sections
MORE

പുത്തൻകാവു മാത്തൻ തരകന്റെ കാവ്യപ്രപഞ്ചം

Puthenkavu_mathen-tharakan
SHARE

ഒൻപതു ദശാബ്ദങ്ങളിലൂടെ( 09–05–1903  To 04–05–1993) സംഭവ ബഹുലമായ ജീവിതം നയിച്ച പ്രതിഭാശാലിയായ കവിപൂംഗവൻ പുത്തൻകാവു മാത്തൻ തരകന്റെ ജന്മശതാബ്ദി 2003  ഏപ്രിലിൽ സാക്ഷര കേരളം ആദരിക്കയുണ്ടായി. അദ്ദേഹത്തിന്റെ കാവ്യപ്രവഞ്ചത്തിലേക്ക് ഒരെത്തിനോട്ടമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. കേരളത്തിലെ തെക്കൻ ഗ്രാമമായ ചെങ്ങന്നൂരിലെ പുത്തൻകാവ് എന്ന അങ്ങാടി പ്രദേശത്തെ സാഹിത്യ  നഭോമണ്ഡലത്തിലേക്കുയർത്തുവാൻ 1903 സെപ്റ്റംബർ 5 ന് ഭൂജാതനായി. ഏപ്രിൽ 5, 1993 ൽ 90–ാം വയസ്സിൽ കാലയവനികയിൽ മറഞ്ഞുവെങ്കിലും സാഹിത്യവിഹായസ്സിൽ ചിരപ്രഭ തൂകിനിൽക്കുന്ന ഒരുജ്വല ജ്യോതിസ്സായി ഇന്നും ആ ശ്രീമാൻ വിരാജിക്കുന്നു.

തുഞ്ചത്തെഴുത്തച്ചനുശേഷം ഭക്തി സാഹിത്യത്തെ ബഹുധാ സംപോഷിപ്പിച്ച കിളിപ്പാട്ടുകാരൻ, കേരളഭാഷാ സാഹിത്യങ്ങളുടെ അനശ്വരാഭിമാനമായ കവികുലപതി, ജന്മസിദ്ധമായ പ്രതിഭ, അവിശ്രാന്തമായ അധ്വാനം, അഗാഥമായ പാണ്ഡിത്യം,  ആരിലും ആദരം ജനിപ്പിക്കുന്ന അനവദ്യസുന്ദരമായ ജീവിതശൈലി എന്നിവയുടെ ഉടമ, ഗായകൻ, ഗ്രന്ഥകർത്താവ്, പ്രകൃതിയുടെ കാമുകനായ സൗന്ദര്യാരാധകൻ, മഹാദ്ധ്യാപകൻ, വിദ്യാഭ്യാസ  വിചക്ഷണൻ, കഥാകാരൻ, നാടകകൃത്ത്, ഫലിതപ്രിയൻ, പത്രപ്രവർത്തകൻ, സ്നേഹ നിധിയായ കുടുംബനാഥൻ, കൈരളി കവനവേദിയിൽ ആറരദശകത്തിലധികം മുഴങ്ങിക്കേട്ട ഏകവും  വ്യക്തവുമായൊരു ശബ്ദത്തിന്റെ ഉടമ– ഇതിനൊക്കെയുപരിയായി, ഈശ്വരാനുഗ്രഹം ആവോളം ലഭിച്ച ഭാഗ്യശാലിയും ആയിരുന്നു കഥാപുരുഷനായ മഹാകവി പുത്തൻകാവു മാത്തൻ തരകൻ.

ബിഎ, എംആർഎസ്എൽ, എംഎ എന്നീ ബിരുദങ്ങൾ‍ നേടി, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗത്വമുള്ള ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യുവാൻ കഴിവുള്ള ആ പണ്ഡിതവര്യനെ, 1971 ൽ 68–ാം മത്തെ വയസ്സിൽ, നാൽപ്പത്തഞ്ചു വർഷക്കാലത്തെ തുടർച്ചയായ അദ്ധ്യാപക വൃത്തിയിൽ നിന്നു വിരമിച്ച ആ ദേശിക പ്രമുഖനെ വിവിധ വിദ്യാലയ കലാലയാധ്യാപനത്തിനുശേഷം 1958 –68 കാലയളവിൽ പത്തനംതിട്ട കാതോലിക്കേറ്റു കോളജിൽ മലയാളം , സംസ്കൃതം പ്രൊഫസറായും പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ച ആ അദ്ധ്യാപകശ്രേഷ്ഠനെ, എന്റെ പ്രിയ ഭർത്താവ് ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായുടെ മലയാളം, സംസ്കൃതം, എം എ ക്ലാസിലെ പ്രഗത്ഭനായ ആ ഗുരുഭൂതനെ, തുളുമ്പുന്ന ഭക്ത്യാദരങ്ങളോടു കൂടി ഞാൻ പ്രണമിക്കുന്നു.

അദ്ദേഹത്തിന്റെ വത്സല ശിഷ്യൻ യശഃശരീരനായ ഡോ. സാമുവൽ ചന്ദനപ്പള്ളിയുടെ ഭാഷയിൽ, സാഹിത്യവേദിയിൽ പ്രശസ്തിക്കുവേണ്ടി പ്രതിഭാശക്തിയെ കുരുതി കഴിക്കാത്ത ധിഷണാശാലി, മത മണ്ഡലത്തിൽ ഭാരതീയവും  ഭാരതേതരവുമായ മതദർശനങ്ങളെ സ്വാംശീകരിച്ചിട്ടുള്ള ആത്മീയ പൗരുഷത്തിന്റെ ഉടമ. അനേക ജന്മസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളുള്ള ശ്രുതിലയമധുരമായ ഒരു രാഗമാലിക. അരുമ ശിഷ്യൻ മാത്യു ശങ്കരത്തിൽ (മലയാള മനോരമ സീനിയർ സബ് എഡിറ്റർ) പറയുന്നു. സ്വയം പ്രകാശിക്കുകയും അനേകരെ പ്രകാശിപ്പിക്കുകയും ചെയ്ത ജ്യോതിസ്സ്,  ദൈവത്തിന്റെ സ്വർഗ്ഗീയ തേജസ്സ്, സാഹിത്യ രചന അദ്ദേഹത്തിന്റെ പ്രാർത്ഥനയും ശുശ്രൂഷയും സമർപ്പണവുമായിരുന്നു. ശ്രീയേശു ദേവനെക്കുറിച്ചുള്ള വിശ്വദീപം മഹാകാവ്യം രചിച്ചതോടെ ആ കണ്ണുകളിൽ ജീവിത സാഫല്യത്തിന്റെ തിളക്കം ദൃശ്യമായി. ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന്, എപ്പോഴും ഖദർ വേഷ്ടിയും  ജൂബാ വരയൻ ഷോളും ധരിച്ച് ചെറുപ്പം മുതലേ മഹാത്മാഗാന്ധിയുടെ ആരാധകനായി സുസ്മേര വദനനായി. ആജാനു ബാഹുവായി, പരതന്ത്രയായിരുന്ന ഭാരതാംബയുടെ വിമോചനത്തിനു വേണ്ടി പടയാളിയുടെ വീറോടെ തൂലിക ചലിപ്പിച്ച കാവ്യജേതാവായി.. സംശുദ്ധവും സുന്ദരവും താളലയസംപുഷ്ടവുമായ കവിതകൾ രചിക്കയും അവ ആപാദമധുരമായി ആലപിക്കുകയും ചെയ്ത സാരസതനായി, വിനയം, കൃത്യനിഷ്ഠ, കർമ്മപ്രവണത, ആത്മവിശുദ്ധി, ഈശ്വരഭക്തി എന്നീ സദ്ഗുണങ്ങളുടെ മൂർത്തിമത്ഭാവമായി, വിദ്യാഭ്യാസ വിഷയത്തിലും സാഹിത്യവാനത്തും വിശിഷ്ട വെൺപുകൾ വീശി നിന്ന വാർത്തിങ്കളായി ആ മഹാത്മാവു വിളങ്ങി.

