sections
MORE

പ്രവാസികളെ സമ്മർദ്ദത്തിലാക്കരുതേ

flight
SHARE

ലോകത്തിനു മുഴുവനും മാതൃകയായ കേരളം. ആരോഗ്യ രംഗത്ത് അതി ശക്തമായ മുന്നേറ്റം കാഴ്ച വച്ചു കൊണ്ടിരിക്കുന്ന കേരളം. നമ്മൾ മലയാളി പ്രവാസികൾ, നമ്മുടെ ആരോഗ്യ മന്ത്രിയെ ബിബിസി ചാനലിൽ കണ്ടപ്പോൾ തീർച്ചയായും അഭിമാനം കൊണ്ടു. നമ്മുടെ മുഖ്യമന്ത്രിയുടെ ദിനം തോറും ഉളള പ്രസ് മീറ്റ് അഹങ്കാരത്തോടും അഭിമാനത്തോടും കാത്തിരുന്ന് കണ്ട് സ്വയം ആശ്വസിച്ചു ഞങ്ങൾക്ക് കരുതലായി കൂടണയും വരെ നമ്മുടെ അധികാരികൾ ഒപ്പമുണ്ട് എന്ന്‌. അതേ ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു നമ്മുടെ സർക്കാർ പ്രവാസികളോടൊപ്പമാണെന്നു. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്ന തീരുമാനം അതുകൊണ്ടു തന്നെ പിൻവലിക്കുമെന്നും പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാരും പ്രവാസികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു കാര്യം പറയട്ടെ ഈ വരുന്ന പ്രവാസികൾ ആരും ധനികരോ ബിസിനസ് നടത്തുന്ന മുതലാളിമാരോ അല്ല. മറിച്ച് ജോലി നഷ്ടപ്പെട്ടവരും അസുഖം ഉള്ളവരും വീസ കാലാവധി കഴിഞ്ഞവരും അങ്ങനെ നിരവധിയായ പ്രശനങ്ങൾ ഉള്ളവരും മാത്രമാണ്. കോവിഡ് ഇല്ലായെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉണ്ടായാൽ മാത്രമേ കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ എന്ന പറയും മുമ്പ് ചെറുതായെങ്കിലും ഒരു ഹോംവർക് ചെയ്യാൻ സർക്കാരിനെ ഉപദേശിക്കുന്നവർക്കും സാധിച്ചില്ലെ എന്നു സംശയമുണ്ട്.

ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഷ്ടപ്പെടുന്നവർ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ അവരെ തകർക്കുന്നതാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം.  സ്വന്തം നാട്ടിൽ കരുതലും കരുണയും ലഭിക്കുമെന്നുള്ള വിശ്വാസവും തകരാനേ ഇത് ഉപകരിക്കൂ. കേരള വികസനത്തിന്റെ നട്ടെല്ലെന്നു എല്ലാവരും പ്രകീർത്തിക്കുന്ന പ്രിയപ്പെട്ട പ്രവാസി മലയാളികൾ എന്ത്‌ തെറ്റാണു ചെയ്തത് ,അവരെ ഇങ്ങനെ ക്രൂശിക്കാൻ ?. മാർച്ച് 12 ന് നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് എതിരാണ് ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്ന ഈ തീരുമാനം. അന്നു പറഞ്ഞതും ചെയ്തതും ഒക്കെ ഇത്ര പെട്ടന്ന് എങ്ങനെ മറക്കാൻ സാധിക്കുന്നു ?

അത്ഭുതകരമെന്നു പറയട്ടെ, കേരളത്തിലേക്കു ഗൾഫിൽ നിന്നും വരുന്ന  വിമാനത്തിൽ മാത്രമേ കോവിഡ് പോസിറ്റീവ് ഉണ്ടാകൂ എന്ന കണ്ടു പിടുത്തത്തിന് നമോവാകം. ഒരു കാര്യം, ഇതുപോലുള്ള ഉട്ടോപ്യൻ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പ്രവാസലോകത്തു ഇന്ന്‌ വരെ 246 ജീവൻ പൊലിഞ്ഞു എന്ന ദുഃഖ സത്യം കൂടി ഓർക്കുന്നത് നന്നായിരിക്കും. പ്രവാസികളുടെ കാര്യത്തിൽ എത്ര വട്ടമാണ് കേന്ദ്രവും കേരളവും നിലപാട് മാറ്റിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സർക്കാർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളുടെയും പ്രഭ കെടുത്തുന്നു  എന്നതും മറക്കരുത്. പരസ്പരം പഴി ചാരി ഈ പാവം പ്രവാസികളെ സമ്മർദ്ദത്തിലാക്കല്ലേയെന്നും വളരെ വിനയത്തോടെ അഭ്യർഥിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA