ADVERTISEMENT

ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ എന്ന സ്ഥലത്തെ ഹൊവാര്‍ഡ് സ്പ്രിങ്ങ്സ് എന്ന ക്വാറന്റീൻ കേന്ദ്രത്തില്‍ താമസിച്ചുകൊണ്ടാണ് ഇത് എഴുതുന്നത്. ഇവിടേയ്ക്ക് തിരികെ എത്താനുള്ള പദ്ധതികളും അതിന് ടിക്കറ്റ് കിട്ടാനുള്ള എത്രയും ദുര്‍ഘടം പിടിച്ചതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഞാനും മക്കളും ഭാര്യയും ഓസ്ട്രേലിയന്‍ പൗരന്മാരാണെങ്കിലും ഇന്ത്യയില്‍ നിന്നും മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും, $6000 ഫൈന്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ നിയമം പ്രഖ്യാപിച്ചപ്പോള്‍ മനസ്സ് വല്ലാതൊന്നു പിടഞ്ഞു. ആ നിയമത്തെ ലോകത്തിന്‍റെ പല ഭാഗത്തു നിന്നുമുള്ള ഓസ്ട്രേലിയന്‍ ജനത ഒന്നടങ്കം എതിര്‍ത്തപ്പോള്‍ സര്‍ക്കാരിന് അത് മാറ്റുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. നാട്ടില്‍ സ്വന്തം മാതാപിതാക്കളെ ഈ കൊറോണക്കാലത്ത് തനിച്ചാക്കി പോരുക എന്നത് മാനസികമായി ഒരുപാട് ദുഃഖിപ്പിക്കുന്നതായിരുന്നു. എങ്കിലും ബിസിനസ് ആവശ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി തിരിച്ച് ഓസ്ട്രേലിയയിലേക്ക് പോരേണ്ടത് ആവശ്യമായപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിനായി ആദ്യം ഖത്തര്‍ എയര്‍വേയ്സില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ ഏകദേശം ആറു ലക്ഷം രൂപ ഇപ്പോഴും മടക്കി കിട്ടിയിട്ടില്ല.

കൊറോണക്കാലത്ത് കേരളത്തില്‍ നിന്നും ഓസ്ട്രേലിയയിലേയ്ക്കൊരു യാത്ര

2020 മാര്‍ച്ചില്‍ ഓസ്ട്രേലിയ രാജ്യാന്തര വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിനു ശേഷം കഴിഞ്ഞ 18 മാസമായി ഓസ്ട്രേലിയന്‍ പൗരനെന്നോ, മറ്റു രാജ്യക്കാരനെന്നോ വേര്‍ത്തിരിവില്ലാതെ രാജ്യത്ത് ആളുകള്‍ എത്തിച്ചേരുന്നതില്‍ നിന്നു പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഓരോ ആഴ്ചയിലും രാജ്യത്ത് എത്തിച്ചേരുന്നവരുടെ എണ്ണത്തിനും ഹോട്ടല്‍ ക്വാറന്റീൻ ലഭ്യതയുടെ അടിസ്ഥാനത്തിലും നിശ്ചിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേപോലെ തന്നെ ഓസ്ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യണമെങ്കില്‍ അവിടുത്തെ പൗരന്മാര്‍ക്കും, പെര്‍മിനന്‍റ് റസിഡന്‍റ്സിനും പ്രത്യേക അനുവാദവും നേടേണ്ടതാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്ടുപോയ പലരും ഓസ്ട്രേലിയയിലേയ്ക്ക് യാത്ര ചെയ്യാന്‍ സാഹചര്യമില്ലാതെ അവരുടെ ഇന്ത്യന്‍ സന്ദര്‍ശക വീസകള്‍ പുതുക്കി ഇവിടെ കഴിച്ചുകൂട്ടുകയാണ്. ഈ സാഹചര്യത്തില്‍ പലരും ഇന്ത്യയില്‍ നിന്നും ഖത്തര്‍, മാലദ്വീപ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചും രാജ്യത്ത് തിരിച്ചെത്തി ചേര്‍ന്നിട്ടുണ്ട്. എങ്കിലും ഒരു വിമാനത്തില്‍ രാജ്യത്ത് എത്തിച്ചേരാവുന്നവരുടെ എണ്ണം 35 മുതല്‍ 50 വരെ മാത്രം ആയതുകൊണ്ട് വിമാന കമ്പനികള്‍ ബിസിനസ് ക്ലാസ്സ് ടിക്കറ്റുകള്‍ എടുക്കുന്നവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. അതിനായി 3 ലക്ഷം മുതല്‍ 7 ലക്ഷം വരെ ചിലവാക്കുകയും വേണം. 

quarantine-australia1
ജോമറ്റ് മാണി കുടുംബത്തോടൊപ്പം വിമാനത്തിൽ.

ഇതു കൂടാതെ ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട് അതിനായി ഏകദേശം 1.25-2.5 ലക്ഷം രൂപ ആളുകളുടെ എണ്ണമനുസരിച്ച് ചിലവു വരും. സാഹചര്യം ഇങ്ങനെയാണെങ്കിലും ഓസ്ട്രേലിയയ്ക്കു പുറത്തുള്ള ഓസ്ട്രേലിയക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‍റെ ഫലമായി ഇവിടുത്തെ സര്‍ക്കാര്‍ എല്ലാ രാജ്യത്തേക്കും പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാസത്തില്‍ 3-4 വിമാന സര്‍വ്വീസുകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. അതിനായി തന്നെ ടിക്കറ്റ് ലഭിക്കുക എന്നത് ഏറെ ശ്രമകരവുമാണ്. വിമാന ലഭ്യതയെക്കുറിച്ചുള്ള ഇ-മെയില്‍ ലഭിച്ചാല്‍ ദ്രുതഗതിയില്‍ തന്നെ എല്ലാം വിറ്റഴിക്കപ്പെടുകയും ചെയ്യും. 10 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ കഴിഞ്ഞാല്‍ ഭാഗ്യം നമ്മെ കടാക്ഷിച്ചു എന്നർഥം.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചിരുന്ന ഞങ്ങള്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോള്‍ പ്രത്യേക വിമാന‌ ടിക്കറ്റ് കിട്ടുക എന്നത് ഒരു ബാലികേറാ മലയായിരുന്നു. അതിനാല്‍, ഖത്തർ എയർവെയ്സ് ബുക്കു ചെയ്തു പോകാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് ട്രാവല്‍ ഏജന്‍റിന്‍റെ വിളി വന്നത്, ഇക്കണോമി ടിക്കറ്റ് ബിസിനസ് ക്ലാസ്സിലേക്കു മാറ്റിയില്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സലാകാനുള്ള അതിയായ സാധ്യതകള്‍ അറിയിച്ചുള്ളതായിരുന്നു. അതിനാല്‍ ഗവ.ഫ്ലൈറ്റ് ടിക്കറ്റിനായി ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. അങ്ങനെ ഞങ്ങള്‍ക്കും ആ സുവര്‍ണ്ണാവസരം ലഭിച്ചു. 

ഇ–മെയിൽ വന്നപ്പോള്‍ തന്നെ അതു കാണുകയും, ആദ്യത്തെ 5-മിനിറ്റിനുള്ളില്‍ തന്നെ ഞങ്ങള്‍ 4-പേര്‍ക്കുമുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്യുകയും ചെയ്തു. ഇതേ സമയം തന്നെ ഞങ്ങളെപോലെ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ മറ്റു സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ടിക്കറ്റുകള്‍ മുഴുവനായും വിറ്റുപോയതിനാല്‍ അവര്‍ക്ക് ബുക്കു ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ, ഓഗസ്റ്റ് 24ാം തീയതി ഞങ്ങള്‍ ഡല്‍ഹിയിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം കയറി. 8000 രൂപ ടിക്കറ്റ് നിരക്കിലായിരുന്നു വിമാനടിക്കറ്റ്. യാത്രയ്ക്ക് മുന്നായി ആർടിപിസിആർ ടെസ്റ്റ് ചെയ്തിരുന്നു. 

how-was-covid-contained-in-australia-article-image-one

ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ ഞങ്ങള്‍ ഐടിസി മൗര്യ എന്ന പഞ്ച നക്ഷത്ര ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. ഖ്യാണ്ടസ് എയര്‍ലൈന്‍സുകാരാണ് ഈ ഹോട്ടല്‍ ഞങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നത്. അവിടെ മൂന്നു ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമായിരുന്നു. ഹോട്ടലില്‍ പ്രവേശിക്കുന്നതിനു മുമ്പ് അവിടെ തന്നെ സജ്ജീകരിച്ചിരുന്ന സ്ഥലത്ത് ആന്‍റിജന്‍ പരിശോധന നടത്തിയതിനുശേഷമാണ് പ്രവേശനം അനുവദിച്ചത്. പിന്നീടുള്ള മൂന്നു ദിവസങ്ങള്‍ മുറിയ്ക്കു പുറത്തിറങ്ങാനേ പാടില്ലായിരുന്നു. എല്ലാ നേരവും ഹോട്ടല്‍ ജോലിക്കാര്‍ കൊണ്ടു വരുന്ന ഭക്ഷണം എടുക്കാന്‍ മാത്രമാണ് പുറത്ത്പോകാൻ അനുവദിച്ചിരുന്നത്. പിന്നീട്  രണ്ടു തവണ കൂടി കോവിഡ് ടെസ്റ്റ് ചെയ്യേണ്ടിയിരുന്നു. ഡല്‍ഹിയിലെ ക്വാറന്‍റീന്‍ അവസാനിക്കുന്ന ദിവസം ആവശ്യത്തിനുള്ള ഭക്ഷണപൊതികള്‍ ഞങ്ങള്‍ക്ക് നല്‍കിയതിനുശേഷം ഹോട്ടലില്‍ നിന്നും അവര്‍ ബസില്‍ ഞങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ സ്റ്റാഫിന്‍റെ സഹായത്തോടെ ക്വാറന്റീനിന്റെ  ചെക്ക്-ഇന്‍ കൗണ്ടറില്‍ ചെക്ക് ചെയ്ത്, ഇമിഗ്രേഷന്‍ ക്ലിയറന്‍സും കഴിഞ്ഞ് ഞങ്ങള്‍ ക്വാറന്റീൻ ഗേറ്റില്‍ എത്തിച്ചേര്‍ന്നു. പിന്നീട് എല്ലാം ക്വാറന്റീന്‍ എയര്‍ലൈന്‍ സ്റ്റാഫിന്‍റെ നേതൃത്വത്തിലായിരുന്നു. 

വിമാനത്തില്‍ കയറുന്നതിനും മുമ്പ് തന്നെ എല്ലാവരും പുതിയ മാസ്ക്കുകള്‍ ധരിച്ചാണ് കയറിയത്. നിശ്ചിത ഇരിപ്പിടങ്ങളില്‍ എത്തിയപ്പോള്‍ കുറച്ചു ഭക്ഷണം, വെള്ളം കൂടാതെ മറ്റൊരു കൂടില്‍ മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍, പഴയ മാസ്ക്കുകള്‍ നിക്ഷേപിക്കാനുള്ള കൂടുകള്‍ എന്നിവ വച്ചിരുന്നു. ജീവനക്കാരും യാത്രക്കാരുമായി ഏറ്റവും ചുരുങ്ങിയ സമ്പര്‍ക്കം സാധ്യമാക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്, എന്ന് മുന്‍കൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 27-ാം തിയതി രാത്രി 8.55 ന് ഡല്‍ഹിയില്‍ നിന്നും യാത്രതിരിച്ച വിമാനം 28-ാം തിയതി രാവിലെ ഡാര്‍വിന്‍ സമയം 8:46 ന് ലാൻഡ് ചെയ്തു. യാത്രയിലെ ഏറ്റവും അലോസരമായ ഒരു ഭാഗം ഇവിടെയായിരുന്നു. ഡാര്‍വിന്‍ എന്ന സ്ഥലത്തെ എയര്‍പോര്‍ട്ട് വളരെ ചെറുതാണ്. അതിനാല്‍ സാമൂഹിക അകലം പാലിക്കാനായി ചെറിയ ഗ്രൂപ്പുകളായാണ് എയര്‍പോര്‍ട്ടിലേക്ക് ആളുകളെ കൊണ്ടുപോയത്. അതുകൊണ്ട് തന്നെ വിമാനത്തിന്‍റെ ഏറ്റവും പിന്‍നിരയില്‍ ഇരുന്ന ഞങ്ങള്‍ക്ക് 3 1/2 മണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. കുഞ്ഞുങ്ങളുമായുള്ള ആ കാത്തിരിപ്പ് ഏറെ ദുഷ്ക്കരമായിരുന്നു. ഈ സമയം കൈയിലുണ്ടായിരുന്ന ഭക്ഷണപൊതികള്‍ വിശക്കാതിരിക്കാന്‍ ഞങ്ങളെ സഹായിച്ചു.

ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരുന്ന സമയത്താണ് ഞങ്ങളോടൊപ്പം യാത്രചെയ്തിരുന്ന ഒരു നാലു വയസ്സുകാരി കരഞ്ഞുകൊണ്ട് പിന്‍തിരിഞ്ഞോടിയത്. മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കുന്ന ഇമിഗ്രേഷന്‍ ഓഫീസേഴ്സിനെ കണ്ടപ്പോള്‍ അവര്‍ കോവിഡ്- പരിശോധനയ്ക്ക് ഇരിക്കുകയാണെന്നാണ് അവള്‍ കരുതിയത്. നാലു ദിവസത്തെ തുടര്‍ച്ചയായ പരിശോധനകള്‍ അത്രയും അവളെ ഭയപ്പെടുത്തിയിരുന്നു. അതിനെല്ലാം ശേഷം ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് അടുത്ത പ്രശ്നം. ഞങ്ങളുടെ ഒരു ബാഗ് എയര്‍പ്പോര്‍ട്ടിലെ ഡ്രഗ് ഡിറ്റക്റ്റ് ചെയ്യുന്ന പട്ടി മണത്തു അതിനാല്‍ ആ ബാഗ് മുഴുവന്‍ തുറന്നു കാണിക്കേണ്ടിയിരുന്നു. ബാഗില്‍ ഇരുന്ന ഹോമിയോ മരുന്നിന്‍റെയാണോ അതോ ഉണക്കച്ചെമ്മീന്‍റെയാണോ (മലയാളിയുടെ ഒരു ഇഷ്ടം) മണം പട്ടിക്ക് കിട്ടിയത് എന്നറിയില്ല. എന്തായാലും ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷം സര്‍വ്വസാധനങ്ങളോടും കൂടി ഞങ്ങളെ വിട്ടയച്ചു. അങ്ങനെ ഒരു മണിക്കൂര്‍ കൂടി വിമാനത്താവളത്തിൽ താമസിച്ചു. ശേഷം ഞങ്ങളെ ബസിൽ ഞങ്ങള്‍ താമസിക്കുന്ന ഹൊവാർഡ് സ്പ്രിങ്സ് എന്ന ഡാര്‍വ്വിനിലെ ക്വാറന്റീന്‍ സെന്‍ററില്‍ എത്തിച്ചു.

മെൽബണിൽ ലോക്ഡൗണിനിടയിൽ കുഞ്ഞുമായി പുറത്തിറങ്ങിയ വീട്ടമ്മയോടു കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചു സംസാരിക്കുന്ന പൊലീസ്.
മെൽബണിൽ ലോക്ഡൗണിനിടയിൽ കുഞ്ഞുമായി പുറത്തിറങ്ങിയ വീട്ടമ്മയോടു കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചു സംസാരിക്കുന്ന പൊലീസ്.

ബസില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേതന്നെ ഒരു മെഡിക്കല്‍ ടീം തന്നെ ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബസിനുള്ളിലേയ്ക്ക് വന്നു. വളരെ കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം അവ പാലിക്കാതിരുന്നാല്‍ 5056 ഓസ്ട്രേലിയൻ ഡോളർ ഫൈന്‍ ലഭിക്കുമെന്ന് ഞങ്ങളോട് പറയുകയും ചെയ്തു. അവിടെ നിന്നും ഞങ്ങളുടെ ബാഗുകളും ട്രോളികളിലും കയറ്റി ഞങ്ങള്‍ നടപ്പാരംഭിച്ചു. കുറെ ഏക്കറുകളില്‍ പരന്നു കിടക്കുന്ന തടികൊണ്ടുള്ള ക്യാബിനുകള്‍ പോകുന്ന വഴിയിലെല്ലാം മറ്റു വിമാനങ്ങളില്‍ നേരത്തെ അവിടെ എത്തിയവരെ കാണാം. നമ്മുക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേയ്ക്കല്ലാത്ത വഴികളെല്ലാം ബന്ധിച്ചിരുന്നു. ഒരു മണി നേരത്തെ കനത്ത ചൂടില്‍ ഏറെ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ മുറികള്‍ക്ക് മുന്നിലെത്തി. നാലു മുറികള്‍ ഉള്ള ഒരു ക്യാബിന്‍ ഞങ്ങള്‍ക്കും കിട്ടി. മുന്നില്‍ നീളമുള്ള വരാന്ത. പ്രകാശപൂര്‍ണ്ണമായ അന്തരീക്ഷം. 

മുറിയില്‍ ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം, കാപ്പി, ചായ, പഞ്ചസാര പായ്ക്കറ്റുകള്‍, ബക്കറ്റ്, വേസ്റ്റ് ബിൻ, ബ്രഷ്, ഡസ്റ്റ് പാൻ, തുണി അലക്കാനുള്ള ഡിറ്റര്‍ജന്‍റ്, സാനിറ്റൈസര്‍ തുടങ്ങി സ്നാക്സ് വരെ എല്ലാം ക്രമീകരിച്ചിരുന്നു. കൂടാതെ ഫ്രിഡ്ജ്, കെറ്റില്‍ എന്നിവയും എല്ലാ മുറികളിലും ഉണ്ടായിരുന്നു. പിന്നീടുള്ള സമയങ്ങള്‍ പ്രതീക്ഷിച്ചതുപോലെ അതി ദുഷ്കരമായിരുന്നില്ല. നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നമുക്ക് വരാന്ത ഉപയോഗിക്കാം. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഓടി നടക്കാം. നാലു മുറികള്‍ ഉള്ളതിനാല്‍ കിടപ്പു മുറി, ഭക്ഷണ മുറി, ഓഫീസ്, സ്റ്റോറേജ് അങ്ങനെ തരംതിരിച്ചാണ് ഉപയോഗിക്കുന്നത്. ശുദ്ധവായു ശ്വസിച്ചു, മറ്റു ആളുകളുമായി സംവദിച്ചും, കുട്ടികളെ പഠിപ്പിച്ചും, ഓഫീസ് ജോലികള്‍ ചെയ്തു വളരെയധികം തിരക്കായി തന്നെ ക്വാറന്റീന്‍ ദിവസങ്ങള്‍ നീങ്ങുന്നു. എല്ലാ ദിവസവും ഇവിടെ മിക്കവാറും എല്ലാവരെയും വിളിച്ചുണര്‍ത്തുന്നത് ഇവിടുത്തെ ഹെല്‍ത്ത് ടീം ആണ്. രാവിലെ 8.30 മണി ആകുമ്പോള്‍ ശരീര താപനില പരിശോധിക്കാൻ അവര്‍ എത്തും. 14 ദിവസങ്ങളില്‍ മൊത്തം 3 പ്രാവശ്യം കോവിഡ് ടെസ്റ്റുകള്‍ ഉണ്ട്. 2 എണ്ണം കഴിഞ്ഞു. ഇനി 1 കൂടി ബാക്കിയുണ്ട്. 

എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിയോടെ ഇവിടുത്തെ ജോലിക്കാര്‍ ഞങ്ങള്‍ക്ക് ഭക്ഷണപൊതികള്‍ എത്തിക്കും നേരത്തെ തന്നെ നമ്മള്‍ പൂരിപ്പിച്ചുകൊടുത്ത ക്രമപ്രകാരം വെജ്, നോണ്‍ വെജ്, ബേബി ഫുഡ്, കിഡ്സ് മീല്‍ എന്നിവയില്‍ നിന്ന് നമ്മള്‍ ആവശ്യപ്പെട്ട ഭക്ഷണക്രമത്തിലുള്ളവ നമുക്ക് ലഭിക്കും. ഓരോ വ്യക്തിക്കും അവരുടെ പ്രത്യേക പൊതികളിലാണ് ഭക്ഷണം നല്‍കുന്നത്. അത്താഴത്തിന് ഒരു ചൂടന്‍ പൊതി, പിന്നെ പ്രാതലിന് ബണ്‍, സാന്‍ഡ്‌വിച്ച് മുതലായവ. ഉച്ചഭക്ഷണം മിക്കവാറും ഒരു കോള്‍ഡ് സാലഡായിരിക്കും. എല്ലാത്തിനും മുകളില്‍ അതിന്‍റെ പേരുകളും, അതിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ ഭക്ഷണം മിക്കവാറും ചൂടു പോകുന്നതിനു മുന്നേ എല്ലാ ദിവസവും ഞങ്ങള്‍ കഴിക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ എല്ലാ ദിവസവും ഞങ്ങള്‍ക്ക് ചോറും ദാല്‍കറിയും കോപ്ലിമെന്‍റായി കിട്ടിയിരുന്നു.

രാവിലത്തെയും ഉച്ചത്തെയും ഭക്ഷണം വൈകുന്നേരം തന്നെ കൃത്യമായി മുറിയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെയ്ക്കണം. പിന്നെ രാവിലത്തെ തണുത്ത ഭക്ഷണവുമൊക്കെ ബ്രെയ്ക്ക് ഫാസ്റ്റും കഴിക്കാനിരിക്കുമ്പോള്‍, ചൂടുചൂടായി ദോശയും, ഇഡലിയും ചപ്പാത്തിയുമൊക്കെ എണ്ണം പറഞ്ഞും ചൂടുചോറും മീന്‍ വറുത്തതുമൊക്കെ തിന്നിരുന്ന ഞങ്ങളുടെ മുഖത്തെ ഭാവം പച്ചാളം ഭാസിക്കും മേലെയായിരിക്കും. എന്തു ചെയ്യാന്‍ വിശപ്പിന്‍റെ വിളിയെ പ്രതിരോധിക്കാന്‍ മറ്റെന്തു മാർഗം. സ്നാക്ക് പാക്കുകളില്‍ അവര്‍ നല്‍കിയ കപ്പ് ന്യൂഡില്‍സ് പലപ്പോഴും കുട്ടികളുടെ ഉച്ച ഭക്ഷണമാണ് എന്നു പറയാതെ വയ്യ. കൂടാതെ ഞങ്ങള്‍ ഇന്ത്യയില്‍ നിന്നു കൊണ്ടു വന്ന ഡീ ഹൈഡ്രേറ്റഡ് ബിരിയാണി, ലെമണ്‍ റൈസ്, ടാമറിന്‍ഡ് റൈസ് തുടങ്ങിയവയും ഞങ്ങളുടെ പലനേരത്തെയും രക്ഷകരായി. എന്നാലും ഇതൊരു ഓസ്ട്രേലിയന്‍ ജീവിതക്രമവുമായി ഇണങ്ങിച്ചേരാനുള്ള ഒരു പരിശീലനമായി ഞങ്ങള്‍ കണക്കാക്കുന്നു.

Flight-Representational-image

അതിനാല്‍ തന്നെ, ഇതൊന്നും ഞങ്ങളെ തളര്‍ത്തുന്നില്ല എന്നു വേണം പറയാന്‍. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിന്‍റെ അധികൃതര്‍ എത്ര വൃത്തിയായാണ് ഇവിടുത്തെ പരിസരങ്ങള്‍ സൂക്ഷിക്കുന്നത് എന്നാണ്. രണ്ട് ക്യാബിനുകള്‍ക്ക് ഒരു വെയ്സ്റ്റ് ബിന്‍ എന്ന ക്രമത്തിലും അവര്‍ നല്‍കിയിട്ടുണ്ട്. കൃത്യമായി എല്ലാ ദിവസവും രാവിലെ തന്നെ അവ ജോലിക്കാര്‍ വന്നു കാലിയാക്കും. അതുകൊണ്ട് തന്നെ അലക്ഷ്യമായി ഒരു തുണ്ടു കടലാസ് പോലും മൂവായിരത്തോളം ആള്‍ക്കാര്‍ താമസിക്കുന്ന ഈ സ്ഥലത്ത് നമ്മള്‍ക്ക് കാണാന്‍ സാധിക്കുകയില്ല. മറ്റൊന്ന് ഇവിടെ താമസിക്കുന്ന ഓരോ ആളുകളും കൃത്യമായി തന്നെ അനാവശ്യമായി ഒന്നും വലിച്ചെറിയുന്നില്ല എന്നതാണ്. ഇതൊക്കെ കണ്ടപ്പോള്‍ പണ്ടെപ്പെഴോ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ സ്ഥലങ്ങളുടെ വാര്‍ത്ത ടിവിയില്‍ കണ്ടത് ഓര്‍മ്മ വന്നു. വൃത്തിയുള്ളവര്‍ എന്നു സ്വയം ഉള്‍പുളകം കൊള്ളുന്ന മലയാളി എത്ര വൃത്തിഹീനമായിട്ടാണ് ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സാഹചര്യത്തിലും നമ്മള്‍ താമസിക്കുന്ന ഇടങ്ങളില്‍ പെരുമാറുന്നത്. കോവിഡ് പോലത്തെ രോഗത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും അധികൃതര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ എത്ര അലക്ഷ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നത്.

എല്ലാ മുറികളുടെയും വാതലുകളില്‍ മെഡിക്കല്‍, നോണ്‍-മെഡിക്കല്‍ എമര്‍ജന്‍സി നമ്പറുകളും കൂടാതെ വാതില്‍ തുറക്കുമ്പോള്‍ മാസ്ക്ക് ധരിക്കണമെന്ന നിര്‍ദ്ദേശവും കൃത്യമായി എഴുതി ഒട്ടിച്ചിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി അതതു നമ്പറുകളില്‍ വിളിച്ചാല്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി അതതു നമ്പറുകളില്‍ വിളിച്ചാല്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭിക്കുകയും ചെയ്തിരുന്നു.

