ADVERTISEMENT

അടുത്തു തന്നെ നടക്കാനിരിക്കുന്ന അവരുടെ വിവാഹത്തെപ്പറ്റി സംസാരിക്കുകയായിരുന്നു, അവനും അവളും. അവൾ കൈകൾ നീട്ടി, അവന്റെ  വിരലുകളുമായി വിരൽ കോർത്തു പിടിച്ചു. പെട്ടെന്നവൾ ഞെട്ടിപ്പോയി. ഐസ് പോലെ തണുത്ത അവന്റെ വിരലുകളിൽ നിന്ന് തന്റെ ദേഹത്തേയ്ക്ക് അരിച്ചു കയറുന്ന തണുപ്പ്. തലയുയർത്തി നോക്കി. അവ്യക്തമായി കണ്ട അവന്റെ വിളറിയ മുഖത്ത് വിഷാദം. മരവിച്ച കണ്ണുകൾ. 

അവനോടു ചേർന്നിരിക്കവേ തണുപ്പിന്റെ ആധിക്യത്തിൽ പരിസരബോധം വന്നപ്പോൾ അവളറിഞ്ഞു, മരുഭൂമിയിലെ ഏതോ ഒരു ശ്മശാനത്തിലാണ് തങ്ങള്‍ ഇപ്പോളുള്ളത്. സമീപത്ത് ഇരുവരെയും തൊട്ടുതലോടിയകന്നു മാറുന്ന ശവംനാറിപ്പൂക്കൾ. പുലരി തുടുത്തു വരുന്നു. മൂകത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം. താഴേയ്ക്ക് ഒഴുകി മാഞ്ഞു ദൂരേയ്ക്ക് പോയ നിലാവിന്‍റെ നനവു വറ്റാത്ത ഇളകിയ മണ്‍കൂനകള്‍ നിശ്ശബ്ദമായി കാവല്‍ നില്‍കുന്ന മരുപ്രദേശം. 

ചുറ്റും അങ്ങിങ്ങായി നാനാ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വസന്തം വിരിയിക്കുന്നു. കൂടുതലും വെളുപ്പും ചുവപ്പും. അപ്പുറം പനിച്ചുറങ്ങുന്ന തെരുവ്. മുന്നിൽ കിടക്കുന്ന ശകടത്തിന്റെ പിൻഭാഗത്ത് ചുംബിക്കാനായുന്ന വാഹനങ്ങളുടെ നീണ്ട നിര അവസാനിക്കാത്ത പാതയോരം. വിജനതയില്‍ ഏകാന്തതയുടെ ശാന്തിമന്ത്രം. ഇരുള്‍പ്പക്ഷികള്‍ വേർപാടിന്റെ ശോകഗാനം ആലപിക്കുന്നു. ഈന്തപ്പനയോലകള്‍ ഇളംകാറ്റില്‍ ദലമര്‍മ്മരമുതിര്‍ക്കുന്നു. ഉഷ്ണ കാലത്തിന്റെ  വരവറിയിച്ചുകൊണ്ട് സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന കനികള്‍ പേറുന്ന ഈന്തപ്പനകൾ. അവയുടെ ശിരസ്സിലേക്ക് കോണ്‍ക്രീറ്റ് കാടുകൾക്കപ്പുറത്തു നിന്ന് നേർത്ത വെളിച്ചം വീഴുന്നു. പൊടുന്നനെ അവൻ അപ്രത്യക്ഷനായി.

∙∙∙

സുബോധം വീണ്ടെടുക്കവേ, നീറുന്ന യാഥാർഥ്യം അവളുടെ വിങ്ങുന്ന മനസ്സിലേക്കോടിയെത്തി. വളരെ നാളുകള്‍ക്കു ശേഷം ക്ഷീണാധിക്യത്താല്‍ താനൊന്നു മയങ്ങിപ്പോയതാണ്. പൊട്ടിപ്പിളര്‍ന്ന് കരയാന്‍ പോലുമാകുന്നില്ല ഇപ്പോള്‍. പ്രതീക്ഷാനിര്‍ഭരവും സ്നേഹസമ്പന്നവുമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന നാളുകള്‍. ആശകള്‍ കൊണ്ട് ഒരു കൊട്ടാരം തന്നെ പണിതുയര്‍ത്തി. താനതിലെ രാജ്ഞിയായി. അടുത്ത വരവിനു വിവാഹം. പിന്നെ നമ്മള്‍ നമ്മുടെതായ ഒരു സ്വര്‍ഗ്ഗം പണിയും. അദ്ദേഹം പറയുമായിരുന്നു. വാട്സാപ്പ് സന്ദേശങ്ങൾ മുഴുവന്‍ ചുംബന മുദ്രകളാണ്. സ്വതവേ ലജ്ജാശീലനും സൗമ്യനും അശ്ലീലച്ചുവയുള്ള ഒരു വാക്കുപോലും തന്നോട് ഇന്നോളം ഉച്ചരിച്ചിട്ടില്ല. ആരോടും സഭ്യമായല്ലാതെ സംസാരിക്കാറില്ല. താനെത്ര ഭാഗ്യവതി? എന്ന് പലപ്പോഴും അഹങ്കരിച്ചു പോയിട്ടുണ്ട്.  

കോവിഡ്ടെസ്റ്റ്‌ ഫലം പോസിറ്റീവ് എന്ന് പറയുമ്പോളും ചുണ്ടില്‍ സ്വതസ്സിദ്ധമായ ചിരിയായിരുന്നു. പ്രാർഥനയുടെയും വഴിപാടിന്‍റെയും ബലത്തില്‍ താനും ആശ്രയിച്ചു, ആശ്വസിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയിട്ടും ആരും തങ്ങളെ അറിയിച്ചില്ല. അവസാനമായി തന്നോട് സംസാരിക്കുമ്പോള്‍ ആ ചുണ്ടുകള്‍ വിങ്ങി വിറപൂണ്ടിരുന്നു. ശ്വാസം കഴിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതറിഞ്ഞു. ഒരുപാടൊരുപാടെല്ലാം പറഞ്ഞു. സംസാരിക്കാനാവുന്നില്ല എന്ന് വേദനയോടെ പറയുമ്പോള്‍ ഒന്ന് കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നിന്നുപോയി താന്‍.

അവസാനമായി ഒരിക്കല്‍ക്കൂടി കാണാന്‍ ആഗ്രഹിച്ച ആരെയും കാണാന്‍ കഴിയാതെ, ദേഹി വെടിഞ്ഞ ആ ദേഹം, വേണ്ടപ്പെട്ടവര്‍ക്ക് ഒരുനോക്കുപോലും  കാണാന്‍ കിട്ടാതെ, അങ്ങകലെ... ജനിച്ച നാട്ടില്‍ നിന്നു യോജനകള്‍ക്കകലെ... ആഴിക്കപ്പുറം... അറിയാത്ത നാട്ടിലെ മണല്‍ക്കാട്ടിലെവിടെയോ ആറടി മണ്ണുമാത്രം സ്വന്തമാക്കിയിരിക്കുന്നു, എന്തൊക്കെയോ കൂടി വെട്ടിപ്പിടിക്കാന്‍ പോയ തന്‍റെ പ്രിയപ്പെട്ടവന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com