sections
MORE

ദേവിക്ക്...

devi-poem
SHARE

ഇന്നെന്തേ 

നിന്നിൽ മാത്രമെൻ 

സങ്കടങ്ങൾ തുഴഞ്ഞെത്തി 

തീരം നീയെന്നുണർന്നൂർന്ന് 

ഒന്നാ മിഴിച്ചായ്‍വിൽ കുതിർന്ന് 

ഉള്ളാകെക്കുടഞ്ഞിത്തിരി നേരം 

നിൻ ഹൃദയച്ചങ്ങലവട്ടയിൽച്ചുരുങ്ങി 

പിഞ്ചുപൈതലായൊന്നു തേങ്ങിയടരാൻ 

കൊതിച്ചുപോകുന്നു ദേവീ നീയെന്നാത്മമിത്രം....

ഏകാന്തത 

ഇരുളായ്‌ ചുറ്റിവരിയവേ 

ഇതളിതളായ് നീ വിടർത്തി 

വെണ്മയാർന്നൊരു പകലിൻ  

പുഞ്ചിരിക്കനകാംബരനറും വെളിച്ചം  

പൂനിലാത്തൂവലെൻ നോവകം തഴുകി 

പുൽകിയടർത്തി നൊമ്പരക്കരിനിഴൽ   

അലിവിന്റെയൂഞ്ഞാൽപ്പടിയിലിരുത്തി 

ആഹ്ലാദമാരിവിൽത്തുഞ്ചോളമുയർത്തി നീ....

വീണുപോമെന്നു 

കരുതിയ പാഴ്ച്ചെടി   

വീഴാതെ കാത്തു നീ ദേവി 

ആഴങ്ങളിൽ നീർക്കണങ്ങൾ തൂവി 

ആശത്തളിർത്തല നിവരുവോളം കൂടെ 

ആശ്രയത്തണലേകി ഹൃദയത്തിൽ ചേർത്തു 

നീചവെയിൽനാളങ്ങളിലുലയാതെ വാഴ്വിൻ 

ജീവാമൃതമൂട്ടിപ്പടർത്തി നീ ചില്ലക്കൈകൾ 

ഇറ്റിച്ചുതന്നു വരണ്ട നാവിൽ വാത്സല്യത്തേൻ 

ചുറ്റിപ്പിടിച്ചു പകർന്നു ചുടുശ്വാസോർജ്ജമന്ത്രം...

കരിഞ്ഞമർന്ന വള്ളി തളിർത്തു മൊട്ടിട്ടു വീണ്ടും 

കരിവാനമുയിരാർന്നു തെളിതാരാവലി  ചിന്നി 

മൊഴിമിന്നൽക്കതിരുടവാളുമായ് വാനിലേറി 

മിഴി ചിമ്മിച്ചിമ്മിപ്പുളയ്ക്കുന്നൊരു പാതിരാവിൽ 

ഒഴുകിയകന്നുപോയ് ദേവി ഒരു വാക്കിന്റെ തിരി 

നിഴലായ്‌പ്പോലും കരുതിവെക്കാതെങ്ങോ മറവിതൻ  

മധുരസമ്മാനംമാത്രമോർമ്മമേശമേൽ ബാക്കിയാക്കി  

വടിവിലൊരു വാചകംമാത്രം 'നിനക്കായ് ദേവി നേരുന്നു 

നവമൊരു കാവ്യജീവിതപ്പൂവനം ലോകസുഗന്ധമാകാൻ'

വേറൊന്നുമെഴുതാത്ത ഡയറിയിലൂടെ നിൻ മിഴികൾ 

ചേർന്നിരിപ്പുണ്ടെന്റെ നെഞ്ചിൽ നിത്യവസന്തമായ് ദേവീ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA