sections
MORE

ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസം @200

banna-chennamangalloor
ബന്ന ചേന്ദമംഗല്ലൂര്‍
SHARE

അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്നാണ് പ്രമാണം. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണമെന്നും നിര്‍ദേശിക്കപ്പെടാറുണ്ട്. സര്‍ഗരംഗത്ത് ഈ രണ്ട് കാര്യങ്ങളും പ്രാവര്‍ത്തികമാക്കിയാണ്  ബന്ന ചേന്ദമംഗല്ലൂര്‍ സഹൃദയലോകത്തിന്റെ മനം കവരുന്നത്. വിജ്ഞാനവും വിനോദവും ഒരു പോലെ വഴങ്ങുന്ന അറനിറഞ്ഞ കലാകാരനായും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ സാംസ്‌കാരിക ലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഓര്‍മിക്കപ്പെടുന്നതും കഥാശ്വാസമെന്ന പുതുമയുള്ള പരിപാടിയിലൂടെയാകും.

കൊറോണ കാലം സമ്മാനിച്ച ലോക്ഡൗണ്‍ ക്രിയാത്മകവും രചനാത്മകവുമായി പ്രയോജനപ്പെടുത്തുന്നതിനും വേറിട്ട സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തെ ഉദ്ദീപിക്കുന്നതിനുമായി കലാകാരനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ നടപ്പാക്കിയ കഥാശ്വാസം 200 എപ്പിസോഡുകള്‍ പിന്നിടുന്നതിന്റെ ആഘോഷവും ആസ്വാദകരുടെ ആദരവും ജനുവരി 7 ന് കോഴിക്കോട് റിഥം ഹൗസില്‍ സാഹിത്യ ചലചിത്രരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുകയാണ്. പ്രശസ്ത കഥാകൃത്തുക്കളായ വി ആര്‍ സുധീഷ്, കെ പി രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

banna-chennamangalloor-friends
ബന്ന ഹലാല്‍ ലൗ സ്റ്റോറി ടീമിനോടൊപ്പം  

മലയാളത്തിലെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കഥകളെ തന്റെ അനുഗ്രഹീതമായ സ്വരമാധുരിയോടെ വാട്‌സപ്പ് ബ്രോഡ്കാസ്റ്റ്, യൂ ട്യൂബ് എന്നീ ചാനലുകളിലൂടെ അവതരിപ്പിക്കുന്നതിനായി ബന്ന തുടങ്ങിവെച്ച സംരംഭം അതിവേഗമാണ് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തത്. പലപ്പോഴും കഥവായിക്കുന്നതിലും ആസ്വാദ്യകരമാണ് കേള്‍ക്കുന്നതെന്ന് പോലും അനുഭവവേദ്യമാക്കുന്ന രൂപത്തിലായിരുന്നു ബന്നയുടെ വായന.

മലയാള സാഹിത്യത്തിലെ ലബ്ധ പ്രതിഷ്ടരായ ഒ. വി. വിജയന്‍, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, കെ. ആര്‍. മീര, വി, ആര്‍. സുധീഷ്, കെ.പി. രാമനുണ്ണി , പി സുരേന്ദ്രന്‍, യു.കെ. കുമാരന്‍, ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് , പി. കെ. പാറക്കടവ് , എന്‍. എസ്. മാധവന്‍ , എന്‍. പി. ഹാഫിസ് മുഹമ്മദ്, ലളിതാംബിക അന്തര്‍ജനം , സന്തോഷ് ഏച്ചിക്കാനം, ഡോ. എം.കെ. മുനീര്‍, തുടങ്ങി വിവിധ തലമുറകളിലും തട്ടുകളിലുമുളളവരുടെ കഥാവായന സഹൃദയ ലോകത്തിന് നൂതനമായ സര്‍ഗാവിഷ്‌കാരവും ആസ്വാദനവുമാണ് സമ്മാനിച്ചത്.

കഥാവായനയോട് മലയാളി സമൂഹത്തിന് പരമ്പരാഗതമായി തന്നെ പ്രിയമുണ്ട്. പല വീടുകളിലും മുത്തശ്ശികള്‍ പറയുന്ന കഥകള്‍ കേട്ടാണ് മലയാളി സമൂഹം വളര്‍ന്നത്. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതി മാറുകയും ന്യൂക്ലിയര്‍ കുടുംബങ്ങളുടെ തിരക്ക് പിടിച്ച ജീവിയാത്രക്കിടയില്‍ ജീവിക്കാന്‍ മറന്നുപോവുകയും ചെയ്യുന്ന സമകാലിക ലോകത്ത് ഇതൊക്കെ കേട്ടുകേള്‍വിയാകുന്നു. പാശ്ചാത്യ ലോകത്തൊക്കെ ഇപ്പോഴും കഥയരങ്ങുകളും കവിയരങ്ങുകളും സാഹിത്യരംഗത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ മലയാളി സമൂഹത്തിന് അതൊക്കെ അന്യം നിന്നുപോകുന്നതാണ് നാം കാണുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് കഥാശ്വാസത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തിന് പ്രാധാന്യമേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളമാളുകള്‍ കഥക്കായി കാത്തുനില്‍ക്കുന്നത് ആഗോള മലയാളിയുടെ കഥാസ്വാദനത്തിന്റെ ആവേശം അടയാളപ്പെടുത്തുന്നതായിരുന്നു

കഥാശ്വാസം നൂറ് കഥകള്‍ പിന്നിട്ടപ്പോഴും 150 പിന്നിട്ടപ്പോഴും സഹൃദയലോകം അതാഘോഷിച്ചുവെന്നത് ഈ സര്‍ഗസപര്യയെ അവര്‍ എന്തുമാത്രം നെഞ്ചേറ്റുന്നുവെന്നതിനുള്ള തെളിവാണ്. കോവിഡ് പ്രോട്ടോക്കോളിനിടയിലും കോഴിക്കോട് ഒത്തുചേര്‍ന്നാണ് കഥാശ്വാസത്തിന്റെ നൂറ് എപ്പിസോഡ് ആഘോഷിച്ചത്.

ലോക്ഡൗണ്‍ കാലത്ത് അസ്വസ്ഥമായ മനസുകള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിച്ച സര്‍ഗസഞ്ചാരമാണ് കഥാശ്വാസം. കാലം വര്‍ണാഭമായ കാഴ്ചയുടേയും ഇമ്പമാര്‍ന്ന കേള്‍വിയുടേയും ലോകത്തേക്ക് അതിവേഗം നീങ്ങുന്ന സമകാലിക സാഹചര്യത്തില്‍ ചിന്തയെ നവീകരിക്കുന്ന മനന സംസ്‌കാരം സൃഷ്ടിക്കുന്നതില്‍ നല്ല കഥകള്‍ കേള്‍ക്കുന്നതിന് വലിയ പങ്കുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥകളോട് കമ്പമുണ്ടാക്കുന്ന തരത്തിലുള്ള ബന്ന മാഷിന്റെ ഇമ്പമാര്‍ന്ന വായന മികച്ച കഥകള്‍ ആവര്‍ത്തിച്ച് കേള്‍ക്കാനാണ് സൗകര്യമൊരുക്കിയത്. യാത്രയിലും മറ്റും ഒറ്റയ്ക്കും കൂട്ടായും കഥകള്‍കേള്‍ക്കുന്ന സവിശേഷമായ സാംസ്‌കാരിക പരിസരമാണ് കഥാശ്വാസം സൃഷ്ടിച്ചത്. സ്‌ക്കൂളുകള്‍ക്കൊക്കെ സബ്സ്റ്റിറ്റിയൂഷന്‍ പിരിയഡുകളില്‍ കുട്ടികള്‍ക്ക് കേള്‍പ്പിക്കാവുന്നവയാണ് ബന്ന വായിച്ച മിക്ക കഥകളും. തികച്ചും നൂതനമായ ഈ രീതി പരീക്ഷിച്ച് വിജയിച്ച ബന്ന ചേന്ദമംഗല്ലൂര്‍ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതിചേര്‍ക്കുന്നത്.

കേവലം കഥാ വായന മാത്രമല്ല കഥയുടെ പരിസരങ്ങളിലൂടെയുള്ള സാഹിത്യപരവും സാംസ്‌കാരികവുമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് കഥാശ്വാസത്തെ ഏറെ സവിശേഷമാക്കുന്നത്. കഥാകൃത്തുക്കളോടൊപ്പം കോളജ് പ്രൊഫസര്‍മാരും വിദ്യാര്‍ഥികളുമെന്ന പോലെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള സഹൃദരുടെ ആശയസംവാദത്തിന്റെ പുതിയവാതായനങ്ങളാണ് കഥാശ്വാസം തുറന്ന് വെക്കുന്നത്.

നൂതനമായ ശബ്ദാഭിനയത്തിലൂടെ സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്ന ബന്ന നിരവധി ടെലിഫിലിമുകളിലും അഞ്ചോളം മുഖ്യധാര സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ടിപ്പുസുല്‍ത്താന്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങി നൂറിലധികം ഡോക്യൂമെന്ററികള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചില്‍ഡ്രണ്‍ ഓഫ് ദ ഹെവണ്‍, മുസ്തഫ അക്കാദിന്റെ ദ ലയണ്‍ ഓഫ് ദ ഡെസേര്‍ട്ട് - ഉമര്‍ മുഖ്താര്‍, ദ മെസേജ്, രിസാല, ഖലീഫ അബൂബക്കര്‍, ഖുര്‍ആന്‍ കഥകള്‍ തുടങ്ങി നിരവധി വിശ്വോത്തര സൃഷ്ടികളെ മലയാളി ആസ്വാദകരിലേക്കെത്തിച്ചത് ബന്നയുടെ ഡബ്ബിങ് ഡയറക്ഷനിലായിരുന്നു. ഐ.മീഡിയ , സമീക്ഷ എന്നിവര്‍ക്കായി നിരവധി പരിപാടികള്‍ക്ക് ബന്ന ശബ്ദം നല്‍കിയിട്ടുണ്ട്.

കുട്ടിക്കാലം മുതലേ കലാരംഗത്ത് മികവ് തെളിയിച്ച ബന്ന മോണോ ആക്ട്, നാടകം, ശബ്ദാനുകരണം എന്നീ രംഗങ്ങളിലൊക്കെ സജീവമായിരുന്നു. ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ വാര്‍ഷികത്തിന് യശശരീരനായ റഹ്മാന്‍ മുന്നൂര്‍ രചിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എം. സി. എ. നാസര്‍ സംവിധാനം ചെയ്ത അശ്രൂകണങ്ങള്‍ എന്ന നാടകത്തിലെ കൊമേഡിയന്‍ വേഷത്തിലൂടെയാണ് ബന്ന ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. സ്‌ക്കൂള്‍ കലോല്‍സവത്തില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ചതാണ് അഭിനയരംഗത്ത് സജീവമാകാന്‍ മുഖ്യ പ്രേരകം. മുക്കം എം. എ. എം. ഒ. കോളജിലെ പ്രീഡിഗ്രി കാലത്തും ഫാറുഖ് കോളേജിലെ ഡിഗ്രി കാലത്തും അഭിനയത്തിന്റേയും ശബ്ദാനുകരണത്തിന്റേയും അവസരങ്ങളൊന്നും ബന്ന നഷ്ടപ്പെടുത്തിയില്ല. എന്‍. എസ്. എസ്. സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായി ബന്ന സാംസ്‌കാരിക സേവന രംഗങ്ങളിലും സജീവമായതും കലയും സാഹിത്യവുമൊക്കെ ഉപയോഗിച്ചാണ്.

ചേന്ദമംഗല്ലൂര്‍ സക്കൂള്‍ അധ്യാപകനായിരുന്ന അബ്ദു മാഷാണ് ഡബിങ് മേഖലയിലേക്ക് ബന്നയെ എത്തിച്ചത്. തന്റെ ശബ്ദം പ്രയോജനപ്പെടുത്തുന്നതിനായി ആദ്യമായി സ്റ്റുഡിയോവില്‍ ഡബിങ്ങിന് കൊണ്ടുപോയത് അബ്ദുമാഷായിരുന്നുവെന്ന് ബന്ന നന്ദിയോടെ ഓര്‍ക്കുന്നു.

പത്തുവര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന ബന്ന കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും നിത്യ അവതാരകനുമായിരുന്നു. ഗള്‍ഫിലെ പല റേഡിയോ പരിപാടികള്‍ക്കും ശബ്ദം നല്‍കിയ ബന്നയുടെ അനുഗ്രഹീത ശബ്ദത്തിലാണ് മിസ്റ്റര്‍ ആസ്റ്റര്‍ എന്ന പരിപാടി മലയാളി ശ്രവിച്ചത്. മലയാളം പോഡ്കാസ്റ്റില്‍ തരംഗം സൃഷ്ടിക്കുന്ന വിജയമന്ത്രങ്ങളും കൂടുതല്‍ മനോഹരമാകുന്നത് ബന്നയുടെ ശബ്ദസൗകുമാര്യത്തിലൂടെയാണ് .

ഹോം സിനിമ രംഗത്ത് നൂതനങ്ങളായ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച സലാം കൊടിയത്തൂരിന്റെ നാടകങ്ങളില്‍ സഹകരിക്കുവാനും ബന്നക്ക് അവസരം ലഭിച്ചു. അങ്ങനെയാണ് നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന പ്രഥമ ഹോം സിനിമയില്‍ കേന്ദ്ര കഥാപാത്രമാകാനുള്ള അവസരം ബന്നക്ക് ലഭിക്കുന്നത്. പിന്നീട് സലാം കൊടിയത്തൂരിന്റെ മിക്ക ഹോം സിനിമകളിലും അവിഭാജ്യഘടകമായി മാറിയ ബന്ന ഇരുപതോളം ഹോം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

നാട്ടുകാരനായ സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ ഊമക്കുയില്‍ പാടുമ്പോള്‍ എന്നതായിരുന്ന ബന്നയുടെ ആദ്യ സിനിമ. ശങ്കര്‍, നിലമ്പൂര്‍ ആയിഷ, മാളവിക എന്നിവരോടൊപ്പമുള്ള ബന്നയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012 ല്‍ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സിനിമയായിരുന്നു അത്. മുഹ്സിന്‍ പരാരിയുടെ കെ. എല്‍. 10 , അമീന്‍ ജൗഹറിന്റെ കാണാപാഠം, വിനോദ് മണാശേരിയുടെ ഒന്നാം സാക്ഷി, സകരിയ്യയുടെ ഹലാല്‍ ലൗവ് സ്റ്റോറി എന്നീ സിനിമകളിലും ബന്ന അഭിനയിച്ചിട്ടുണ്ട്. അതിനിടക്ക് അനു സിതാര, വിനോദ് കോവൂര്‍ എന്നിവരെ വെച്ച് നിനച്ചിരിക്കാതെ എന്ന സിനിമ സംവിധാനം ചെയ്തും ബന്ന തന്റെ മിടക്ക് തെളിയിച്ചു. ഒറ്റപ്പെട്ടവര്‍ എന്നതാണ് ബന്ന സംവിധാനം ചെയ്ത മറ്റൊരു ഹോം സിനിമ.

banna-chennamangalloor-family
ബന്ന കുടുംബത്തോടൊപ്പം

അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരില്‍ പരേതനായ ഇ പി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ് എന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ബന്നയുടെ കഥവായന സൗജന്യമായി ലഭിക്കുവാന്‍ 0091 9745669904 എന്ന വാട്‌സ് നമ്പറില്‍ സന്ദേശമയച്ച് ബ്രോഡ്കാസ്റ്റില്‍ ചേരാം. യൂട്യൂബില്‍ https://www.youtube.com/channel/UCnKw01Yo9afQmDBRHlkZprw എന്ന ലിങ്കിലും ലഭ്യമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA