ADVERTISEMENT

ലോകരാഷ്ടങ്ങളെയെല്ലാം  പ്രത്യേകിച്ച് അമേരിക്കൻ  സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുൾ മുനയിൽ  നിർത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് കൊറോണ വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം. അപ്രതീക്ഷിതമായ വൈറസിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ട്രംപ്  ഭരണ കൂടം ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ  അൽപം വൈകിയാണെങ്കിലും സ്വീകരിച്ചിരിക്കുന്നത്.

ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ്‌ എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന്  മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് .അവിടെനിന്നും  കൊടുങ്കാറ്റു കണക്കെ മറ്റു പല ലോക രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ച മാരകമായ ഈ  വൈറസ് അവിടെയെല്ലാം ശവ കൂമ്പാരങ്ങൾ  ഉയർത്തി. ലക്ഷകണക്കിന് ജീവിതങ്ങൾ വൈറസിന്റെ കരാള ഹസ്തങ്ങൾക്കിടയിൽ കിടന്നു ജീവനോ മരണത്തിനോ വേണ്ടി പോരാടുന്നു  . 

നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ അതിസൂക്ഷ്മ വൈറസുകൾ നാം അധിവസിക്കുന്ന പരിസരങ്ങളിൽ  തന്നെ പ്രവര്‍ത്തന നിരതമാണെന്നുളള യാഥാർഥ്യം നാം അംഗീകരിച്ചേ മതിയാകൂ. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ജീവനെ പോലും അമ്മാനമാടാൻ കൊറോണ വൈറസുകൾ പര്യാപ്തമാണ്. ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനു സാമൂഹിക അകലം പാലിക്കൽ, മാസ്കുകൾ ഉപയോഗിക്കുക , അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കുക, ശുചിത്വം പാലിക്കുക, പരിസര മലിനീകരണം ഒഴിവാക്കുക, ഇടവിട്ടുളള വൈദ്യപരിശോധനകൾ, ആവശ്യാനുസരണം ലഭ്യമായിക്കൊണ്ടിരിക്കുന്ന ഔഷധങ്ങൾ സ്വീകരിക്കുക എന്നതെല്ലാം അനിവാര്യമാണ്. രോഗം നമ്മെ കീഴടക്കുന്നതിന് അവസരം നൽകുന്നതിനു മുൻപ് പ്രതിരോധ മാർഗങ്ങളും നിതാന്ത ജാഗ്രതയുമാണ് അപകടകാരികളായ വൈറസിനെ തുരത്തുന്നതിനുളള പ്രധാന ആയുധങ്ങളായി നാം സ്വീകരിക്കേണ്ടത് .

മാരകമായ കൊറോണ വൈറസുകൾക്ക് നമ്മുടെ നശ്വരമായ ശരീരത്തെ മാത്രമേ ആക്രമിച്ചു കീഴടക്കാനാകൂ. ഇതിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ മനുഷ്യ മനസിൽ സൃഷ്ടിക്കുവാൻ കഴിയുന്ന വൈറസുകൾ വിവിധ രൂപത്തിൽ,ഭാവത്തിൽ, സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്നു. മദ്യം, മയക്കുമരുന്ന്, സ്വവർഗ വിവാഹം, വിവാഹ ബന്ധം വേർപെടുത്തൽ എന്നിവ ഇവയിൽ ചിലതു മാത്രമാണ്.

ലോക സൃഷ്ടിയുടെ ആരംഭത്തിൽ എദൻ തോട്ടത്തിൽ സുഖ സുന്ദര ജീവിതം നയിച്ചിരുന്ന ആദിമ മാതാപിതാക്കളായ ആദം- ഹവ്വാ ദമ്പതിമാരുടെ ജീവിതത്തിൽ നുഴഞ്ഞു കയറിയത് സർപ്പമെന്ന വൈറസായിരുന്നു. ഈ വൈറസിന്റെ ആക്രമണത്തിൽ തകർത്തെറിയപ്പെട്ടത് ദൈവവും മനുഷ്യനുംതമ്മിൽ നിലനിന്നിരുന്ന അനശ്വര ബന്ധമാണ്. ലോകാരംഭത്തിൽ തന്നെ വിജയഭേരി മുഴക്കിയ വൈറസിന്റെ ജൈത്രയാത്ര ആധുനിക കാലഘട്ടത്തിലും അഭംഗുരം(അനസ്യൂതം) തുടരുന്നു. 

മദ്യവും മയക്കുമരുന്നും എന്ന മാരകമായ വൈറസ് എത്ര കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് തകർത്ത് തരിപ്പണമാക്കിയത്. എത്രയെത്ര വ്യക്തി ജീവിതങ്ങളെയാണ് ഇതു മരണത്തിന്റെ പിടിയിലേക്ക് അനായാസം വലിച്ചിഴച്ചത്. സ്വവര്‍ഗ വിവാഹം എന്ന വൈറസ് പരമ്പരാഗത വിവാഹമെന്ന സങ്കൽപത്തെ കടപുഴകിയെറിഞ്ഞില്ലേ ? വിവാഹം എന്ന പരിശുദ്ധ കൂദാശയിലൂടെ സന്താന പുഷ്ടിയുളളവരായി തീരുവിൻ എന്ന ദൈവീക കൽപന ലംഘിക്കുന്നതിനല്ലേ ഈ വൈറസ് പ്രേരണ നൽകുന്നത്. ലോകത്തെമ്പാടും അമേരിക്കയിലെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ ആധിപത്യം ആഴത്തിൽ വേരൂന്നിയിരിക്കുന്നു 

ജീവിതാന്ത്യം വരെ നിലനിൽക്കേണ്ട, അനശ്വരമായി കാത്തുസൂക്ഷിക്കേണ്ട ദാമ്പത്യ ബന്ധത്തെ ഡിവോഴ്‌സ്‌ എന്ന വൈറസ് ആക്രമിച്ചു കീഴടക്കുന്നത് നിർവികാരതയോടല്ലേ പലരും  നോക്കികാണുന്നത്. മറ്റു പോംവഴികളൊന്നുമില്ലാതെ ചില മാതാപിതാക്കളും മതനേതാക്കൻമാരിൽ ചിലരെങ്കിലും ഇതിനു മൗനാനുവാദം നൽകുന്നു .നിസ്സാര കാര്യങ്ങൾക്കു പിണങ്ങിയും   തമ്മിൽ തല്ലിയും  വിട്ടുവീഴ്ച മനോഭാവമോ, വിനയമോ സ്നേഹത്തിന്റെ  ഒരു കണികപോലും പ്രകടിപ്പിക്കാതെ പരിപാവനമായ ദാമ്പത്യ ബന്ധം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതു സാധാരണ സംഭവമായി മാറിയിട്ടില്ലേ ? വിവാഹബന്ധം വേർപെടുത്തലിന്റെ മാനസിക സംഘർഷത്തിനിടയിൽ ചെയ്തു കൂട്ടുന്ന ക്രൂരതകൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നില്ലേ ?

മാതാപിതാക്കളുടെ വിവാഹത്തിന്റെ നല്ല  മാതൃകകൾ പിൻതുടരേണ്ട യുവതലമുറ നിയന്ത്രണങ്ങൾ ഇല്ലാതെ ഡേറ്റിങ് എന്ന ആധുനിക വൈറസിനു കീഴടങ്ങുബോൾ ധാര്‍മിക അധഃപതനവും മൂല്യച്യുതിയും ഫണം വിടർത്തിയാടുന്ന ഒരു സമൂഹ  സൃഷ്ടിയല്ലേ ഇതിലൂടെ ജൻമമെടുക്കുന്നത് ? ഇതിന്റെ ദുരവ്യാപകമായ അനന്തര ഫലങ്ങൾ എന്താണെന്നു പ്രവചിക്കാനാകുമോ ?

കതിര്‍ മണ്ഡപത്തിൽ നിറഞ്ഞ മനസ്സോടെ മംഗല്യസൂത്രവും ചാര്‍ത്തി, വലതു കരം പിടിച്ചുയർത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത സംസ്കാരങ്ങളിൽ ജനിച്ചുവളർന്ന  യുവ മിഥുനങ്ങൾ ചുരുങ്ങിയ സമയത്തിനുളളിൽ പരസ്പരം സംതൃപ്തരാകാതെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നത് കാണുമ്പോൾ അവരെ സ്വാധീനിച്ചിരിക്കുന്നതു ഏതുതരം വൈറസ്‌ ആണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. സ്വാർത്ഥത എന്ന വൈറസ് എന്നല്ലാത‌െ എങ്ങനെയാണ്‌ അതിനെ  അഭിസംബോധന ചെയ്യുക?

മുകളിൽ ചൂണ്ടിക്കാണിച്ച വൈറസുകളുടെ കൂട്ടായ ആക്രമണത്തിനു വിധേയനാകേണ്ടിവന്ന ജീവിതത്തിനുടമയായിരുന്നു  ജ്ഞാനികളിൽ ജ്ഞാനിയും, ഇസ്രായേലിന്റെ സുവര്‍ണ കാലഘട്ടത്തിലെ മഹാനായ രാജാവുമായി അറിയപ്പെട്ടിരുന്ന സോളമൻ. സോളമന്റെ  ജ്ഞാനവും അതിശ്രേഷ്ഠ വ്യക്തിത്വവും മഹിമയുമെല്ലാം വെളള പാച്ചലിൽ മണൽ തിട്ട കണക്കെ വൈറസുകളുടെ ആക്രമണത്തിൽ ഒലിച്ചു പോയി. ശ്രേഷ്ഠമായിരുന്ന ജീവിതം അശുദ്ധയിലേക്കും ജഡാഭിലാക്ഷങ്ങളിലേക്കും  മദ്യപാനത്തിലേക്കും വലിച്ചെറിയപ്പെട്ടു. ജഡീകോല്ലാസത്തിനുവേണ്ടി പുറം ജാതികളിൽ നിന്നു ധാരാളം സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ദുഷ്ട വൈറസുകൾ അമ്മാനമാടിയ സോളമന്റെ ജീവിതം അതിദയനീയ അന്ത്യത്തിലേക്ക്  നയിക്കപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്വവർഗാനുരാഗം എന്ന വൈറസ് ബാധിച്ച സൊദോം ഗോമോറ എന്നീ സുവർണ നഗരങ്ങളുടെ സർവനാശം ചരിത്ര താളുകളിൽ കറുത്ത ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

അപകടകാരികളായ വൈറസുകളെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഇവയുടെ ആക്രമണത്തെ അതി ജീവിച്ച എത്രയോ മഹാത്മാരുടെ ചരിത്രം ആവേശയും പ്രത്യാശയും നൽകുന്നു. പൂർവ പിതാവായ  ജോസഫിനെ പൊൻതിഫേറിന്റെ ഭാര്യയുടെ രൂപത്തിൽ വ്യഭിചാരമെന്ന വൈറസ് ആക്രമിക്കുവാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായി ഉറച്ചു നിന്നു, വിശ്വാസത്തിനും, ജീവിത വിശുദ്ധിക്കും, വിശ്വസ്തതയ്ക്കും വേണ്ടി ധീരതയോടെ പോരാടി വിജയം കണ്ടെത്തിയത് അനുകരണീയ മാതൃകയായി അവശേഷിക്കുന്നു. മനുഷ്യരാശിക്കു  കോവിഡ് 19 എന്ന മഹാമാരി ഏൽപിക്കുന്നതിനേക്കാൾ  എത്രയോ പതിന്മടങ്ങു ഭീകരമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വൈറസുകൾ ഏൽപിക്കുന്ന ദുരന്തങ്ങൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com