ADVERTISEMENT

പെറ്റിട്ടപ്പോൾ രത്നാകരനെന്നു 

പേരിട്ടത് പിതാശ്രീ 

വളർന്നപ്പോൾ 

പേരിഷ്ടമായില്ല പോലും

പൊന്മകന്!

 

പേരിലെ 

രത്നംവിറ്റു മദിച്ചു നടന്നു 

മദപ്പാടിൽ കുലംകുത്തി 

രത്നം തുലച്ചൂ 

വീട് കുളംതോണ്ടി

കാടകംപൂണ്ടു കാട്ടാളനായ്!

 

ദയ കൊണ്ടോ 

ശല്യമെന്നോർത്തോ 

മൺകുടിൽ തീർത്തുകൊടുത്തൂ 

മാലോകർ!

 

നഷ്ടപ്രജ്ഞയാൽ അവിടം 

മൺപുറ്റു പൊട്ടിമുളച്ചു 

രത്നമില്ലാകരൻ 

തപസ്സിരുന്നു!

 

ഏറെനാൾക്കുശേഷമൊരു 

മഴപ്പെയ്ത്തിൽ

കാലം കൺതുറന്നു 

മണ്ണലിഞ്ഞു പുറ്റടർന്നു 

സർപ്പദോഷം മാഞ്ഞു...

വദനം മാണിക്യമായി 

വചനം രൂപമായി 

അവനൊരു വാല്മീകിയായി!

 

ഒരുനാൾ കണ്ടൂ

ക്രൗഞ്ചങ്ങളെ 

നിഷാദന്റെയമ്പേറ്റൊരു പൈങ്കിളി 

വീണുടഞ്ഞ മുകുളമായ് 

ചിറകറ്റ സ്വപ്നമായ് മണ്ണിൽ...!

 

“മാ നിഷാദാ... “

വാല്മീകി നൊമ്പരമെഴുതി 

നിഷാദൻ ചിരിച്ചു

തലതല്ലി ചിരിച്ചു

വല്മീകപുത്രികളുടെ നേരെ 

വിരൽചൂണ്ടി

അവരുടെ ചുടലപ്പറമ്പിലേ  

ചുടുചാരത്തിൽ

കളിച്ചു 

ചിരിച്ചു 

തിമിർത്തു 

നിഷാദപുരാണം കഥ തുടങ്ങി!

 

ഇണപ്പക്ഷിയോ സരയുവിൽ 

ആത്മാഹുതി വരിച്ചു.

 

വല്മീകത്തിലേക്കൊരു 

പിൻയാത്രയാവാമിനി  

വാല്മീകിയുടെ യാത്ര 

രത്നങ്ങൾ തേടി

പുതുപേരുകൾ തേടി

പുതുവേരുകൾ തേടി 

സരയൂതീരത്തൊരു തപസ്യ 

ഒരു മടക്ക യാത്ര...

 

നിഷാദന്മാർ ആർത്തുചിരിക്കുന്നുണ്ട്

ജാനകിമാർ 

വീണുടയുന്നുമുണ്ട് മണ്ണിൽ 

രാ മായുന്ന കഥ

എഴുതിത്തുടങ്ങേണം ...*

 

കുറിപ്പ്: വൽമീക ഗോത്രത്തിലെ പെൺകുട്ടിയാണ് ഹത്രാസിൽ കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com