. കുട്ടികൾക്ക് എക്കാലവും അവരുടെ ജീവിതത്തിൽ മാതൃകയാക്കാവുന്നവ ഉറച്ച തീരുമാനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com