sections
MORE

നിക്കോള പതിവ്പോലെ ആലിംഗനം ചെയ്യാനാഞ്ഞു ചിരിച്ചുകൊണ്ടു പിൻവാങ്ങി...

nurse-covid
SHARE

ശിശിരം നെഞ്ചിലുറക്കിയുണർത്തിയ  വസന്തം

ചില്ലുജാലകം കടന്നുവന്ന്  ഉള്ളിലെ നനവിൽ ഏഴു നിറങ്ങൾ ചാർത്തിയ മാർച്ച് മാസം.

പാവാടഞ്ഞൊറികളിൽ പൂ ചാർത്തിയെത്തുന്ന ഐറിഷ് വസന്തകന്യക സ്വപ്നത്തേക്കാൾ സുന്ദരം.  

പത്രം നോക്കുന്നതിനിടയിൽ ജോലിയ്ക്ക് പോകാനുള്ള സമയത്തെ പറ്റി എന്നെ  ബോധവധിയാക്കിയ കണവൻ, പന്ത്രണ്ട്  വിമാനങ്ങൾ ചൈനയിലേക്ക് പി പി ഇയ്ക്കായി പറക്കുന്നതിനെ കുറിച്ചും, അത് പറപ്പിക്കുന്ന  വൈമാനികരെല്ലാം  വോളണ്ടിയേഴ്‌സാണെന്നതും, മാത്രമല്ല ,ഓസ്‌ട്രേലിയയിൽ നിന്നും കൊറോണക്കാലത്ത്   രാജ്യസേവനത്തിനായി  സ്വന്തം  രാജ്യത്തേക്ക്  മടങ്ങിയെത്തുന്ന ഡോക്റ്റർമാരെ പറ്റിയും പറഞ്ഞുവെച്ചു.

ബ്‌ളാക്ക്‌റോക്കിലെ  അപ്പാർട്ട്മെന്റിന്റെ  നീല കാർപെറ്റ് വിരിച്ച പടികൾ ഇറങ്ങുമ്പോൾ ആദ്യമായി ജോലിയ്ക്ക് പോകുന്ന  പോലെ  സന്തോഷവും ആകുലതയും      മാത്രമല്ല, ജീവന്റെ ജീവനെ തൊട്ടു നിൽക്കുന്ന പ്രൊഫഷനോടുള്ള വല്ലാത്തൊരിഷ്ടവും  ആദരവും   തോന്നി.

ആതുര സേവനത്തിന്റെ വിവിധ മേഖലകൾ എനിക്ക് നൽകിയ ആനന്ദവും ജീവിത വീക്ഷണവും,സൗഹൃദ വ്യാപ്തിയും അതിലുപരി ,ദൈവത്തിന്റെ സ്വന്തം    ജോലിക്കാരി എന്ന അഭിമാനവും  .

  ലോക്ഡൗണിന്റെ  ശൂന്യതയിൽ, വിദ്യാർഥികൾ ഒഴിഞ്ഞുപോയ ഡബ്ലിൻ  യൂണിവേഴ്‌സിറ്റി കോളജിന് മുമ്പിൽ തലയുയർത്തി  നിൽക്കുന്ന കൂറ്റൻ മരങ്ങൾ പറയാതെ പറഞ്ഞ പച്ചപ്പിന്റെ കഥകൾ ഞാൻ മനസിൽ എഴുതി ചേർത്തു. 

 സെന്റ്   വിൻസെന്റസ് യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റലിന്   മുമ്പിൽ    അയർലണ്ടിന്റെ ദേശിയ പതാകയുടെ നടുവിൽ  ആതുര സേവകർക്കുള്ള   നന്ദി  കുറിച്ചുവച്ച  ഈ നാടിന്റെ  സ്നേഹവും കരുതലും എന്നെ വിസ്മയപ്പെടുത്തി . തനിയെ തുറന്നു തന്ന  വാതിലുകൾക്കപ്പുറം എവിടെയും പലവിധ  വിവരദായകകുറിപ്പുകൾ  എഴുതി വച്ചിരിക്കുന്നു.

ഇടനാഴിയിലെ തടിയിൽ കൊത്തിയ കുരിശു രൂപത്തിൽ തൊടുമ്പോൾ  ഞാനൊന്നും  ചോദിച്ചില്ല,  ഒന്നും  പറഞ്ഞുമില്ല.

മുന്നിലെത്തിയ നിക്കോള 'ഹായ് ലിസ് '  എന്ന് പറഞ്ഞു  പതിവ്  പോലെ ആലിംഗനം ചെയ്യാനാഞ്ഞ് , ചിരിച്ചു കൊണ്ട്  പിൻവാങ്ങി . സോഷ്യൽ ഡിസ്റ്റൻസിംഗ്    ഇടയ്ക്കൊക്കെ മറന്നു പോകുന്നു.

ആരുടേയും മുഖത്ത്  വേവലാതിയോ വിഷാദമോ  ഞാൻ കണ്ടില്ല. പതിവ്  പടി  ചിരിക്കുന്ന മുഖങ്ങൾ  മാസ്കിന്  പുറകിൽ മറഞ്ഞുവെങ്കിലും കുസൃതി നിറഞ്ഞ തമാശകളും, കുശലങ്ങളും ചിതറി വീണു.

പലരും ,സ്വന്തം തസ്തികകൾ മാറ്റിവെച്ച്  രോഗികൾക്കൊപ്പം  കൂടുന്നതും സംരക്ഷണ കവചങ്ങൾക്കുള്ളിൽ നിന്നാണെങ്കിലും അപരന്റെ ജീവനെ  ചേർക്കുന്നതും,ഇവിടെ  സാധാരണമായിരിക്കുന്നു.

ഹോസ്പിറ്റൽ  യൂണിറ്റുകൾ കോവിഡും ,നോൺ കോവിഡുമായി മുമ്പേ തന്നെ തരം തിരിച്ചിരുന്നു.

' ലിസ്...ട്രീസ  വാസ് മൂവ്ഡ്   ടു കോവിഡ് സൈഡ്   ലാസ്റ്റ് നൈറ്റ് ....എമ്മ പറഞ്ഞത് ഉൾക്കൊള്ളാൻ സമയമെടുത്തു. രണ്ടാഴ്ചയായി ട്രീസ അഡ്മിറ്റായിട്ട്.  ചെറിയൊരു നെഞ്ച്  വേദനയുമായി വന്നതാണ്. നീണ്ട പരിശാധനകൾക്കൊടുവിൽ  ശ്വാസ കോശത്തെ ബാധിയ്ക്കുന്ന കാൻസർ ആണെന്നും ,അത്  അവസാന സ്റ്റേജിൽ ആണെന്നും അംഗീകരിക്കേണ്ടി വന്നു.

ചിരിക്കുകയും, പൊട്ടിചിരിപ്പിക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരിക്കും ,എനിക്കും തമ്മിൽ  കൂടുതൽ അടുപ്പം  ഉണ്ടായിരുന്നു  എന്ന് എമ്മയ്കും തോന്നിയിരുന്നുവോ ?

നെഞ്ചിലെ നീർക്കെട്ട് കൂടുകയും,ശ്വാസോശ്ചാസം ആയാസകരമാവുകയും ചെയ്തപ്പോഴാണ് കോവിഡ് ടെസ്റ്റ് ചെയ്തത്.

ട്രീസയെ കാണണം.യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങുന്ന പട്ടാളക്കാരെപോലല്ല, എന്റെയും അപരന്റേയും ജീവന്റെ കാവൽക്കാരനെ പോലെ രക്ഷാ കവചങ്ങൾ ഓരോന്നായി ധരിക്കുമ്പോഴും  ഭിത്തിയിലെ കൊറോണയുടെ ചിത്രങ്ങൾ എന്നെ നോക്കി ചിരിച്ചു നിന്നും.അതിന് താഴെ എഴുതിരുന്നതൊന്നും എന്റെ കണ്ണിൽ പെട്ടുമില്ല.

ഉറങ്ങുന്ന കുട്ടിയെ പോലെ കണ്ണടച്ച്  മയങ്ങുന്ന ട്രീസ. വാർദ്ധക്യത്തിലേയ്ക്കും,രോഗത്തിലേയ്ക്കും  കടക്കുമ്പോൾ  കുട്ടിത്വത്തിലേയ്ക്ക്   തിരികെ നടക്കുന്ന  മനുഷ്യർ.....

ശാസ്ത്രത്തിന്റെ അപാര വിശാലതയിലും എവിടെയെങ്കിലുമൊക്കെ അപൂർവ്വമായെങ്കിലും മനുഷ്യൻ അവന്റെ  പ്രവർത്തിയുടെ  ഇരയും ആവാറില്ലേ ? 

നെഞ്ച് തുളച്ച് കയറിയ നീണ്ട കുഴലിലൂടെ ഒഴുകിയെത്തുന്ന ചുവന്ന ലായിനി. നാസാരന്ദ്രങ്ങൾ തൊട്ടു നിൽക്കുന്ന ചെറു നാളികൾ പകരുന്ന ജീവവായൂ അവളുടെ ജീവനിൽ പടരുന്നുവോ ?

ശബ്ധമുണ്ടാക്കാതെ മടങ്ങാമെന്ന്  കരുതവേ  ആരോ വിളിച്ചത് പോലെ അവർ കണ്ണ് തുറന്നു, ഗോഗിലിനുള്ളിലെ എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞ ട്രീസ പുഞ്ചിരിച്ചു കൊണ്ട്  പറഞ്ഞു. ' ഐ  മിസ്ഡ് യൂ   ലിസ്  '   ഐ  ഫീൽ ബെറ്റർ നൗ .

വാക്കുകൾക്ക്   വേണ്ടി ഞാൻ അൽപ്പം പരത്തുന്നത് മനസിലാക്കി അവർ വിഷയം മാറ്റി.  നല്ല ദിവസം.....നീ ഇന്ന് ചെറി ബ്ലോസംസ്  കണ്ടുവോ ? ഇന്നലെ എന്തെങ്കിലും വരച്ചുവോ ? വീട്ടിൽ എല്ലാവരും സന്തോഷമായിരിക്കുന്നുവോ ?

ഒന്നും   പറയാനാവാതെ ഞാൻ ആ കൈകളിൽ കൈകൾ ചേർത്തു. കൈയ്യുറകൾക്കുള്ളിലും  ഞങ്ങൾ  പലതും പരസ്പരംകൈമാറി .

ജീവന്റെ ചൂട് ,സ്നേഹം , കരുണയുടെ നനവ്.     ട്രീസ പിന്നെ  ഒന്നും ചോദിച്ചില്ല. അവളുടെ മുറിയിലെ  ജാലകം കടന്നെത്തിയ  

എലംപാർക്കിന്റെ   വർണ്ണരാശി എന്റെ മനസിനെ തൊടാതെ അപ്പോൾ മാറിനിന്നു.ദൈവം നമ്മുടെ കൂടെയുണ്ടെന്ന ഐറിഷ് ആശംസ നൽകി പുറത്തിറങ്ങുമ്പോൾ ,പെയ്യാതെ ഘനം ചേർത്ത  ഒരു മേഖത്തുണ്ട്  എന്റെ മനസിൽ ബാക്കിയായി.

'' ഫീഡ് ദി ഹീറോസ് ''.....  ഭക്ഷണ മേശയിൽ നിരത്തിവെച്ചിരിക്കുന്ന കവറിലെ അക്ഷരങ്ങൾ.  ഇതിൽ ആരാണ്  ഹീറോസ് ...സ്വാർത്ഥതയില്ലാതെ  വിലയേറിയ ഭക്ഷണം  മേശകളിൽ എത്തിച്ച് ആവും വിധം ആതുരസേവകരെ  പരിചരിക്കുന്ന കരുതലിന്റെ പിന്നിലെ ഹീറോയിസം.  മറക്കാനാവുമോ ?

ഉച്ച തിരിഞ്ഞ് ഒക്കുപ്പേഷണൽ ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും  ഈഫ വിളിച്ചു  കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ എനിക്ക് ഉണ്ടോ   എന്ന്  തിരക്കി.   കൂടെയുള്ള പലർക്കും  കോവിഡ്  ബാധിച്ചത്രേ. കുഴപ്പമില്ല എന്ന്  പറയുമ്പോൾ  പിന്നീട് വരാനിരിക്കുന്ന കുറെ  വേദനയുടെ നഷ്ട ദിനങ്ങളെ പറ്റി ഞാൻ അറിഞ്ഞിരുന്നില്ല.

ജോലി കഴിഞ്ഞു മടങ്ങുമ്പോൾ മോനെ വിളിച്ചു. . ”മടക്കയാത്രയിൽ  ഡബ്ലിന്റെ സ്വന്തം  കാല്പനിക കവി ഡബ്ള്യു.ബി. യേറ്റ്‌സിന്റെ പാദമുദ്രകൾ  പതിഞ്ഞ     സാൻഡിമൗണ്ട് ബീച്ചിൽ  ഇത്തിരി നേരം അവനോടൊപ്പം  നടക്കാൻ.. 

  വിട പറഞ്ഞു പടിയിറങ്ങുന്ന സൂര്യന്റെ   വർണ്ണരാശി പൂകി, വിതാനം തീർത്ത ആകാശഗംഗയിൽ  ബാക്കിനിന്ന കിരണങ്ങളോട് കുശലം പറയുന്ന  നിലാക്കീറ് .....

കൂടു തേടി പറന്നു മറയുന്ന കടൽ കാക്കകൾ .

പുലരി ചിതറിയവ ചേർത്തുവെച്ച്  മിഴിവേകുന്ന സന്ധ്യ. ബീച്ചിലേക്ക് കെട്ടിയിറക്കിയ പടവുകൾ .

നീണ്ട ഇടവേളയ്ക്ക് ശേഷം അവൻ  പറഞ്ഞു.  'അമ്മ... ബോട്ടുകൾ  ഇറക്കാത്തതിനാൽ ഡോൾഫിനുകൾ മടങ്ങി വന്നുതുടങ്ങിയിരിക്കുന്നു. പതിനെട്ടിന്റെ മനസിലെ നിശ്ശബ്ദതയിലെ ചിന്തകളും ,പ്രകൃതിയെയും,പരിസ്ഥിതിയെയും പുൽകി നിൽക്കുന്നത്  എനിക്കതിശയമായില്ല.  

പ്രകൃതിയെന്ന വലിയ പുസ്തകം ചേർത്തു പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ....

ബാക്കി വന്ന കിരണങ്ങളിൽ അവന്റെ മുഖം അവ്യക്തമായിരുന്നു. കടൽ കാറ്റിൽ  പറന്നു കളിക്കുന്ന അവന്റെ മുടിയിഴകളിൽ നോക്കി ഞാൻ പറഞ്ഞു.  നമുക്ക്  മടങ്ങാം ....

വാരാന്ത്യമായതിനാൽ വീട്ടിൽ തന്നെ കഴിഞ്ഞ  രണ്ടു ദിനങ്ങൾ.. ജോലിയ്ക്ക് മടങ്ങിയെത്തിയ ഞാൻ  ആദ്യം അറിഞ്ഞത്  ട്രീസ വിട പറഞ്ഞു എന്നതാണ്.

കോവിഡ് പോസിറ്റിവ്   ആയിരുന്നതിനാൽ  കുടുംബത്തിൽ ആർക്കും കാണാൻ കഴിഞ്ഞിരിക്കില്ല.അല്ലെങ്കിൽ തന്നെ അത് അനുവദിനീയവും ആയിരുന്നില്ലല്ലോ ?

അവസാന ദിവസങ്ങളിൽ എന്താവും ആ മനസിലൂടെ കടന്നു പോയത്? ജീവിത വഴിയിൽ  കൂട്ടായി ചേർന്നവർ  കൈചേർത്ത്  വിട പറഞ്ഞയയ്‌ക്കേണ്ട ജീവന്റെ യാത്ര അവൾ എങ്ങനെയാവും  കടന്നുപോയത് ?

മനോഹരമായ പൂക്കളാൽ അലങ്കരിച്ച് ,ബഹുമതികളോടെ മണ്ണിൽ ചേരേണ്ട ആ ദേഹം  കടുത്ത പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ ഏകമാകുമ്പോൾ അവൾ അത് അറിഞ്ഞിട്ടുണ്ടാവുമോ ആവോ ?

പ്രാണന്റെ ഖേദങ്ങൾ  ജീവിച്ചിരിക്കെ നാം അറിയേണ്ടതല്ലേ ?

ട്രീസയുടെ ചിരിക്കുന്ന മുഖവും ,ചിന്തിപ്പിക്കുന്ന വാക്കുകളും   എന്റെ  മനസ്സിനോട്   ചേർന്ന് നിന്നു.

ജനലഴികൾ കടന്നു വന്ന   വസന്തത്തിൻ  നിറം ചേർത്ത  കാറ്റ്  അപ്പോൾ  എന്നെ തഴുകി നിന്നു.  ഉള്ളിന്റെ ഉള്ളിൽ എവിടെയോ ,

 ഒരു തൂവൽ പറന്നിറങ്ങിയോ  ?

പ്രകൃതിയിൽ എന്തിനും ഏതിനും ഒരു സമയമുണ്ട് . കാരണവും .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA