sections
MORE

മോശം പെരുമാറ്റങ്ങളും ചില ജീവിത ചിന്തകളും

Man-alone
SHARE

സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം വ്യക്തികളും ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങൾ ചെയ്യാത്ത കുറ്റങ്ങൾക്കായി മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യരായിട്ടുണ്ട് ചില അവസരങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കും ഉന്നമനത്തിനായിട്ടുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിക്കുന്ന ആൽമാർത്ഥതയുള്ള വ്യക്തികൾക്ക്. കൂടുതലും പരോക്ഷമായിട്ടാണെങ്കിലും അതായത് അവരുടെ അസാന്യധ്യത്തിലാണെങ്കിലും  ചില അവസരങ്ങളിൽ നേരിട്ടും ക്രൂശിക്കപ്പെടാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി വളരെ നിർദ്ദയമായി അവരോട്  ആക്രോശിച്ചു സംസാരിക്കുകയും പേരെടുത്ത് പറഞ്ഞുകൊണ്ട് ലജ്ജിപ്പിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ മുൻപിൽ ആവഗണിക്കുകയും അതായത് അർഹിക്കുന്ന അംഗീകാരം നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. 

ഇങ്ങനെയുള്ള വ്യക്തിഹത്യകൾ കേൾക്കുന്നവർ അതായത് യഥാർത്ഥ സംഭവവികാസങ്ങളുടെ പൊരുളും സത്യാവസ്ഥകളും നേരിട്ട് അറിവില്ലാത്തവരായ വ്യക്തികൾക്ക് പൊതുവെ അസ്വാഭാവികത  അനുഭവപ്പെടുമെങ്കിലും സംശയനിവാരണത്തിന് മുതിരാറില്ല. എന്നാൽ അറിയാതെയാണെങ്കിലും അപഹാസ്യരാക്കപ്പെട്ട വ്യക്തികളോട് മാനസികമായെങ്കിലും വെറുപ്പും വിധ്വെഷവും ഉടലെടുക്കുകയും പിന്നീട്  അവരുമായി ഇടപഴുകുമ്പോഴെല്ലാം അകലങ്ങൾ പാലിക്കുവാൻ ശ്രമിക്കുകയും ചെയ്യും. നന്മതിന്മകൾ തിരിച്ചറിയുവാനുള്ള കഴിവില്ലായ്‌മ മൂലമല്ലെങ്കിലും ഓരോരുത്തരുമറിയാതെ രൂപപ്പെടുന്ന മുൻവിധികളിലൂടെ അവരറിയാതെ അവർ നയിക്കപ്പെടുകയാണ്. മറ്റു വ്യക്തികളോടുള്ള മനോഭാവത്തിന്റെ അടിസ്ഥാനം എപ്പോഴും ഓരോരുത്തരുടെയും വിദ്യാഭ്യാസ നിലവാരങ്ങൾക്കനുസൃതമാണെങ്കിൽ കൂടെയും അവരുടെ നിലവിലുള്ള സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളും വ്യക്തികളും അവരുടെ ചിന്തകളെ സ്വാധീനിക്കും.

മറ്റുള്ളവരെ വ്യക്തിഹത്യയും അകാരണമായി അപമാനിക്കുകയും ചെയ്യുന്നവർ ചരിത്രത്തിലുടനീളം എല്ലാ സംസ്‍കാരങ്ങളിലും സമൂഹങ്ങളിലും കാണുവാൻ സാധിക്കും. മനുഷ്യരുടെ  ജീവിത മേഖലകളിൽ വിവിധ ഭാവങ്ങളിലും രൂപങ്ങളിലാണെങ്കിലും മനഃശാസ്‌ത്രത്തിൽ ഇതിനുള്ള അടിസ്ഥാന കാരണം ഒന്ന് മാത്രമാണ്, അവരോരുത്തരുടേയും 'പേടി'. തങ്ങളോരുത്തരുടേയും നിലനിൽപ്പിനും വളർച്ചയ്ക്കും മറ്റൊരാൾ വിലങ്ങുതടിയാകുമെന്നുള്ള അകാരണമായ ഭയം. മനുഷ്യരുൾപ്പെടുന്ന ലോകത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും പേടിയുണ്ട് പക്ഷെ അവയോരോന്നും വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത്. തത്ത്വത്തിൽ മറ്റുള്ളവരെ അകാരണമായി പീഡിപ്പിക്കുന്നവർ യഥാർത്ഥത്തിൽ ഭീരുക്കൾ മാത്രമാണ്. 

അങ്ങനെയുള്ള വ്യക്തികൾക്ക് ജീവിതത്തിൽ ഒരു കാര്യത്തിലും തീരുമാനങ്ങളെടുക്കുവാൻ കഴിവില്ലാത്തവരാണ്. ജീവിതത്തിന്റെ ഒരു മേഖലകളിലും ആത്മവിശ്വാസം ലെവലേശമില്ലാത്ത വ്യക്തിത്വങ്ങൾ. ഒരു പരിധിവരെ സ്വന്തം ബലഹീനതകളും കെടുകാര്യസ്ഥതകളും  മറച്ചുവയ്ക്കുവാൻ  മറ്റുള്ളവരെ കരുവാക്കുകയാണ് ചെയ്യുന്നത്.  അതായത് അവരോരുത്തരുടെയും ഭീരുത്വം അവർ സ്വന്തമായി തിരിച്ചറിയുന്നതുകൊണ്ട്  മറ്റുള്ളവരിൽ അനാവശ്യമായ ഭയം സൃഷ്ടിച്ച് അവർ തന്നെ ആ ഭയത്തോട് സ്വയം പോരാടുകയാണ് ചെയ്യുന്നത്. ഒരോ സമൂഹങ്ങളിലും കൂട്ടായ്മകളിലും ഇങ്ങനെയുള്ള വ്യക്തികളുണ്ട് അവർ അകാരണമായി അനിശ്ചിതത്ത്വം ഉളവാക്കിയെടുക്കുന്നതിലൂടെ  അവരോരുത്തരുടേയും ഉള്ളിലുള്ള അനിശ്ചിതത്ത്വങ്ങൾ മൂടി വയ്ക്കുവാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ കഴിവുകേടുകൾ മറ്റുള്ളവർ ചോദ്യം ചെയ്യാതിരിക്കുവാനും തങ്ങൾക്ക് സാദ്ധ്യമല്ലാത്ത ലക്ഷ്യങ്ങൾ മറ്റുള്ളവർ നേടിയെടുക്കുവാതിരിക്കുവാനുമുള്ള മുൻകരുതലുകൾ.  

അന്യായമായി പ്രവർത്തിക്കുന്നവരും സമൂഹത്തിലും സംഘടനകളിലും അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നവരും അവരുടെ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അവരുടെ പ്രവർത്തനങ്ങളിലൂടെ മനസിലാക്കുവാൻ സാധിക്കും. സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തികൾ സമൂഹത്തിനും സംഘടനകൾക്കും ഒരുകാലത്തും മുതൽക്കൂട്ടാവുന്നുമില്ല. പക്ഷെ അതിലും വേദനാജനകമായ വസ്തുത അന്യായം പ്രവർത്തിക്കുന്നവർക്കെതിരെ ശബ്ദമുയർത്തുവാൻ കഴിവില്ലാതെ നോക്കുകുത്തികളായി നിൽക്കുന്ന സമൂഹത്തിലെ മറ്റു വ്യക്തികളാണ്. സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അനീതി കൺമുൻപിൽ കാണുമ്പോഴും  മനസിലാവുമ്പോഴും ചെറുവിരൽ പോലുമനക്കുവാൻ കഴിവില്ലാതെ നിൽക്കുന്ന തികച്ചും നിസംഗതരായ വ്യക്തികൾ. മൗനം പാലിക്കുന്നതിലൂടെ അവരോരുത്തരും അന്യായം പ്രവർത്തിക്കുന്നവരെ അനുകൂലിക്കുകയാണ്.  പലർക്കും അവരുടേതായ പ്രത്യക സാഹചര്യങ്ങളുണ്ടാവും ചിലപ്പോൾ ധൈര്യമില്ലായ്‌മയാകാം എന്നാൽ അനീതി കാണുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കുന്നതും അനീതി ചെയ്യുന്നതിന് തുല്യമാണ്. സമൂഹങ്ങളിലും സംഘടനകളിലും ക്രിയാത്‌മകമായി പ്രവർത്തിക്കുവാൻ കഴിവുള്ള വ്യക്തികൾ ഈ ലോകത്തിൽ വളരെ കുറവാണ്. അതിലും കുറച്ച് വ്യക്തികൾ മാത്രമാണ് പ്രവർത്തിക്കുവാൻ സമയമുള്ളവരും താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നതും. അങ്ങനെയുള്ള അവസരങ്ങളിൽ സമൂഹത്തിന്റെ ഒഴിയാ ബാധകളായ വ്യക്തികളിൽ നിന്നും സംരക്ഷണവും സഹായവും നൽകേണ്ടത് നിസ്സംഗരായി നിൽക്കുന്ന  തിരിച്ചറിവുള്ള  വ്യക്തികളാണ്.  

സമൂഹത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികൾ നിരന്തരം അനുഭവിക്കുന്ന ഒരു വസ്തുതയാണ് "വ്യക്തികളിലെ മോശമായ പെരുമാറ്റങ്ങൾ  നല്ല പെരുമാറ്റത്തേക്കാൾ കൂടുതൽ അനുകരിക്കപ്പെടുന്നത്, അതോടൊപ്പം പകർച്ചവ്യാധിയെപ്പോലെ മറ്റുള്ളവരിലേയ്ക്ക് എളുപ്പത്തിൽ പടർന്നു പിടിക്കുന്നതും" ഉദാഹരണത്തിനായി സാധാരണ ഒരു പൊതുചടങ്ങ് നടക്കുന്ന സദസിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ അരങ്ങിൽ വളരെ മനോഹരമായ കലാവിരുന്ന് നടക്കുന്നുണ്ടെങ്കിലും സദസ്യരുടെ ഇടയിൽ ഒരു മോശം പെരുമാറ്റം നടക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും എല്ലാവരുടെയും ശ്രദ്ധ കലാവിരുന്നിനേക്കാൾ മോശം പ്രവർത്തനം നടത്തുന്ന വ്യക്തികളിലേയ്ക്കായിരിക്കും. ചില അവസരങ്ങളിൽ മനുഷ്യരിലെ ആന്തരികമായ പ്രതിരോധചിന്താഗതികളായിരിക്കാം ഈ പ്രവണതയുടെ മൂലകാരണമെങ്കിൽ കൂടിയും ക്ഷണിക നേരത്തേയ്ക്കാണെങ്കിലും വ്യക്തികളുടെ ശ്രദ്ധ വ്യതിചലിക്കപ്പെട്ടു. അതോടൊപ്പം ഭംഗിയേറിയ കലാവിരുന്നിനേക്കാൾ ദീർഘകാലത്തേയ്ക്ക് മനുഷ്യരുടെ മനസ്സിൽ കൂടുതൽ പതിഞ്ഞിരിക്കുവാൻ സാധ്യതയുള്ളതും പ്രതീക്ഷിക്കാതിരുന്ന മോശമായ സംഭവവികാസങ്ങളായിരിക്കും. സമൂഹത്തിൽ അക്രമാസക്തരാവുന്ന വ്യക്തികളുമായി ഇടപഴുകുന്നതും അവരെ നേരിടുന്നതും തങ്ങളുടെ ഉയർന്ന പദവിക്ക് യോജിച്ചതല്ലാത്തതുകൊണ്ട് പലരും ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്.  പക്ഷെ തികച്ചും സ്വാർത്ഥമതിക്കാരായ ഇത്തരം വ്യക്തികൾ അവരുടെ വിജയമായി കരുതുകയാണ് പതിവ്. അതിനാൽ തന്നെ ഇങ്ങനെയുള്ള വ്യക്തികളിൽ നിന്നും അവരുടെ സാമൂഹിക വിരുദ്ധതയിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനു പകരം നേരിടുക തന്നെ വേണം. അതിനാവശ്യം ഇങ്ങനെയുള്ള വ്യക്തികളെക്കുറിച്ചുള്ള അറിവ് നേടുകയെന്നത്  തന്നെയാണ്.

