sections
MORE

കെ.അഖിലിന്റെ''നീലച്ചടയൻ"

book-review
SHARE

കഥ നനഞ്ഞ വഴികളിലൂടെയുള്ള സഞ്ചാരമായിരുന്നു അഖിലിന്റേതെങ്കിലും തെന്നി വീഴാതെയും ചോര പൊടിയാതെയും ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ യാത്ര പൂർത്തിയാക്കുന്നത് കണ്ട് സന്തോഷവും, അതിലേറെ അഭിമാനവും തോന്നി. അതെ അവൻ എന്റെ കൺമുന്നിൽ കളിച്ചു വളർന്നതാണ്. വായനാനുഭവത്തിലൂടെയും, ജീവിതയാത്രയിലൂടെയും അവൻ തീർത്ത ഭ്രമിപ്പിക്കുന്ന തീർത്ഥാടനമായിട്ടാണ് 'നീലച്ചടയൻ' ഞാൻ വായിച്ചെടുത്തത്.

ചുകപ്പിന് ചായില്ല്യവും, മഞ്ഞയ്ക്ക് മനയോലയും, കറുപ്പിന് കരിമശിയും, പച്ചയ്ക്ക് കല്ലുമണോലയും നീലവും, ചൊക്ക നിറമുണ്ടാക്കാൻ മഞ്ഞൾപ്പൊടിയും നൂറും ചേർത്ത് മുഖത്തെഴുതുമ്പോൾ മലയൻ ദൈവമായ് മാറുന്നു. വടക്കേ മലബാറിന്റെ ദൈവമെന്ന രൂപത്തിന്റെ ഗ്രാമ്യ രൂപമാണ് തെയ്യം. ഒരുജനതയുടെ വികാരം. ആ വികാരം അതേ രൗദ്രഭാവത്തോടെ അഖിൽ തന്റെ രചനകളിൽ സന്നിവേശിപ്പിച്ചത് നമ്മുക്ക് കാണാനാകും.

മലയൻ ദാസനിലൂടെ കഥാകൃത്ത് 'ചെക്കിപ്പൂത്തണ്ട' നിലെ കോലധാരിയുടെ ജീവിതത്തെ വരച്ച്കാട്ടുന്നു. ജാതീയ്തയെ ശക്തമായ് തുറന്ന് കാട്ടുന്നതോടൊപ്പം 'പൊളിയൻ' എന്ന കാലത്തിന്റെ കറുത്ത കരങ്ങളെ ഭയക്കാതെ അവതരിപ്പിക്കുന്നു. തെയ്യം എന്നത് വെറുമൊരു കലയോ, ആചാരമോ അല്ലെന്നും ഒരു ജനതയുടെ വികാരമാണെന്നും പറഞ്ഞു വെക്കുന്നു. തുടക്കത്തിൽ പ്രകൃതി ശക്തിയിൽ നിന്നും രക്ഷനേടാനായ് തെയ്യാരാധന തുടങ്ങിയ വടക്കേ മലബാറിൽ പിന്നീട് വീരപരിവേഷമുള്ളവരും തെയ്യങ്ങളായ് കെട്ടിയാടി തുടങ്ങി. അതുകൊണ്ട് തന്നെ കോലങ്ങൾ കാലാതിവർത്തികളാവുകയും കലക്റ്റർ ഓഡറിനും പൊലീസ് ഇടപെടലിനും അതീതമായ് അതിജീവിക്കുകയും ചെയ്യുന്നു.

ഒരു ത്രില്ലർ സിനിമയുടെ ജിജഞാസയോടെ 'നരനായാട്ട് ' വായിച്ച് മുന്നോട്ട് പോകാം. വാഹനങ്ങളുടെ ചലനങ്ങൾ, വഴിയിടങ്ങൾ എന്നിവ എത്ര സുന്ദരമായാണ് കഥാകൃത്ത് വായനക്കാരനിൽ എത്തിക്കുന്നത്. ഒര് വാഹനത്തിൽ സഞ്ചരിക്കുന്ന പ്രതീതി പലപ്പോഴും കഥകളിലൂടെ അനുഭവിപ്പിക്കുന്നു.

'നീലചടയൻ' കഥയിലെന്ന പോലെ വായനക്കാരിലും കഞ്ചാവിന്റെ ലഹരി പകർന്ന് തകരികയാണ്. ത്രയംബകൻ ആരാണെന്ന വെളിപ്പെടുത്തലോടെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ മയക്ക് മരുന്നിന്റെ ലഹരിയിൽ സ്ത്രീകളെ ഭോഗിക്കാൻ ക്യാമറക്കണ്ണ് തുറക്കുന്ന ചില കുത്സിത പ്രവർത്തനങ്ങളെ പുറം ലോകത്തേക്ക് കാട്ടിത്തരികകൂടി ചെയ്യുന്നു.

ശങ്കരാചാര്യരെ പരീക്ഷിക്കുന്ന ശിവന്റെ തന്ത്രമാണ് പൊട്ടൻ തെയ്യത്തിന്റെ ചരിത്രം. അമാനുഷിക ശക്തിയായ് തെയ്യത്തെ കാണുന്ന വടക്കൻ കേരളത്തിൽ പുലിയും, നരിയും, ദൈവത്തിനു മുൻപിൽ നിഷ്ക്രിയമാകുന്നു. 'ഇത് ഭൂമിയാണ്' ഈ ഭൂവിടത്ത് തെയ്യം ദൈവമാവുകയും തൈയ്യം കെട്ടുക എന്നത് ഭാഗ്യവും പൈതൃകമായ് കിട്ടുന്ന പുണ്യവുമാകുന്നു. എന്നാൽ തെയ്യം കെട്ടുന്ന കലാകാരന്റെ ജീവിതം പട്ടിണിയും, ദാരിദ്രവും. മുടി അഴിച്ചാൽ ആരാലും അറിയാതെ പോകുന്ന വെറും കീഴ്ജാതിക്കാരൻ. ഒറ്റക്കോലം കെട്ടുന്ന കലാകാരൻ കനൽ തീയിൽപ്പെട്ടാൽ പൊള്ളലേറ്റ് പിടയുമ്പോഴും രക്ഷപ്പെടാനല്ല ശ്രമിക്കുന്നത് മറിച്ച് ദൈവീകമായ പിഴയായ് കണ്ടു സ്വജീവിതം ഹോമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ മിക്കപ്പോഴും കോലാ ധാരിയുടെ കുടുംബം കഷ്ടത അനുഭവിക്കുന്നു.

അഖിൽ സഞ്ചരിക്കുന്ന എഴുത്തു വഴികളും ഉപമകളും വായനക്കാരിൽ പുതിയ ഊർജ്ജമാണ് നൽകുന്നത്. തന്റെതായ വർണ്ണനകളും രീതികളും പുതുതലമുറയിലും പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നതിന്ന് തെളിവയ് 'നീലചടയൻ' കാണാൻ കഴിയും.

വിശ്വസിച്ച് കൂടെ നിന്നവർ ഭാര്യയുടെ കിടപ്പറ പങ്കിടുന്നവന്റെ ആഗമനം കാത്തിരിക്കുന്ന രംഗം ക്യാൻവാസിലേക്ക് പകർത്തിയാണ് 'വിപ്ലവ പുഷ്പാഞ്ജലി' വായനക്കാർക്ക് അർപ്പിക്കുന്നത്. കാട്ടുപന്നിയുടെ ഇളം ഇറച്ചി കൊണ്ട് ആഭിചാരക്രിയ നടത്തുന്നത് പോലെ ഒരു കൊലപാതകം ഏറെ സുക്ഷമതയോടെ അവതരിപ്പിക്കുന്നു.

കഥാസമാഹാരത്തിലെ മിക്ക കഥകൾക്കും പകയുടെയോ, പ്രതികാരത്തിന്റെയൊ സ്വഭാവം കൈവരുന്നതോടൊപ്പം ത്രില്ലർ പ്രതീതിയാണ് വായനക്കാരന് അനുഭവിക്കാൻ കഴിയുന്നത്. ഇരുട്ടിലെ രണ്ട് തിളങ്ങുന്ന  കണ്ണുകൾ അത് 'മൂങ്ങ 'യുടെ തല്ലേ? മൂങ്ങയുടെ പ്രതികാരം ഗിയർ മാറ്റി പെടലിൽ കാലിന്റെ മുഴുവൻ ഭാരവുമേൽപ്പിച്ച് കുതിച്ചോടുന്ന വാഹനത്തിന്റെ വേഗതയിലാണ്. പെണ്ണുടലിൽ വെറി പൂണ്ടവൻ സൗഹൃദങ്ങൾ മറന്ന് വഴിമാറുമ്പോൾ പ്രതികാരം തീർക്കാൻ മുങ്ങഎത്തുന്നു. സ്കൂബിക്ക് മാത്രമറിയാവുന്ന ചില ചലനങ്ങൾ.

 ‘ശീതവാഹിനി' യിലൂടെ സഞ്ചരിക്കുമ്പോഴും അതേ പ്രതീതിയാണ്. സൗഹൃദങ്ങൾ പ്രതികാരത്തിനും, വയലെൻസിനും വഴിമാറി പോകുന്നു. ശീതവാഹിനിയിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരന് വാഹനത്തിന്റെ ഇരമ്പലും വഴിയോരക്കാഴ്ച്ചയും, ഊടുവഴികളും കഥാകൃത്തിന്റെ ജീവിതോപാധിയുടെ  പ്രാഗൽഭ്യം വെളിവാക്കിത്തരും.

സ്ത്രീ ഒരു ഭോഗവസ്തു മാത്രമായ് 'സെക്സ് ലാബ്' ൽ കയറുമ്പോൾ തോന്നിയേക്കാം. അഞ്ചോ പത്തോ ആൾക്കാർ ആ ലാബിനകത്ത് ചെന്ന് കയറിയാലും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ 'ജോലി' ചെയ്യേണ്ടി വരുന്ന പെണ്ണിന്റെ ദൈന്യത പ്രണയത്തിൽ പൊതിഞ്ഞ നൊമ്പരമായ് വായനക്കാരിലെത്തിക്കുന്നു.

അഖിലിന്റെ കഥകൾ വ്യത്യസ്തവും വായനാസുഖമുള്ളതും ആണെങ്കിലും ക്രമീകരിച്ചിരിക്കുന്ന രീതി ഏതാണ്ടൊരു പോലെയാണ്. വടക്കേ മലബാറിന്റെ വഴിയിടങ്ങളിൽ കഥ പറഞ്ഞ് പോകുന്ന കഥകളിൽ തെക്കൻ കേരളത്തിന്റെ സംസാരശൈലി ചില ഇടങ്ങളിൽ അറിയാതെ കടന്ന് കയറുന്നതായ്  കാണാം.

തന്റെ ആദ്യ കഥാസമാഹാരം കൊണ്ടുതന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞ കഥാകൃത്താണ് അഖിൽ എന്നത് 'നീലച്ചടയൻ' വായിക്കുന്നവർ സമ്മതിക്കും. തുടർന്നുള്ള വായനക്കായ് കാത്തിരിക്കാനുള്ള ഔൽസുക്യം കാത്ത് വെച്ചാണ് വായനക്കാർ വായന അവസാനിപ്പിക്കുക. പ്രിയ കഥാകൃത്തിന് , അനുജന് എല്ലാ ആശംസകളും നേരുന്നു. പുതിയ രചനയുടെ വായനക്കായ് കാത്തിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA