ADVERTISEMENT

പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട അവരുടെ സ്വന്തം രാഷ്ട്രീയനേതൃത്വം മാതൃകാ നേതാക്കന്മാരും നല്ല വ്യക്തികളായിരിക്കണമെന്നും പൊതുജനങ്ങൾക്ക് വേണ്ടി ധാർമ്മികമായി പ്രവർത്തിക്കണമെന്നും മാത്രമാണ് ജനാധിപത്യ വ്യവസ്ഥികളിൽ വിശ്വസിക്കുന്ന പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നിട്ടും പൊതുജനങ്ങളുടെ പ്രതീക്ഷകൾക്ക് യോജിച്ച വിധത്തിൽ ജീവിക്കുന്നതിൽ അവർ നിരന്തരം പരാജയപ്പെടുന്ന സാഹചര്യമാണെന്നുമുള്ളത്. പൊതുജനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ മടികാണിക്കുകയും ചില അവസരങ്ങളിൽ അവ്യക്തമായ മറുപടികൾ നൽകുകയും എന്നാൽ നുണകൾ പറയുവാൻ ഒരു മടിയും കാണിക്കുന്നില്ലാ എന്നതും ദിനവും കൺമുൻപിലെത്തുന്ന വസ്തുതകൾ മാത്രമാണ്. പ്രത്യേകിച്ചും ഈ കൊറോണാക്കാലത്ത് നടത്തുന്ന രാഷ്ട്രീയ പത്രസമ്മേളനങ്ങൾ. രാഷ്ട്രീയമെന്നാൽ പൊതുജനങ്ങൾക്കുപരി രാഷ്ട്രീയ പ്രവർത്തകർക്കെന്ന നിലയിലേയ്ക്ക് അധപധിച്ചെങ്കിലും ഈ രാഷ്ട്രീയക്കാരെല്ലാവരും തന്നെ രാജ്യത്തിന്റെ എവിടെ എന്ത് നന്മ പ്രവർത്തനം നടന്നാലും അവകാശവാദം ഉന്നയിക്കുവാൻ യാതൊരു മടിയും കാണിക്കാറില്ല. ഇതുപോലെ നിരവധിയായ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് അവരുടെ സ്വന്തം രാഷ്ട്രീയനേതൃത്ത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതുതലമുറയിൽ പോലും  ഈ വിശ്വാസരാഹിത്യം അനുദിനം വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള സമീപനം സൂചിപ്പിക്കുന്നത്.

2019 പൊതുതെരഞ്ഞെടുപ്പുകൾക്ക് മുൻപ് ഭാരതത്തിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടന്ന ഒരു സർവേയിൽ രാഷ്ട്രീയ നേതൃത്ത്വത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഏറ്റവും താഴേക്കിടകളിൽ മാത്രമാണെന്ന് തെളിയുകയുണ്ടായി. രാജ്യത്തിന്റെ സംരക്ഷണച്ചുമതലുകളുള്ള പട്ടാളത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഏറ്റവും ഉയർന്ന നിലയിൽ തന്നെ നിൽക്കുമ്പോഴും നീതിന്യായ വ്യവസ്ഥിതികളിലെ വിശ്വാസവും കുറവുള്ളതല്ല. എന്നാൽ ഏറ്റവും ആശങ്കാജനകമായ വസ്തുത രാഷ്ട്രീയ നേതൃത്വത്തിലുള്ള വിശ്വാസം ലെവലേശമില്ലാ എന്നത് തന്നെയാണ്. അതായത് രാഷ്ട്രീയ നേതാക്കന്മാരിൽ വിശ്വാസമർപ്പിക്കുന്നവരുടെയും അവരിൽ വിശ്വാസമില്ലാത്തവരുടെയും അനുപാതികമെടുക്കുമ്പോൾ രാഷ്ട്രീയ നേതൃത്ത്വത്തിൽ പൊതുജങ്ങൾക്കുള്ള വിശ്വാസം മൈനസിലേയ്ക്ക് പോവുകയാണ്. ചുരുക്കത്തിൽ പൊതുജനങ്ങക്ക് രാഷ്ട്രീയ നേതൃത്ത്വത്തിൽ തരിമ്പു വിശ്വാസം പോലും നിലനിൽക്കുന്നില്ല എന്നത് തന്നെ. രാജ്യാന്തരതലങ്ങളിലും ഈ നിലപടുകളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ലോകത്തെമ്പാടും പൊതുജനങ്ങൾക്ക് രാഷ്ട്രീയ നേതൃത്വത്തോടുള്ള കാഴ്ചപ്പാടുകളിലെ നിലവാരക്കുറവുകൾ ജനാധിപധ്യ വ്യവസ്ഥികളിലെ പോരായ്മകളിലേയ്ക്ക് മാത്രമാണ് വിരൽ ചൂണ്ടുന്നത്. വികസിത രാജ്യമായ യുണൈറ്റഡ് കിംഗ്ടത്തിൽ നടത്തിയ സർവേയിൽ വെറും പതിനാറ് ശതമാനം വ്യക്തികൾ മാത്രമാണ് രാഷ്ട്രീയ നേതാക്കന്മാരിൽ ഏതെങ്കിലും തരത്തിൽ വിശ്വസനീയതയുള്ളവരായി അംഗീകരിച്ചത്. എന്നാൽ നിലവിലെ കൊറോണക്കാലത്ത് ലോകമെമ്പാടുമുള്ള മനുഷ്യർ ഭൂമിയിലെ മാലാഖാമാരായി ആദരിക്കുന്ന നഴ്‌സുമാരിൽ ഏകദേശം നൂറുശതമാനവും വിശ്വാസമർപ്പിക്കുന്നതായാണ് കാണപ്പെടുന്നത്.

ജനാധിപത്യ വ്യവസ്ഥികളിൽ പൊതുജനങ്ങളോട് വോട്ട് ചെയ്യുവാൻ ആവശ്യപെടുമ്പോഴും അതവരുടെ നിയമപ്രകാരമുള്ള അധികാരമായി മാറ്റിയപ്പോഴും അവർ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ എത്രത്തോളം ആൽമാർഥത പ്രകടിപ്പിക്കണം അതോടൊപ്പം അവർ ചെയ്യുന്ന ജോലിയോട് എത്രത്തോളം കൂറുപുലർത്തണമെന്ന് എവിടെയും നിഷ്കർഷിക്കുന്നില്ല. അലിഖിത നിയമങ്ങളായ ധാർമ്മിതകൾ മാത്രമായിരുന്നു ഇതുവരെയുള്ള പ്രതീക്ഷകൾ പക്ഷേ, കാലോചിതമായി ധാർമ്മിതകളുടെ നിർവചനവും ഈ കൂട്ടർ സ്വയം മാറ്റിയെടുത്തു രാഷ്ട്രീയത കാലർത്തിയെടുത്തു. ജീവിത മൂല്യങ്ങൾ തന്നെ അന്യം നിന്നുപോയപ്പോൾ നിർവചനങ്ങളില്ലാത്ത ധാർമ്മിതകളിൽ എത്രത്തോളം പ്രതീക്ഷിക്കുവാൻ സാധിക്കും. ഓരോ വകുപ്പിന്റെയും തലപ്പത്തിരിക്കുന്ന മന്ത്രിമാർക്ക് തന്റെ അധികാരപരിധികളിലുള്ള എല്ലാ കേന്ദ്രങ്ങളുടെയും അതിലുള്ള ജീവനക്കാരുടെയും അവരുടെ അനുദിന പ്രവർത്തനങ്ങൾക്കും ഉത്തരവാദിത്ത്വത്തിനുപരി, അതുമൂല ഉണ്ടാവുന്ന എല്ലാ വരുംവരായ്കകൾക്കും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട തനിക്കാണെന്ന ധാർമ്മിക വിശ്വാസമാണ് ഇപ്പോൾ ജീവിത മൂല്യങ്ങളോടൊപ്പം നഷ്ടപെട്ടിരിക്കുന്നത്. എവിടെയെങ്കിലും അറിഞ്ഞും അറിയാതെയും പിഴവുകൾ സംഭവിക്കുമ്പോൾ അന്വേഷിക്കും എന്നുള്ള ഒരു അറിയിപ്പ് മാത്രമാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്ന മറുപടി. അതുമല്ലെങ്കിൽ അവരുടെ ചൊൽപടിക്കുന്ന നിൽക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തിഒരു പഠന കമ്മീഷനെ വയ്ക്കും. അതോടെ പൊതുജനം തൽക്കാലം ആശ്വസിക്കും പിന്നീട് പുതിയ സംഭവവികാസങ്ങളുടെ പുറകെ പായും പഴയതെല്ലാം വീണ്ടും മറക്കും, കഴിഞ്ഞുപോയില്ലേ എന്ന് കരുതി പൊതുജനം വീണ്ടും ആശ്വസിക്കും.  

നീതിബോധ്യവും സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത രാഷ്ട്രീയ നേതൃത്വമുണ്ടായാൽ സംഭവിക്കാവുന്ന കെടുകര്യസ്ഥതകൾ വിവരിക്കുന്ന ധാരാളം വാർത്തകൾ അനുദിനം മാധ്യമങ്ങളിൽ നിറയുന്നുണ്ട്. എല്ലാം മാസവും ലക്ഷങ്ങൾ ശമ്പളമായും അനേക ആയിരങ്ങൾ മറ്റു അനുകൂല്യങ്ങളായി സർക്കാരിൽ നിന്നും കൈപ്പറ്റുന്ന മന്ത്രിമാരടങ്ങുന്ന ഉദ്യോഗസ്ഥരുടെ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ കാണുമ്പോൾ ജനങ്ങൾ പ്രതികരിക്കുവാൻ മറന്നുപോയി തുടങ്ങി. ഈയിടെ കേരളത്തിലെ അഗ്നിരക്ഷാസേന ഇരട്ടിയിലധികം വിലകൊടുത്ത് തീയണയ്ക്കാൻ ഉപയോഗിക്കുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ വാങ്ങിയത് അതിലൊന്ന് മാത്രമാണ്. പൊതുജനങ്ങൾക്ക്  ശരാശരി ഒന്നേമുക്കാൽ  ലക്ഷം രൂപയ്ക്ക് കമ്പോളത്തിൽ ലഭിക്കുന്ന ബുള്ളറ്റ് ബൈക്കിൽ ഏകദേശം ഒന്നര ലക്ഷം രൂപയിൽ താഴെമാത്രം വിലയുള്ള അഗ്നിസുരക്ഷാ ഉപകരണങ്ങളും ചേർത്ത് മൊത്തം നാലു ലക്ഷത്തിൽ താഴെ വരുമ്പോഴും സർക്കാരിന്റെ വില ഒരെണ്ണത്തിന് ഒൻപതര ലക്ഷം രൂപ. അതായത് ഏകദേശം അഞ്ച് ലക്ഷത്തിലധികം വില കൂടുതലാണ് ചിലവഴിക്കുന്നത്. വിപണിയിൽ നിന്നും മൊത്തമായ വിലയ്ക്ക് വാങ്ങുമ്പോൾ സാധാരണക്കാർക്ക് കൊടുക്കുന്നതിലും ധാരാളം കുറവ് ലഭിക്കുവാനുള്ള സാധ്യതകളും നിലനിൽക്കുമ്പോളാണ് ഇരട്ടിയിലധികം  വിലനൽകുന്നത്.  അൻപത്തെണ്ണമാണ് ഒരുമിച്ച് വാങ്ങിയത് അതായത് പൊതുജനങ്ങളുടെ രണ്ടരക്കോടി രൂപയാണ് എങ്ങുംതൊടാതെ ധൂർത്തടിക്കുന്നത്. അതിലും വേദനാജനകമായ വസ്തുത ഇതിനു മുൻപ് വാങ്ങിയ ഇതേപോലുള്ള മുപ്പത് ബുള്ളറ്റുകൾ  ഉപയോഗശൂന്യമായി പോയി എന്നതുമാണ്.

അതോടൊപ്പം ലഭിച്ച മറ്റൊരു വാർത്ത വേളിയിലെ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫ്ളോട്ടിങ് റസ്റ്റോറന്റ് കായലില്‍ മുങ്ങിയതിനോടനുബന്ധിച്ചുള്ളതും. 2017 നവംബർ അവസാനമെത്തിയ ഓഖി ചുഴലികൊടുങ്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിനുശേഷം പൂട്ടിയിട്ടിരുന്ന സ്ഥാപനം ഈയിടെയാണ്  80 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. ഏതായാലും വകുപ്പ് മന്ത്രി നേരിട്ട് വീണ്ടും ഉദ്ഘാടനം ചെയ്തിട്ട് വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മറ്റു യാതൊരുവിധ അപകടമോ പ്രകൃതിദുരന്തവുമില്ലാതെ വെള്ളത്തിൽ വീണ്ടും താഴുന്നത് നിർമ്മാണത്തിലെ അപാകതയല്ലാതെ മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കുവാൻ സാധിക്കില്ല. ഏതായാലും കൊറോണാക്കാലങ്ങളിലെ നിയന്ത്രണങ്ങൾ മൂലം ഉപഭോക്താക്കൾ ഇല്ലാതിരുന്നത് ഭാഗ്യമായി അല്ലായിരുന്നെങ്കിൽ മറ്റൊരു വലിയ ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടിയിരുന്നു. ഈ അന്യായങ്ങളെല്ലാം കണ്ട് പൊതുജനങ്ങൾ പ്രതികരിക്കാതിരിക്കുന്നത് അവർക്ക് മനസിലാകാഞ്ഞിട്ടോ അല്ലെങ്കിൽ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടോ അല്ല മറിച്ച് പ്രത്യാശ നശിച്ചിട്ടാണ്. രാഷ്ട്രീയ നേതൃത്വവും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുജനങ്ങളെ നഗ്‌നമായി ചൂഷണം ചെയ്യുന്നത് കാണുവാൻ വിധിക്കപ്പെട്ടവർ.

പരിഷ്‌കൃതലോകത്തിൽ നിയമവ്യവസ്ഥിതികൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നും ജനങ്ങൾ ജനാധിപത്യ വ്യവസ്ഥികളെ ആശ്രയിക്കുന്നതും നിയമപരമായി ഒരു അധികാരവർഗത്തെ തിരഞ്ഞെടുക്കന്നതും. സാമൂഹിക മാധ്യമങ്ങൾക്ക് ധാരാളം സ്വാധീനമുള്ള ഈ ആധുനിക യുഗത്തിൽ ഓരോ രാഷ്ട്രീയ നേതാവിനും പൊതുജനങ്ങളിൽ അവരുടെ മതിപ്പ് എത്രത്തോളമുണ്ടെന്ന് വളരെ കൃത്യമായ ധാരണയുണ്ട്. എങ്കിൽപ്പോലും സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും മൂല്യവത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പകരം കൂടുതലും സ്‌ഥാനമാനമോഹങ്ങളും അധികാരഭ്രമവുമാണ് അനുയോജ്യരല്ലാത്ത ഈ വ്യക്തികളെ രാഷ്ട്രീയത്തിലേയ്ക്ക് ആകർഷിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ വിവിധ രാഷ്ട്രീയപ്പാർട്ടികളിലായി പ്രായാധിക്യത്താലും രോഗത്താലും വലയുന്ന ധാരാളം വയോധികർ പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ അധികാര ശ്രോതസുകളായി നിലനിൽക്കുന്നുണ്ട്. ഒരു പരിധിവരെ കേരളജനതയുടെ ജീവിതത്തിലെ ഇത്തിൾ കണ്ണികൾ തന്നെയാണ് ഈ സ്വാർഥമതികളും അഹംഭാവികളും നിന്ദ്യരുമായ വ്യക്തികൾ. സര്‍ക്കാരുദ്യോഗസ്ഥർക്കും സ്വകാര്യസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ജോലി ചെയ്യുവാൻ ഒരു നിശ്ചിതകാലയളവ് അതായത് പെൻഷൻ പ്രായം (വിരമിക്കൽ പ്രക്രിയ) തീരുമാനിച്ചിരിക്കുന്നത് പ്രായാധിക്യത്താൽ അവരുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നതുകൊണ്ട് മാത്രമാണ്. അതോടൊപ്പം അവരെക്കാളും കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുവാൻ കഴിവുള്ള യുവാക്കൾ സമൂഹത്തിൽ  നിരവധിയുള്ളതുകൊണ്ടും. എങ്കിലും രാഷ്ട്രീയത്തിൽ മാത്രം ഈ വിരമിക്കൽ പ്രക്രിയ നിലനിൽക്കാത്തത് വിരോധാഭാസം മാത്രമാണ്.

