ADVERTISEMENT

ജീവിതത്തില്‍ നിറമുള്ള സ്വപ്‌നങ്ങളേയും ആഹ്‌ളാദ നിമിഷങ്ങളേയും താലോലിക്കുന്ന സമീഹ ജുനൈദ് എന്ന പത്തൊമ്പത്കാരി ലക്ഷ്യബോധത്തിലും ജീവിത വീക്ഷണത്തിലുമൊക്കെ പുതിയ തലമുറയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് പ്രതിനിധീകരിക്കുന്നത്. മധുരപ്പതിനേഴിന്റെ സുവര്‍ണനാളുകളില്‍ അപ്രതീക്ഷിതമായി പിതാവ് മരണപ്പെടുകയും പടുത്തുയര്‍ത്തിയ സ്വപ്‌ന കൊട്ടാരങ്ങള്‍ തകര്‍ന്നടിയുമോ എന്ന് സ്വന്തക്കാര്‍ പോലും ഭയപ്പെടുകയും ചെയ്‌തപ്പോള്‍, ജീവിതത്തില്‍ സ്വപ്‌നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറി ഏത് പ്രതിസന്ധിയേയും ആര്‍ജവത്തോടെ നേരിടുവാനും സമാധാനപരമായി ജീവിക്കുവാനും കഴിയുമെന്ന് ഈ പെണ്‍കുട്ടി പറയുമ്പോള്‍ ഈ ചെറുപ്രായത്തിലെ ഇരുത്തം വന്ന അവരുടെ ചിന്തയും കാഴ്ചപ്പാടുകളുമൊക്കെ നമ്മെ വിസ്മയിപ്പിക്കും.

ഈ ലോകത്ത് ഓരോരുത്തര്‍ക്കും സവിശേഷമായ നിയോഗമാണുള്ളതെന്നും ആ നിയോഗം തിരിച്ചറിഞ്ഞ് കര്‍മപഥത്തില്‍ മുന്നേറുകയാണ് വേണ്ടതെന്നുമാണ് ഈ പെണ്‍കുട്ടിയുടെ നിലപാട്. സ്വപ്‌നങ്ങളുടെ വര്‍ണാഭമായ ഭൂമികയില്‍ സ്വന്തമായൊരിടം അടയാളപ്പെടുത്താനൊരുങ്ങി ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് ചിറകടിച്ചുയരാന്‍ കൊതിച്ച ഈ കൊച്ചുമിടുക്കിയുടെ സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളാണ് നമ്മെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. കുതിച്ചു ചാട്ടത്തിന് തയാറായി നില്‍ക്കുമ്പോഴാണ് ജീവിതത്തിന്റെ വഴികാട്ടിയും മുഖ്യ പ്രചോദകനുമായിരുന്ന പ്രിയപിതാവ് ഈ ലോകത്തോട് വിടപറഞ്ഞത്. കൗമാരത്തിന്റെ കൗതുകത്തിലുള്ള ഏത് പെണ്‍കുട്ടിയും തകര്‍ന്നടിയുകയോ കത്തിക്കരിഞ്ഞ സ്വപ്‌നചിറകുകളുമായി നിശബ്ദമായേക്കാവുന്ന വൈകാരിക സമ്മര്‍ദ്ധങ്ങള്‍ക്കൊടുവിലും വിശ്വാസത്തിന്റെ വെളിച്ചവും പ്രതീക്ഷയുടെ കരുത്തുമായി ക്രിയാത്മക രംഗത്ത് സജീവമായ സാന്നിധ്യം അടയാളപ്പെടുത്തിയാണ് സമീഹ ജുനൈദ് തന്റെ നിയോഗം തിരിച്ചറിയുന്നത്.