ഞാന്‍ ഇത് എഴുതി തീരുമ്പോള്‍ ഞങ്ങളുടെ 14 ദിവസത്തെ ഇവിടുത്തെ വാസം കഴിയാറായി. ഞങ്ങള്‍ ഏറെ കാത്തിരുന്ന ആ 14-ാമത്തെ ദിവസം അങ്ങനെ ആഗതമായി. എന്നിരുന്നാലും ഞങ്ങള്‍ ഇവിടുത്തെ ദിവസങ്ങള്‍ നന്നായി ആസ്വദിച്ചു. നല്ല കുറെ സുഹൃത്തുക്കളെയും ശിഷ്ടകാലത്തേക്ക് ലഭിച്ചു എന്നതും പറയാതെവയ്യ. ഓസ്ട്രേലിയയുടെ മറ്റു പല ഭാഗത്തേക്കുമായി ജീവിത തിരക്കുകളിലേക്ക് ഒഴുകി ഇറങ്ങാന്‍ എല്ലാവരും യാത്രയായിരിക്കുകയാണ്. നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ ഞങ്ങളെ ബസ്സുകളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഇവിടെ നിന്നും എത്തിക്കും. 14 - ദിവസത്തിനു ശേഷം ഇവിടുത്തെ ജോലിക്കാര്‍ ഞങ്ങളെ മാസ്ക്കുകളില്ലാതെ ആദ്യമായി സന്ദര്‍ശിച്ചു. എല്ലാവരും പരസ്പരം യാത്രകള്‍ പറഞ്ഞും അധികൃതര്‍ക്ക് നന്ദി പറഞ്ഞും അവരവരുടെ തീരങ്ങളിലേയ്ക്ക് മടങ്ങുന്നു. കൃത്യമായ ഇടവേളകളില്‍ ഞങ്ങളെ സന്ദര്‍ശിച്ചിരുന്ന ഓസ്ട്രേലീയന്‍ പോലീസ് ഉദ്യോഗസ്ഥരും പട്ടാളവുമൊക്കെ ഇന്നും പെട്രോളിങ്ങിനു വന്നു പോയി. അവരും ഞങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരാന്‍ മറന്നില്ല. ഇനിയും മൂന്നു ദിവസത്തിനുശേഷം എല്ലാവരും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി.

അന്യ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നവര്‍ മുന്‍കൂറായി ആ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രി പെര്‍മിഷനുകള്‍ മുന്‍കൂട്ടി ലഭിച്ചതിനുശേഷമാണ് യാത്ര ആരംഭിച്ചത്. കൂടാതെ അവര്‍ പറയുന്ന മറ്റു ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ എത്തിയതിനു ശേഷവും പാലിക്കേണ്ടാണ്. ഓസ്ട്രേലിയ പോലെ വിശാലവും, സമ്പന്നവും അത്രതന്നെ ജനനിബിഡവുമല്ലാത്ത ഒരു രാജ്യത്തിന് ഇത്തരത്തിലുള്ള നിയമങ്ങള്‍ അനുശാസിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടതില്ല എന്നതും പറയാതെവയ്യ. അതിന്‍റെ ഫലമെന്നോണം ഇപ്പോഴും കൊറോണ എത്തിപ്പെടാത്ത സംസ്ഥാനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ഇന്ത്യപോലെ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, അത്രതന്നെ സമ്പന്നമല്ലാത്ത രാജ്യത്ത് ഇത്തരത്തിലുള്ള നിയമ സാധ്യതകള്‍ അപ്രാപ്യവുമാണ്. എന്നിരുന്നാലും ഇന്ത്യയും, കേരളവുമൊക്കെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഏറെ പ്രതീക്ഷകളുമായി മറ്റൊരു പുത്തന്‍ അധ്യായം തുടങ്ങാന്‍ ഞങ്ങള്‍ ഇവിടെ നിന്നും യാത്രയാവുകയാണ് ശുഭ പ്രതീക്ഷകളോടെ ഹൊവാര്‍ഡ് സ്പ്രിങ്ങ്സില്‍ നിന്നും ജോമറ്റ് മാണി, മരിയ ജോമറ്റ്, ജോഫ്രിറ്റ് & ജോഷിന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com