നിലവിലുള്ള ജനാധിപധ്യ വ്യവസ്ഥിതികളിൽ അഴിമതിരഹിത ഭരണത്തിന് ധാരാളം സാധ്യതകളുണ്ട് പക്ഷെ രാഷ്ട്രീയ നേതൃത്വം തയ്യാറാവണം. നിലവിലുള്ള കോവിഡ് പ്രതിസന്ധി തരണം ചെയ്യുവാൻ മെയ്‌ക്ക് ഇൻ ഇന്ത്യയിലൂടെ ആൽമനിർഭരായി തീരണമെന്ന് ആഗ്രഹിക്കുന്നതും ആഹ്വാനം ചെയ്യുന്നത് നല്ലത് തന്നെയാണ് പക്ഷേ, അനുകൂല സാഹചര്യമൊരുക്കേണ്ടത് മറ്റാരുമല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്ത്വവും തന്നെ. രാഷ്ട്രീയം ജീവനോപാധികൾക്കുപരി പൊതുജനങ്ങൾക്ക് മറുപടി നൽകുവാൻ കടപ്പെട്ടവരാണെന്ന അവബോധ്യം ഓരോ രാഷ്ട്രീയ പ്രവർത്തകനുമുണ്ടാവണം.  അഴിമതിക്കെതിരെ കാവൽ നിൽക്കുന്ന നിയമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും മേൽനോട്ടത്തിനുപരി സുതാര്യത ഉറപ്പുവരുത്തണം. പൊതുജനങ്ങൾക്ക് അഴിമതി നടപടികളെക്കുറിച്ച് റിപ്പോർട്ടുകൾ നൽകാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതുപോലെ പത്രസ്വാതന്ത്യം ശക്തിപ്പെടുത്തുകയും കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യണം. പൗരന്മാരുടെ അധികാരണത്തിനുമേലുള്ള ഉദ്യോഗസ്ഥരുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നതിനായി ബ്യൂറോക്രസിയുടെ പ്രവർത്തനങ്ങൾ  ലളിതമാക്കുക തന്നെ ചെയ്യണം.

രാഷ്ട്രീയ നേതൃത്വത്തിനെയും പ്രവർത്തകരെയും അവരുടെ രാഷ്ട്രീയ നിലപാടുകളിലൂടെ മാത്രം വിലയിരുത്തണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സമൂഹവുമുണ്ട്. അവർ നിരത്തുന്ന കാരണങ്ങൾ ചില സാഹചര്യങ്ങളിൽ സാമൂഹിക പ്രതിബദ്ധത അധികമുള്ള നേതാക്കന്മാർക്ക് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾക്കുപരി രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകൾക്കൊത്ത് തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നതാണ്. ഇങ്ങനെയുള്ള തീരുമാനങ്ങൾ ചില അവസരങ്ങളിൽ ഭൂരിഭാഗം വരുന്ന പൊതുജനങ്ങൾക്ക് ഗുണമാവാതെയും വരുന്നുണ്ട്. അപ്പോഴും പൊതുജനം രാഷ്ട്രീയ നേതൃത്വത്തിനെ മാത്രമാണ് പഴിപറയുന്നത്. ഇവിടെയാണ് കാലഹരണപ്പെട്ട തത്ത്വസംഹിതകളിൽ ജീവിക്കാതെ ലോകം വളരുന്നതിനോടൊപ്പം തത്ത്വസംഹിതകളിലും പ്രവർത്തനരീതികളിലും മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത നിറയുന്നത്. മുതിർന്ന നേതൃത്ത്വത്തിന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും വിലമതിക്കേണ്ടത് തന്നെയാണ് പക്ഷെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാത്രമായിരിക്കണം.

അഴിമതിക്കെതിരായ പ്രചാരണത്തിലെ ഏറ്റവും ഫലപ്രദവും നിർണായകവുമായ പങ്കു വഹിക്കുന്നത് ഓരോരുത്തരുടെയും ഇച്ഛയാണ്, പക്ഷേ അത് സ്വാർഥതയിലൂന്നിയ ഇച്ഛയാവരുത് പകരം സാമൂഹിക നന്മയിലൂന്നിയ ഇച്ഛയായിരിക്കണം. അതായത് രാഷ്ട്രീയ നേതൃത്വം ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേതൃത്വത്തിന്റെ ലക്ഷ്യങ്ങളിൽ സ്വാർഥത കലർത്താതെ സാമൂഹിക നന്മകൾ കൈവരിക്കുവാൻ സാധിക്കും. ജനാധിപത്യത്തിൽ വിശാലമായ കാഴ്ചപ്പാടുകളും പ്രവർത്തനശൈലികളും മാത്രമാണ് എന്നെന്നേയ്ക്കുമായി നിലനിൽക്കുന്നത് എന്നുള്ളതിന് ലോകത്തെമ്പാടുനിന്നും ധാരാളം തെളിവുകൾ ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ വിലയേറിയ വോട്ടും കൈയ്യടിയും നേടി അധികാരത്തിലെത്തുന്നതിനൊപ്പം അവരോരുത്തരുടേയും പ്രതീക്ഷയ്‌ക്കൊത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന ജനപ്രധിനിധികളെയാണ് ഇന്നത്തെ സമൂഹം ആഗ്രഹിക്കുന്നതും വീണ്ടും അധികാരത്തിലേറുവാൻ അനുവദിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com