ആദ്യമേ സൂചിപ്പിച്ചതുപോലെ സമൂഹീകാന്തരീക്ഷം അലങ്കോലമാക്കുന്ന വ്യക്തികളെല്ലാം തന്നെ പ്രാഥമികമായും പേടിത്തൊണ്ടന്മാരാണ്. അതുകൊണ്ടു തന്നെ സമൂഹത്തിലും പൊതുചടങ്ങുകളിലും അവരുടെ സാന്നിദ്ധ്യവും മേൽക്കോയ്മയും ഉറപ്പാക്കുവാനുള്ള പരിശ്രമങ്ങൾ മാത്രമാണ് അവരുടെ താൽകാലിക ഉദ്യമങ്ങളെല്ലാം. ഇങ്ങനെയുള്ള വ്യക്തികൾ കൂടുതലും ഏതെങ്കിലും തരത്തിലുള്ള ലക്ഷ്യബോദ്ധ്യമുള്ളവരോ പ്രത്യേക താൽപ്പര്യത്തോടെ പ്രവർത്തിക്കുന്നവരുമല്ല മറിച്ച് സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. കഥയില്ലാത്ത വ്യക്തികളെന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുന്നവരാണിവർ അല്ലെങ്കിൽ സമൂഹത്തിൽ അറിയപ്പെടുന്നവർ. എന്നാൽ സഹകരണ മനോഭാവമുള്ളവരും അതുകൊണ്ടു തന്നെ  ഏതെങ്കിലുമൊരു അപ്രധാനമായ ജോലിയേൽപ്പിക്കുകയാണ് ഇക്കൂട്ടരെ പ്രായോഗികമായി നേരിടുവാനുള്ള ഏറ്റവും ഉത്തമമായ മാർഗം. 

എന്നാൽ ഇക്കൂട്ടത്തിൽ ചിലർ  വ്യക്തികളെ തിരഞ്ഞുപിടിച്ചു തേജോവധം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യും. പലകാരണങ്ങളുണ്ടെങ്കിലും അവിടെയും പ്രധാനമായും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ പ്രഭാവം നഷ്ടപ്പെടുമെന്നുള്ള പേടിയാണ്. അതുകൊണ്ടുതന്നെ പൊതുവേദികളിലും നേരിട്ടും ശല്യപെടുത്തികൊണ്ടിരിക്കും, ഇവിടെയും അനുനയനം തന്നെയാണ് ഏറ്റവും അനുയോജ്യമായ മാർഗ്ഗമെങ്കിലും ചില അവസരങ്ങളിൽ ഇവരുടെ പുറകിൽ നിന്ന് ചരട് വലിക്കുന്ന ദുഷ്ടവ്യക്തികളുണ്ടാവും.  കഥയില്ലാത്തതും സ്വന്തമായ ലക്ഷ്യബോധ്യവുമില്ലാത്ത വ്യക്തികളെ സ്വാധീനിക്കുവാൻ എളുപ്പമായതുകൊണ്ട് അത്യാഗ്രഹികളും അധികാരമോഹികളുമായ വ്യക്തികൾ ഇവരെ ദുരുപയോഗം ചെയ്യുന്നതാണ്. ഇവിടെയും വ്യക്തിപ്രഭാവങ്ങൾ തമ്മിലുള്ള  വൈരുദ്ധ്യമാണ് വളരെ കരുതലോടെ മാത്രം നേരിടേണ്ട സ്ഥിതിവിശേഷമാണ്. സാഹചര്യം ശരിക്കും മനസിലാക്കുവാൻ ശ്രമിക്കുകയും  പരിസ്ഥിതികൾ അനുകൂലമാണെങ്കിൽ മാത്രം നേരിടുക അതല്ലെങ്കിൽ പിൻവലിയുന്നതായിരിക്കും ഏറ്റവും ഉചിതമായ നടപടി. ആയുസ്സും ആരോഗ്യവും സൽപ്പേരും നിലനിൽക്കുന്നിടത്തോളം പ്രവർത്തിക്കുവാൻ ധാരാളം അവസരങ്ങൾ വന്നുകൊണ്ടിരിക്കും.

സ്വാർത്ഥതാല്പര്യക്കാരായ വ്യക്തികൾ ഒരിക്കൽപോലും അവരുടെ ചെയ്തികളുടെയും അതിനെത്തുടർന്നുള്ള വരുംവരായ്കകളുടെയും  ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. എല്ലായ്പ്പോഴും മറ്റുള്ളവരെ പഴിചാരുക മാത്രമാണ് ചെയ്യുന്നത്. പ്രത്യേകിച്ചും അവരുടെ കൊള്ളരുതായ്മകളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മറ്റുള്ളവർ ചെയ്യിച്ചതാണെന്ന് വാദഗതി ഉയർത്തികൊണ്ടിരിക്കും. അവരുടെ കാഴ്ചപ്പാടുകളിൽ അവർ ചെയ്യുന്നത് മാത്രമാണ് എപ്പോഴും ശരിയും, അവരുടെ ചിന്താഗതികളിൽ അവസരത്തിനൊത്ത് അവർ പ്രതികരിച്ചതിനാൽ അവർ മറ്റുള്ളവർക്ക് മുൻപിൽ മാതൃകയാണ്. വിപുലമായ ക്ഷേമ പദ്ധതികളൊന്നും ഉൾകൊള്ളുവാനുള്ള മാനസിക വളർച്ചയില്ലാത്ത വ്യക്തികളാണിവർ.  എന്നാൽ എല്ലായ്പ്പോഴും നഷ്ടം പൊതുസമൂഹത്തിനും മറ്റുള്ളവർക്കുവേണ്ടി ആൽമാർത്ഥമായി പ്രവർത്തിക്കുവാനിറങ്ങുന്ന വ്യക്തികൾക്കുമാണ്. 

താൽക്കാലികമായെങ്കിലും സമൂഹ നന്മയ്ക്കായി വിഭാവനം ചെയ്ത പദ്ധതികൾക്ക് കാലതാമസം നേരിടുകയാണ് ചില അവസരങ്ങളിൽ  എന്നെന്നേയ്ക്കുമായി മുടങ്ങിപ്പോവുകയും ചെയ്യും.  സാമൂഹിക വിരുദ്ധത പ്രകടിപ്പിക്കുന്ന വ്യക്തികൾ കാഴ്ച്ചയ്ക്ക് സ്വാഭാവികത പ്രതിഫലിക്കുമെങ്കിലും യഥാർത്ഥത്തിൽ മാനസിക രോഗികളാണ്. ജനിക്കുമ്പോൾ മുതലുള്ള കാലഘട്ടങ്ങളിലെവിടെയോ കുടുംബാംഗങ്ങളുൾപ്പെടുന്ന  മറ്റു വ്യക്തികളാൽ പീഡിപ്പിക്കപ്പെട്ടവർ. കാലാകാലങ്ങളായി അവരുടെ ഉണങ്ങാത്ത മാനസിക മുറിവുകൾ മറ്റുള്ളവരോടുള്ള വിധ്വേഷമായി സമൂഹത്തിൽ പ്രകടിപ്പിക്കുന്നു. ഇവിടെയും വിവേകവും ബുദ്ധിയുമുള്ള വ്യക്തികൾ വരും വരായ്കകൾ തിരിച്ചറിഞ്ഞു തന്നെ പ്രവർത്തിക്കണം. സാമൂഹിക വിരുദ്ധരോട് അതെ നാണയത്തിൽ എളുപ്പത്തിൽ മറുപടി പറയുവാൻ സാധിക്കും പക്ഷെ നഷ്ടം ആൽമാർത്ഥയേറെയുള്ളവർക്കാണ്, കാരണം അവർക്ക് നുണ പറയുവാൻ അറിയില്ല പറഞ്ഞാലും എളുപ്പം പിടിക്കപ്പെടും. നിയമത്തിന്റെ മുൻപിൽ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകൾ ശിക്ഷിക്കപ്പെടാവുന്ന തെറ്റുകൾ മാത്രമാണ്. അതുകൊണ്ട് ചില അവസരങ്ങളിൽ മറ്റുള്ളവർ ഭീരുത്വമാണെന്ന് മുദ്രകുത്തിയാലും ബുദ്ധിപരമായി സംയമനം പാലിക്കുക തന്നെ വേണം, പ്രത്യേകിച്ചും നിയമസംവിധാനങ്ങളെ വിലയ്‌ക്കെടുക്കുവാൻ സാധിക്കാത്ത വികസിത രാജ്യങ്ങളിൽ ജീവിക്കുമ്പോൾ.

സമൂഹത്തിന്റെ തീരാകളങ്കമായി മാറിയിരിക്കുന്ന  വ്യക്തികളുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങൾ മൂലവും സഭ്യമല്ലാത്ത സംസാര ശൈലികൾ മൂലവും ഊര്‍ജ്ജസ്വലരായ പല പ്രമുഖ വ്യക്തികളും സാമൂഹിക പ്രവർത്തനങ്ങളും സംഘടനാ  പ്രവർത്തനങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. മനോരോഗികളായ സാമൂഹികവിരുദ്ധർക്ക് നഷ്ടപ്പെടുവാനൊന്നുമില്ല എന്നാൽ സമൂഹത്തിനാണ് നഷ്ടങ്ങളേറെയും, ആത്മാർഥതയുള്ള സന്നദ്ധപ്രവർത്തകരുടെ വിലയേറിയ പ്രവർത്തനങ്ങളും അതിന്റെ ഗുണങ്ങളും. മനുഷ്യരെന്നും സാമൂഹിക ജീവികളാണ് അവരുടെ ബാഹ്യമായ ശാരീരിക രൂപവും ജീവിത രീതികളും പ്രവർത്തനരീതികളും അവരോരുത്തരെയും എളുപ്പത്തിൽ തിരിച്ചറിയുവാനുള്ള ഉപാധികൾ മാത്രമായാണ് കാണേണ്ടത്, തരംതിരിക്കുവാനുള്ള കുറുക്കു വഴികളായല്ല. സാമൂഹിക സാംസ്‌കാരിക സംഘടനകളടങ്ങുന്ന മനുഷ്യന്റെ എല്ലാ പ്രവർത്തന മേഖലകളും എല്ലാവരുടെയും മനോരഞ്ജനത്തിനുള്ള വേദികളും സാമൂഹിക ഉദ്ധാരണത്തിനുള്ള ഉപാധികളും മാത്രമാണ്. അവിടങ്ങളിലെല്ലാം കുത്തിത്തിരുപ്പുകളും കുപ്രചാരണങ്ങളും നടത്തുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിലേയ്ക്കായി കൂട്ടായ പ്രവർത്തനം നടത്തുക തന്നെ ചെയ്യണം, ഇനിയും സമൂഹത്തിൽ നിസംഗതരായി വർത്തിക്കാതെ പ്രതികൂലതകളെ സധൈര്യം നേരിടുന്ന കർമ്മനിരതരായ വ്യക്തികളായി മാറിയെങ്കിൽ മാത്രമേ സാമൂഹിക വിരുദ്ധരെ തോല്പിക്കുവാൻ സാധിക്കുകയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA