ADVERTISEMENT

ടി.വി. സജിത് എന്ന കഥാകാരന്റെ എഴുത്ത് അടുത്തറിയുന്നത് ആദ്യമായാണ്. ‘ഭൂമി പിളരും പോലെ’ എന്ന കഥാസമാഹരത്തിന്റെ പേര് കേട്ടപ്പോൾത്തന്നെ കൗതുകം തോന്നി. ഹൃദയവിങ്ങൽ ആ പേരിൽത്തന്നെ മിടിക്കുന്നുണ്ടല്ലോ. ഇക്കാലത്ത് പുതിയ പുസ്തകങ്ങളെപ്പറ്റി ഏറ്റവും കൂടുതൽ അറിയുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. സജിത്തിന്റെ പുസ്തകവും അത്തരത്തിൽ അറിയുകയും കരഗതമാവുകയും ചെയ്തതാണ്.

'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരത്തിൽ പതിനഞ്ച് കഥകളാണുള്ളത്. ആധുനിക കാലത്തിന്റെ കയ്യൊപ്പുപോലെ ലളിതസുന്ദരമായ ഒരുപിടി കഥകൾ. സാഹിത്യ അലങ്കാരങ്ങളുടെ അനാവശ്യ തൊങ്ങലുകകൾ കൊണ്ടോ, മറച്ചുവയ്ക്കലുകളുടെ പുറംപൂച്ചുകൊണ്ടോ അമിതഭാരം ഏന്തുന്നതല്ല സജിത്തിന്റെ കഥകൾ. നേരും നെറിയും നേരായി അവതരിപ്പിച്ച് വായനക്കാരനെ വികാരത്തിന്റെ വേലിയേറ്റത്തിലേക്ക് വലിച്ചടുപ്പിക്കുവാനുള്ള ശ്രമമാണ് കഥാകാരൻ അനുവർത്തിച്ചിരിക്കുന്നത്.

തട്ടും തടവുമില്ലാതെ സാധാരണക്കാരന്റെ ഭാഷയിൽ എഴുതുക എന്നത് നമ്മുടെ ജനപ്രിയ എഴുത്തുകാർ കൈകൊണ്ടുവരുന്ന രീതിയാണ്. ബുദ്ധന്റെയും, യേശുവിന്റെയും ഉപമകളും കഥകളും പഞ്ചതന്ത്രം ഈസോപ്പ് സാരോപദേശ കഥകളും കുഞ്ഞുകുട്ടി അബാലവൃദ്ധജനങ്ങൾ നെഞ്ചോടുചേർക്കുന്നത് അതിൻറെ ലാളിത്യഭാവം കൊണ്ടല്ലാതെ മറ്റെന്താണ്?  ലളിതമായി എഴുതാൻ കഴിയുക എന്നത് കഥാകാരന്റെ വിശേഷകഴിവാണ്, കഴിവുകേടല്ല.

'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരത്തിലെ എല്ലാക്കഥകളും വായക്കാരോട് ചേർന്ന് നിൽക്കുന്നു. താൻ തന്നെ കഥാപാത്രമായിത്തത്തീരുന്ന അവസ്ഥയാണ് മിക്ക കഥാനുഭവത്തിൽനിന്നും വായനക്കാർക്കുണ്ടാവുക. പല കഥകളും ശക്തമായ എഴുത്തുഭാഷാകൊണ്ടും നാടകീയ രംഗങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്. മരണനത്തിന്റെ ആകുലതകൾ, ആക്രോശങ്ങൾ, ചാപല്യങ്ങൾ ഒക്കെ മിക്ക കഥകളിലും നിറഞ്ഞു നിൽക്കുകയാണ്. ചില കഥകൾ വല്ലാതെ മനസ്സിന്റെ ആഴങ്ങളിലേക്ക് കുടിയിരുത്തപ്പെടുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. 

