ADVERTISEMENT

ഇവിടെ  കുഷ്‌ഠ  രോഗിയുണ്ട്,  ഇങ്ങോട്ടു വരരുത്, അല്ലെങ്കിൽ  ഇവിടെ എയ്ഡ്‌സ്‌ രോഗിയുണ്ട്‌ ,ക്ഷയരോഗിയുണ്ട്‌ ,ടൈ ഫോയ്‌ഡ് രോഗിയുണ്ട് .... ഇവിടെ. ഇത്തരമൊരു ബോർഡ് ഒരു വീടിനു മുന്നിൽ  കണ്ടാൽ ഏന്തു തോന്നും. സംസ്കാരമുള്ള ഒരു സമൂഹവും ചെയ്യുന്ന കാര്യമല്ല ഇത്. 

 

സംസ്കാര സമ്പന്നമായ കേരളം അത്തരം ഒരു നടപടിയിലേക്കു പോകുന്നതായി പത്രവാർത്ത കണ്ടു. ഇപ്പോഴത്തെ സഹചര്യത്തിൽ കേരളത്തിന് പുറത്ത് നിന്ന് വരുന്നവർ, ഏറെയും  പ്രവാസികൾ  -  താമസിക്കുന്നിടത്ത്  ഇത്തരം സ്റ്റിക്കർ ഒട്ടിക്കുവാനാണ്  കേരളത്തിന്റെ നീക്കമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

പത്ര റിപ്പോർട്ടുകൾ ഇപ്രകാരം:  മറ്റു സംസ്ഥാനങ്ങളിൽ  നിന്നും  തിരുവനന്തപുരം ജില്ലയിൽ എത്തുന്നവരുടെ വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ പതിക്കുമെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രൻ. പറയുന്നു.

വിവിധ സംസ്ഥാനങ്ങളിൽ  നിന്നായി നാലായിരം പേരാണ് തിരുവനന്തപുരം ജില്ലയിൽ  എത്തിയത് . ഇവർ ആരൊക്കെയാണെന്ന് കണ്ടുപിടിച്ച്  അവരുടെ വീടിനു മുൻപിൽ സ്റ്റിക്കർ പതിക്കും . ഇവർ ഹോം ക്വാറന്റീനിൽ ഇരിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്താകെ നിരീക്ഷണം കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർഡു തല നിരീക്ഷണ സ്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും കടകം പള്ളി 

 

സംസ്ഥാനത്ത്  ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത് കാസര്‍കോട് നാല്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം. കാസര്‍കോട് രോഗം ബാധിച്ച നാലുപേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്...

 

എങ്ങനെയുണ്ട് ?  നാട്ടിൽ ചെല്ലുന്നവരെ ഭീതിയോടെ  ആളുകൾ നോക്കുന്ന അവസ്ഥ. 

 

എന്ന് മാത്രമല്ല, പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ അരിപ്രാഞ്ചിയെന്ന പേര്  പതിഞ്ഞ പോലെ. തലമുറകളോളം കോവിഡ് കുഞ്ഞച്ചന്റെ കുടുംബമെന്നോ, കൊറോണാ ജോസിന്റെ വീടെന്നോ ഉള്ള പേര്  തേച്ചാലുംമായ്ച്ചാലും  പോകാതെ പതിഞ്ഞു കിട്ടിയെന്നുമിരിക്കും. കേരളം അടച്ചു പൂട്ടിയിട്ടത് കൊണ്ട് കൊറോണാ ബാധ കുറഞ്ഞു എന്നത് ശരി. അമേരിക്ക അടച്ചില്ല. അത്തരം പാരമ്പര്യം ഇവിടില്ല. കേരളം തുറക്കുമ്പോൾ എന്തു സംഭവിക്കും?  എന്നും അടച്ചിടാനാവില്ലല്ലോ.  

 

പ്രവാസിയെ ഏതോ ശത്രുവിനെ കാണുന്നതു പോലെയാണ് കേരളത്തിൽ ജീവിക്കുന്ന ഒരു വിഭാഗം കാണുന്നത്.  പ്രത്യേകിച്ച്  ഏറ്റവും പുച്ഛം അമേരിക്കൻ മലയാളികളോടാണ്.  പൊതുവെ നാട്ടിൽ ഒരുപദ്രവത്തിനും പോകാത്ത വർഗ്ഗമാണ് അമേരിക്കൻ  മലയാളികൾ.  കേരളത്തിലെ  ആർക്കെങ്കിലുമൊക്കെ ചില്ലറ ഉപകാരങ്ങളും  അവരെക്കൊണ്ടു ഉണ്ടാകുന്നുണ്ട്. എന്നിട്ടും  അവരെ കൊച്ചാക്കുന്നതിൽ  ചിലർക്കൊക്കെ സംതൃപ്തി കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ.   ഒരു പരാതിയുമില്ല. 

 

ഇനി കേരള സർക്കാരിനോടും  ജനങ്ങളോടും :

 

ഈ പറയുന്നതുപോലെ പേടിക്കേണ്ട ഒരു കാര്യമല്ല കൊറോണ. മിക്കവരിലും അതു വന്നു പോകും. വളരെ ചുരുങ്ങിയ ശതമാനം പേരെയാണ് അത് ബാധിക്കുക. ന്യൂയോർക്കിൽ മലയാളികളടക്കം നല്ലൊരു പങ്കു ജനത്തിനു വൈറസ് പോസറ്റീവ് കണ്ടു. ചുരുക്കം ചിലരെയാണ് അത് ബാധിച്ചത്. 

മലയാളികൾ പിന്നെ അത് പുറത്ത് പറയില്ലെന്ന് മാത്രം. 

 

എന്തായാലും മലയാളികൾക്കു ഈ സാമൂഹ്യ അവമതിപ്പു ഉണ്ടാക്കുന്നത് ഒട്ടും ശരിയല്ല.  ക്വാറന്റീനിലുള്ളവരുടെ വീടിനു മുൻപിൽ സ്റ്റിക്കറോ നോട്ടീസോ പതിക്കുന്ന അധികാരികളുടെ നികൃഷ്ടമായ നടപടി അപലപനീയമാണെന്നു ഫോമാ നേതാവ് തോമസ് റ്റി ഉമ്മൻ  ചൂണ്ടിക്കാട്ടി. 

 

ക്വറന്റീനിൽ അകപ്പെടുന്നവർ അധികവും പ്രവാസികളോ വിദേശത്ത് നിന്നും വരുന്നവരോ ആണ്. അസുഖം വരുന്നത് ആരുടെയും കുറ്റമല്ല. ആ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ ട്രാക്കിങ്ങിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുമുണ്ട്.  ലോക്കൽ പോലീസ് അധികൃതർക്കും ആ വിവരം അറിയാം.  അത് പോരാഞ്ഞിട്ട്  വീടുകളുടെ മുന്നിൽ നോട്ടീസ് ഒട്ടിച്ച്‌  പരസ്യപ്പെടുത്തുന്നത് പ്രാകൃതവും പ്രതിഷേധാര്ഹവുമാണ്.  കൂടാതെ വീട്ടുകാരെ നിരീക്ഷിക്കാൻ  ലോക്കൽ സ്ക്വാഡുകളും??

 

ഇനിയുള്ള കാലം പകരുന്ന ഏതു രോഗവുമുള്ള , പ്രതിവിധി ഉണ്ടെങ്കിലും ഇല്ലെങ്കിലും,  ആളുകളുടെ  വീടിനു മുൻപിൽ നോട്ടീസ് ഒട്ടിക്കുന്ന പുതിയ പതിവിനു തുടക്കമിടാനാണോ  ഉദ്ദേശമെന്ന് വ്യക്തമാക്കണം. ഒളിഞ്ഞും  തെളിഞ്ഞും അവരുടെ എല്ലാ നീക്കങ്ങളും  സൂക്ഷമായി  നിരീക്ഷിക്കാൻ സ്ക്വാഡുകളും!!

 

തീർന്നില്ല, ഇതോടൊപ്പം വൈറസ് പോസിറ്റീവ് ആയവരുടെയും, ക്വാറന്റീനിൽ പോകുന്നവരുടെയും കൈകളിൽ ചാപ്പ (സ്റ്റാമ്പ് ചെയ്യുന്ന)  കുത്തുന്ന 

പദ്ധതിയുമുണ്ട്.  ആരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ നടപടികളാണ് ഇതെല്ലാം.  സംസ്കാരമുള്ള ഒരു സമൂഹത്തിനും ചേർന്നതല്ല   ഇതൊക്കെയെന്നു തോമസ് റ്റി ഉമ്മൻ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com