ADVERTISEMENT

"അമ്മേ..", തലയിലൊഴിച്ച വെള്ളം വകഞ്ഞു മാറ്റി ശ്വാസം എടുക്കുന്നതിനിടയിൽ ഉണ്ണി ചോദിച്ചു, "ഇപ്പൊ കൊറോണ പോയാ ഇനി എപ്പഴാ വര്വമ്മെ..''? കപ്പുമായി പൊന്തിയ കൈ വഴിയിൽ സ്റ്റക്കായി...കുറച്ച് നേരം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..

"എന്ത് പോക്രിത്തരാ ഉണ്ണീ നീ ചോദിക്കണെ... ലോകം മുഴുമനും ഈ മഹാമാരിയൊന്ന് പോയിക്കിട്ടാൻ പ്രാർത്ഥിക്കണ്... നിനക്ക് പ്രാന്ത് പിടിച്ചോ.. ഏഴ്‌ വയസ്സ് മകരത്തിൽ തികഞ്ഞു നെനക്ക്..",  ഉണ്ണി ഉത്തരമൊന്നും പറഞ്ഞില്ല..മുഖത്തേക്ക് നോക്കിയതുമില്ല. പാതി വഴിയിൽ നിലച്ചുപോയ വെള്ളം നിറച്ച കപ്പിനെ ഊക്കോടെ അവൻ്റെ തലയിൽ കമഴ്ത്തി. തല തുവർത്തിക്കൊടുക്കുമ്പോൾ വീണ്ടും ഉണ്ണിയുടെ നേർത്ത ശബ്ദം കേട്ടു. "അമ്മേ.. എനിക്കറ്യാമ്മെ ചോദിക്കാൻ പാടില്ല്യാന്ന്... പക്ഷേ, മനൂൻ്റൊപ്പം തറവാട്ടിലെ തൊടിയിൽ പെരണ്ടാക്കിക്കളിച്ചതും സാറ്റ് കളിച്ചതും രഘു മാമ ചെറുപ്പത്തിലവര് കളിച്ച കള്യേ ളാണെന്ന് പറഞ്ഞ് പഠിപ്പിച്ചു തന്ന കുട്ടിയും കോലും പിന്നെ ആട്ടക്കളോമൊക്കെ മനസ്സീന്ന് പോണില്ലമ്മെ "... ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഉണ്ണിഫുൾ സ്റ്റോപ്പിട്ടു. പിന്നെ പതുക്കെ "കൊത്യാകണമ്മെ 'നിക്ക് നാട്ടില് നിക്കാൻ".. എന്ന് കൂടി പറഞ്ഞതും കുടുകുടാന്ന് കണ്ണീര് ചാടിയതും ഒരുമിച്ചായിരുന്നു. ഒരു ദേഷ്യഭാവം അഭിനയിക്കാൻ റെഡിയായി നിന്നതാണെങ്കിലും മകൻ തേങ്ങിക്കരയുന്നത് കണ്ട് നിയന്ത്രിക്കാനായില്ല... ഉണ്ണിയെ വയറിലേക്ക് ചേർത്ത് നിർത്തി അവൻ്റെ തലയിൽ വലത് കൈ കൊണ്ട് തലോടി മറു കരം കൊണ്ട് അവൻ കാണാതെ കണ്ണീർ തുടച്ചു. അലമാരിയിൽ നിന്ന് ഉടുക്കാൻ ബർമുഡയും സ്പൈഡർമാൻ്റെ വലിയ ഫോട്ടോയുള്ള ടീ ഷർട്ടും കയ്യിലേല്പിച്ച്, അടക്കളയിൽ ചെന്ന് അവന് ഏറ്റവും ഇഷ്ടമുള്ള ഫ്രൂട്ട്സ് സലാഡുണ്ടാക്കി വെച്ചിരുന്നത്  എടുത്ത് കൊണ്ടുവന്നു.

ദുബായിയുടെ മഹത്വങ്ങളും ബുർജ് ഖലീഫയും ദുബായ് മാളും വായിൽ കിട്ടിയ പാർക്കുകളുടെ പേരുകളുമൊക്കെ വിളമ്പി ഒരു ക്ലാസ്സെടുത്തിട്ടും ഉണ്ണിയുടെ കണ്ണീർമഴ ചാറ്റലായി തുടർന്നതെയുള്ളു...  സോഫയിൽ അരികിലിരുന്ന് അവനെ  മടിയിലേക്ക് ചായ്ച്ച് കിടത്തി ആ നിഷ്കളങ്കമായ മുഖത്തെ കണ്ണീർ ചാലിട്ട പാടുകളെ മെല്ലെ തുടച്ചു കൊടുത്തപ്പോഴവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

ഹാളിൽ നിന്നെഴുന്നേറ്റ് ബെഡ്റൂമിലെ ജനലിനടുത്ത് ചെന്നു നിന്നു. സമയം പോകുന്നതറിയില്ല ഈ ജനൽ കാഴ്ചകളിൽ കണ്ണുകളെ മേയാൻ വിട്ടാൽ.! മറാസി ഡ്രൈവിനരികെ ദുബായ് ക്രീക്കിൻ്റെ ഓരത്തുള്ള 'ക്ലേട്ടൻ' റെസിഡൻസിയുടെ പത്തൊൻപതാം നിലയിൽ നിന്നു നോക്കുമ്പോൾ, കൃത്രിമ കനാൽ ഒരു മലമ്പാമ്പ് പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു !  വർണ്ണാലങ്കാരങ്ങളാൽ നിരന്നു നിൽക്കുന്ന തൂണുകൾ.. കനാലിനു ചുറ്റും സിന്തറ്റിക് ട്രാക്ക്.. സൈക്കിൾ സവാരിക്കാർക്കു പ്രത്യേക പാത..ദുബായ്  അണിഞ്ഞൊരുങ്ങുന്നത് രാത്രിയിലാണ്. നഗരം മാത്രമല്ല, ഇവിടത്തെ മനുഷ്യരും അങ്ങനെത്തന്നെ എന്ന് തോന്നാറുണ്ട്.

കൊറോണ തുടങ്ങിയ ശേഷം ദുബായിലേക്ക് വന്ന ആദ്യത്തെ ഫ്ലൈറ്റിൽ തന്നെ ഞങ്ങളുമിറങ്ങിയിരുന്നു.. പൈസ തരാനുള്ള അഫ്ഗാനി ദുബായിൽ തന്നെയുണ്ടെന്നും ആരോ അയാളെ കണ്ടെന്നും ഗോപു വിളിച്ചു പറഞ്ഞ അന്ന് മുതൽ ഒറ്റചിന്തയേ ഉണ്ടായിരുന്നുള്ളു  ദേവേട്ടന്, എത്രയും പെട്ടെന്ന് ദുബായിലെത്തണമെന്ന് ! പറഞ്ഞിട്ട് കാര്യമില്ല, കിട്ടാനുള്ളത് രണ്ട് മില്ല്യൻ ദർഹമാണ്, അഥവാ നാല് കോടിയോളം രൂപ ! ദേവേട്ടൻ്റെ സ്വപ്നവും വിയർപ്പും മൊത്തം ഇതുവരെയുള്ള ജീവിതത്തിൻ്റെ വിലയുമാണത്. അതുകൊണ്ട് തന്നെ ഒരക്ഷരം മറുത്ത് പറഞ്ഞില്ല, തിരിച്ച് ദുബായ്ക്ക് വരാൻ ഒട്ടും താത്പര്യമില്ലാഞ്ഞിട്ടു കൂടി.! 

മൂന്ന് വർഷമായിരുന്നു നാട് കണ്ടിട്ട്. ആദ്യത്തെ രണ്ട് വർഷം കടങ്ങളും ബാദ്ധ്യതകളും എല്ലാം കൂടി  പുഴ കടക്കാൻ സമ്മതിച്ചിരുന്നില്ല. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു കൊണ്ടിരുന്ന ദേവേട്ടന്റെ സ്വപ്നമായിരുന്നു ദുബായിയിൽ സ്വന്തമായുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി ! പതിമൂവ്വായിരം ദർഹം ശമ്പളമുള്ള ജോലി ഒഴിവാക്കിയാണ് കമ്പനി തുടങ്ങിയത്. പിരിയുമ്പോൾ കിട്ടിയ സർവ്വീസ് മണി മൂലധനമാക്കി തുടങ്ങിയ കമ്പനി രണ്ട് വർഷത്തോളം ഉന്തിത്തള്ളി കൊണ്ടു നടന്നു. "ചങ്കരൻ പിന്നെയും തെങ്ങിൽ നിന്നിറങ്ങാതായപ്പോഴാണ്''  നാട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ്  കഴിഞ്ഞ് തേരാപാര നടന്നിരുന്ന ദേവേട്ടന്റെ അനിയൻ ഗോപനെയും കൊണ്ടുവന്നത്. രണ്ടാളും എല്ലുമുറിയെ പണിയെടുത്ത് കമ്പനിയെ മുന്നോട്ട് കൊണ്ടു പോയി.

ഒരു ദിവസം കണ്ടു ദേവേട്ടൻ ജോലി കഴിഞ്ഞു വരുമ്പൊൾ  രണ്ട് മൂന്ന് ഫലൂദ, ഉണ്ണിക്കിഷ്ടമു ള്ള നരകത്തിലെ കോഴി, മട്ടൻ കബാബ് പിന്നെ കുറച്ച് തന്തൂരി റൊട്ടി ഇവയൊക്കെ താങ്ങിപ്പിടിച്ചു വരുന്നു !  ഞാനും ഉണ്ണിയും അന്തംവിട്ട് നോക്കി നില്ക്കെ ദേവേട്ടൻ ചിരിച്ചു കൊണ്ട് ആദ്യം രണ്ടു പേർക്കും ഉമ്മ തന്നു. പിന്നെ പറഞ്ഞു, "ഈശ്വരൻ തുണച്ചു ദേവീ ... (സ്നേഹം കൂടിയാൽ എന്നെ അങ്ങനെയാണ് വിളിക്കാറ്, സാധാരണ "ദേവു " എന്നും..) ആദ്യമായി ഈ മാസം 2000 ദർഹം ലാഭം കിട്ടി.."  കുറെ മാസങ്ങൾക്ക് ശേഷം ദേവേട്ടനെ അന്നു പൊട്ടിച്ചിരിച്ചു കണ്ടു. 

ദേവേട്ടൻ്റെ നിശ്ചയദാർഢ്യവും ഗോപൻ്റെ ആത്മാർത്ഥ പരിശ്രമവും അവസാനം വിജയം കണ്ടു. കമ്പനി ബ്രേക്കീവനായിത്തുടങ്ങി. ചെറിയ ചെറിയ കോൺട്രാക്റ്റുകളിൽ നിന്ന് ദേവേട്ടൻ മെല്ലെ മെല്ലെ വലിയതുകളിലേക്ക് കളം മാറ്റിത്തുടങ്ങി. കമ്പനി പച്ചപിടിച്ചു വന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് വില്ലകളും വലിയ ഫ്ലാറ്റുകളും ഒക്കെ കോൺട്രാക്റ്റെടുത്ത്  മാർക്കറ്റിൽ പേരുള്ള ബിൽഡേഴ്സായി മാറി കമ്പനി. ദേവേട്ടന്റെ കാറ് ടൊയോട്ട കൊറോളയിൽ നിന്ന് ലാൻഡ് ക്രൂസറിലേക്കും, ഫ്ലാറ്റ് വലിയ  വില്ലയിലേക്കും വഴി മാറി. ഉണ്ണിയെ പേര് കേട്ട സ്ക്കൂളിലേക്ക് മാറ്റിച്ചേർത്തു. 

എല്ലാം താല്ക്കാലിക സന്തോഷങ്ങളായിരുന്നു. ജീവിതം അങ്ങനെയാണല്ലോ. ഒരു കുന്നിനൊരിറക്കമുണ്ടാകും.. തിരിച്ചും ! ഇടിത്തീ പോലെ ലോകത്തെ മുഴുവൻ വിറപ്പിച്ച് കൊറോണയെന്ന മഹാമാരിയെത്തി. ! കാര്യങ്ങളാകെ തകിടം മറിഞ്ഞു. ചെയ്ത കരാർ ജോലികൾക്കൊന്നും പെയ്മെന്റ് കിട്ടാതായി. നിലവിൽ ചെയ്തിരുന്ന ഇരുപത് നിലയുള്ള കെട്ടിടത്തിന്റെ ഉടമ രണ്ട് മില്ല്യൻ തരാനുണ്ടായിരുന്ന  അഫ്ഗാനി അഖൽബാസ് പെട്ടെന്ന് മുങ്ങിയതോടെ  കമ്പനിയും ദേവേട്ടനും തളർന്നു. പണിക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ലാതായപ്പോൾ കമ്പനി തല്ക്കാലം പൂട്ടിയിടുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാതായി.  അവിടന്നും ഇവിടന്നുമൊക്കെ കടം വാങ്ങി ശമ്പളം കൊടുത്തൊപ്പിച്ച് കുറെ പേരെ എമർജൻസി ലീവിന് വിട്ടു. ബാക്കിയുള്ളവരെ ഇവിടെത്തന്നെ ക്യാമ്പിൽ ഭക്ഷണച്ചെലവും കൊടുത്ത് നിർത്തി. റാഷിദിയ്യയിൽ ഞങ്ങൾ താമസിച്ചിരുന്ന വലിയ വില്ല ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. തല്ക്കാലം ഇന്റർനാഷണൽ സിറ്റിയിലുള്ള  ചെറിയ വാടകയുള്ള ഒരു സ്‌റ്റുഡിയോ ഫ്ലാറ്റിലേക്ക് താമസം മാറ്റി. 

കൊറോണ ലോകം മുഴുവൻ സംഹാര താണ്ഡവമാടിയപ്പോൾ ഗവർമെന്റ് ഫ്ലൈറ്റുകൾ  നിറുത്തുവാൻ പോവുകയാണെന്നറിഞ്ഞു. അങ്ങനെയാണ് തല്ക്കാലം കുറച്ച് നാൾ എല്ലാവർക്കും കൂടി സുരക്ഷിതമായി നാട്ടിൽ നിന്നിട്ടു വേഗം തിരിച്ചു വരാം എന്ന് കരുതി ടിക്കറ്റെടുത്തതും പറന്നതും.

കോളിംഗ് ബെൽ കരയുന്ന ശബ്ദം കേട്ടാണ് വീണ്ടും മരുഭൂവിൻ്റെ ഊഷരതയിലേക്ക് തിരിച്ച് വന്നത്..

ദേവേട്ടനാണ്.. ചിരിയൊന്നുമില്ല.. മുഖം കരുവാളിച്ചിരിക്കുന്നു. അതിന് കാരണം പുറത്തെ ചൂട് മാത്രമല്ല എന്ന് മനസ്സിലായി. "ചായ എടുക്കട്ടെ ഏട്ടാ "?, ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും ദേവേട്ടൻ്റെ ബ്രാൻ്റ് ഡബ്ൾസ്ട്രോങ്ങ് ചായയിടാൻ പോയി. അപ്പോഴും ജനലിലൂടെ ബുർജ് ഖലീഫയുടെ ഉയരം അളക്കുകയായിരുന്നു ദേവേട്ടൻ. 

ചായയുമായി ചെന്നു സ്നേഹത്തോടെ ഒന്നു ഒട്ടിനിന്നു ചോദിച്ചു, " ഏട്ടാ, അവലോസ് പൊടി എടുക്കട്ടെ കടിക്കാൻ"..? അവലോസുപൊടിയെന്ന് കേട്ടപ്പോൾ ദേവേട്ടൻ്റെ മുഖത്ത് ചെറിയൊരയവ് വന്ന പോലെ.!അടുക്കളയിൽ ചെന്ന് നാട്ടിൽ നിന്ന് അമ്മ സ്വന്തം കൈ കൊണ്ട് വറുത്തുണ്ടാക്കിയ അവലോസുപൊടി  കെട്ടഴിച്ച് കാലിയായ നിഡോ ടിന്നിലേക്ക് കമഴ്ത്തി. അല്പം ചെറിയൊരു പ്ലെയിറ്റിലേക്കെടുത്ത് ദേവേട്ടന് കൊടുത്തു. സ്പൂണിൽ അല്പം പകർന്ന് ഏട്ടൻ പറഞ്ഞു "അഫ്ഗാനിയെ കണ്ടില്ല ദേവു, അയാൾ താമസിക്കുന്ന വില്ല കണ്ടു പിടിച്ചു.. അജ്മാനിലെ മൊയ്ഹാത്തിലാണ്..അവിടെയും പോയി നോക്കി ഞങ്ങൾ. വീട് പൂട്ടിയിട്ടിരിക്കുന്നു.. കുടുംബമടക്കം നാട് വിട്ടോ എന്നാണ് സംശയം.." ഒരു ദീർഘനിശ്വാസത്തോടെ ഇതും പറഞ്ഞു ദേവേട്ടൻ ദയനീയമായി എൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സൊന്നു പിടച്ചു, "ദൈവമെ.. നാല് കോടി രൂപ !" എങ്കിലും പുറമെ ധൈര്യമഭിനയിച്ച് ആശ്വസിപ്പിച്ചു, "ദേവേട്ടാ.. നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ കാശല്ലെ.. കിട്ടും..ദൈവം വഴി കണ്ടെത്തിത്തരും..സമാധാനമായിരിക്കിൻ.." ദേവേട്ടൻ ഒന്നും പറയാതെ അവലോസു പൊടിയുമായി വീണ്ടും ബുർജ് ഖലീഫയിൽ വിലയം പ്രാപിച്ചു.

ദിവസങ്ങൾ കൊഴിയും തോറും ഉണ്ണിയുടെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. ദുബായിലെ സ്ക്കുളുകൾ ഇപ്പോഴും ഓൺലൈനിൽ തന്നെയാണ് !  ലാപ്ടോപ്പിലേക്ക് നോക്കിയിരുന്ന് ഓൺലൈൻ സാറ് തമാശയൊന്നും പറയാതെ തന്നെ ഉണ്ണി ചിരിക്കുന്നത് കണ്ടപ്പോൾ അവൻ്റെ മനസ്സ് ക്ലാസ്സിലല്ലെന്നും ഉപ്പും പക്ഷിയിലും (മലബാർ ഭാഗത്തുള്ള കളി) ആട്ടക്കളത്തിലും മാറി മാറിക്കളിക്കുകയാണെന്നും മനസ്സിലായി. കുറെ ശകാരിക്കുമ്പോൾ കുറച്ച് നേരം അവൻ ക്ലാസ് ശ്രദ്ധിക്കുന്നതായി ഭാവിക്കും , പിന്നെയും തഥൈവ !

തുടർന്നുള്ള ദിവസങ്ങളിൽ ശകാരങ്ങളും ഭീഷണികളും ഉപദേശങ്ങളുമൊന്നും ഉണ്ണിയിൽ യാതൊരു മാറ്റവും വരുത്തിയില്ല.  കളിയും ചിരിയുമില്ലാതായി ! ഒന്നരക്കിലോമീറ്റർ അടുത്തായിട്ട് കൂടി ലോകത്തിലെ ഏറ്റവും ഉയരുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ  ഉണ്ണിയുടെ കണ്ണുകൾ ഒരു പ്രാവശ്യം പോലും ഉടക്കിനിൽക്കുന്നത് കണ്ടില്ല.! അവന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞ വെള്ളിയാഴ്ച അൽഎയിനിലെ ജബലുൽ ഹഫീളിലേക്കും ഈ ആഴ്ച ഖോർഫക്കാനിലെയും ഫുജൈറയിലെയും ബീച്ചുകളിലേക്കുമൊക്കെ മാറി മാറിക്കൊണ്ടുപോയി നോക്കി. പക്ഷെ അവനെ പഴയ ഉണ്ണിയാക്കാൻ ഒന്നിനും കഴിഞ്ഞില്ല. അനങ്ങിയാൽ അവൻ ചോദിക്കും " അമ്മേ നമ്മക്ക് നാട്ടിൽ പോയി നിക്കാ.." എന്ന്.

എങ്ങോട്ടും പോകാനില്ലാതെ ഫ്ലാറ്റിൽ തന്നെയിരിക്കേണ്ടി വന്നപ്പോൾ ഉണ്ണിയിൽ വന്ന മാറ്റം ദേവേട്ടനും ശ്രദ്ധിച്ചു തുടങ്ങി.. ഇക്കാര്യം പറയുമ്പോഴൊക്കെ കുറച്ച് ദിവസം കഴിഞ്ഞാൽ ശരിയാകും എന്നായിരുന്നു ആദ്യം ഏട്ടൻ പറഞ്ഞിരുന്നത്. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതായാണ് കണ്ടത്. ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ വിശപ്പില്ലാന്ന് പറയും ഉണ്ണി. ചീത്ത പറഞ്ഞാൽ എന്തെങ്കിലും കഴിച്ചൂന്ന് വരുത്തി എണീറ്റ് പോകും. ഞങ്ങൾക്ക് ശരിക്കും പേടിയായിത്തുടങ്ങി. ഇങ്ങനെ പോയാൽ കുട്ടിക്കെന്തെങ്കിലും വന്നു പോകുമോ എന്ന ആശങ്ക ദേവേട്ടനുമായി പങ്കുവെച്ചപ്പോൾ 'എല്ലാം ശര്യാകും' എന്ന ഭംഗി വാക്ക് എന്തോ ഇക്കുറി ഏട്ടൻ പറഞ്ഞില്ല ! 

ദേവേട്ടൻ ദിവസവും ഒരു ദിനചര്യയെന്നോണം അഖൽബാസിന് അഫ്ഗാൻ സിമ്മിലുള്ള വാട്സപ്പിൽ വോയ്സ് മെസ്സേജ് വിടും.. കഴിഞ്ഞ പ്രാവശ്യം അയാൾ അഫ്ഗാനിലുള്ളപ്പോൾ മെസ്സേജ് വിട്ട നമ്പർ ദേവേട്ടൻ സേവ് ചെയ്ത് വെച്ചിരുന്നതാണ്. അയാളുടെ ഇവിടത്തെ ഇത്തിസാലാത്ത് നമ്പർ ഇപ്പോൾ കട്ടാണ്. അഖൽബാസ് വോയ്സെല്ലാം കേൾക്കുന്നുണ്ടെന്ന് 'ബ്ലൂ ടിക് ' കണ്ട് ദേവേട്ടൻ പറഞ്ഞു. എന്തോ.. അയാൾ വാട്സാപ്പ് നമ്പർ ബ്ലോക്ക് ചെയ്യാത്തത് കാണുമ്പോൾ ദേവേട്ടൻ പ്രതീക്ഷ കൈവെടിയാതെ മെസ്സേജ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പറയും, "അയാൾ വളരെ നല്ല മനുഷ്യനാ ദേവു ..അയാളുടെ മുഖത്തെ വെളിച്ചം കണ്ടാലറിയാം" എന്ന്. രണ്ടാമത്തെ തെളിവായി മുമ്പ് അയാളയച്ച അവസാന വോയ്സ് കേൾപ്പിച്ച് തന്നു. "ദേവൻ ഭയ്യ..ആപ്കാ ഹഖ് ഹം നഹീ ഖായേഗാ..ആപ് ഫിക്കർ മത് കരേ..ഹം സിന്താഹെ തൊ ആപ്കാ പൈസ ഇൻശാ അല്ലാഹ് മിൽ ജായേഗാ..ക്യോംകി ഹമാരാ യകീൻ തൊ യഹീഹെ കീ   മർജായേഗാതൊ ഹംസെ  ഹുദാനെ  പൂഛേഗാ ഇസ്കാബാരേമേം.. ആപ് ഹംകോ തോടാ വക്ത് ദേദേ.." (താങ്കൾക്ക് അവകാശപ്പെട്ടത് ഞാൻ കവർന്നെടുക്കില്ല.. വിഷമിക്കാതിരിക്കുക.. ഞാൻ ജീവിച്ചിരിക്കുകിൽ താങ്കൾക്കിതു കിട്ടിയിരിക്കും.. കാരണം ഞാൻ വിശ്വസിക്കുന്നത്, മരിച്ചുപോയാൽ ദൈവം ഇതെന്നോട് ചോദിക്കുമെന്നതാണ്.. എനിക്കല്പം സമയം തരൂ..)

നാല് ചുമരുകൾക്കിടയിൽ ശ്വാസം മുട്ടിയ ഈ ജീവിതം ദുസ്സഹവും യാന്ത്രികവുമായിത്തോന്നി.. ഉണ്ണി ദിനംപ്രതി മെലിഞ്ഞ് വന്നു. ഞങ്ങളോട് രണ്ടാളോടും  സംസാരിക്കാൻ താല്പര്യമില്ലാതായി. താൽക്കാലിക താമസത്തിനായി ദേവേട്ടന്റെ ഉറ്റ സുഹൃത്ത് ഇഖ്‌റാർ നൽകിയ ഈ ഫ്ളാറ്റിൽ, അവരുടെ ബെഡ്റൂമിലെ വലിയ ജനലിൻ്റെ അടിവശത്ത് ചാരിയിരുന്ന്, കാൽമുട്ടുകളെ കൈകളാൽ കോർത്ത് മണിക്കൂറുകളോളം കൃത്രിമ തടാകത്തിലേക്ക് നോക്കിയിരിക്കും അവൻ .. 

ഈയിടെ ദേവേട്ടനും പുറത്ത് പോകാതായി. ഉണ്ടും ഉറങ്ങിയും ചീത്ത പറഞ്ഞും സമയം തള്ളി നീക്കി. നാട്ടിലെ ലോക് ഡൗൺ കാലത്ത് എല്ലാവരും ഒരുമിച്ചിങ്ങനെ പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞതാണ്. ജീവിതത്തിലെ ഏറ്റവും മധുരിക്കുന്ന കാലഘട്ടമായിട്ടാണ്  അതനുഭവപ്പെട്ടിരുന്നത്. ഒരർത്ഥത്തിൽ അതേ ലോക് ഡൗൺ തന്നെയാണിപ്പോഴും നടക്കുന്നത്. പക്ഷേ ഈ ദിനങ്ങൾ എന്താണാവോ, മരണതുല്ല്യമായിട്ടാണ് അനുഭവപ്പെടുന്നത് !  

ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഒരു ദിവസം രണ്ടും കല്പിച്ച് ദേവേട്ടനോടതു പറഞ്ഞു " ഏട്ടാ.. ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല, കമ്പനിയുടെ ലൈസൻസ് ക്യാൻസൽ ചെയ്ത് ബാക്കിയുള്ള പണിക്കാരെ നാട്ടിലും വിട്ട് ദേവേട്ടനൊരു ജോലിക്ക് നോക്കിൻ..അല്ലെങ്കിൽ നമുക്ക് നാട്ടിൽ നിൽക്കാം ഉള്ള കഞ്ഞീം വെള്ളോം കുടിച്ച്..", പറഞ്ഞു തീർന്നതും  കുറെ നാളായി പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ പെയ്തൊഴിയുകയായിരുന്നു.

ഒന്ന് പതറിയെങ്കിലും എന്തോ തീരുമാനിച്ചുറച്ച പോലെ ഏട്ടൻ എഴുന്നേറ്റ് വന്ന് മാറോട് ചേർത്ത്നിർത്തി പറഞ്ഞു.. "എൻ്റെ പ്രിയപ്പെട്ട ദേവീ..മാപ്പ് ! നിൻ്റെ കണ്ണീര് എന്നെ തളർത്തും..എനിക്ക് കുറച്ച് ദിവസങ്ങൾ തരിക ! എല്ലാം നന്നായി ഭവിക്കും.."

എന്താണ് അദ്ദേഹം ഉദ്ദ്യേശിക്കുന്നതെന്നൊന്നും മനസ്സിലായില്ലെങ്കിലും ഇത്രയും കൂടി പറഞ്ഞു, " ദേവേട്ടാ.. എന്നോടൊന്നും തോന്നരുത് .. ഞാനിത് പറഞ്ഞില്ലെങ്കിൽ പൊട്ടിത്തെറിച്ച് പോകും.."  ഉത്തരമായദ്ദേഹമൊന്നും പറയാതെ ദൂരേക്ക് മിഴികൾ പായിച്ചുനിന്നു.

പിറ്റെ ദിവസം ദേവേട്ടൻ രാവിലെ നേരത്തെയിറങ്ങി വളരെ വൈകിയെ ഫ്ലാറ്റിൽ വന്നുള്ളു. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഇതു തന്നെ സംഭവിച്ചു. ഒന്നും അങ്ങോട്ട്  ചോദിക്കാൻ തേന്നിയില്ല, അദ്ദേഹം ഒന്നും പറഞ്ഞതുമില്ല. മൂന്നാമത്തെ ദിവസം ചിരിച്ചുകൊണ്ടാണ് കയറി വന്നത്. ഉണ്ണിക്കും എനിക്കും ഉമ്മ തന്ന്  കൊണ്ട് പറഞ്ഞു, "ദേവി.. കമ്പനി ക്ലോസ് ചെയ്തു.. ലൈസൻസ് ക്യാൻസൽ ചെയ്താൽ ബാങ്ക് എക്കൗണ്ട് ക്ലോസാകും. അതൊക്കെ വഴിയെ ഗോപു ചെയ്തോളും " .. ഒന്നു നിർത്തി തുടർന്നു " പിന്നെ ദേവു, ജോലിയും  ശര്യായിട്ടോ.. പഴയ കമ്പനിയിൽ തന്നെ..ശമ്പളം അല്പം കുറയും. പക്ഷെ, ദുബായിലല്ല, കമ്പനിക്ക് ഖത്തറിൽ ബ്രാഞ്ചുണ്ട്.. ഉടനെ ജോയിൻ ചെയ്യേണ്ടി വരും.." സന്തോഷിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ നില്ക്കുമ്പോൾ വീണ്ടും ദേവേട്ടന്റെ ശബ്ദം, "മറ്റന്നാൾ രാത്രി നമ്മൾ നാട്ടിലേക്ക് പോകും .. ഒരാഴ്ച്ചകൊണ്ട് തന്നെ എനിക്ക്  തിരിച്ച് ഖത്തറിലേക്ക് പോകണം.. വിസ നാല് ദിവസം കൊണ്ടവർ അയച്ചുതരും. പിന്നെ എൻ്റെ വിസ സ്റ്റാമ്പ് ചെയ്ത ഉടനെ നിങ്ങടെ വിസക്ക് അപേക്ഷിക്കും, വേഗം കിട്ടുമെന്ന് പിആർഒ പറഞ്ഞു." 

ഇതൊക്കെ കേട്ട് നിന്നിരുന്ന ഉണ്ണി മെല്ലെ വന്ന് ചെവിട്ടിൽ പറഞ്ഞു "അമ്മേം അച്ഛനും പൊയ്ക്കോ ഖത്തറീൽക്ക്.. ഞാൻ വര്ണില്ല "  അവനെ ചേർത്ത് നിർത്തി നെറുകയിൽ ഉമ്മ കൊടുത്തു പറഞ്ഞു, "അമ്മയ്ക്കും അച്ഛനും ഉണ്ണിയില്ലാതെ പിന്നെന്തു ജീവിതം, ഞങ്ങക്ക് വേറെയൊരുണ്ണിയില്ലല്ലോ"  

"ന്നാ നമ്മക്കെല്ലാർക്കും നാട്ടില് ഒരുമിച്ച് ജീവിക്കാമ്മെ.. പൈസ അമ്മമ്മ തരും തേങ്ങ വിറ്റിട്ട് ", ഉണ്ണിയിതും പറഞ്ഞ് പ്രതീക്ഷയോടെ അച്ഛനെ നോക്കി. ദേവേട്ടനൊന്നും പറയാതെ ഉണ്ണിയെ എടുത്തുയർത്തി ഒരുമ്മ കൊടുത്തു കൊണ്ട് ചോദിച്ചു, "ഉണ്ണീ.. നിനക്ക് ഖത്തറിഷ്ട്ടല്ലെ..? " ചോദ്യത്തിനുത്തരം നല്കാതെ മുഖം താഴ്ത്തിപ്പിടിച്ചുണ്ണി പറഞ്ഞു," അച്ഛാ.. ഒരാഴ്ച്ചക്കല്ലച്ഛാ..നമുക്കിനി  എപ്പഴും നാട്ടില് നില്ക്കാച്ഛാ.. ഞാന് മനൂൻ്റെ സ്ക്കൂളീചേരാ .. പ്ലീസ് അച്ഛാ.. പ്ലീസ്.." വീണ്ടും കരച്ചിൽ. 

ഭക്ഷണം പാകം ചെയ്യുമ്പോൾ, ഇക്കുറി ദുബായിലേക്ക് തിരിച്ചു വരുന്നതിൻ്റെ തലേന്ന് താനും ഓപ്പയും സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് കയറി വന്ന്, "മോളെ, ജീവിക്കാനാണെങ്കി അന്നത്തിനുള്ള വക നമ്മുടെ മൂന്നേക്കർ തെങ്ങിൻപറമ്പീന്ന് കിട്ടും.. പിന്നെ ദേവന് ഒരു കോൺട്രാക്ടിംഗ് കമ്പനി ഇവിടെം തുടങ്ങാലോ..", ഒന്നു നിർത്തി ആത്മഗതമെന്നോണം "ഈ വയസ്സ് കാലത്ത് എനിക്കും ഒരു കൂട്ടാക്വോലോ മോളെ" എന്നും പറഞ്ഞ് വിതുമ്പിയത് ഓർമ്മവന്നു. അച്ഛൻ്റെ മരണശേഷം ഓപ്പയോടും വാസ്വേട്ടനോടും തറവാട്ടിൽ വന്നു നില്ക്കാൻ എത്ര കേണപേക്ഷിച്ചിട്ടും വാസ്വേട്ടൻ സമ്മതിക്കാത്തതിൻ്റെ പരിഭവവും ഒറ്റപ്പെടലിൻ്റെ വേദനയും ആ കരച്ചിലിലുണ്ടായിരുന്നു.

ഫ്ലാറ്റിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഇനി അടുത്ത താവളം ഖത്തർ ! മരുഭൂമിയിൽ നിന്ന്: മരുഭൂവിലേക്ക് തന്നെ ! ദൈവമെ.. എന്റമ്മയോടൊത്ത് ഇനി ജീവിക്കാൻ എനിക്കാവില്ലെ..?എൻ്റെ ഉണ്ണിയുടെ കണ്ണീരിനൊരറുതിയുണ്ടാവില്ലെ..? ഇല്ല, ഇനിയും പിടിച്ചു നില്ക്കാൻ വയ്യ ! മനസ്സമാധാനവും സന്തോഷവും നല്കാത്ത ജീവിതമെങ്കിൽ എന്തിനീ ഗൾഫ് .. ശ്വാസം മുട്ടി താനിപ്പോൾ അവസാനിക്കുമോ എന്ന് തോന്നി..!

ഇന്ന് രാത്രിയാണ് നാട്ടിലേക്ക് ഫ്ലൈറ്റ്. കാര്യമായിട്ടൊന്നും പാക്ക് ചെയ്യാനില്ല.. ഒന്നും വാങ്ങാൻ ദേവേട്ടൻ്റടുത്ത് കാശുമില്ല. കമ്പനിയിലെ വണ്ടികളും ക്രെയിൻ മുതലായവയൊക്കെ വില്ക്കാൻ ഗോപനെ ഏല്പിച്ചിരിക്കുകയാണ്. വിറ്റ്കിട്ടിയ കാശ് കൊണ്ടാണ് ടിക്കറ്റെടുത്തതെന്നും ഒരാഴ്ച്ചത്തെ നാട്ടിലുള്ള വട്ടച്ചെലവിൻ്റെ കാശ് കൂടിയുണ്ടാകും കയ്യിലെന്നും ദേവേട്ടൻ പറഞ്ഞു..

കുറച്ച് മിഠായിപാക്കറ്റുകൾ ദേവേട്ടൻ കൊണ്ടുവന്നത് ചെറിയ ബാഗിലാക്കി. സ്രസ്സുകളൊക്കെ വലിയ ട്രോളിബാഗുകളിലും. ഒന്നിലും താല്പര്യമില്ലാതെ ഉണ്ണി നിർവ്വികാരനായി എല്ലാം നോക്കിക്കാണുന്നുണ്ട്. മനുവിനുള്ള മിഠായി ഉണ്ണിയുടെ ഹാൻഡ് ബാഗേജിലിടാമെന്ന് പറഞ്ഞപ്പോൾ മാത്രം അവനൊന്ന് മന്ദഹസിച്ചു. ഖത്തറിലേക്ക് വീസ വരുന്നത് വരെ നമുക്ക് നാട്ടിൽ നില്ക്കാൻ പറ്റും ഉണ്ണീ എന്ന് തലേന്നവനോട് പറഞ്ഞതാണ് ആ മന്ദഹാസത്തിൻ്റെ ഉറവിടമെന്ന് മാത്രം മനസ്സിലായി. 

ആരോടും യാത്ര പറയാനൊന്നും മനസ്സ് വരുന്നില്ല. നാട്ടിൽ ചെന്ന് വാട്സാപ്പ് ചെയ്ത് പറയാം ഫ്രണ്ട്സിനോടൊക്കെ. കൊറോണക്ക് ഒരു താല്ക്കാലിക അറുതി വന്നെങ്കിലും പരസ്പര ഗൃഹസന്ദർശനങ്ങളൊന്നും ഇപ്പോഴും ആരും തുടങ്ങിയിട്ടില്ല. ദുബായിയോട് വിട ചൊല്ലുന്നതിൻ്റെ വേദന വല്ലാതെയുണ്ട്. ഇതൊരു കൊച്ചു കേരളമായിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത്. ഇനി ഖത്തർ എങ്ങനെയാണാവോ!

വിമാനം റൺവേയിൽ ഉരസുമ്പോൾ പുറത്ത് കണ്ട പച്ചപ്പ് മനസ്സിലേക്ക് ഒരു കുളിരായി പെയ്തിറങ്ങി.. അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു... "ദൈവമേ... ഇനിയും ഞങ്ങളെ പറിച്ചു നടരുതേ.."  

ഓപ്പയും വാസ്വേട്ടനും മനുവും കൂടിയാണ് കോഴിക്കോട് എയർപോർട്ടിലേക്ക് വന്നത്. അമ്മയുടെ ആങ്ങളമാരുടെ മക്കളാണ്  ദേവേട്ടനും വാസ്വേട്ടനും. അറിയുന്ന കുടുംബത്തിലേക്കേ മക്കളെ നല്കാവൂ എന്ന് അഛന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ ദേവേട്ടനും ഓപ്പയെ  വാസ്വേട്ടനും കല്ല്യാണം കഴിച്ചത്. പക്ഷേ ഒന്നും കാണാൻ അഛന് യോഗമുണ്ടായില്ല.

ദേവേട്ടനേക്കാൾ നാലഞ്ച് വയസ്സിന് മൂത്തതാണ് വാസ്വേട്ടനെങ്കിലും രണ്ടും ഈച്ചയും ചക്കരയും പോലെയാണ്... ചെറുപ്പത്തിൽ രണ്ടും കൂടി ഒപ്പിച്ച വികൃതി കേട്ടാൽ കണ്ണ് തള്ളി പോകും ! പുറത്തെ ചായ്പ്പിൽ കിടന്ന് ആരും അറിയാതെ സെക്കന്റ് ഷോക്ക് സൈക്കിളെടുത്ത് പോയിരുന്നതും ഒരു ദിവസം നട്ടപ്പാതിരയ്ക്ക് അമ്മാമയ്ക്ക് വയറ്റില് ദണ്ണമുണ്ടായി രണ്ടാളെയും വിളിക്കാൻ അമ്മായി ചെന്നപ്പോൾ  കള്ളി വെളിച്ചത്തായതും  അടി കിട്ടിയതും അങ്ങനെ എത്രയെത്ര കഥകൾ ! 

കുട്ടികളുടെ കാര്യവും അങ്ങനെത്തന്നെ. ഉണ്ണിക്ക് മനുവെന്ന് പറഞ്ഞാൽ  ജീവനാണ്.. രണ്ടാളെയും പ്രസവിച്ചത് ഒറ്റ ദിവസമാണെന്ന യാദൃശ്ചികതയും അതിന് മാറ്റ് കൂട്ടി. ഉണ്ണിയുടെ വാശിയും ശുണ്ഠിയുമൊക്കെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാനൊരു പ്രത്യേക കഴിവും ക്ഷമയുമുണ്ടായിരുന്നു മനുവിന് !

മണ്ണാർക്കാട് ടൗണിൽ നിന്ന് മെയിൻ റോഡിലൂടെ പോകാതെ വാസ്വേട്ടൻ വടക്കുമണ്ണം റോഡിലൂടെയാണ് വണ്ടി വിട്ടത്.  മുമ്മൂർത്തി ക്ഷേത്രത്തിന് മുമ്പിലെത്തിയപ്പോൾ പതിവില്ലാതെ ദേവേട്ടൻ ഒരു മിനിട്ടെന്ന് പറഞ്ഞ് പെട്ടെന്നിറങ്ങി അമ്പലത്തിലേക്ക് പോയി തൊഴുത് വരുന്നത് കണ്ട് വാസ്വേട്ടൻ എന്നെ നോക്കിച്ചിരിച്ചു. വീട്ടിലെത്തിയപ്പോൾ ഒരു ചെറിയ ഇടവേള ചെലവിടാൻ എത്തുന്നവരെ കണ്ട വേദനയും അപ്രതീക്ഷിതമായി കണ്ടതിലുളള സന്തോഷവും കലർന്ന കരച്ചിലോടെ അമ്മ കെട്ടിപ്പിടിച്ചു. ഉച്ചസമയമായത് കൊണ്ട് കുടിക്കാൻ തണുത്ത മോരുംവെള്ളം തന്ന ശേഷം നേരെ ഭക്ഷണമേശയിലേക്കാണ് ആനയിച്ചത്. നല്ല വിശപ്പുമുണ്ടായിരുന്നു, കൊറോണക്കാലമായതിനാൽ വഴിയിൽ ഹോട്ടലിലൊന്നും കയറാൻ വാസ്വേട്ടൻ സമ്മതിച്ചില്ല. 

ഗംഭീര സദ്യയൊരുക്കിയിരിക്കുന്നു അമ്മ! അടപ്രഥമൻ മൂന്നാമതും ഒഴിക്കുന്നത് കണ്ട് ദേവേട്ടനെ ഒന്നു നുള്ളിയപ്പോൾ, "അതെയ്....ഞാനെൻ്റെ അമ്മായിടെ വീട്ടീന്നാ കഴിക്കണെ.. അമ്മായിയമ്മടെ വീട്ടീന്നല്ല.. "എന്നു ദേവേട്ടനുറക്കെ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. വന്നതു മുതലെ ദേവേട്ടനെ അപാര ഫോമിൽ കണ്ട് അത്ഭുതം തോന്നി. ചില സമയത്ത് ദേവേട്ടൻ്റെ മനസ്സ് വായിക്കാൻ പറ്റാത്ത പുസ്തകമാകാറുണ്ട്.

നാട്ടിൽ വന്നിട്ടും അഫ്ഗാനിക്ക് മെസ്സേജയക്കുന്നതിൽ ദേവേട്ടൻ ഒരു പിശുക്കും കാണിച്ചില്ല. ദിവസങ്ങൾ നാലെണ്ണം പെട്ടെന്ന് കടന്നു പോയി.  ഇന്ന് ഓപ്പയെയും വാസ്വേട്ടനെയും മക്കളെയും ഉച്ചഭക്ഷണത്തിന് വിളിച്ചിട്ടുണ്ട്. ദേവേട്ടന് നന്നായി ബിരിയാണി ഉണ്ടാക്കാനറിയാം.. ഗൾഫിൽ പണ്ട് ബാച്ചിലറായി നില്ക്കുമ്പോ പഠിച്ചതാണ്. ബിരിയാണി കുട്ടികൾക്കൊക്കെ നന്നായിഷ്ടപ്പെട്ടു. എല്ലാവരും മൂക്കു മുട്ടെ തിന്നു !

ഭക്ഷണം കഴിഞ്ഞ് ഉമ്മറക്കോലായയിൽ എല്ലാവരും വിശ്രമിക്കാനിരുന്നപ്പോൾ ഓപ്പ ചോദിക്കുന്നത് കേട്ടു, " ദേവാ.. വിസ വരാതിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുകയെയുള്ളൂ ..പക്ഷേ നീയന്ന് നാല് ദിവസത്തിനുള്ളിൽ വിസ വരുംന്ന് പറഞ്ഞോണ്ട് ചോദിക്കേണ്, കമ്പനിക്കാര് എന്തെങ്കിലും വിവരം തന്നിരുന്നോ? ദേവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,  "ഇ മെയില് വന്നിട്ടുണ്ട്.. അക്ഷയയിൽ പോയി വൈകീട്ട് പ്രിൻ്റെടുക്കണം.. വൈകാതെ പോവണ്ട്യേരും''  ഇത് കേട്ട് അമ്മയുടെ മുഖം എന്തോ, മ്ലാനമായിരുന്നു! കാരണം വായിച്ചെടുത്തു, ഏതാനും ദിവസങ്ങൾക്കകം തറവാട് ശൂന്യമാകുമെന്ന തിരിച്ചറിവ് !

ദേവേട്ടൻ അക്ഷയയിലേക്കിറങ്ങിയ നേരം അമ്മ അടുത്ത് വന്നിരുന്നു പറഞ്ഞു, "മോളെ.. ദേവനോടിനി നാട്ടില് നില്ക്കാൻ പറയട്ടെ അമ്മ.? ഈ തറവാട് നിനക്ക് തരണമെന്നാ അച്ഛൻ്റെ ഒസ്യത്ത്.." ഉത്തരമൊന്നും പറയാതെ  അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റ് പോയി. പിന്നാലെ ചെന്നു നോക്കിയപ്പോൾ അമ്മ ചായ്പ്പിൽ നിന്ന് കണ്ണീർ തുടക്കുന്നു.. ഇടനെഞ്ചൊന്ന് പിടഞ്ഞു.. അമ്മക്കും ദേവേട്ടനുമിടക്ക് കിടന്ന് മലക്കം മറിയുന്നു മനസ്സ് ! 

സ്ക്കൂട്ടറിൻ്റെ ശബ്ദം കേട്ടു, ദേവേട്ടൻ പ്രിൻ്റെടുത്ത് വന്നതാണ്. "ടിക്കറ്റെടുത്തോ ഏട്ടാ " ? ശബ്ദത്തിലെ ഇടർച്ച ശ്രദ്ധിച്ച ദേവേട്ടൻ ചോദിച്ചു, "എന്താ ദേവു..മുഖം വല്ലാതിരിക്കുന്നത്..?" ഉത്തരമായി, തൽക്ഷണം രൂപം പ്രാപിച്ച നീർ പളുങ്കുകൾ കാവിത്തിളക്കമുള്ള കോലായിയിൽ വീണു ചിതറി.  മാറോട് ചേർത്തുപിടിച്ച് ഏട്ടൻ പറഞ്ഞു "എൻ്റെ ദേവി.. നിന്നെ ഞാനിനി വേദനിപ്പിക്കില്ലാട്ടോ.." 

ഉണ്ണിയെ കാണാതെ ദേവേട്ടൻ "ഉണ്ണീ .." എന്നു നീട്ടി വിളിച്ചു, കൊച്ചു ടി വി യിൽ നിന്ന് തലയൂരി ഉണ്ണി ഓടി വന്നു. കയ്യിലെ കടലാസിന്റെ ബ്രൗൺ കവർ കൊടുത്ത് ദേവേട്ടൻ പറഞ്ഞു "ഇതിലുണ്ണിക്കിഷ്ട്ടള്ള ചോക്ളേറ്റുണ്ട്, ശ്രദ്ധിച്ചെടുക്കണം ട്ടോ ...വിസയും ടിക്കറ്റുമുണ്ടുള്ളിൽ .."  ചോക്ളേറ്റ്‌ എന്ന്‌ മാത്രമെ ഉണ്ണി കേട്ടുള്ളൂ. കവറെടുക്കലും പൊട്ടിക്കലും കഴിഞ്ഞു. "ഉണ്ണീ.. വിസയും ടിക്കറ്റും കീറും.. " എന്ന് ഒച്ച വെച്ചെങ്കിലും ഉണ്ണി ഒന്നും കേട്ടില്ല, ചോക്ളേറ്റെടുത്ത് അവൻ കൊച്ചു ടിവിയിലേക്ക് തന്നെ ഊളിയിട്ടു.

ഉദ്വേഗത്തോടെ പ്രിൻറുകൾ പുറത്തെടുത്ത് കീറിയിട്ടുണ്ടോ എന്ന് നോക്കി.. പ്രിൻ്റുള്ള ഭാഗം ഉള്ളിലേക്കാക്കിയാണ് മടക്കിയിരിക്കുന്നത്. സ്വല്പം കീറിയിട്ടുണ്ട്. നിവർത്തി നോക്കിയപ്പോൾ മലയാളത്തിൽ ടൈപ്പ് ചെയ്ത എഴുത്ത് കണ്ട് ദേവേട്ടൻ്റെ മുഖത്തേക്ക് നോക്കി. പിന്നെ എഴുത്തിലൂടെ കണ്ണോടിച്ചു.

"എൻ്റെ ജീവനായ ദേവി..! ഞാനിപ്പോൾ ഖത്തറിലാണ്.. അഥവാ, ഇതാണിനിയെൻ്റെ ഖത്തർ, ഈ തറവാട് വീട് ! എൻ്റെ ദേവിയുടെയും ഉണ്ണിയുടെയും സന്തോഷമാണ് ഇനിയെൻ്റെ സമ്പത്ത്..എന്റെ കോടികൾ..! ഒറ്റപ്പെടലിൻ്റെ ഒരിറ്റ് കണ്ണീര് നമ്മുടെ അമ്മയുടെ കണ്ണുകളിൽ നിന്നിനി അടർന്നുവീഴരുത്..  പക്ഷിയിലും ആട്ടക്കളത്തിലും കിടന്നുരുണ്ട് നാടിൻ്റെ മണ്ണ് മണക്കട്ടെ നമ്മുടെ മോൻ്റെ ബാല്യം ..!

ഇനി എൻ്റെ ദേവി അമ്മയുമൊത്ത് അർമ്മാദിച്ചുകൊൾക.. ഇടയ്ക്ക്, ഈയുള്ളവനും കുറച്ച് സമയം തരണേ....

എന്ന്

നിൻ്റെ മാത്രം ദേവേട്ടൻ ..

ഒരു നിമിഷം സ്തബ്ധയായി, ഒന്നും  വിശ്വസിക്കാൻ കഴിയാതെ ദേവേട്ടനെത്തന്നെ നോക്കി നിന്നു! പിന്നെ.., ഒരു കൊടുങ്കാറ്റായി ആ മാറിലേക്കു മറിഞ്ഞു വീണു വിതുമ്പി ... 

അതേ സമയം തന്നെ ദേവേട്ടന്റെ വാട്സാപ്പിലേക്ക് അഫ്ഗാനി അഖൽബാസിന്റെ വോയിസ് ക്ലിപ്പും ഒരു ചെക്കിന്റെ ഇമേജും വന്നു കിടക്കുന്നുണ്ടായിരുന്നു..!

                                                                                  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com