'നഗ്നമാതൃത്വം' എന്ന കഥ കവളപ്പാറ പ്രകൃതി ദുരന്തത്തിന്റെ ഹൃദയഭേദകമായ പശ്ചാത്തലത്തിൽ, ഗർഭിണിയായ ഒരമ്മയുടെ പേടിപ്പെടുത്തുന്ന അനുഭവം വരച്ചിടുന്നു. കഥയിലെ പതിമൂന്നുകാരനായ മകന്റെ ഭീതിയുടെ മുഖം ഒരിക്കലും മറക്കാനാകാത്ത ചിത്രമായി ഉള്ളിൽ പതിഞ്ഞുപോകുന്നു. ഒരു ഡയറിക്കുറിപ്പിൽ നിന്നും വെളിവാകുന്ന ആത്മഹത്യയുടെ ചുരുളാണ് 'നിന്റെ മാത്രം സിലി' എന്ന കഥ. 'കുഞ്ഞിക്കാൽ കാണാൻ', 'ഭൂമി പിളരും പോലെ' തുടങ്ങിയ കഥകൾ സജിത്തിലെ കഥാകാരന്റെ ഭാവനയും ശൈലിയും നന്നായി ചിറകുവിടർത്തുന്നവയാണ്. ഈ കഥാസമാഹാരത്തിലെ മികച്ച രണ്ടുകഥകളാണ് ഇവ രണ്ടും. കഥകളിൽ ഉടനീളം വായനക്കാരനെ ആകാംക്ഷയിൽ നടത്തിക്കൊണ്ടുപോകുന്ന എഴുത്തുരീതി ഉണ്ടാകൂന്ന അനുഭൂതിയുടെ ഓളങ്ങൾ ഏറെ രസകരം. കഥകൾ വായിച്ചുതീരുന്നത് അറിയാത്ത രചനാസൗന്ദര്യം.

താൻ ജീവിക്കുന്ന പരിസരത്തെ ഒപ്പിയെടുക്കുകയാണല്ലോ ഓരോ കഥാകാരനും ചെയ്തുപോരുന്നത്. ഭാവനയും ഭാഷയുടെ സൗന്ദര്യവും കൂട്ടിക്കലർത്തി കുറിച്ചുവയ്ക്കുന്ന നേർക്കാഴ്ചകൾ നല്ല കഥകളായി വാഴ്ത്തപ്പെടുന്നു. അതുകൊണ്ടുതന്നെ വായനയിൽ ലവലേശം മടുപ്പുതോന്നാതിരിക്കുകയും താൻ കാണുന്ന കാഴ്ചകളോടും അനുഭവങ്ങളോടും അത്യന്തം നീതിപുലർത്തുകയും ചെയ്യുന്ന സജിത്തിന്റെ എഴുത്തുശൈലി ആകർഷണം ഉളവാക്കുന്നതാകുന്നു.  ഈ കഥാപുസ്തകത്തിലെ ഓരോ കഥകളും കേവലം കഥകൾക്കുവേണ്ടി മെനയപ്പെട്ടതല്ല, പിന്നെയോ അനുഭവങ്ങളിൽ ബീജസങ്കലനം നടന്ന് ഹൃദയത്തിൽ മനനം ചെയ്യപ്പെട്ട് വളർന്ന് ഉയിർപൂണ്ടതാകുന്നു.

വിരലിൽ എണ്ണാവുന്ന ന്യുനതകൾ ഉണ്ടെങ്കിലും കൈരളി ബുക്‌സിന്റെ 'കഥാവസന്തം' പരമ്പരയിൽ പുറത്തുവന്ന 'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരത്തിൽ വായനയെ നേരിന്റെ അനുഭവമാക്കിത്തീർക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. അതിനാൽത്തന്നെയാകണം ചുരുങ്ങിയ മാസങ്ങൾകൊണ്ട് പുസ്തകം മൂന്ന് പതിപ്പുകളിൽ എത്തിനിൽക്കുന്നത്.

ഭൂമി പിളരും പോലെ (കഥകൾ)

ടി.വി.സജിത് 

വില 100 രൂപ, പേജ് - 100 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com