ADVERTISEMENT

ക്രിട്ടിക്കൽ  ഐസിയുവിലേക്ക് എന്റെ ജീവനും കൊണ്ട് ഓടി പോകുന്ന ആശുപത്രി ജീവനക്കാർ. പിപിഇ കിറ്റിനുള്ളിലെ വിചിത്ര ജീവികൾ, ഓട്ടത്തിനിടക്ക് എന്റെ വിരലടയാളം ഒരു കടലാസിലേക്ക് അമർത്തി പകർത്തുന്നുണ്ടായിരുന്നു.എനിക്ക് വേണ്ടി ഒന്ന് ഒപ്പിട്ടു കൊടുക്കാൻ  പോലും ആരും ഇല്ലാത്ത അത്രയും ഒറ്റപ്പെട്ടത് അപ്പോളാണ് ഓർത്തത്.നാട്ടിൽ ആണെങ്കിൽ ഒരു ചെറിയ സർജറിക്കു പോകുമ്പോൾ പോലും പിന്നിൽ നിന്ന് ധൈര്യം പകരാൻ എത്ര പേർ !

അതിനകത്തു എത്തുമ്പോളേക്കും ഞാൻ തളർന്നു താളി പോലെ ആയിരുന്നു .പുറന്തള്ളിയ  ശ്വാസത്തിന്റെ ഒരു ചെറിയ അളവിലെങ്കിലും അകത്തേക്ക് എടുക്കാൻ തീവ്രമായി ശ്രമിച്ചു. മരണത്തിന്റെ മാലാഖ എന്റെ കഴുത്തിൽ അമർത്തി പിടിച്ചിരിക്കുന്നു എന്ന് ബോധ്യമായി  മരണവും ഞാനും ഒരു ശ്വാസത്തിന്റെ അകലത്തിൽ. ഒടുവിൽ, ആഞ്ഞു വലിച്ചപ്പോൾ, കർത്താവിന്റെ കൃപ നേർത്ത ഒരു ജീവവായു വായി എന്റെ മൂക്കിലൂടെ ശ്വാസനാളത്തിൽ. ഒരു നിമിഷാർദ്ധത്തിന്റെ അത്ഭുതം.

എനിക്കു ചുറ്റും, ജീവൻ രക്ഷിക്കാനുള്ള ഒരുപാടു  പേരുടെ തീവ്രശ്രമം. ശൂന്യമായിപോയ ശ്വാസകോശങ്ങൾ വിലമതിക്കാനാവാത്ത  ജീവവായുവിനു വേണ്ടിയുളള ഒടുക്കത്തെ പോരാട്ടത്തിൽ. എനിക്കുള്ളതെല്ലാം എടുത്ത് കൊള്ളുക, പകരം എനിക്കിത്തിരി ശ്വാസം മാത്രംമതി എന്നു പ്രാർഥിച്ചു. മരണം എന്റെ ഏറ്റവും അരികത്തു എത്തി എന്ന് എനിക്ക് മനസിലായി. സ്വീറ്റി മോളുടെയും സുരേഷേട്ടന്റെയും മുഖം ഓർമ്മയിലേക്ക് വരുന്നതിന് പകരം മരിച്ചു പോയ അപ്പന്റെയും അമ്മയുടെയും മുഖങ്ങൾ ആണ് വന്നത്.

അവരുടെ അടുത്തു എത്തുവാൻ പോകുന്നു എന്നു ഞാൻ സമാധാനിച്ചു. അവർ അവിടെ ഏതു വേഷത്തിലായിരിക്കും എന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്നത് എന്നോർത്ത് കർത്താവിനോടു ഞാനും ഇങ്ങനെ പറഞ്ഞു ''കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന്  എടുത്തു മാറ്റേണമേ, അല്ലെങ്കിൽ അവിടുത്തെ ഇഷ്ടം".   

ശ്വാസ ദേവത എന്നോട് ചെറിയ കനിവ് കാണിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും എന്നു ചുറ്റുമുള്ള ഡോക്ടർമാരുടെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു. പിന്നീട് ഓറഞ്ച് ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് എന്റെ അടിവസ്ത്രങ്ങൾ അഴിച്ചുമാറ്റുമ്പോളാണ് ഇടതടവില്ലാത്ത വയറിളക്കത്തെ കുറിച്ച് ഞാൻ  ഓർത്തതു. ഒരു കൊച്ചു കുട്ടിയുടെ ഡയപർ മാറ്റുന്ന വാത്സല്യം ഞാനറിഞ്ഞു .എന്റെ സ്വകാര്യ ഭാഗങ്ങൾ എന്ന ബോധം എനിക്ക് തീരെ തോന്നിയിരുന്നില്ല. പുതിയ ഡയപർ ഇട്ടു എന്നെ  നോക്കി  കൈ വീശി നടന്നു  പോകുന്ന നഴ്സിങ് അസിസ്റ്റന്റിന്റെ  കാൽ പെരുമാറ്റം അകന്നു പോകുന്നത് ശ്രദ്ധിച്ചു കൊണ്ട് ഞാൻ കിടന്നു .

ശക്തമായ ചുമയും ശ്വാസം മുട്ടലും. പിന്നെ  പനിയും വയറിളക്കവും വേറെയും. ഇങ്ങനെ ഒരവസ്ഥ ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. എന്റെ കൂടെ ക്രിറ്റിക്കൽ ഐസിയുവിൽ ഉണ്ടായിരുന്നവരെ വെറുതെ ഓർത്തു നോക്കി.ഷിനി സിസ്റ്റർക്കു എങ്ങനെ ഉണ്ട് ഇപ്പൊ എന്നറിയാൻ എന്താ വഴി എന്നാലോചിച്ചു. മരണത്തിന്റെ വായിൽ നിന്ന് അവർ എന്നെ പോലെ  തിരിച്ചുവന്നിട്ടുണ്ടാവുമോ. അതോ ....അത്  ഓർക്കാൻ പോലും ആകുന്നില്ല. മരിച്ചാലും  അവസാനിക്കാത്ത അതിക്രമം ആണ് ഈ വൈറസിന്റെത്.

മനസ്സ് അങ്ങ്,ദൂരെ വടകരയിലെ  ഭർത്താവിന്റെയും മകളുടെയും അടുത്ത് എത്തി നോക്കി. ഒരു മരണവീടിന്റെ എല്ലാം അവിടെ ഉണ്ട്  . പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരെ പലരെയും ഓർത്തു. വല്ലാത്തൊരു വിങ്ങൽ. ചുമ കലശലായപ്പോൾ  ഉറങ്ങാൻ ശ്രമിച്ചു. ശക്തമായ ശ്വാസം മുട്ടലും. ഈ മുറിയിലെ ഏകാന്തതയുടെ കരുത്തുള്ള കൈകൾ എന്റെ കഴുത്തു പിടിച്ചു മുറുക്കുന്ന പോലെ. ആരെങ്കിലും വന്നൊന്ന് എത്തിനോക്കി എങ്കിൽ എന്നു വെറുതെ ആശിച്ചു. ആരുടെയെങ്കിലും കാൽപെരുമാറ്റം കേൾക്കുന്നുണ്ടോ എന്ന് വെറുതെ ചെവി കൂർപ്പിച്ചു കാത്തിരുന്നു ഞാനുറങ്ങി .

നനഞ്ഞ് അളിഞ്ഞ, മലമൂത്രത്തിൽ കുതിർന്ന ഡയപർ മാറ്റി പുതിയത് വയ്ക്കാൻ വന്ന ജീവനക്കാരിയെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അവരൊന്ന്  എന്നെ നോക്കി പുഞ്ചിരിക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചു. അവരുടെ ശരീരത്തിന്റെ കവചത്തിനു പുറത്തേക്കു ചിരി വരില്ലെന്ന് എനിക്കറിഞ്ഞിട്ടു കൂടി. ഒരു തലോടൽ എന്ന ആർഭാടം ഇല്ലെങ്കിലും വെറുതെ എന്നെ ആരെങ്കിലും ഒന്ന് തൊട്ടെങ്കിൽ എന്ന് കലശലായി ആശിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ എങ്ങനെയോ ഉറക്കം വന്നു. ഒരു പേടിപ്പെടുത്തുന്ന സ്വപ്നത്തിൽ  നിന്നാണ് ഞാൻ ഉണർന്നെഴുന്നേറ്റത് .

കഴിഞ്ഞ പ്രാവശ്യത്തെ വെക്കേഷനിൽ, ചെറിയ പനി വന്നപ്പോൾ ഭർത്താവിന്റെയും മകളുടെയും നടുവിൽ ഒരു  പുതപ്പിന്റെ ചൂടിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടന്നതു ഓർത്തു കരഞ്ഞു കിടക്കുമ്പോഴാണ് മുറിയിലേക്ക് ആരോ കയറി  വരുന്നത് കണ്ടത്. ഒരു സംഘം പിപിഇ കിറ്റുകൾ എനിക്ക്ചുറ്റും നിരന്നു നിന്നു .അവർ എന്തെല്ലാമോ ചെയ്യുന്നുണ്ടായിരുന്നു. പതിവില്ലാതെ  എന്നോട് സംസാരിച്ചു തുടങ്ങി. സുഖമാവുന്നു എന്ന് അവരിൽ നിന്ന് നേരിട്ട് കേട്ടപ്പോൾ വല്ലാത്തൊരു ഊർജം വന്നു. ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന തോന്നൽ ബലപ്പെട്ടു . അവരുടെ കണ്ണുകളിൽ നോക്കി നന്ദി പറയണം എന്നു തോന്നി .

പിന്നെ എന്നെ കൂടുതൽ ആളുകൾ ഉള്ള ഒരു വാർഡിലേക്ക് മാറ്റി. എന്നെ പോലെ ഒരുപാട് പേരെ കണ്ടപ്പോൾ ഒരു സുഖം തോന്നി .ഇതിൽ ഷീന സിസ്റ്റർ ഉണ്ടാവുമോ?ആർക്കുo പരസ്പരം തിരിച്ചറിയാൻ കഴിയാത്ത വേഷം. എന്നാലും ആ പഴയ മുറിയിലെ മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്ന്, ചുറ്റും കുറച്ചു മനുഷ്യരെ കണ്ടപ്പോൾ തന്നെ പാതി  ജീവൻ  തിരിച്ചു കിട്ടിയ പോലെ. ഞാൻ ആ സന്തോഷത്തിൽ അവിടുത്തെ മറ്റു രോഗികളെ ഒക്കെ അഭിവാദ്യo ചെയ്തു. എനിക്കും അവർക്കും അത് സന്തോഷം നൽകി .

ഇതിനിടയിൽ എന്റെ രോഗവിവരം, അതിന്റെ പുരോഗതി എല്ലാം കൃത്യമായി എന്റെ വീട്ടിൽ അധികൃതർ അറിയിക്കുന്നുണ്ടായിരുന്നു എന്നു ഞാനറിഞ്ഞു. ദിവസങ്ങൾക്ക് ശേഷം എന്റെ മൊബൈൽ ഫോൺ തിരിച്ചു തന്നു .ഒരു പുതിയ ലോകത്തിന്റെ വാതിൽ തുറന്ന പോലെ . വീട്ടിലേക്കു വേഗം വീഡിയോ കാൾ ചെയ്തു. സുരേഷേട്ടൻ പതിവില്ലാതെ എന്റെ കാൾ ആദ്യ റിംഗിൽ തന്നെ എടുത്തു. ഒരു പൊട്ടിക്കരച്ചിൽ ഞാൻ നിയന്ത്രിക്കാൻ പാടുപെട്ടു.സ്വീറ്റിയോട് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ എനിക്ക് നിയന്ത്രണം നഷ്ടപെട്ടു. അധികനേരം സംസാരിക്കാൻ സാധിച്ചില്ല. പിന്നെ വിളിക്കാം എന്നും പറഞ്ഞു വേഗം ഫോൺ ഓഫ്‌ ചെയ്തു.എനിക്ക് അവരെയെല്ലാം അപ്പൊ കാണണം എന്നു തോന്നി .

ആരോഗ്യം മെച്ചപ്പെട്ടു വരുന്നു എന്നു എനിക്ക് തന്നെ തോന്നി തുടങ്ങി.ജീവിതം സാധാരണ ഗതിയിലേക്ക് ആവാൻ ഇനി അധികം ഇല്ല എന്നു തോന്നിയപ്പോൾ മൊബൈലിൽ എന്റെ ഫെയ്സ്ബുക്ക് തുറന്നു നോക്കി . ആഴ്ചകൾക്ക് ശേഷം ആയത് കൊണ്ട്  ഒരു പാടു ഫ്രണ്ട് റിക്വസ്റ്റും നോട്ടിഫിക്കേഷൻസും ഉണ്ടായിരുന്നു. ഇടക്കിടക്ക് എന്തെങ്കിലും വെറുതെ പോസ്റ്റ്‌ ചെയ്യുന്ന ശീലം ഓർമ. ഒരു സെൽഫി എടുത്ത് ഒരു ചെറിയ അനുഭവക്കുറിപ്പും കോവിഡ് അതിജീവനo എന്ന തലക്കെട്ടും കൊടുത്തു പോസ്റ്റ്‌ ചെയ്തു .

ലഞ്ച് കഴിച്ചു. ദിവസങ്ങൾക്ക് ശേഷം രുചിയും മണവും കുറേശെ അറിഞ്ഞു തുടങ്ങി. ഒന്ന് മയങ്ങി ഉണർന്നു ഫേസ്ബുക് തുറന്നപ്പോൾ നേരിട്ടറിയുന്നവരും അല്ലാത്തവരുമായി ഒരു പാടു പേർ പ്രാർത്ഥനയും പിന്തുണയും അറിയിച്ചു.എന്റെ വേദനയിൽ പങ്കു ചേരാൻ ഒരുപാട് ആളുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു പുതിയ ഉണർവ്വ് വന്ന പോലെ. വീട്ടിൽ നിന്നുള്ള ആവർത്തിച്ചുള്ള വീഡിയോ കാളു കളിൽ ഞാൻ എന്റെ വിരസത മറച്ചു. സുഹൃത്തുക്കളുടെ, പരിചയക്കാരുടെ, ബന്ധുക്കളുടെ ഫേസ്ബുക്കിലൂടെ ഉള്ള കരുതലിൽ ഞാൻ കൂടുതൽ കരുത്തുള്ളവളായി .

ഇനി മെല്ലെ എഴുന്നേറ്റു നടക്കാം എന്ന് ഉത്തരവ് ഉണ്ടായി .ആഴ്ചകൾക്ക് ശേഷം എഴുന്നേറ്റു നിന്നപ്പോ ആത്മവിശ്വാസം വല്ലാതെ കൂടി . നടക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ആരുടെ എങ്കിലും കൈ പിടിച്ചു ഒന്ന്  നടക്കാൻ കൊതിയായി. രണ്ട് ദിവസത്തിനു ശേഷം ഒറ്റക്ക് നടക്കാൻ പറ്റി . ഒരു വിജയിയെ പോലെ ചുറ്റും നോക്കി  പുഞ്ചിരിച്ചു .

എന്നെ പോലെ ഈ മഹാമാരിയുടെ പ്രഹരത്തിൽ അടിപ്പെട്ടുപോയി, ഈ വാർഡിൽ പുനർജന്മം കാത്തു കിടക്കുന്നവർ അനവധി ആണ്. എനിക്ക് ചുറ്റുമുള്ളവരെ ഞാൻ ശ്രദ്ധിച്ചു. ഞാൻ പിന്നിട്ട വഴിയിലൂടെ  ജീവിതത്തിലേക്ക് നടന്നടുക്കുന്നവർ. അവരിലോരോരുത്തരോടും ഒന്ന് ചിരിക്കണം എന്നെനിക്കു തോന്നി . എന്റെ ചിരിയിൽ സന്തോഷിക്കുന്ന,ആശ്വസിക്കുന്ന ഒരുപാട് മുഖങ്ങൾ ഞാൻ കണ്ടു .അവരെ ഓരോരുത്തരുടെയും തൊട്ടടുത്തു പോയി തലോടാൻ വല്ലാത്ത ഒരു കൊതി തോന്നി. ഒരു തലോടലിന്റെ ആശ്വാസം നിഷേധിക്കുന്ന അകൽച്ചയുടെ ഒരു  ബോധം എന്നെ പിന്നിലേക്ക് വലിക്കുന്നുണ്ട് .

ഞാൻ എന്റെ ഉള്ളo കൈകളിലേക്കു സൂക്ഷിച്ചു നോക്കി . അതിന്റെ ഒളിപ്പിച്ചു വെച്ച നിഗൂഡതയുടെ ആഴങ്ങൾ എന്നെ പേടിപ്പിച്ചു .ഞാൻ എന്റെ പത്തു വിരലുകളും പരസ്പരം അടർത്തി പരമാവധി അകലത്തിൽ നിർത്തി .എനിക്കെന്റെ വിരലുകളെ ചേർത്തു നിർത്താൻ  പേടിയായി .

പരസ്പരം അകത്തി നിർത്തിയ പത്തു വിരലുകളുമായി പതുക്കെ ഞാനെന്റെ കിടക്കക്കരികിലേക്ക് തിരിച്ചു നടന്നു .അപ്പോൾ എനിക്ക് നല്ല വിശപ്പ്‌ തോന്നി .വിശപ്പ്‌ മാത്രം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com