ADVERTISEMENT

ശുദ്ധമായ മാപ്പിളപ്പാട്ടിന്റെ ഉപാസകനാണ് സുഹൃത്തുക്കളൊക്കെ ജിപി എന്ന രണ്ടക്ഷരം ചേര്‍ത്ത് വിളിക്കുന്ന ദീര്‍ഘകാല ഖത്തര്‍ പ്രവാസിയായ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം. നാദാപുരത്തെ അതിപുരാതനവും പ്രശസ്തവുമായ മഹൗസില്‍ മമ്മു ഹാജി കുഞ്ഞാമി ദമ്പതികളുടെ എട്ട് മക്കളില്‍ മൂന്നാമനായി ജനിച്ച കുഞ്ഞബ്ദുല്ല ജീവിത ഗന്ധിയും കാലിക പ്രസക്തവുമായ നിരവധി മാപ്പിളപ്പാട്ടുകളിലൂടെയാണ് സഹൃദയരുടെ മനം കവരുന്നത്.

ജീവിത ഗന്ധിയായ പാട്ടുകള്‍ കുറഞ്ഞുവരികയും വരികള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറം നാട്യങ്ങള്‍ക്കും ആട്ടങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് ആധുനിക മാപ്പിളപ്പാട്ടുലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമുള്ള പ്രശ്‌നമെന്നാണ് ജിപി കരുതുന്നത്. മികച്ച വര്‍ക്കുകള്‍ക്ക് പകരം താളത്തിനൊത്ത് സംഗീതജ്ഞരും തുള്ളാന്‍ തുടങ്ങിയതോടെ മാപ്പിളപ്പാട്ടുകള്‍ക്ക് നിലവാരത്തകര്‍ച്ചയുണ്ടാകുന്നു. പുതിയ കാലത്ത് പാട്ടെഴുത്തുകാര്‍ കുറയുകയും ട്രാക്ക് എഴുത്തുകാര്‍ കൂടുകയുമാണ്. അതോടെ മനസ്സറിഞ്ഞു എഴുതുകയെന്നതിന് പകരം ഈണത്തിനനുസരിച്ച് തുള്ളുക എന്ന അവസ്ഥയായി. പല പാട്ടുകള്‍ക്കും ഭാവനയുണ്ട്. പക്ഷേ, ആഴമില്ല. തീവ്രത കിട്ടുന്നില്ല. ശൃഗാരം മാത്രമല്ല മനുഷ്യനുള്ളതെന്നും അതിനാല്‍ കലയില്‍ നോവും നൊമ്പരങ്ങളും വരുമ്പോഴാണ് അതിനു സത്ത ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു.

g-p-kunjabdulla-2

സമകാലിക സംഭവങ്ങളോട് ഏറെ ക്രിയാത്മകമായി പ്രതികരിക്കുന്ന കനപ്പെട്ട വരികളിലൂടെ ശ്രദ്ധേയനായ ജിപി ഗള്‍ഫ് രാജ്യങ്ങളുടെ രജ്ഞിപ്പിന്റേയും അല്‍ ഉല ഐക്യ കരാറിന്റേയും പശ്ചാത്തലത്തില്‍ ചിട്ടപ്പെടുത്തിയ മനോഹര ഗാനം വരും ദിവസങ്ങളില്‍ സഹൃദയ ലോകത്തിന് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഖത്തറിലെ വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക, കായിക രംഗത്തും നിറസാന്നിധ്യവുമായ ഈസക്ക എന്നറിയപ്പെടുന്ന കെ.മുഹമ്മദ് ഈസയും മശ്ഹൂദ് തങ്ങളുമാണ് ഗാനമാലപിക്കുന്നത്.

മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ നാട്ടില്‍ പിറന്നതാണ് തന്റെ ഭാഗ്യമെന്നാണ് ജിപി പറയുന്നത്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും മാപ്പിളപ്പാട്ടിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങള്‍ വിരളമായിരുന്നു. കല്യാണ വീടുകളിലെ ഗ്രാമഫോണ്‍ മ്യൂസിക്കും ഗാനമേളയുമൊക്കെ ജിപിയെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാന്‍. കുട്ടിക്കാലം മുതലേ റമദാന്‍ മാസങ്ങളിലെ അത്താഴം മുട്ട് കലാകാരന്മാരുടെ പ്രകടനം കണ്ട് വളര്‍ന്നതാകാം കുഞ്ഞബ്ദുല്ലയുടെ കവിയെ തട്ടിയുണര്‍ത്തിയത്. ഹാര്‍മോണിയത്തിന്റെ മാസ്മരിക ശബ്ദവും പാട്ടിന്റെ വശ്യമനോഹരമായ രീതികളുമൊക്കെ അദ്ദേഹത്തെ ഹരം പിടിപ്പിച്ചു.

ഖത്തറിലെ ഒരു മെഹ്ഫിലില്‍ വെച്ച് ഖാലിദ് വടകരയെ കണ്ട് മുട്ടിയതാണ് പാട്ടെഴുത്തില്‍ സജീവമാകാന്‍ കാരണമായത്. ഇവര്‍ ഒരുമിച്ച് താമസം തുടങ്ങിയതോടെ തമസസ്ഥലത്തെ മിക്ക വാരാന്ത്യങ്ങളും സംഗീതരാവുകളായി മാറി. ഗസലും ഖവാലിയും മാപ്പിളപ്പാട്ടുകളുമൊക്കെ ചേര്‍ന്ന സംഗീതവിരുന്നിലൂടെ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്താണ് ജിപി സഞ്ചരിച്ചു തുടങ്ങിയത്.

പ്രവാസം മനുഷ്യന്റെ ഭംഗിയാര്‍ന്ന, അലങ്കരിച്ചു വെച്ച കൃത്യമായ തകര്‍ച്ചയാണെന്നാണ് ജിപി കരുതുന്നത്. നല്ലൊരു ശതമാനം ആളുകള്‍ക്കും ഇത് നഷ്ടങ്ങളുടെ കഥയാണ്.ലാഭങ്ങളുടെ കഥ വളരെ കുറവായിരിക്കും. ജീവിതത്തിലെ ശരിയായ ലാഭം ഒരാളുടെ വ്യക്തിപരവും കുടുംബപരവുമായ ആനന്ദമാണ്. മിക്ക പ്രവാസികള്‍ക്കും ഈ ആനന്ദത്തിന്റെ കുളിരാണ് നഷ്ടപ്പെടുന്നത്. ഭാര്യ, കുട്ടികള്‍, ഉമ്മ വാപ്പ, നാട്, നാട്ടുകാര്‍, സൗഹൃദം തുടങ്ങിയ പല ആനന്ദങ്ങളും പ്രവാസികള്‍ക്ക് നഷ്ടമാകുന്നു. കുടുംബത്തെ കൊണ്ടു വരുന്നവര്‍ തന്നെ എത്രയോ വേറെ ആഗ്രഹങ്ങള്‍ മാറ്റി വെച്ചാണ് ആയൊരു ആനന്ദം കൃത്രിമമായെങ്കിലും കണ്ടെത്തുന്നത്. നാട്ടില്‍ പോകുമ്പോഴെല്ലാം ആറ് മാസമെങ്കിലും അവിടെ നിന്നാണ് ജിപി ഇതിന് പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കാറുള്ളത്.

പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി ജീവിതം ആഘോഷിക്കുന്ന ഈ കലാകാരന്റെ അനുഗ്രഹീത തൂലികയിലൂടെ ഉതിര്‍ന്നുവീണ വരികള്‍ ഏതൊരാസ്വദകനേയും പിടിച്ചിരുത്തുവാന്‍ പോന്നതാണ്. പേരിനും പ്രശസ്തിക്കും പാട്ടും ആല്‍ബവുമിറക്കുന്നതിനോട് ഈ കലാകാരന് യോജിപ്പില്ല. തന്റെ പാട്ടിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പാടുന്നവരെക്കുറിച്ചുമൊക്കെ കുറേ കണിശനിലപാടുകളാണ് ജിപിക്കുള്ളത്. അതുകൊണ്ട് തന്നെയാകാം കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അദ്ദേഹം നാനൂറിലധികം മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ പരിമിതമായ പാട്ടുകളേ റിക്കോര്‍ഡ് ചെയ്തിട്ടുള്ളൂ.

എം. കുഞ്ഞി മൂസ, റംല ബീഗം, എരഞ്ഞോളി മൂസ, നിലമ്പൂര്‍ ഷാജി, ഫിറോസ് ബാബു, ഐ.പി. സിദ്ധീഖ്, എം. എ. ഗഫൂര്‍, കണ്ണൂര്‍ ഷരീഫ്, താജുദ്ധീന്‍ വടകര, രഹ് ന, സിസിലി, സിബല്ല സദാനന്ദന്‍, കൊല്ലം നൗഷാദ്, തളിപ്പറമ്പ് റഷീദ്, ഖാലിദ് വടകര, മുഹമ്മദ് കുട്ടി അരീക്കോട്‌, ഖാദര്‍ കൊല്ലം, നവാസ് പാലേരി, അജയന്‍ (പട്ടുറുമാല്‍ ആദ്യ വിജയി), മണ്ണൂര്‍ പ്രകാശ്, സിന്ധു മോഹന്‍, സീനത്ത് വയനാട്, മുഹമ്മദ് കുട്ടി വയനാട്, ലിയാഖത്ത് വടകര, വണ്ടൂര്‍ ജലീല്‍് തുടങ്ങി പഴയ തലമുറയിലേയും പുതിയ തലമുറയിലേയും അമ്പതോളം ഗായകര്‍ ജി.പി.യുടെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ കലാകാരന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നത്.

g-p-kunjabdulla-3

കുഞ്ഞബ്ദുല്ലയുടെ ആദ്യ ഗാനമായ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യവേളയില്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ചു. ഖാലിദ് വടകരയും സലാംക്കയുമൊക്കെ ചേര്‍ന്ന് കുഞ്ഞബ്ദുല്ലയുടെ പാട്ടുകള്‍ കാസറ്റാക്കാന്‍ ശ്രമം തുടങ്ങി. അങ്ങനെയാണ് 1994 ല്‍ ഖാലിദ് വടകര, ഖാദര്‍ കൊല്ലം, സിന്ധു മോഹന്‍ എന്നിവര്‍ പാടിയ 8 പാട്ടുകളോടെ ആദ്യ കാസറ്റായ ഹാഫിസ് പുറത്തിറങ്ങിയത്. മനുഷ്യന്റെ ദുഖം, മാനസിക നോവുകള്‍, മതസാഹോദര്യം തുടങ്ങിയ ആശയങ്ങളാണ് പാട്ടുകള്‍ കൈകാര്യം ചെയ്തത്. മലയാള മാപ്പിളപ്പാട്ട് ചരിത്രത്തില്‍ വിപ്‌ളവം സൃഷ്ടിച്ച് ഹാഫിസിന്റെ പതിനായിരക്കണക്കിന് കാസറ്റുകള്‍ വില്‍പന നടന്നത് ജി.പി.യുടെ സര്‍ഗസഞ്ചാരത്തിന്റെ ചാലക ശക്തിയായി.

 

1996 ല്‍ എസ്. എ. എം ബഷീര്‍ മുന്‍കൈയെടുത്ത് ജിപിയുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ ഉള്‍പ്പെടുത്തി അമീര്‍ സിനിമിലൊരുക്കിയ ലിയാലുല്ലൈല്‍ എന്ന സംഗീത പരിപാടി ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സഹൃദയ ലോകത്തിന് സമ്മാനിച്ചത്. ഖത്തറിലെ പതിനഞ്ചോളം മാപ്പിളഗായകരാണ് അന്ന് ജിപിയുടെ ഗാനങ്ങള്‍ ആലപിച്ചത്.

2004 ല്‍ മാപ്പിള കലാ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ ശറാഫത്ത് ആണ് കുഞ്ഞബ്ദുല്ലയുടെ മറ്റൊരു പ്രധാന കാസറ്റ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടിറക്കിയ നിത്യ ഹരിത ഗാനങ്ങള്‍, കോണ്‍ഗ്രസ് സംഗീതിക എന്നിവയും ഈ കലാകാരന്റെ സംഭാവനയില്‍പ്പെടും. അമ്പതിലേറെ കവിതകള്‍, ഇരുപതിലേറെ ലേഖനങ്ങള്‍ മാപ്പിള കലകളേ കുറിച്ചുള്ള പഠനം രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകള്‍, അങ്ങിനെ നീണ്ടു പോവുന്ന ചിന്തകളാണ് ജിപിയുടെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നത്.

വ്യവസായ പ്രമുഖനായ എം. എ. യൂസഫ് അലി, ടി.കെ. ഹംസ, അബ്ദുസ്സമദ് സമദാനി, എം. എന്‍. കാരശ്ശേരി, കെ.പി. കുത്തി മൂസ്സ, വി. എം. കൂട്ടി തുടങ്ങി നിരവധി പേരെക്കുറിച്ച വ്യക്തിഗത ഗാനങ്ങള്‍ രചിച്ച ,മാപ്പിളപ്പാട്ടിന്റെ വര്‍ണ്ണചരിത്രവും കെഎംസിസിയൂടെ ചരിത്രവും അതിവിപുലമായി തന്നെ പൂറത്തിറങ്ങുവാനുള്ള ഒരുക്കത്തിലാണ്.

മാപ്പിളപ്പാട്ട് ലോകത്തെ ശ്രദ്ധേയരായിരുന്ന എസ്.എ. ജമീല്‍, കോഴിക്കോട് അബൂബക്കര്‍, പ്യാരി സംഗീത സംവിധായകന്‍, മഞ്ചേരി, ചാന്ദ് പാഷ, വളാഞ്ചേരി ഹംസ, വിദ്യാധരന്‍ മാസ്റ്റര്‍, കോഴിക്കോട് ഹരിദാസ്, ജോയ്, വിടി മുരളി, ഫൈസല്‍ എളേറ്റില്‍, ഒ എം കരുവാരക്കുണ്ട്, പി എച്ച് അബ്ദുള്ള മാസ്റ്റര്‍, വി എം കുട്ടി, ബാപ്പു വെള്ളിപ്പരമ്പ്, ബാപ്പു വാവാട്, കാനേഷ് പൂനൂര്‍, തായിനേരി അസീസ്. കവി എസ്.വി. ഉസ്മാന്‍, പക്കര്‍ പന്നിയൂര്‍, ഹസ്സന്‍ നെടിയനാട്, കണ്ണോത്ത് അലി കുറ്റ്യാടി, അലി പൈങ്ങോട്ടായി, കൃഷ്ണദാസ് വടകര, നിരൂപകരായ അബൂബക്കര്‍ മാസ്റ്റര്‍ നരിക്കുനി, എം.സി വടകര, കെ.പി. കുഞ്ഞി മൂസ എന്നിവരുമായൊക്കെ ജിപിക്ക് അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിലെ പുതിയ പ്രവണതകളും ശൈലികളുമൊക്കെ സംബന്ധിച്ച് വിദഗ്ധരുമായി സംവദിക്കാനും ജിപി സമയം കണ്ടെത്താറുണ്ട്. ടി.കെ. ഹംസ, സിടി അബ്ദുറഹിമാന്‍, റസാക്ക് ചെറിയമുണ്ടം, ആസാദ് വണ്ടൂര്‍ തുടങ്ങിയവരും ജിപിയുടെ മാപ്പിള കലാ സൗഹൃദവലയത്തില്‍പ്പെടും.

g-p-kunjabdulla-4

മുപ്പത്തഞ്ചോളം ഭക്തി ഗാനങ്ങള്‍, എട്ടോളം അനുസ്മരണ ഗാനങ്ങള്‍, എണ്‍പതോളം മാപ്പിളപ്പാട്ടുകള്‍ , അന്‍പതിലേറെ ശോക ഗാനങ്ങള്‍, ഗള്‍ഫ് ദുഃഖ ഗാനങ്ങള്‍ (12 എണ്ണം), താരാട്ടു പാട്ടുകള്‍ (5 എണ്ണം), വിപ്ലവ ഗാനങ്ങള്‍ (15 എണ്ണം), പൊതുജന രാഷ്ട്രീയ ഗാനങ്ങള്‍ (25 എണ്ണം) ഇങ്ങനെ പോകുന്നു ജി.പി എഴുതിയ പാട്ടുകളുടെ കണക്കുകള്‍. മുപ്പതാമത്തെ വയസ്സില്‍ മാത്രം എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ മീന്‍ മാല, കേരള മാല, പച്ചക്കറി മാല, ഭക്ഷണ മാല മെഗാ ഗാനങ്ങള്‍ കേട്ടാല്‍ വിസ്മയിച്ചു പോകാത്തവര്‍ ഉണ്ടാകില്ല.

വായനാ ശീലം കുറവായ, വെറും നാലാം ക്ലാസ് വിദ്യാഭ്യാസവും 40 വര്‍ഷത്തെ പ്രവാസവും മാത്രം കൈമുതലുള്ള ജിപി സൂക്ഷ്മ നിരീക്ഷണത്തിലൂടെയുള്ള വിഷയ ജ്ഞാനം കൊണ്ടു അത്ഭുതപ്പെടുത്തും ഈ മാലകളിലൂടെ. തീരുന്നില്ല, നാടക ഗാനങ്ങള്‍, അന്ധവിശ്വാസ-അനാചാര വിരുദ്ധ ഗാനങ്ങള്‍, സൗദി, ഖത്തര്‍, ദുബായ്, ഇന്ത്യ, നാട്ടുവിശേഷ ഗാനങ്ങള്‍, കോൺഗ്രസിനും ലീഗിനും വേണ്ടി മാത്രമായുള്ള ഗാനങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ ഗാനരചനയിലൂടെ തന്റെ സര്‍ഗവൈഭവം വെളിപ്പെടുത്തുന്ന കലാകാരനാണ് ജിപി.

g-p-kunjabdulla-5

മായം, വിഷം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍, പ്രകൃതിയെയും വായു മണ്ഡലങ്ങളെയും ദുഷിപ്പിക്കുന്നതിനെതിരില്‍, സ്ത്രീധനം, മന്ത്രവാദം, സാമ്രാജത്വം, യുദ്ധ വിമാനം പോലെ പൊതുവേ ശ്രദ്ധിക്കപ്പെടാത്ത, എന്നാല്‍ ഓരോ മനുഷ്യനെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളെയും അദ്ദേഹം തന്റെ തൂലികയില്‍ കൊണ്ടു വന്നിട്ടുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി നടത്തുന്ന സംഭാഷണ ഗാനം തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു. ജീവിത ഗന്ധിയാണ് ഒട്ടു മിക്ക രചനകളും. ഒരു ജോലി എന്ന നിലയില്‍ ഒരൊറ്റ രചനയും നിര്‍വഹിച്ചില്ല. സര്‍ഗപ്രക്രിയയില്‍ നിന്നും ലഭിക്കുന്ന ആനന്ദ ലഹരിയാണ് എല്ലാ സൃഷ്ടികളുടേയും പ്രേരകം. ചെറിയ കാര്യങ്ങള്‍ സന്തോഷിപ്പിക്കുകയും ചെറിയ കാര്യങ്ങള്‍ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു പച്ചയായ മനുഷ്യന്‍ എന്ന നിലക്ക് ജിപിയുടെ ഓരോ വരിയും ജീവിത ഗന്ധിയാകുന്നതില്‍ അദ്ഭുതമില്ല.

കെഎംസിസി അവര്‍ഡ്, മാപ്പിള കലാ അകാഡമി അവാര്‍ഡ് തുടങ്ങി നിരവധി ആദരവുകള്‍ ജി.പിയുടെ സര്‍ഗസപര്യയെ തേടിയെത്തിയത് സ്വാഭാവികം മാത്രം.

ഖത്തറില്‍ അനേകം സ്ഥാപനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ജിപിയാണ് കുടിവെള്ള ബോട്ടലില്‍ നിന്നും പ്രഷ് ജൂസുകളെ ഡിസ്‌പോസബിള്‍ ഗ്ലാസ്സിലേക്കെത്തിച്ച് ജനകീയവും സൗകര്യപ്രദവുമാക്കിയത്. ടീം ടൈം ഗ്രൂപ്പ്, ഭാരത് വസന്ത ഭവന്‍ ഗ്രൂപ്പ്, ഫാല്‍ക്കണ്‍ ഗ്രൂപ്പ് തുടങ്ങിയ വ്യാപാര കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിപി ഒരു സംരംഭകനും കൂടിയാണെന്ന കാര്യം പലര്‍ക്കും പുതിയ വിവരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com