ഭക്തിസംവർദ്ധകമായ ക്രൈസ്തവ കീർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ  പാദപത്മങ്ങളിൽ സ്ത്രോത്ര മലരുകളർപ്പിച്ചു നിർവൃതി നേടുന്ന ഒരു ഭക്തനെ അദ്ദേഹത്തിൽ ദർശിക്കാം. ആ സൗന്ദര്യ ഗായകന്റെ കണ്ണിൽ, 

കല്ലോലക്കമ്പികൾ മീട്ടി കല്യാണഗാനങ്ങൾ ആലപിക്കുന്ന ആയതഗംഭീര വിസ്തൃത

ഗാത്രനായ സാഗരം, ദുർവാദളശ്യാമളമായ വിഹായസം, പാണ്ഡുക്കൈവിളക്കേന്തി

നിലകൊള്ളുന്ന മണ്ഡലാകാരനായ നിശാനാഥൻ, ആകാശമേലാപ്പിലുണ്ടാകുന്ന

വിള്ളലിലൂടെ എത്തിനോക്കുന്ന താരകം. ഇങ്ങനെ ഇന്ദ്രിയങ്ങളെയാകെ സംതർപ്പണം 

ചെയ്യുന്ന മനോഹരദൃശ്യങ്ങളിൽ വ്യാമുഗ്ധനായി, ആത്മവിസ്മൃതിയിൽ, മാധുര്യവും 

ലാളിത്യവും മുറ്റുന്ന ശൈലിയിൽ തന്റേതായ ശബ്ദത്തിൽ, തന്റേതായ ഈണത്തിൽ, 

കാവ്യദേവതയുടെ ശ്രീകോവിലിൽ പുഷ്പാർച്ചന നടത്തിയ ആ ഋഷി പാടി.

പ്രപഞ്ചം മനോഹരം, മധുരം, സുരഭിലം,

പ്രപഞ്ചമല്ലാതില്ല മറ്റൊരു പുണ്യലോകം.

പുഷ്പിതാഗ്ര, വസന്തതിലകം, മാലിനി, ഇന്ദ്രവജ്ര, സ്രഗ്ധര എന്നിങ്ങനെ വിവിധ സംസ്കൃത വൃത്തങ്ങളും കേക. കാകളി, ദ്രുതകാകളി, മഞ്ജരി, നതോന്നത, അന്നനട തുടങ്ങിയ ദ്രാവിഡ വൃത്തങ്ങളും അനായാസ സുന്ദരമായി കൈകാര്യം ചെയ്യുവാൻ കഴിയുന്ന കവികൾ അക്കാലത്തു തന്നെ വിരളമായിരുന്നു. ക്രൈസ്തവ മതത്തെ ഭാരത സംസ്ക്കാരവുമായി കൂട്ടിയിണക്കുന്ന സ്വർണ്ണക്കമ്പികളായിരുന്നു മാത്തൻ തരകന്റെ ക്രൈസ്തവ കീർത്തനങ്ങൾ. 1926 ഡിസംബർ 19 ൽ തുടങ്ങി 1964 വരെ നീണ്ട നാതനായി രന്തര തപസ്യയുടെ നിസ്തന്ദ്രവും നിസ്തുഷവുമായ ഉത്സാഹത്തിന്റെ പരിപക്വഫലമാണ് 172 അദ്ധ്യായങ്ങളും 15,260 വരികളുമുള്ള വിശ്വദീപം എന്ന മഹാകാവ്യ ഭദ്രദീപം. ക്രിസ്തു ദേവന്റെ ജീവിതകഥ, അതിന്റെ രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ പശ്ചാത്തലത്തിൽ, തുഞ്ചന്റെ ആദ്ധ്യാത്മരാമായണ മാതൃകയിൽ ഉദയകാണ്ഡം, ബാലകാണ്ഡം, യോഗകാണ്ഡം, കർമ്മകാണ്ഡം, ത്യാഗകാണ്ഡം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. അനുപമമായ ഭക്തിയും ലാവണ്യവും ഒത്തിണങ്ങിയ മഹാകാവ്യമാണ് വിശ്വദീപം. വിശ്വദീപത്തിലൂടെ മഹാകവിപ്പട്ടമല്ല അഭിവന്ദ്യമായ കാവ്യാചാര്യപ്പട്ടം തന്നെ  ശ്രീ മാത്തൻ തരകൻ പ്രാപിച്ചിരിക്കുന്നു എന്നാണ് അതിന്റെ ഉദ്ഘാടനവേളയിൽ പ്രൊഫ. മാത്യു ഉലകംതറ പ്രസ്താവിച്ചത്. വിശ്വദീപം മാത്രം മതി ആ പ്രതിഭയുടെ യശ്ശസ് ഭദ്രമാക്കാൻ. എന്നാൽ, 31 കവിതാ സമാഹാരങ്ങൾ, 5 ഗാനസമാഹാരങ്ങൾ, 4 നാടക സമാഹാരങ്ങൾ, 4 നാടകങ്ങൾ, നോവലുകളടക്കം. 20ൽപ്പരം ഗദ്യകൃതികൾ വേറെയും അടങ്ങുന്ന അത്ര വിപുലമായൊരു സർഗ്ഗപ്രപഞ്ചത്തിനുടമയാണ് അദ്ദേഹം. വിശ്വസിക്കാൻ തന്നെ പ്രയാസമായ സത്യം. ! വിസ്താരഭയത്താൽ കൃതികളുടെ പേരുകൾ പോലും ഇവിടെ കുറിക്കുന്നില്ല.

കടുത്ത പ്രതിബന്ധങ്ങളുടെയും ദുസ്സഹങ്ങളായ അവഗണനകളുടെയും സാമ്പത്തിക ക്ലേശങ്ങളുടെയും മധ്യത്തിൽ ആദ്യജാതരായ  മൂന്ന് ആൺമക്കളുടെയും കനിഷ്ഠ സഹോദരന്റെയും അകാലനിര്യാണ വ്യഥയിലൂടെ കന്നുപോയപ്പോഴും ഓരോ വിയോഗവും പ്രതിസന്ധിയും ഓരോ കവിതയായി രൂപാന്തരപ്പെടുത്തിയെന്നതാണ് ആ മഹാധനന്റെ ദിവ്യപ്രതിഭാസം. 58 നീണ്ട വർഷങ്ങളിലൂടെ തന്റെ ജീവിതതത്തിനു താങ്ങും തണലുമായിരുന്ന പ്രിയപത്നി മറിയാമ്മയുടെ ദേഹവിയോഗത്തിൽ (1984) ഉറന്നൊഴുകിയ കാവ്യധാര ആത്മരോദനം ആണ് ആ കവിപുംഗവന്റെ അവസാനത്തെ പ്രസിദ്ധീകൃതമായ കൃതിയെന്നു കരുതപ്പെടുന്നു.

സാഹിത്യ നഭസ്സിൽ ഒൻപതു പതിറ്റാണ്ടുകളിലൂടെ മങ്ങാതെ മായാതെ ജ്വലിച്ചു നിന്ന ആ കവീന്ദ്രൻ പലർക്കും ഇന്നും അജ്ഞാതനായി നിലകൊള്ളുന്നുവെന്നോ ? ആധുനികതയുടെ അതിപ്രസരത്തിൽ  സ്വന്തം ശബ്ദമേതെന്നറിയാതെ സ്വന്തം മുഖമേതെന്നറിയാതെയുള്ള ആ കവിതയേക്കാൾ ഭാഗ്യകരവും അഭിനന്ദനാർഹവുമായ രീതിയിൽ ഉർവ്വരവും ശാദ്വലവുമാണ് ഈ കാവ്യചേതന ! സാഹിത്യ സമ്രാട്ടും നിരൂപണ സാഹിത്യാചാര്യനുമായ ഡോ. കെ. എം. തരകനും. ഭിഷഗ്വര പ്രവീണനായ ഡോ. കെ. എം. ജോസഫുമാണ് ആ ഭാഗ്യ സ്മരണന്റെ ജീവിതാരാമത്തിലെ രണ്ടു വടവൃക്ഷങ്ങൾ.

അർക്കാദി ഗ്രഹങ്ങളും താരകങ്ങളും മിന്നു–

മാനന്ദപ്രദമായ ലോകത്തിനങ്ങേപ്പുറം

സ്ഥലകാലവും ദൃശ്യസഞ്ചയങ്ങളും ചേർന്നു

വിലസും വിശാലമാം വിശ്വത്തിനങ്ങേപ്പുറം

സ്വർഗ്ഗീയ മഹാരാജ്യത്തിൽ വിരാജിക്കുന്ന, സർവ്വധാ സമാരാദ്ധ്യനും  സ്മരണീയനുമായ, മഹാനായ ആ കേരള പുത്രന് സ്നേഹാദരങ്ങളോടെ പ്രണാമം !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA