ADVERTISEMENT

അന്യൻ പശിച്ചാൽ തൻ അന്നം പകുക്കുവാൻ

മുന്നിൽ വരുന്നവനാ സഖാവ്

അഷ്ടിയ്ക്കു മുട്ടുവരുത്തുന്നവൻ മുന്നിൽ

മുഷ്ടി ചുരുട്ടുന്നോനാ സഖാവ്

ചൂഷണം കണ്ടാൽ തിളയ്ക്കുന്ന ചോരയാൽ

വിപ്ലവം തീർക്കുന്നോനാ സഖാവ്

കണ്ണിൽ ജ്വലിക്കുന്നോരഗ്നിസ്ഫുലിംഗത്താൽ

കല്ലിനെപ്പോലും എരിയ്ക്കും സഖാവ്

എന്നും തെളിയ്ക്കുവാൻ തേരാളിയായ് നിന്ന്

ഏഴനെ തേരേറ്റുന്നോനാ സഖാവ്

രോദനം കേൾക്കുന്ന ദിക്കിലേയ്ക്കെത്തുവാൻ

രോഗം മറക്കുന്നോനാണാ സഖാവ്

നാടിന്റുയർച്ചയിൽ നഞ്ചു കലക്കാത്ത

നന്മതൻ രൂപമാണാ സഖാവ്

കാലത്തിനൊത്തു തൻ കോലം മിനുക്കുവാൻ

കാലണ നേടാത്തോനാണാ സഖാവ്

കാമ്പുള്ള ദർശനം കാട്ടുവാനെന്നും

നാമ്പുകൾ തേടുന്നോനാണാ സഖാവ്

കീശ വീർപ്പിയ്ക്കുവാൻ നാടുമുടിയ്ക്കുന്ന

കള്ളനായ് മാറില്ലൊരാ സഖാവ്

നെഞ്ചിൽ തുളയ്ക്കും കഠാരയിൽ തീരാത്ത

വിശ്വാസബിംബമാണാ സഖാവ്

ജാതിമതത്തിന്നതീതമായെന്നും

ജാതകം തീർക്കുന്നോനാണാ സഖാവ്

മാനവീയതയുൾക്കാഴ്ചയാക്കി

മാതൃക കാട്ടുന്നോനാണാ സഖാവ്

സോദര സ്നേഹത്തിൻ പാടമൊരുക്കുവാൻ

ചോര നീരാക്കുന്നോനാ സഖാവ് 

ചെങ്കൊടി മാത്രം പിടിയ്ക്കാനറിയുന്ന

വിപ്ലവവാദിയാണാ സഖാവ്

ദീനന്റെ കണ്ണീരു കയ്യാൽ തുടയ്ക്കുന്ന

ദൂതൻ്റെ ജന്മമാണാ സഖാവ്

ദാസനു തൻ ലാഭം വീതിച്ചു നൽകുന്ന

ദാനിപ്രതീകമാണാ സഖാവ്

തൂലികത്തുമ്പാലുയർത്തേണ്ട തിന്മകൾ

താലത്തിലേറ്റുന്നോനല്ലാ സഖാവ്

താടിയുള്ളപ്പനെപ്പേടിച്ചു പേടിച്ചു

താങ്ങിത്തളരുന്നോനല്ലാ സഖാവ്

താരകം കൈചൂണ്ടി നൽകുമെന്നോതീട്ടു

താരമായ് മാറുന്നോനല്ലാ സഖാവ്

ദേശരക്ഷയ്ക്കായ് തൻരക്തമേകുന്ന

ദേശീയവാദിയാണാ സഖാവ്

ദേശം വിഴുങ്ങാനണയുന്ന ശത്രുവിൻ

ദോഷം തിരിയുന്നോനാണാ സഖാവ്

ദേശക്കൊടിയിലെ ചോരക്കറ കണ്ട്

ദേശം മറക്കുന്നോനല്ലാ സഖാവ്

കൂട്ടത്തിലൊന്നിൻ്റെയാശയം മാറിയാൽ

കൂട്ടുമറക്കാത്തോൻ ആ സഖാവ്

ഊരുവിലക്കിൻ്റെ ശിക്ഷ വിധിയ്ക്കാത്ത

ഊരിൻ്റ സ്നേഹമാണാ സഖാവ്

രക്തദാഹിയായ് മാറാൻ കഴിയാത്ത

രക്ഷക രൂപനാണാസഖാവ് ശാന്തിമന്ത്രത്തിൻ്റെയർത്ഥമറിയുന്ന

പകമൂത്തുണരാത്തോനാ സഖാവ്

വിപ്ലവ ലക്ഷ്യങ്ങൾ നേടുവാനെത്രയോ

രക്തപ്പുഴകൾ നീന്തീ സഖാക്കൾ

എണ്ണിയാൽ തീരാത്ത രക്തസാക്ഷിത്വത്താൽ

എത്രയോ ചെങ്കൊടി തീർത്തൂ സഖാക്കൾ

ആദർശവഞ്ചിയിൽ കാപട്യമേറ്റാതെ

ആറിത്തണുക്കാത്ത വിപ്ലവം ചോരാതെ

ആരവം തീർക്കും സഖാക്കളെ നോക്കി

അവേശമോടൊത്തു ചൊല്ലണം ലാൽ സലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com