ADVERTISEMENT

ന്തോഷ സൂചികയിൽ ഒന്നാമതായാലും വലിയ സന്തോഷഭാവങ്ങളൊന്നും മുഖത്ത് വിടരാത്ത നാട്ടുകാർ. നാം മലയാളികളെപോലെ ഭാവാഭിനയങ്ങളൊന്നും മുഖത്തു കാണിക്കാത്തവർ. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുകയും സങ്കടങ്ങളിൽ അലറിക്കരയുകയും ചെയ്യാതെ തങ്ങളുടെ വികാരപ്രകടനങ്ങളിൽ മിതത്വം പാലിക്കുന്നവർ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയെന്ന പദവി നാലാമതും നേടിയ ഫിൻലൻഡിലെ ജനത ഇങ്ങനെയാണ്. ആനന്ദ ചിരികളില്ലെങ്കിലും ഈ രാജ്യത്തെ ജനങ്ങൾ ശരിക്കും സന്തോഷവാന്മാരാണോ? കേരളത്തിലും ഒരു ആനന്ദമന്ത്രാലയം കൊണ്ടുവരുവാനുള്ള ആശയം ഒരു രാഷ്ട്രീയ പാർട്ടി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നാം മലയാളികൾക്ക് അപ്രാപ്യമായ ഒന്നാണോ ഈ സന്തോഷ സൂചികയിൽ കയറിപ്പറ്റുകയെന്നത്? കഴിഞ്ഞ കുറേ വർഷങ്ങളായി ഫിൻലൻഡിൽ അടുത്തു കണ്ടറിഞ്ഞ ചില ഫിന്നിഷ് ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

finland
ഫിൻലൻഡിലെ ദൃശ്യങ്ങൾ. ചിത്രം: ഷംനാദ് ഷാജി.

ലോകരാജ്യങ്ങളുടെ സന്തോഷ സൂചിക അളക്കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ജിഡിപി, സാമൂഹിക സുരക്ഷ, പ്രതീക്ഷിത ജീവിതദൈര്‍ഘ്യം, സമൂഹത്തിലെ അഴിമതി, തീരുമാനങ്ങൾ എടുക്കുവാനുള്ള ജനതയുടെ സ്വാതന്ത്ര്യം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. അതുകൊണ്ടുതന്നെ ഫിൻലൻഡ്‌ സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷയും മനുഷ്യരാശിയുടെ അടിസ്ഥാന ഘടകങ്ങളായ ശുദ്ധമായ കുടിവെള്ളവും പാർപ്പിടവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അഴിമതിയില്ലാത്ത ഭരണവുമൊക്കെയാണ് ഈ രാജ്യത്തെ സന്തോഷ സൂചികയിൽ ഒന്നാമത് എത്തിച്ചത്.

മത്സരയോട്ടം തീരെ ഇല്ലാത്തവർ

കാഴ്ചയിൽ കേരളം പോലെ തന്നെ മുകളിൽ നിന്നും താഴേക്കു നീണ്ടു നിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ വെറും ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാട്. ജനസംഖ്യ കുറവായതിനാലാവാം മത്സരബുദ്ധിയും സ്പർദ്ധയും തീരെ ഇല്ലാത്ത രാജ്യം. മത്സരബുദ്ധിയോടെ അയൽവാസിയിലേക്കു ഉറ്റു നോക്കിയിരിക്കുവാൻ സമയവും താൽപര്യവും തീരെ ഇല്ലാത്തവർ. മുഖത്ത് നോക്കി നുണ പറയാത്ത സത്യസന്ധർ. തങ്ങളുടെ ലോകത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒതുങ്ങികൂടി ജീവിക്കുന്നവർ.

finland5
ഫിൻലൻഡിലെ ദൃശ്യങ്ങൾ. ചിത്രം: ഷംനാദ് ഷാജി.

സ്ത്രീകളാണ് ഞങ്ങളുടെ നേതാക്കൾ

സ്ത്രീപുരുഷ സമത്വം പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലൂടെ ലോകത്തിനു കാണിച്ചു തന്ന രാജ്യം. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും രാജ്യം. വെറും 35 വയസുകാരിയായ പ്രധാനമന്ത്രി നയിക്കുന്ന രാജ്യം. മന്ത്രിസഭയിലെ ഏറിയ പങ്കും വനിതാ മന്ത്രിമാർ. മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ഒൻപതു പാർട്ടികളിൽ ഏഴിന്റെയും നേതാക്കൾ വനിതകൾ.

ഒരു കുഞ്ഞു ജനിച്ചാൽ മൂന്നു വർഷത്തോളം അച്ഛനോ അമ്മക്കോ പേരന്റൽ അവധി എടുക്കുവാൻ സാധിക്കുന്ന രാജ്യം. ചൊവ്വയും ചന്ദ്രനും മറ്റു ആകാശ ഗോളങ്ങളും കീഴടക്കിയാലും സമൂഹത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയായിരിക്കും ഒരു പക്ഷേ, ആ സമൂഹത്തെ സന്തോഷ സൂചികയുടെ അനന്തവിഹായസ്സിലേക്കുയർത്തുന്നത്.

finland6
ഫിൻലൻഡിലെ ദൃശ്യം. ചിത്രം: ഷംനാദ് ഷാജി.

പണിയെടുത്തു ജീവിക്കുന്നതാ ഞങ്ങൾക്കിഷ്ടം!

എന്തു തൊഴിലെടുത്തും ജീവിക്കുന്നവർ. സ്കൂളുകൾ മുതൽ തന്നെ തൊഴിൽ പരിശീലനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഏതു തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നു എന്നതല്ല, സ്വന്തം അധ്വാനത്തിൽ ജീവിക്കുക എന്നതാണ് ഇവിടെ പ്രധാനം. അതുകൊണ്ടുതന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വലുപ്പച്ചെറുപ്പമില്ലാത്ത ഒരു സമൂഹം. ഏഴാം വയസ്സിൽ മാത്രമാണ് ഇവിടെ കുട്ടികൾ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പൊതുവെ മറ്റു കുട്ടികളുമായുള്ള താരതമ്യങ്ങൾ ഇല്ലാത്തതിനാൽ മത്സരങ്ങളുടെ ഭീകരാന്തരീക്ഷമില്ലാത്ത വിദ്യാലയങ്ങൾ.

കാലാവസ്ഥ ഒരു പ്രശ്‌നമേയല്ല

ഇടവപ്പാതിയും പഞ്ഞകർക്കിടകവുമൊന്നുമില്ലെങ്കിലും ആറു മാസക്കാലവും ഇരുട്ടും തണുപ്പും നൽകുന്ന ഏകാന്തന്തയും, ഒറ്റപ്പെടലും ജന്മനാ അനുഭവിച്ചു ശീലിച്ച ജനവിഭാഗം. ശൈത്യകാലത്തെ നട്ടുച്ചസമയത്തെ കൂരാകൂരിരുട്ടിലും വേനൽക്കാലത്തെ നമ്മുടെ ഉത്സവപ്പറമ്പുപോലെ പ്രകാശഭരിതമായ പാതിരാവിലും കാലാവസ്ഥയെ പഴിചാരാതെ, സൂര്യൻ വന്നാലും പോയാലും തൊഴിൽ ഇടങ്ങളിലും സ്കൂളിലുമൊക്കെ 'കൂളായി' പോകുന്ന ജനവിഭാഗം. വ്യായാമപ്രിയർ, എഴുപതിലും കൗമാരത്തിന്റെ പ്രസരിപ്പുള്ളവർ. എന്നാൽ ശരീരമനങ്ങാതെ നമ്മൾ മലയാളികളുടെ ചോരകളിൽ പഞ്ചസാരയും മറ്റു ജീവിത ശൈലീരോഗങ്ങളുമേറി വരുന്നു.

finland4
ഫിൻലൻഡിലെ ദൃശ്യം. ചിത്രം: ഷംനാദ് ഷാജി.

പ്രകൃതി ഞങ്ങളുടെ സ്വന്തം വീട്‌

തടാകങ്ങളാലും വനങ്ങളാലും സമ്പുഷ്ടമായ നാട്. നമുക്ക് 44 നദികളാണെങ്കിൽ ഇത് ആയിരം തടാകങ്ങളുടെ നാട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവർ. നദിക്കരയിലെ സൗണ ബാത്തിൽ ആനന്ദം കണ്ടെത്തുന്നവർ. തൊടിയിലെ ചക്കരമാവിലെ മാങ്ങ പെറുക്കാനില്ലെങ്കിലും ചുവന്നു തുടുത്ത ആപ്പിളുകളും ബെറികളും സമ്പുഷ്ടമാക്കുന്നു ഇവിടുത്തെ മുറ്റങ്ങളെ. രാജ്യമെമ്പാടുമുള്ള ടാപ്പുകൾ വഴി ലഭ്യമാകുന്നത് ശുദ്ധമായ കുടിവെള്ളം മാത്രം. എന്നാൽ ജലസമൃദ്ധിയുടെ നാടായ കേരളത്തിൽ കുടിനീർ കിട്ടാതെ കഷ്ടപ്പെടുന്ന ജനങ്ങളുടെ എണ്ണം ഏറി വരുന്നു. മറുവശത്തു വെള്ളം മദ്യമായ്‌ സുലഭമായി ഒഴുകുകയും ചെയ്യുന്നു !

'വിശ്വാസം' അതല്ലേ എല്ലാം ?

സർക്കാരിലും നിയമവ്യവസ്ഥയിലും രാഷ്ട്രീയക്കാരിലും പൊലീസിലും കൂടുതൽ വിശ്വാസ്യത പുലർത്തുന്ന ജനത. പൊതുവെ സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷങ്ങളും തിരഞ്ഞെടുപ്പുകളും നടക്കുന്ന നാട്. എല്ലാ വർഷവും നവംബറിൽ 'അസൂയ ദിനം 'ആഘോഷിക്കുന്നവർ. ഈ ദിനം സർക്കാർ രാജ്യത്തെ ധനികരുടെ വരുമാനവും ആദായവും പരസ്യമായി പ്രസിദ്ധീകരിക്കുന്നതാണ്. ഏതൊരു പൗരനും ആരുടേയും നികുതി വിവരങ്ങൾ ശേഖരിക്കുവാൻ അവകാശമുണ്ടിവിടെ.

finland7
ഫിൻലൻഡിലെ ദൃശ്യം. ചിത്രം: ഷംനാദ് ഷാജി.

അവകാശങ്ങൾ മാത്രമല്ല പൗരന് ചില കടമകളുമുണ്ട്!

പൊതുവെ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരാണിവർ. മാലിന്യ സംസ്കരണം, സംസ്കാരത്തിന്റെ ഭാഗമാക്കിയവർ. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞിട്ടു സർക്കാരിനെയും അയൽവാസിയെയും പഴിചാരാത്തവർ. ഉദാഹരണത്തിന്, തിരക്കുപിടിച്ച രാവിലത്തെ ഓട്ടത്തിനിടയിൽ തന്റെ കാർ ഒതുക്കിയിട്ടിട്ടു പാതയോരത്തു വീണു കിടക്കുന്ന ചെറിയ കടലാസ് തുണ്ട് പെറുക്കിയെടുക്കുന്ന അയൽവാസിയെ ഞാൻ അദ്ഭുതത്തോടെ വീക്ഷിച്ചിട്ടുണ്ട്. അതുപോലെ അവനവന്റെ സുരക്ഷക്കായി മാത്രം റോഡ് നിയമങ്ങൾ പാലിക്കുകയും വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുകയും ചെയ്യുന്നവർ.

'വെള്ള'മടിച്ചാൽ അത് വയറ്റിൽ കിടക്കുന്നവരുടെ നാട്

മദ്യവും കാപ്പിയും മതിവരുവോളം ആസ്വദിച്ചു കുടിക്കുന്നവർ. നടുറോഡിൽ കളഞ്ഞുപോയ യൂറോ നിറഞ്ഞ പഴ്സ് ഉടമസ്ഥന് തിരികെ കൊടുത്താലും കളഞ്ഞു പോയ ബിയർ ബോട്ടിൽ 'ആത്മാർഥമായി' അടിച്ചുമാറ്റുന്നവർ! എന്നാൽ മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാതെ 'വെള്ളമടിച്ചാൽ അത് അടിച്ചവന്റെ വയറ്റിൽ തന്നെ കിടക്കുന്ന നാട് '. പൊതുമുതൽ ഒരു പരിധിവരെ അനാവശ്യമായി നശിപ്പിക്കാത്തവർ.

finland3
ഫിൻലൻഡിലെ ദൃശ്യം. ചിത്രം: ഷംനാദ് ഷാജി.

മതവിശ്വാസങ്ങളോട് വിമുഖത പുലർത്തുന്നവർ

ധ്യാനയോഗങ്ങളും മതപ്രഭാഷണങ്ങളും ഉത്സവങ്ങളും പള്ളി പെരുനാളുകളും ഇല്ലാത്ത നാട്. പൊതുവേ മതവിശ്വാസം തീരെ ഇല്ലാത്തവർ. മതങ്ങൾ തമ്മിലുള്ള പോർവിളികളും ജാതീയമായ അധികാര ഗർവുകളും ഇല്ലാത്ത ഒരു രാജ്യം. അതുകൊണ്ടു തന്നെ മതത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുകൾ കുറവുള്ള രാജ്യം.

വിടപറയലുകൾ ആവോളമുള്ള നാട്

സമസ്തവും പരിപൂർണതയിലെത്തിയ സ്വർഗ്ഗതുല്യമായ നാടല്ലിത്‌. ദാമ്പത്യ ജീവിതത്തിൽ വിടപറയലുകൾ ധാരാളമുള്ള നാട്. ഒത്തുചേർന്നു പോകുവാൻ സാധിക്കാത്ത വിവാഹ ബന്ധങ്ങൾ വൈഷമ്യത്തോടെ തള്ളിവലിച്ചു മുൻപോട്ടു കൊണ്ടുപോകാത്തവർ. എന്നാൽ മറുവശത്തു വിവാഹേതര ബന്ധങ്ങൾ ഇരുട്ടിൽ കൊണ്ടുനടക്കുന്ന പകൽ മാന്യന്മാർ അധികം ഇല്ലാത്ത നാട്. മറിച്ചു ദാമ്പത്യ ജീവിതത്തിലെ വിശ്വാസ്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന നാട്.

finland9
ഫിൻലൻഡിലെ ദൃശ്യങ്ങൾ. ചിത്രം: ഷംനാദ് ഷാജി.

ഏകാന്തതയാൽ വലയം ചെയ്യപ്പെട്ടവർ

പ്രായപൂർത്തിയായതിനു ശേഷം വീട് വിട്ടിറങ്ങുന്ന മക്കളുള്ള നാട്. മാതാപിതാക്കളെ ആശ്രയിക്കുന്നത് ഒരു ന്യൂനതയായി കാണുന്ന, സ്വന്തം കാലിൽ ജീവിക്കുന്ന യുവജങ്ങൾ. നിരാശയും ഒറ്റപ്പെടലുകളും കുന്നോളമുള്ള നാട്. എന്നാൽ കൂട്ടു കുടുംബങ്ങളുടെ തമ്മിലടി ഇല്ലാത്തിടം. ബന്ധങ്ങളുടെ അനാവശ്യ ഇടപെടലുകൾ മൂലമുള്ള കലഹങ്ങളില്ലെങ്കിലും ഒറ്റപ്പെടലിന്റെ ഇരുട്ട് മൂടിയ ഇടനാഴികളിൽ ജീവിതത്തെ തുറിച്ചു നോക്കിയിരിക്കുന്നവർ.

ആധുനിക മെഡിക്കൽ സംവിധാനങ്ങളുടെയും ശുശ്രുഷകളുടെയും ബലത്തിൽ വൃദ്ധസദനങ്ങളിൽ ആരോഗ്യപുഷ്ടരായി കഴിയുന്ന വൃദ്ധജനങ്ങൾ. മലയാളിയുടെ പത്തു ദിവസത്തെ ഓണാഘോഷങ്ങൾ പോലെ ആർഭാടപൂണ്ണമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും, പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന ക്രിസ്തുമസ് തലേന്നത്തെ അത്താഴവിരുന്നിൽ, വർഷത്തിൽ ഒരു തവണ മാത്രമായി ചുരുങ്ങുന്ന കുടുംബകൂട്ടായ്മകൾ.

ബന്ധങ്ങളുടെ സ്നേഹപുതപ്പുള്ള നാട് - നമ്മുടെ കേരളം

ഇന്നത്തെ മലയാളിയുടെ മത്സരയോട്ടത്തിൽ നമ്മുടെ ബന്ധങ്ങളും സൗഹൃദങ്ങളും അയയുന്നുവെങ്കിലും ഫിൻലൻഡുമായി താരതമ്യം ചെയ്യുമ്പോൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൽ ഉയരങ്ങളിൽ നിൽക്കുന്ന നാടാണ് കേരളം. ബന്ധങ്ങളുടെ തീവ്രമായ സ്നേഹപുതപ്പിനാൽ സുരക്ഷാവലയം ചെയ്ത നാട്. ജീവിതത്തിൽ പലപ്പോഴായി നമ്മുടെ കാലിടറുമ്പോൾ കൂടെനിൽക്കാൻ, ഒരു തണലായി 'കൂടെക്കൂടാൻ' ബന്ധങ്ങളുള്ള നാട്. കൂടാതെ മുൻപോട്ടുള്ള ജീവിതത്തിനു പ്രത്യാശയേകുന്ന അനേകം മതവിശ്വാസങ്ങളുടെ നാട്. സാക്ഷരതയിലും ഒന്നാമർ. എന്നിട്ടും ഏതോ നാൽക്കവലയിൽ നാം മലയാളികൾ പകച്ചുനിൽക്കുന്നതെന്തുകൊണ്ട്?

finland8
ഫിൻലൻഡിലെ ദൃശ്യം. ചിത്രം: ഷംനാദ് ഷാജി.

എവിടെയാണ് നമുക്ക് തെറ്റുന്നത് ?

മറ്റാരുടെയോ ജീവിതം ജീവിക്കുവാൻ മോഹിച്ചു അതിൽ സ്വയം പരാജിതരായി ധാരാളം ആത്മഹത്യകളും കുറ്റകൃത്യങ്ങളും ഏറിവരുന്നു നമ്മുടെ നാട്ടിൽ. സാമൂഹിക പ്രതിബദ്ധത തീരെ ഇല്ലാത്ത, മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്ന മലയാളിയുടെ അബദ്ധ ധാരണകളും അസ്വസ്ഥതയുണ്ടാക്കുന്ന മത–രാഷ്ട്രീയ അന്തരീക്ഷങ്ങളും മാനാഭിമാനങ്ങളെക്കുറിച്ചുള്ള അതിഭീകര സദാചാര ചിന്തകളും മത്സരബുദ്ധിയും താരതമ്യചിന്തകളും അനാവശ്യമായി കുത്തിനിറച്ച വിദ്യാഭ്യാസ തൊഴിൽ മേഖലകളും പരിസ്ഥിതിയുടെ ഹൃദയത്തുടിപ്പറിയാതെ പ്രകൃതിയെ വീണ്ടും കുത്തി നോവിക്കുന്ന വികസനപ്രവർത്തനങ്ങളും ജലരേഖ പോലെയുള്ള സ്ത്രീ സുരക്ഷാ നിയമങ്ങളും നമ്മുടെ നാടിന്റെ ശാപമായി മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. ഈ മേഖലകളിൽ, നമ്മുടെ ചിന്താഗതികളിൽ ചെറിയ വിരലനക്കങ്ങളെങ്കിലും സാധ്യമാകാതെ നമ്മുടെ സമൂഹത്തിന്റെ സന്തോഷ സൂചിക മരുഭൂമിയിലെ മരീചികപോലെ നമ്മെ പരിഹസിച്ചുകൊണ്ട് അകലങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും തെന്നിമാറി ഒഴുകിക്കൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com