മാസ്മരിക ശക്തിയുള്ള തന്റെ ചിന്തകളും വരികളും സമൂഹത്തിന്റെ രചനാത്മകമായ വളര്‍ച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഈ ചെറുപ്പക്കാരി ചിന്തിച്ചത്. കുട്ടിക്കാലം മുതലേ ഒരു ഗ്രന്ഥകാരിയാകണമെന്നായിരുന്നു മോഹം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനസില്‍ തെളിയുന്ന ചിതറിയ ചിന്തകളും ആശയങ്ങളുമൊക്കെ ഒരു നോട്ട് പുസ്തകത്തില്‍ കുറിച്ചിടുമായിരുന്നു. അങ്ങനെ സ്വന്തം സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായി പത്തൈാമ്പതാമത് വയസ്സില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയാണ് ഈ കൊച്ചുമിടുക്കി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. One World, One Life, One You , Be you എന്നാണ് പുസ്‌കത്തിന് പേരിട്ടിരിക്കുന്നത്.

ഒരു മലയാളി പെണ്‍കുട്ടിയുടെ ഇംഗ്‌ളീഷ് കവിതാസമാഹാരമെന്നതാകാം പലരേയും പുസ്തകം വായിക്കുവാന്‍ ആദ്യം പ്രേരിപ്പിക്കുക. എന്നാല്‍ വായിച്ചുതുടങ്ങുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വമായ ജീവിതവീക്ഷണവും നിലപാടുകളും ഓരോ വായനക്കാരനേയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രിയ പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന പുസ്‌കത്തിലെ പല വരികളും സഹൃദയമനസുകളെ പിടിച്ചുകുലുക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യും. ഞാന്‍ ഞാനായാണ് ജീവിക്കേണ്ടതെന്ന് എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട പിതാവാണ് ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും. പിതാവ് നല്‍കിയ ഇച്ഛാശക്തിയും ജീവിതവീക്ഷണവുമാണ് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ പിടിച്ചുനില്‍ക്കുവാന്‍ സഹായിച്ചത്.

sameeha-junaid-book1

ദുഖിച്ചിരിക്കാനും സങ്കടപ്പെടുവാനും ജീവിതത്തില്‍ പല കാരണങ്ങളുമുണ്ടാകാം. അവയെ മറികടക്കാനാവുക സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ്. പിതാവിന്റെ അനശ്വരമായ ഓര്‍മകള്‍ മനസിനെ തരളിതമാക്കിയപ്പോഴാണ് വൈകാരിക വിസ്‌ഫോടനത്തിന്റെ മനോഹരമായ വരികള്‍ സമീഹയുടെ പേനയില്‍ നിന്നും ഉതിര്‍ന്നുവീണത്. ജീവിതം സമ്മര്‍ദ്ധങ്ങളില്‍പ്പെട്ട് പ്രയാസപ്പെടുമ്പോള്‍ മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ആനന്ദം കണ്ടെത്തുകയും സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഈ കൊച്ചു കവയിത്രി നമ്മോട് പറയുന്നത്.

ഓരോരുത്തരും നിസ്തുലരാണെന്നും അനാവശ്യമായ താരതമ്യങ്ങളില്ലാതെ നിങ്ങള്‍ നിങ്ങളാകൂ എന്നവള്‍ മന്ത്രിക്കുമ്പോള്‍ ഉള്ളിലുയരുന്ന തീപ്പൊരി കെടുത്താന്‍ ഒരു കണ്ണുനീരിനും ശക്തിയില്ലെന്ന് ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് സമീഹ. ഉള്‍വിളി തിരിച്ചറിഞ്ഞ് സ്വപ്‌നത്തിന്റെ ചിറകിലേറി ലക്ഷ്യത്തിലേക്ക് കുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ് സമീഹയുടെ ഓരോ വരിയും. മനസ്സിന്റെ ചില്ലയിലേക്ക് മഴക്കാറു വീശുമ്പോഴേ പേനയും കടലാസും കയ്യിലെടുത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും മനോഹരമായ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന ഈ പെണ്‍കുട്ടി എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും വകഞ്ഞുമാറ്റി സര്‍ഗസഞ്ചാരത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാമെന്നാണ് തെളിയിക്കുന്നത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അനുജത്തിയുടെ ഭര്‍ത്താവാണ് പുസ്തകം എന്ന സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് വഴിയൊരുക്കിയത്. അവധിക്ക് വന്നപ്പോള്‍ എന്റെ കുറേ കവിതകള്‍ വായിച്ച് ഇഷ്ടപ്പെട്ട് അദ്ദേഹം പ്രസാധകരുമായി ബന്ധപ്പെടുകയും 2020 ആദ്യത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയുമായിരുന്നു.

രുചിക്കും തോറും ആസ്വാദനം വര്‍ദ്ധിക്കുന്ന മനോഹരമായൊരു സര്‍ഗവ്യാപാരമാണ് കവിത. ശക്തമായ വികാരത്തിന്റെ 'അനര്‍ഗ്ഗളമായ കുത്തൊഴുക്കാണ് കവിത 'എന്നാണല്ലോ വേര്‍ഡ്‌സ് വര്‍ത് കവിതയെ നിര്‍വചിച്ചത്. 'മനുഷ്യന്റെ സര്‍ഗ്ഗക്രിയയ്ക്ക് പ്രാപ്യമാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത 'എന്ന ഷെല്ലിയുടെ വിശകലനവും ശ്രദ്ധേയമാണ്. വാക്കുകളും വികാരങ്ങളും ഒരു പ്രത്യേക വൈകാരിക തീക്ഷ്ണതയില്‍ സമജ്ഞസമായി സമ്മേളിക്കുമ്പോഴാണ് കവിത ജനിക്കുന്നത്. വൈകാരിക പ്രേരണയും ഭാവനയും ലയാത്മകമായി പ്രയോഗിക്കുമ്പോഴാണ് കവിതയുടെ ഗന്ധര്‍വ്വലോകത്ത് വിരാചിക്കാനാവുന്നത്. ആ അവാച്യമായ താളവും ലയവുമാണ് നമ്മെ ആസ്വാദനത്തിന്റെ അവിസ്മരണീയത ബോധ്യപ്പെടുത്തുന്നത്.

പലപ്പോഴായി എഴുതിയ 50 കവിതകളാണ് ആദ്യ സമാഹാരത്തിലുള്ളത്. സമീഹയുടെ ഓരോ വരികളിലും ജീവിതത്തിന്റെ ഋതുക്കള്‍ ആലേഖനം ചെയ്തിരിക്കുന്നു. ആദ്യ കവിതയായ ഇന്‍സൈഡില്‍ പുറമേ ചിരിക്കുമ്പോഴും അകത്ത് കരയുന്ന മനസ് ശ്രദ്ധിക്കണമെന്ന സന്ദേശമാണ് ഈ കൊച്ചു കവിയത്രി സമൂഹത്തിന് പകര്‍ന്നുനല്‍കുന്നത്. മനസിന്റെ ഉള്‍വിളിയെ ശ്രദ്ധിക്കുകയും ജീവിതത്തിന്റെ നിയോഗം തിരിച്ചറിയുകയും വേണമെന്നാണ് സമീഹയുടെ കാഴ്ചപ്പാട്.

സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും സ്വപ്‌നങ്ങളെകക്കുറിച്ചുമൊക്കെയുള്ള ചിന്താശകലങ്ങളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. സമൂഹവും മനസും, ഹൃദയവികാരങ്ങളും വിധിയുമൊക്കെ കവിതയില്‍ വിഷയമാകുന്നുണ്ട്. പ്രിയ മാതാവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും പ്രത്യേകമായി ഓരോ കവിതകളും പുസ്തകത്തിന്റെ സവിശേഷതയാണ്.

അനുകമ്പയുടേയും അനുതാപത്തിന്റേയും ലോകത്ത് സഹജീവികള്‍ക്ക് ആശയും പ്രതീക്ഷയും നല്‍കുകയാണ് തന്റെ എഴുത്തിന്റെ ലക്ഷ്യം. അക്ഷരം അഗ്നിയാണ് . അറിവില്ലായ്മയും തെറ്റിദ്ധാരണകളുമകറ്റി അറിവിന്റെ വെളിച്ചം തെളിയിക്കുകയെന്ന പുണ്യപ്രവര്‍ത്തിയാണ് എഴുത്ത്. നമ്മുടെ വരികള്‍ക്ക് ഒട്ടേറെ പേരെ ജീവിപ്പിക്കുവാനും നിരാശയുടെ കയങ്ങളില്‍നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും കഴിയുമെന്ന തിരിച്ചറിവാണ് യു ട്യൂബിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും എത്തിച്ചത്. ആശയവനിനിമയത്തിന്റെ എല്ലാ മാധ്യമങ്ങളും ക്രിയാത്മകമായയി പ്രയോജനപ്പെടുത്തുന്നത് സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് സമീഹ കരുതുന്നത്.

പത്തുവയസ്സിലെ പലതും കുത്തിക്കുറിക്കുവാന്‍ തുടങ്ങിയിരുന്നെങ്കിലും വായനയുടെ സ്വര്‍ഗലോകത്തേക്ക് കടക്കുന്നത് പത്താം ക്‌ളാസിലെത്തിയ ശേഷമാണ്. എഴുത്തിന് ശക്തിപകരുന്ന സുപ്രധാനമായ ഒന്നാണ് വായനയെന്ന് മനസിലായതോടെ കൂടുതല്‍ സജീവമായി വായിക്കുവാന്‍ തുടങ്ങി. വായനയില്‍ സജീവമായതോടെ എഴുത്തിന് കരുത്ത് കൂടി, ബുക്ക് പ്രസ്സ് ബ്‌ളോഗിലും സ്വന്തം നോട്ട്ബുക്കിലുമൊക്കെയാണ് കാര്യമായും എഴുതിയിരുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബ്‌ളോഗര്‍ എന്ന നിലക്കും യുട്യൂബര്‍ എന്ന നിലക്കും സജീവമാണ് സമീഹ. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാന്‍ കരുത്തുള്ള മനസ്സ് നല്‍കിയ സര്‍വേശ്വരനോട് എന്നും കടപ്പെട്ടിരിക്കുന്നു.

sameeha-junaid-book2

തന്റെ എഴുത്ത് പലരുടേയും പ്രയാസങ്ങള്‍ ലഘൂകരിക്കുവാനും ജീവിത്തില്‍ പ്രതീക്ഷ പകരുവാനും സഹായിക്കുന്നുവെന്ന രീതിയില്‍ വന്ന പ്രതികരണങ്ങളാണ് ഈ രംഗത്തെ ഏറ്റവും വലിയ ശക്തി. വീട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന പ്രോല്‍സാഹനവും വളരെ വലുതാണ്. വേദനകള്‍ മറക്കാനും പ്രതീക്ഷകള്‍ മുളപ്പിക്കാനുമൊക്കെ സഹായകമാകുന്ന വരികള്‍ ദൈവം നല്‍കുന്ന മഹത്തായ അനുഗ്രഹമാണ്.

ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നും ഓരോ കാരണത്തിന് വേണ്ടിയാണ്. ആ കാരണം നാം കണ്ടെത്തുകയും നമ്മുടെ പാഷന്‍ പിന്തുടരുകയുമാണ് വേണ്ടത്. പാഷന്‍ പിന്തുടരുമ്പോഴാണ് എന്തും ഹൃദ്യവും ആസ്വാദ്യകരവുമാകുന്നത് എന്നാണ് സമീഹ കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേും തന്റേടത്തോടെ അതിജീവിച്ചാണ് സമീഹ തന്റെ ദിവസങ്ങളെ ധന്യമാക്കുന്നത്. ഫോട്ടോഗ്രഫിയിലും സമീഹക്ക് താല്‍പര്യമുണ്ട്.

സയന്‍സായിരുന്നു എന്നും സമീഹക്ക് പ്രിയപ്പെട്ട വിഷയം. രണ്ട് തവണ നീറ്റില്‍ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും കരിയറില്‍ വെള്ളകോട്ട് ധരിക്കണമെന്ന മോഹം ഉപേക്ഷിക്കാനായില്ല. അങ്ങനെയാണ് ബി.ഫാമിന് ചേര്‍ന്നത്. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നിന്നാണ് സമീഹ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയത്. തൃശൂര്‍ ജില്ലയിലെ മാളക്കാരിയായ സമീഹ സ്വയം വളര്‍ന്നു വികസിക്കുന്നതോടൊപ്പം സമാന സ്വഭാവമുള്ളവരെ വളര്‍ത്തികൊണ്ടുവരാനും കൂടിയുള്ള ശ്രമങ്ങളിലൂടെയാണ് സഹൃദയ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com