ADVERTISEMENT

സ്വന്തം കഴിവുകൾ കണ്ടെത്താനും പരിശീലനം നടത്താനും ആഗ്രഹം ഉണ്ടെങ്കിലും അതിന് സമയം കിട്ടുന്നില്ലെന്ന് പരിഭവിച്ചിരുന്നവർക്ക്, ഇഷ്ടം പോലെ സമയം നൽകിയിരിക്കുകയാണ് കോവിഡ് എന്ന വൈറസ്. എന്നാൽ ഈ സമയത്ത്, സർഗ്ഗശേഷി പ്രകടിപ്പിക്കാനായി കോവിഡിനെത്തന്നെ വിഷയമാക്കാം എന്ന് പ്രഖ്യാപിച്ച് വീട്ടിലിരിക്കുന്ന പ്രതിഭാശാലികളും മുന്നോട്ട് വന്നതോടെ, ഒരു വലിയ കലോൽസവ വേദിയായ് മാറുകയാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. ലോക്ഡൗൺ കാലത്ത് പുറത്തു വന്ന ഇത്തരം കവിതകളിൽ നിന്ന് ഉള്ളടക്കത്തിലും സംഗീതത്തിലും ആലാപനത്തിലും വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയമാവുകയാണ് ഹോളിവുഡ് സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ് രചനയും ആലാപനവും നിർവഹിച്ച 'കോവിഡ്-19 ' എന്ന കവിത. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ഒരു മില്യൺ ആളുകളാണ് വിവിധ സമൂഹമാധ്യമങ്ങളിലൂടെ ഈ കവിതയും ഇതിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയുള്ള ദൃശ്യാവിഷ്കാരവും വീക്ഷിച്ചത്. 

DrSohanRoy

 

കോവിഡിന്റെ ആക്രമണകാലത്തെ, ഒരു 'വിശ്വ മഹായുദ്ധം 'ആയി കവി സങ്കൽപ്പിക്കുന്നു. അതോടൊപ്പം, ഇതേ വിഷയത്തെ അധികരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മറ്റ് കവിതകളിൽ നിന്ന് വ്യത്യസ്തമായി, 'കോവിഡ് ' എന്ന മഹാമാരി ലോകത്തിനു നൽകുന്ന നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളെയും സമഗ്രമായി ഈ കവിതയിൽ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ കുലത്തിന്റെ ഏകാധിപത്യസ്വരത്തിലുള്ള ആക്രോശങ്ങൾ ഒരു നിമിഷത്തേക്കെങ്കിലും നിശ്ചലമായപ്പോൾ, ആ നിശ്ശബ്ദതയോട് പുൽക്കൊടി മുതൽ നക്ഷത്രം വരെ നീളുന്ന ഈ വിശ്വപ്രപഞ്ചം പതിഞ്ഞ സ്വരത്തിൽ പ്രതികരിക്കുന്നതെന്താണെന്ന് ഈ കവിതയിലൂടെ നമുക്ക് വായിച്ചെടുക്കാം. 

 

പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ഒരു പരമാണുവിന് പോലും വൻ ശക്തികൾ ഉൾപ്പെടുന്ന ലോകരാജ്യങ്ങളെ മുഴുവൻ മുൾമുനയിൽ നിർത്താൻ സാധിക്കുമെന്ന തിരിച്ചറിവ്, ഭൂഗോളം തന്റെ വിരൽത്തുമ്പിൽ ആണെന്ന 'ഗർവ്വ് ', മനസ്സിൽ നിന്ന് എടുത്തുമാറ്റാൻ മനുഷ്യനെ സഹായിക്കുമെന്ന് കവി പ്രതീക്ഷിക്കുന്നു. ഏകാധിപത്യത്തിന്റെ ഉരുക്കുകോട്ടയായ ചൈനീസ് വന്മതിൽ തകർത്തെറിഞ്ഞാണ് വൈറസിന്റെ ഈ പുതിയ രൂപം പിറന്നുവീണതു തന്നെ. എല്ലാം നശിപ്പിക്കുന്ന അണുബോംബുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള 'വൻശക്തികൾ ' പോലും, അതിർത്തി ഭേദിച്ച് കടന്നുവന്ന് സ്വന്തം പൗരന്മാരെ കൊന്നൊടുക്കികൊണ്ടിരിക്കുന്ന ഈ വൈറസ്സിനെ നോക്കി നിസ്സഹായരായി നിൽക്കുന്ന കാഴ്ച്ചയുടെ ചിത്രം ഈ കവിതയിലൂടെ നമുക്ക് കാണാം. 

 

വൈറസിന്റെ സാന്നിധ്യം സമൂഹത്തെ ശുദ്ധീകരിച്ച രീതിയും, ഹാസ്യത്തിന്റെ മേമ്പൊടി കലർത്തിയ ദാർശനികതയോടെ വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, ലഹരി മാഫിയ, ഭിക്ഷാടന മാഫിയ, തസ്‌കര സംഘങ്ങൾ തുടങ്ങിയ ദുർമ്മേദസ്സുകളെ വെന്റിലേറ്ററിൽ തളച്ചിട്ടിരിക്കുകയാണ് ഇപ്പോൾ കോവിഡ് എന്ന വൈറസ്സ്. മനുഷ്യൻ അവന്റെ മാളങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ, അവനെ പേടിച്ച് അതുവരെ മാളങ്ങളിലായിരുന്ന ജീവജാലങ്ങൾ തെരുവിൽ സ്വതന്ത്രരായി വിഹരിക്കുന്ന ചിത്രം, ഈ ലോക്ക് ഡൗൺ കാലത്ത് വൈറസ്സ് അല്ലാതെ ആര് വരയ്ക്കാനാണ് ! ?. ഊഹക്കച്ചവടത്തിന്റെ ജെല്ലിക്കെട്ട് നടത്തി ഓഹരിക്കാളയെ ഉയരങ്ങളിലെത്തിച്ചവർ, കോവിഡ് ബാധിച്ച് ഇപ്പോൾ വീണുകിടക്കുന്നത് ഓടയിലാണ്. പതിനായിരങ്ങളെ പ്രാർത്ഥിച്ച് സുഖപ്പെടുത്തിയിരുന്നവരും ദിവ്യത്വം അവകാശപ്പെട്ടിരുന്ന ആൾദൈവങ്ങളും കോവിഡ് ബാധയെപ്പേടിച്ച് സ്വയം ഐസൊലേഷൻ തിരഞ്ഞെടുക്കുമ്പോൾ, അതുകണ്ട് അന്തം വിട്ടു നിൽക്കുന്ന അനുയായികളെയും നമുക്കിവിടെ കാണാം. മരണ ദേവതയുടെ കയ്യിൽ നിന്ന് , കഴിയുന്നിടത്തോളം ജീവനുകളെ വേർപെടുത്തിയെടുത്ത് തിരികെ കൊണ്ടുവരുന്ന ആരോഗ്യ സേവകരിലാണ് ദൈവത്തിന്റെ യഥാർത്ഥ നിർവചനം കവി കണ്ടെത്തുന്നത്. വാണിജ്യ യുദ്ധത്തിന് ഒരുക്കുന്ന പുതിയ പടക്കോപ്പുകളിൽ 'അണുവിദ്യ' ഉൾപ്പെടുത്തി മാനവകുലം മുടിക്കരുതെന്ന അപേക്ഷയും കവിത മുന്നോട്ടു വയ്ക്കുന്നുണ്ട്. 

 

മനുഷ്യ ദൈവങ്ങൾക്കും ജാതിമത ചിന്തകൾക്കും അതീതനാവാനും, അർത്ഥത്തിന്റെ അർത്ഥമില്ലായ്മ മനുഷ്യനെ പഠിപ്പിക്കാനും ഒരു വൈറസ് മുന്നോട്ടു വരേണ്ടിവന്നതിലെ വൈരുദ്ധ്യം, വായനാർക്ക് വലിയ തിരിച്ചറിവുകളാണ് നൽകുന്നത്. ഒടുവിൽ, ഒട്ടനവധി ആളുകൾക്ക് ജോലിത്തിരക്കിന്റെ പിടിയിലകപ്പെടാതെ സ്വന്തം കുടുംബാന്തരീക്ഷത്തിന്റെ പവിത്രതയിൽ ശാന്തമായി അലിഞ്ഞു ചേരാൻ അവസരമൊരുക്കിയതും ഈ മഹാമാരിയാണെന്ന സത്യവും കവി ഓർമ്മിപ്പിക്കുന്നുണ്ട്. ഇങ്ങനെ 'കോവിഡ് ' മനുഷ്യന് പകർന്നു കൊടുത്ത പ്രായോഗിക പാഠങ്ങൾ വിശദമായി വിലയിരുത്തുമ്പോൾ, അതിനെ ദൈവമായാണോ കാലൻ ആയാണോ വിലയിരുത്തപ്പെടേണ്ടത് എന്ന യുക്തിപരവും ദാർശനികവുമായ ഒരു ചോദ്യത്തോടെയാണ് കവിത അവസാനിക്കുന്നത്. ഇപ്രകാരം, സാധ്യമായ എല്ലാ വീക്ഷണകോണുകളിൽ നിന്നും ഈ മഹാമാരിയെ നോക്കിക്കാണുന്ന വരികളോടൊപ്പം, അതിന്റെ അർത്ഥം കൃത്യമായി പ്രേക്ഷകനിലേക്ക് പകർന്നു നൽകാൻ ഉതകുന്ന ദൃശ്യങ്ങൾ കൂട്ടിച്ചേർക്കാനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കാരണം കൊണ്ടു തന്നെയാവാം ഈ വിഷയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മറ്റു കവിതകളെക്കാൾ കൂടുതൽ ജനപ്രിയത ഇതിന് കൈവന്നതും. 

 

കഴിഞ്ഞ വർഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒട്ടനവധി കവിതകളുടെ രചയിതാവ് കൂടിയാണ് സോഹൻ റോയ്. എട്ടാം വയസ്സിൽ ഒരുപറ്റം കാട്ടാളന്മാരുടെ ക്രൂര പീഡനങ്ങൾക്ക് വിധേയയായി ഈ ലോകത്തോട് വിട പറയേണ്ടിവന്ന "ആസിഫ " എന്ന് പിഞ്ചുബാലികയെക്കുറിച്ചുള്ള " ആസിഫയുടെ സ്വർഗ്ഗം " എന്ന കവിത, കേരളത്തിലെ കവിത ആസ്വാദകരെ മുഴുവൻ കണ്ണീരണിയിക്കുകയുണ്ടായി. അതേപോലെ ഭാരതത്തിന്റെ വീരപുത്രനായ 'അഭിനന്ദൻ ', വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ട കൊലപാതകത്തെ ഇരയായ ആദിവാസി യുവാവ് മധു, തുടങ്ങിയവരെക്കുറിച്ച് എഴുതിയ കവിതകളൊക്കെ മുൻവർഷങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകൾ ചർച്ച ചെയ്തവയാണ്. ആനുകാലിക സംഭവങ്ങളെക്കുറിച്ച് അതാത് ദിവസങ്ങൾ തന്നെ കവിതകളെഴുതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന അദ്ദേഹം, മഹാകാവ്യ രചനാ രീതികൾ അവലംബിച്ചെഴുതിയ "അണു മഹാകാവ്യം " എന്ന പുസ്തകം കഴിഞ്ഞവർഷത്തെ സൂര്യ ഫെസ്റ്റിവലിൽ വച്ച് പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. 

 

പ്രശസ്ത സംഗീത സംവിധായകനായ ബി ആർ ബിജുറാം ആണ് 'കോവിഡ് 19 ' എന്ന ഈ കവിതയുടെ ഈണവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com