ADVERTISEMENT

ചാരുകസേര കണ്ടാൽ പ്രായഭേതമന്യേ എല്ലാവർക്കും പ്രത്യേകിച്ച് ക്ഷീണം ഒന്നുമില്ലേലും കാണുമ്പോൾ ഒന്നു റിലാക്സ് ചെയ്യാൻ തോന്നി പോകും. അപ്പൂപ്പന്റെ വീട്ടിൽ ഇതു മൂന്നെണ്ണം ഉണ്ടായിരുന്നു. ഒന്നു പുള്ളിയുടെ കിടപ്പ് മുറിയുടെ ഒരു മൂലയ്ക്ക് ;മറ്റു രണ്ടെണ്ണം അഥിതി മുറിയിലും . അതിൽ ഒരെണ്ണം ചെറുതും മുകളിൽ പഴയ ബെഡ് ഷീറ്റ് വിരിച്ചതും ആയിരുന്നു.  അപ്പൂപ്പൻ പറമ്പിൽ ഒക്കെ പണി നടക്കുമ്പോൾ ഇടയ്ക്ക് ആരേലും വന്നാൽ  കുളിക്കാനും വൃത്തിയാകാനും ഒന്നും സമയം കിട്ടൂല്ലല്ലോ. അങ്ങനെയുള്ളപ്പോൾ ഒന്നു ഇരിക്കാൻ വേണ്ടിയുള്ള ഒരു സംവിധാനം ആയിരുന്നു ആ കുഞ്ഞു ചാരുകസേര .

 

 ഞാൻ ആകട്ടെ അപ്പൂപ്പനു ഒരു പണി കൊടുത്താലോ എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി. ഒന്നും അങ്ങോട്ട് വർക്കൗട്ട് ആകുന്നില്ല. അടുത്ത് നിന്നും പണിപറ്റിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ .അപ്പൂപ്പൻ ആണെങ്കിലും ആൾക്ക് നല്ല ആരോഗ്യം ആണ് . മുൻപ് പലപ്പോഴും പുള്ളിക്ക് പണി കൊടുക്കാൻ പോയിട്ട് പുള്ളിയേക്കാൾ ഞാൻ നന്നായി ഓടും എന്ന “ഒറ്റക്കാരണം” കൊണ്ട്   മാത്രം എനിക്ക് പണി കിട്ടാതെ രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. " ഇപ്പോൾ പുള്ളി ഞാൻ അറിയാതെ ഓട്ടം പ്രാക്ടീസ് ചെയ്യുന്നുണ്ടോ " എന്ന് എനിക്ക് സംശയം തോന്നി തുടങ്ങി.കാരണം കഴിഞ്ഞ ഓപ്പറേഷറിൽ പിടിച്ചു പിടിച്ചില്ല എന്ന ഘട്ടം വരെ എത്തിയിട്ട് ജസ്റ്റ്  എസ്കേപ്പ് ആയതാണ്. അതുകൊണ്ട് റിസ്ക് വേണ്ട എന്നു ആദ്യമേ തീരുമാനിച്ചു. 

 

 അങ്ങനെ കൂലങ്കഷിതമായി ചിന്തിച്ചു കൊണ്ടു ഇരുന്ന എന്റെ കണ്ണിൽ "ചാരുകസേര " ഉടക്കി. വല്ലഭനു പുല്ലും ആയുധം!! .വേഗം തന്നെ ഞാൻ മൂന്നു ചാരുകസേരകളുടേയും താഴത്തെ കമ്പുകൾ ഊരിയിട്ടു. പുള്ളി  ഒന്നിൽ അല്ലെങ്കിൽ മറ്റൊന്നിൽ ഇരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.  എല്ലാം കൃത്യമായി പ്ലാൻ ചെയ്തു ഞാൻ ഒന്നുമറിയാത്ത പോലെ വീട്ടിലേക്ക് പോയി.

 

രണ്ട് ദിവസം കാത്തിരുന്നു. വിവരം ഒന്നും കിട്ടാത്തതിനാൽ ഞാൻ സ്പോട്ട് ഒന്നു വിസിറ്റ് ചെയ്യാൻ ഉറപ്പിച്ചു. അപ്പൂപ്പന്റെ വീട്ടിൽ ചെന്നു ; ചായയും ഉപ്പേരിയും ഒക്കെ തന്നു വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അമ്മൂമ്മ പറഞ്ഞു. " പിള്ളേർ ആരോ കളിക്കാൻ ചാരുകസേരയുടെ കമ്പ് ഊരി എടുത്തു ;  അപ്പൂപ്പൻ കസേരയിൽ നിന്നു താഴെ വീണു". 

 

 കുടിച്ചു കൊണ്ടിരുന്ന ചായ നെറുകയിൽ കയറി ചുമയ്ക്കുന്ന കൂട്ടത്തിൽ  ഞാൻ അമ്മുമ്മയെ ഒന്നു പാളിനോക്കി ;ഇല്ല പ്രതിയെ പിടികിട്ടിയിട്ടില്ല. കൊച്ചു മക്കൾ ആണും പെണ്ണുമായി കുറച്ചു പേർ ഉണ്ടല്ലോ. എല്ലാത്തിന്റേയും കയ്യിലിപ്പിരിപ്പ് ഒന്നിനൊന്നു മെച്ചമാണ്. എന്നെക്കാൾ കുരുത്തം കെട്ടതുങ്ങൾ ലിസ്റ്റിൽ ഉള്ളതിനാൽ ഇതുവരെ എന്നെ സംശയം ഇല്ല. "കുടുംബത്തിൽ തല്ലുകൊള്ളികൾ വേറെയും ഉണ്ടായതിന്റെ ഗുണം   "എന്നു മനസ്സിൽ ഓർത്തു. 

 

 

ഈ സെയിം ഓപ്പറേഷൻ ടെക്നിക് ഒന്നു രണ്ട് തവണ കൂടി ഞാൻ പരീക്ഷിച്ചു വിജയിച്ചു. പിന്നെ പിന്നെ കസേരയിൽ ഇരിക്കുന്നതിനു മുമ്പേ അപ്പൂപ്പൻ കസേരയുടെ കമ്പുകൾ ഒക്കെ ശരിയായി തന്നെ ഉണ്ടു എന്ന് ഉറപ്പുവരുത്തി മാത്രം ഇരിക്കാൻ തുടങ്ങി ; സേഫ്റ്റി ഉറപ്പാക്കി. 

 

 അങ്ങനെ ഒരു ദിവസം പറമ്പിൽ ജോലിക്കാർ ഉള്ള ദിവസം അപ്പൂപ്പൻ അവരോടൊപ്പം നിന്നു ജോലി ഒക്കെ ചെയ്യുന്നു. അപ്പോഴാണ് വലീയ അമ്മായിയുടെ അച്ഛൻ വീട്ടിലേക്ക് വന്നു. പുള്ളി എവിടെയോ പോയ വഴി കയറിയതാണ്. അമ്മൂമ്മ  അപ്പൂപ്പനെ വിളിച്ചോണ്ട് വരാൻ എന്നെ പറഞ്ഞു വിട്ടു  . പറമ്പിൽ പോയി വിവരം അപ്പൂപ്പനോട് പറഞ്ഞ് തിരിച്ചു  ഓടി വീട്ടിലേക്ക് വരുന്ന വഴി എന്റെ മനസ്സിൽ ഒരു സ്പാര്ക് ഉണ്ടായി. ഇപ്പോൾ അപ്പൂപ്പൻ വരുമ്പോൾ ചെറിയ കസേരയിലേ ഇരിക്കൂ. ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മായിയുടെ അച്ഛൻ അമ്മൂമയുമായി സംസാരിച്ചു വരാന്തയിൽ തന്നെ ഉണ്ട്. ഓടി അകത്തു കയറി ഫ്രാക്ഷൻ ഓഫ് എ സെക്കന്റിൽ ചെറിയ ചാരുകസേരയുടെ കമ്പ് ഞാൻ ഊരി ഇട്ടു; എന്നിട്ട് എന്റെ പ്രൊട്ടക്ഷനുവേണ്ടി വേഗം മുറ്റത്ത് ഇറങ്ങി നിന്നു. സീൻ നേരിൽ കാണാൻ നിന്നാൽ ചിലപ്പോൾ “സീൻ കോൺട്രാ” ആകും.

 

 അപ്പൂപ്പൻ വന്നു . " പുള്ളിയുടെ രീതിയിൽ " സ്നേഹാന്വേഷണങ്ങൾ ഒക്കെ നടത്തി എല്ലാവരും അകത്തേയ്ക്ക് പോയി.

 

   "വൺ ,ടു ,ത്രീ " ചട പടോന്ന് ശബ്ദം കേട്ടതും ഞാൻ ഓടി റോഡിൽ എത്തി.  അമ്മൂമ്മയും അമ്മായിയുടെ അച്ഛനും കൂടി പോയി പിടിച്ചു എഴുന്നേൽപ്പിച്ച് കാണും അല്ലെങ്കിൽ  അതിന്റെ ഇടയിൽ നിന്നും പെട്ടന്നു എഴുന്നേൽക്കാൻ പാടാണ്. 

 

ഓടിപ്പോയി ദൂരെ തിരിഞ്ഞു നിന്നു നോക്കിയപ്പോൾ എല്ലാവരും മുറ്റത്ത് എത്തി. അപ്പൂപ്പൻ പതിവുപോലെ ഉറഞ്ഞു തുള്ളുന്നു. "എടീ &£#@? നീ ഇങ്ങു വാ കേട്ടോ " . അപ്പൂപ്പൻ എന്നെ അല്ല അമ്മയെ ആണ് വഴക്ക്  പറയുന്നത് . കൂടെ അമ്മയുടെ അപ്പനും പറയുന്നുണ്ട്.   "പുള്ളീടെ സ്വന്തം മോൾ അല്ലെ  അപ്പോൾ അത് അപ്പൂപ്പൻ തന്നെ അല്ലേ ?.  അപ്പോൾ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ? " . ഓടുന്ന കൂട്ടത്തിൽ ഞാൻ അപ്പോൾ ചിന്തിച്ചത് ഇതൊക്ക ആണ് . 

 

 എന്തായാലും പ്രതിയെ മനസ്സിലായ സ്ഥിതിക്ക് ഇന്നു വല്ലതും നടക്കും..... നടന്നു !!... ശേഷം ചിന്ത്യം.

 

 പിന്നീട് കുറേ മാസങ്ങൾക്ക് ശേഷം അമ്മയും അമ്മൂമ്മയും വെറുതെ ഓരോന്ന് അയവിറക്കുന്ന കൂട്ടത്തിൽ ഈ സംഭവം  വീണ്ടും ചർച്ചയിൽ വന്നു. അപ്പോൾ അമ്മൂമ്മ പറഞ്ഞു "പുള്ളിക്ക് താഴെ  വീണതിനേക്കാൾ  ദേഷ്യം തോന്നിയത്  മകന്റെ സംബന്ധക്കാരുടെ മുന്നിൽ വെച്ച് വീണതു ആണ് " എന്ന് . 

 

  കേട്ടപ്പോൾ ആ സീൻ മനസ്സിൽ സ്ലോ മോഷനിൽ റിവൈൻഡ് ചെയ്തു നോക്കി.  എനിക്ക് ചിരി നിയന്ത്രിക്കാൻ ആയില്ല; അമ്മ പെട്ടന്നു അകത്തേക്ക് പോയി. ചൂരൽ എടുക്കാൻ ആണ്  എന്നു ഉറപ്പുള്ളതിനാൽ ഞാൻ ആ  ഫ്രെയിമിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചു.

 

വൈകിട്ട് ഞാൻ പ്രൊജക്റ്റ് ചെയുന്ന IT  കമ്പനി യിൽ നിന്നും നേരിട്ട് റെയിൽവേ സ്റ്റേഷനിൽ പോകാൻ ഉള്ള സൗകര്യത്തിനു ബാഗ് ഒക്കെ ആയാണ് രാവിലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത് .  പ്രോജക്ടിന്റെ  ഡോക്യൂമെന്റഷന് വർക്ക് ഒക്കെ കുറെ പെന്റിങ് ഉണ്ടായതിനാൽ ആറരയ്ക്കുള്ള  ട്രെയിന് പോകാം എന്ന് തീരുമാനിച്ചു ..  ടിക്കറ്റ് എടുക്കാൻ  ക്യു   നിന്നപ്പോൾ  അമ്മയുടെ കാൾ , എടുത്തപ്പോൾ അടുത്ത വീട്ടിലെ ആന്റ്റി  ആണ് . " മോൾ അവിടുന്ന് തിരിച്ചോ   ?  സ്റ്റേഷനിൽ എത്ര മണിക്ക് എത്തും ? ഞാൻ ഇവിടുത്തെ അങ്കിൾ നെ വിടാം മോളെ പിക്ക് ചെയ്യാൻ ." ഞാൻ ചോദിച്ചു 'അമ്മ എവിടെ ? 'അമ്മ ചേട്ടൻ മാരെ ആരെയെങ്കിലും   വിടാം എന്ന് പറഞ്ഞിരുന്നു " . 'അമ്മ ഇവിടെ ഉണ്ട്,  അപ്പൂപ്പന് നല്ല സുഖമില്ല  "" അപ്പൂപ്പന് എന്താ , എന്ത് പറ്റി ? ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ , ഞാൻ രാവിലെ വിളിച്ചതാണല്ലോ  ?" നിയന്ത്രണം വിട്ട പോലെ ഉള്ള എന്റെ ചോദ്യങ്ങൾക് മറുപടി ആയി ആന്റി ഉറക്കെ കരഞ്ഞു !!... റെയിൽവേ സ്റ്റേഷനിൽ ക്യുനിന്നവർ എന്റെ ഉറക്കെ ഉള്ള സംസാരം കേട്ട്  ആകണം  സൂക്ഷിച്ചു നോക്കുണ്ട് ."  എന്നെ ഒന്ന്  വീട്ടിൽ എത്തിക്കാമോ എന്ന് എല്ലാവരോടും ഞാൻ ഉറക്കെ ചോദിക്കുണ്ട് " പക്ഷെ അതിനു ശബ്ദമില്ലായിരുന്നു . !!. 

 

ഞാൻ എത്തിയപ്പോൾ എല്ലാവരും തറവാട്ട് വീട്ടിൽ ഉണ്ട് . വെള്ളപുതപ്പിച്ച അപ്പൂപ്പന്റെ ശരീരം  നില വിളക്കിനു മുന്നിൽ കിടത്തിയിരിക്കുന്നു . ബന്ധുക്കളും നാട്ടുകാരും ഒക്കെ വന്നു കൊണ്ടേ ഇരിക്കുന്നു . ആ തിരക്കിനിടയിലും ഞാൻ ആ ചാരു കസേര  ആ മുറിയിൽ കാണുന്നില്ലല്ലോ എന്ന് ഓർത്തു . ആരോ അത് അപ്പൂപ്പന്റെ മുറിയിലേക്ക് മാറ്റിയിരിക്കുന്നു . മുഷിഞ്ഞ വിരിപ്പുള്ള  ആ  ചാരു കസേരയിലേക്ക് ഇരുന്നപ്പോൾ മനസ്സ് വിതുമ്പി പോയി . അപ്പൂപ്പന്റെ മടിയിലേക്കെന്ന പോലെ ചാഞ്ഞു കിടന്നു കരയുമ്പോൾ ഉള്ളിൽ ഒരു കുഞ്ഞുടുപ്പുകാരി   മനസ്സ് കൊണ്ട് മാപ്പു പറഞ്ഞു ; ഒരായിരം തവണ .

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com