sections
MORE

ആധുനിക ലോകത്ത് അതിജീവിക്കാൻ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക

innathe-chintha-vishayam-personal-relationship-with-god
SHARE

ലോകത്ത് ജനസംഖ്യ കൂടുന്നതിനൊപ്പം നേരായ മാർഗ്ഗത്തിലൂടെ ധന സമ്പാദനത്തിനുള്ള അവസരങ്ങൾ അധികമുണ്ടെങ്കിലും ചിലരെങ്കിലും കുറുക്കുവഴികൾ തേടുന്നത് കബളിപ്പിക്കപ്പെടുവാൻ മറ്റുള്ളവർ തയാറാവുന്നതുകൊണ്ടും കൂടുതലും കബളിപ്പിക്കപ്പെടുന്നവരിൽ ആവശ്യത്തിലധികം ധനമുള്ളതുകൊണ്ടുമാണ്. എന്നാൽ സത്യത്തിനെ എല്ലാക്കാലങ്ങളിലും മൂടിവയ്ക്കുവാൻ സാധിക്കില്ല എന്നതും വസ്തുത ആയതിനാൽ വഞ്ചനയും കപടതയും തൊഴിലും ഉപജീവനമാർഗ്ഗവുമായി തെരുഞ്ഞെടുത്തവർ ഒരുനാൾ പിടിക്കപ്പെടുകയും ചെയ്യുമെന്നത് അനുദിന ജീവിതത്തിൽ നിരന്തരം കാണപ്പെടുന്ന വസ്തുതയുമാണ്. അതിനാൽ തന്നെയാണ് കാലാകാലങ്ങളായി "സത്യത്തെ എല്ലാക്കാലങ്ങളിലും മൂടി വയ്ക്കുവാൻ സാധിക്കില്ല" എന്നും വീണ്ടുവിചാരമുള്ളവർ വിശ്വസിക്കുന്നത്. 

സ്വന്തം നിലയിൽ അഥവാ ജീവിത സാഹചര്യങ്ങളിൽ അപ്രാപ്യമായ കാര്യങ്ങൾ നേടുവാനും മറ്റുള്ളവരുടെ മുൻപിൽ കേമത്തം പ്രകടിപ്പിക്കുവാനുമാണ് കൂടുതലും മറ്റുള്ളവരെ വഞ്ചിക്കുവാൻ ശ്രമിക്കുന്നതെങ്കിലും ചില അവസരങ്ങളിൽ മറ്റുള്ളവരോട് പ്രതികാരം ചെയ്യുവാനും വഞ്ചിക്കുന്നുണ്ട്. സർവ്വവിജ്ഞാന കോശമായ ഗൂഗിളിൽ പരതിയാൽ ലഭിക്കുന്ന ഉത്തരം ഭാര്യാ ഭർത്താക്കന്മാർ അന്യോന്യം വഞ്ചിക്കുന്നതിന്റെ കാരണങ്ങളും പ്രതിവിധികളുമാണ്. വികസിത രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വഞ്ചനകളുണ്ടെങ്കിലും ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള വിശ്വാസമില്ലായ്മയാണ് അധിക പ്രസക്തിയുള്ളത്.

ദൃശ്യമാധ്യമങ്ങൾ അധികമില്ലാതിരുന്ന 1970 -കളിൽ പത്രങ്ങളിലൂടെ നിരവധി വ്യക്തികളെ കബളിപ്പിക്കുവാൻ മാത്രം പലരും പരസ്യങ്ങൾ നൽകിയിരുന്നു. അന്നാളുകളിൽ പോലും അൽപം സാമാന്യ ബോധം ഉണ്ടായിരുന്നവർ അകപ്പെട്ടുപോവുകയില്ലായിരുന്നു. പൊതു വിപണിയേക്കാൾ മൂല്യം കുറച്ച് വിൽപ്പനയ്ക്ക് വയ്ക്കുന്ന സാധന സാമഗ്രഹികൾ പലരിലും സന്ദേഹം ജനിപ്പിച്ചിരിന്നു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും അൽപംകൂടി ദൃഢമായിരുന്നതിനാലും  കൂടുതൽ ഇടപാടുകളും കൂടി ആലോചിച്ച് ചെയ്തിരുന്നതിനാലും കബളിപ്പിക്കൽ എളുപ്പവുമല്ലായിരുന്നു. എങ്കിലും ഒറ്റതിരിഞ്ഞു ജീവിക്കുന്നവരെ ചൂണ്ടയിടുവാൻ പലരും ശ്രമിച്ചിരുന്നു എന്നതിൽ സംശയവുമില്ല. 

ആധുനിക ലോകത്തിലുള്ള ആസൂത്രിതമായുള്ള കബളിപ്പിക്കൽ അന്നാളുകളിൽ ഉണ്ടായിരുന്നില്ല. അതായത് സാധാരണക്കാരിൽ വിശ്വസനീയത ഉറപ്പാക്കുവാനായി ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും സമൂഹത്തിൽ പ്രശസ്തരായ വ്യക്തികളെയും കൂട്ടുപിടിച്ചുള്ള കബളിപ്പിക്കൽ കുറവായിരുന്നു. 1970-കളിലും 80-കളിലും നിരന്തരമായി പത്രങ്ങളിൽ വന്നിരുന്ന ഒരു പരസ്യമായിരുന്ന വളരെ ലളിതമായ പദപ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് ബോംബെയിൽ നിന്നും റേഡിയോയും ടേപ്പ് റിക്കോർഡർ മുതലായവ സമ്മാനമായി നൽകുമെന്നത്. പ്രാഥമിക വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും നിസ്സാരമായി പരിഹരിക്കാവുന്ന പദപ്രശ്നങ്ങളിലൂടെ സമ്മാനങ്ങൾ കൊടുക്കുവാൻ ശ്രമിക്കുമ്പോൾ തന്നെ കബളിപ്പിക്കലാണെന്ന് മനസിലാവും. എന്നിരുന്നാൽ കൂടിയും പലരും അബദ്ധത്തിൽ പെട്ടുപോയിട്ടുണ്ട്, എന്നാൽ അവിടെയും അധിക സമ്പത്തുള്ളവരും പുറംമേനി നടിക്കുവാൻ ശ്രമിക്കുന്നവരുമാണ്  കബളിപ്പിക്കപ്പെട്ടത്.

മനുഷ്യരുടെ ഭൂമിയിലെ  ജീവിതത്തിന്റെ ആണിക്കല്ല് പരസ്പര വിശ്വാസമാണ്, ഭാര്യയും ഭർത്താവും അന്യോന്യം താങ്ങും തണലുമായി എക്കാലവും ജീവിക്കുമെന്ന വിശ്വാസം. മാതാപിതാക്കൾ കുട്ടികളെ ആഹാരവും വസ്ത്രവും നൽകി സംരക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം. അധ്യാപകർ വിദ്യാർഥികൾക്ക് നേരായ വിദ്യാഭ്യാസം നൽകുമെന്ന വിശ്വാസം. പൊലീസും പട്ടാളവും ഉൾപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണക്കാരുടെ ജീവനും സമ്പത്തും സംരക്ഷിക്കുമെന്ന വിശ്വാസം. രോഗി വൈദ്യനെ സമീപ്പിക്കുന്നത് ഗുണമേറിയ ചികിത്സ ലഭിക്കുമെന്ന വിശ്വാസത്തിലാണ്. സുഹൃത്തുക്കൾ തമ്മിൽ  ആനന്ദത്തിനായി മാത്രമല്ല ആപത്ത് വേളകളിൽ തണലാകുമെന്ന  വിശ്വാസവുമുണ്ട്. കർഷകർ ഭക്ഷണ യോജ്യമായ വസ്തുക്കൾ മാത്രം ഉത്പാദിപ്പിക്കുമെന്ന വിശ്വാസം ഉപഭോക്താക്കളിൽ നിറഞ്ഞു നിൽക്കുന്നു. കച്ചവടക്കാരും വ്യവസായികളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില മാത്രം ഈടാക്കുമെന്ന വിശ്വാസം. രാഷ്ട്രീയ നേതൃത്വവും സാമൂഹിക പ്രവർത്തകരും സത്യസന്ധമായി വർത്തിക്കുമെന്ന വിശ്വാസം. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുന്നത് പോലും ആത്മാർഥമായും സമയബന്ധിതമായി ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുമെന്ന വിശ്വാസത്തിലാണ്. അധികവും അനിശ്ചതങ്ങൾ നിറഞ്ഞ ലോകത്തിൽ മനുഷ്യർ ജീവിക്കുന്നത് അന്യോന്യമുള്ള പരസ്പര വിശ്വാസത്തിൽ മാത്രമാണ്. എന്നാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ വിശ്വാസത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ മനുഷ്യർക്ക് കേവലം സാമ്പത്തിക നഷ്ടം മാത്രമല്ല, അവരുടെ ജീവിത പ്രതീക്ഷകൾക്കാണ് മങ്ങലേൽക്കുന്നത്. മനുഷ്യരിൽ അന്യോന്യമുള്ള വിശ്വാസം നഷ്ടപ്പെടുക എന്നാൽ ലോകത്തിൽ ഇതുവരെയുള്ള എല്ലാ ഭരണ സംവിധാനങ്ങളും നിലച്ചു പോവുകയോ തകർന്നു പോവുകയോ ചെയ്യുന്നതിന് തുല്യമാണ്.

കൂട്ടുകച്ചവടം അഥവാ പല വ്യക്തികൾ ചേർന്ന് വ്യവസായ സംരംഭങ്ങളും കച്ചവട സ്ഥാപനങ്ങളും തുടങ്ങുകയും വിജയകരമായി നടത്തിക്കൊണ്ട് പോവുന്നതും സാധാരണമാണ്. എന്നാൽ അവിടെയും വ്യക്തികൾ തമ്മിലുള്ള വിശ്വസനീയതയാണ് പ്രവർത്തനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം. പ്രാചീന കാലങ്ങളിൽ വ്യക്തികളുടെ വാക്കുകളിൽ വിശ്വസനീയത നിഴലിച്ചിരുന്നെങ്കിലും ആധുനിക യുഗത്തിൽ എഴുതി തയാറാക്കിയ ഉടമ്പടികൾ കോടതികളുടെ മധ്യസ്ഥതയിൽ അംഗീകരിപ്പിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നതും സാധാരണമാണ്. അതായത് ലോകം വളർന്നപ്പോൾ മനുഷ്യരുടെ വാക്കുകളിലെ വിശ്വസനീയത നഷ്ടപ്പെട്ടെന്ന് മാത്രമല്ല കൂട്ടുകച്ചവടങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ തമ്മിലുള്ള കരാറുകൾ ലംഘിക്കപ്പെടാതിരിക്കുവാൻ  എല്ലാ മുൻകരുതലുകളുമെടുക്കുന്നു.

ലോകം വളർന്നപ്പോൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എഴുതി തയാറാക്കിയ കരാറുകൾ സർവ്വ സാധാരണമായി മാറിയിരിക്കുന്നത് വ്യക്തികൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്. വ്യക്തികളുടെ വാക്കുകളിലെ മൂല്യം നഷ്ടപ്പെടുവാൻ വിവിധങ്ങളായ കാരണങ്ങളുമുണ്ട്,  നിയമ സംവിധാനങ്ങളുടെ വളർച്ചയും, സാഹചര്യങ്ങളിലെ വ്യതിയാനങ്ങളും, വികാര വിചാരങ്ങളുടെ ഏറ്റക്കുറച്ചിലുകളും സമൂഹത്തിൽ നിറയുന്ന അനിശ്ചിതങ്ങളും ചിലതെല്ലാം മാത്രമാണ്. പ്രമുഖ മനഃശാസ്ത്രജ്ഞരുടെ പഠനങ്ങളിൽ നിന്നും തെളിയുന്നത് വാഗ്‌ദാനങ്ങൾ പാലിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കാതെ വരുന്നതിന്റെ പ്രധാന കാരണം മനുഷ്യർക്ക് സത്യാവസ്ഥകളെ അംഗീകരിക്കുവാനുള്ള മടികൊണ്ടാണ്. മനുഷ്യരുടെ നിയന്ത്രണത്തിൽ അല്ലാത്ത ബാഹ്യമായ നിരവധി സാഹചര്യങ്ങളെയും ഘടകങ്ങളെയും കുറ്റപ്പെടുത്തുവാൻ ശ്രമിക്കുമെങ്കിലും, തനിക്ക് അനിഷ്ടമായ സത്യത്തെ അഥവാ അവസ്ഥകളെ മനുഷ്യർ ഭയപ്പെടുകയാണ് എന്നതും യാഥാർഥ്യമാണ്.

മനുഷ്യരുടെ പ്രാകൃതമായ ജന്മവാസന അഥവാ സഹജാവബോധ്യമായ സ്വാർഥത വെടിയുവാൻ പലരും തയാറാവുന്നില്ല എന്നതും മനുഷ്യരിലെ മൃഗീയതയുടെ സാക്ഷ്യ പത്രമായും ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. മനുഷ്യരോടെക്കാലവും സഹവസിച്ചിരുന്ന മതങ്ങൾക്കും മനുഷ്യന്റെ സ്വാർഥ താൽപര്യങ്ങളെ മറികടക്കുവാൻ സാധിച്ചില്ല എന്നതിലുപരി ചില മതങ്ങളെല്ലാം മനുഷ്യരുടെ ഈ നീചമായ വാസനയെ ദുരുപയോഗം ചെയ്യുന്നുമുണ്ട്. അധിക കാലപ്പഴക്കമില്ലാത്ത ശാസ്ത്രത്തിനും മനുഷ്യന്റെ സ്വാർഥതാൽപര്യങ്ങളെ മറികടക്കുവാനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ ചിലർ അവരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുവാൻ ശ്രമിക്കുന്നുമുണ്ട്. ലോകത്തിൽ നിലനിൽക്കുന്ന ജാതിമത വിശ്വാസങ്ങളെല്ലാം ഒറ്റപ്പെട്ട പ്രാകൃത മനുഷ്യരെ അന്യോന്യം സഹകരിച്ചു ജീവിക്കുന്ന സാമൂഹിക മനുഷ്യരാക്കുവാൻ വികസിപ്പിച്ചെടുത്തതാണെന്ന യാഥാർഥ്യം മനുഷ്യരെ ഉൽബോധിപ്പിക്കേണ്ടതും അനിവാര്യമാണ്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരേ മനുഷ്യരിൽ നിന്നും ഉത്ഭവിച്ചതാണെന്ന് പ്രഘോഷിക്കുന്ന പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നതിനൊപ്പം മനുഷ്യരുടെ രൂപസാദൃശ്യങ്ങളിലെ വൈവിധ്യത അതിജീവനത്തിന്റെ മാതൃകകൾ മാത്രമാണെന്നും അനുദിനം ഓർമ്മിപ്പിക്കുമ്പോൾ പലരും വിശാലമായി ചിന്തിക്കുവാൻ തുടങ്ങും.

കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് ചേക്കേറിയ മനുഷ്യർ പ്രായോഗികമായി ചിന്തുക്കുന്നവരെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്. അണുകുടുംബങ്ങളിൽ ഭാര്യാ ഭാർത്താക്കന്മാർക്ക് ആവശ്യമായ സ്വകാര്യതയും സ്വാതന്ത്രവും  ലഭിക്കുമെങ്കിലും കുട്ടികളുടെ ലോകം ചുരുങ്ങിപ്പോവുകയാണ്. വികസിത രാജ്യങ്ങളിലെ കുട്ടികൾ മറ്റ് കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനായി ആഴ്ചയിൽ ഒന്നോ രണ്ടോ 'സ്ലീപ്പോവർ' സംഘടിപ്പിക്കുന്നത് അൽപമെങ്കിലും ഗുണം ചെയ്യുന്നുണ്ട്. തങ്ങളുടെ മാത്രമായ കളിപ്പാട്ടങ്ങളും ആഹാരപാനീയങ്ങളും പങ്ക് വയ്ക്കുവാൻ പഠിക്കുന്നതിലൂടെ സ്വാർഥതയെ അകറ്റി നിർത്തുവാനുള്ള ആദ്യ പാഠങ്ങൾ നേടുകയാണ്. എന്നാൽ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിലൂടെ അതിലും പതിന്മടങ്ങായി അവർക്ക് ലഭിക്കുന്നത് അറിവാണ്, സ്വതന്ത്രമായ ആശയവിനിമയത്തിലൂടെ ലഭിക്കുന്ന അറിവുകൾ. ജീവിതത്തിൽ ഏതെല്ലാം തരത്തിലുള്ള വ്യക്തികളെ ആശ്രയിക്കുവാൻ സാധിക്കുമെന്ന് അറിയുവാൻ പോന്ന പാഠങ്ങൾ.  എങ്കിൽ പോലും ആധുനിക ലോകത്തിൽ നിറഞ്ഞിരിക്കുന്ന കപടചിന്താഗതികളിൽ നിന്നും രക്ഷ നേടുവാനായി ധാരാളം അറിവും അനുഭവങ്ങളും പിന്നീടുള്ള ജീവിതത്തിലും നേടെണ്ടതായുണ്ട്. 

സ്ഥിരതയുള്ളവർ വിശ്വാസയോഗ്യരാണ്. എല്ലാ ജീവിത മേഖലകളിലും സ്ഥിരതയോടുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികൾ. കാലത്തിനൊത്ത് കോലം മാറേണ്ടത് ജീവിത വിജയത്തിന് അനിവാര്യമാണെങ്കിലും അടിസ്ഥാന വ്യക്തിത്വങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യതകളുണ്ടാവുന്നില്ല. അതിനാൽ തന്നെ അനാവശ്യമായി ചിന്താഗതികളിലും പ്രവർത്തന ശൈലികളിലും ജീവിത രീതികളിലും മാറ്റങ്ങൾ വരുത്തുന്ന വ്യക്തികൾ പൂർണ്ണമായും വിശ്വാസ യോഗ്യരല്ല. വ്യക്തി ബന്ധങ്ങളിൽ അന്യോന്യം സഹായകരാവുന്നതും സംരക്ഷകരാകുന്നതും സ്വാഭാവികമാണ് എന്നാൽ ബന്ധങ്ങളിൽ അനാവശ്യമായതും അനുയോജ്യമല്ലാത്ത മേഖലകളിലേയ്ക്ക് വഴുതിപ്പോവാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ബന്ധങ്ങളിൽ അനുകമ്പാ മനോഭാവം പുലർത്തുന്നവർ വിശ്വാസ യോഗ്യതയുള്ളവരാണ്. സഹജീവികളോടുള്ള സഹാനുഭൂതി അഥവാ അനുകമ്പാ മനോഭാവങ്ങൾ പുലർത്തുന്ന വ്യക്തികളിൽ ഉയർന്ന ജീവിത നിലവാരങ്ങളും സമ്മർദ്ദങ്ങളെ അതിജീവിക്കുവാനുള്ള ശേഷിയും കൂടുതലായി കാണുന്നുണ്ട്. മറ്റുള്ളവരുടെ വേദനകളും ബുദ്ധിമുട്ടുകളും ഉൾകൊള്ളുന്നവർക്ക് സ്വന്തം ജീവിതത്തിലുണ്ടാവുന്ന വീഴ്ചകൾ എളുപ്പത്തിൽ അതിജീവിക്കുവാൻ സാധിക്കുമെന്നതും വസ്തുതയാണ്. ജീവിതത്തിൽ അനുകമ്പയുള്ള വ്യക്തികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നവരാണ്.   സഹാനുഭൂതി വാക്കുകളിൽ ഒതുക്കാതെ പ്രവർത്തനങ്ങളിൽ പ്രകടിപ്പിക്കുമ്പോൾ കൂടുതൽ ഫലപ്രദമായി മാറുന്നതും സ്വാഭാവികമാണ്.വ്യക്തി ബന്ധങ്ങൾ ആഘോഷവേളകളിൽ മാത്രമൊതുങ്ങുമ്പോൾ ബന്ധങ്ങളുടെ ആഴങ്ങൾ തിരിച്ചറിയാതെ വരും എന്നാൽ എല്ലായ്പ്പോഴും കൂട്ടിനെത്തുന്നത് അനുകമ്പയുള്ള ബന്ധുക്കൾ മാത്രമാണ്.

നടുവ് നിവർത്തി കണ്ണുകളിലേയ്ക്ക് നോക്കി സംസാരിക്കുന്നവരും വിശ്വസനീയരാണ്. വാക്കുകളിലൂടെ  വ്യംഗ്യാർത്ഥങ്ങൾ പ്രകടിപ്പിക്കുവാൻ സാധിക്കുന്നതിനാൽ ചില അവസരങ്ങളിൽ ആശങ്കാ ജനകമാണ്.  എന്നാൽ പ്രത്യക്ഷത്തിലുള്ള ശരീര ഭാഷയിലും വിശ്വസനീയമായ വ്യക്തിത്വങ്ങളെ തിരിച്ചറിയുവാൻ സാധിക്കും. നൽകുന്ന സന്ദശങ്ങളിലെ വ്യക്തത ബന്ധങ്ങളെ ശക്തിപ്പെടുത്തുമെങ്കിലും സന്ദേശങ്ങൾ നൽകുന്ന വ്യക്തിയുടെ ശരീര ഭാഷ ബന്ധങ്ങളെ ഊഷ്മളമാക്കുന്നവയുമാണ്. അതിനാൽ തന്നെ മനസ്സിൽ അധികം  ഊർജ്ജമുള്ള  വ്യക്തികളുടെ ശരീരത്തിലും അതെ ഊർജ്ജം പ്രകടമാവുമ്പോൾ ശരീരത്തിലും പ്രസരിപ്പുളവാകും. എല്ലാ അവസരങ്ങളിലും നൽകുന്ന സന്ദേശങ്ങളെക്കാൾ പ്രാധാന്യം പിന്നണിയിലുള്ള ഉദ്ദേശ ശുദ്ധിയിലും സന്ദേശം നല്കുന്നവരിൽ നിറയുന്ന ചേതോവികാരങ്ങളിലുമാണ്. വഞ്ചനാ  മനോഭാവമുള്ള വ്യക്തികളിൽ സ്വാഭാവികമായും ശോഷിച്ച ആൽമവിശ്വാസം നിറയുമ്പോൾ ശരീരത്തിന് ബലക്ഷയമുണ്ടാകും.

കാര്യപ്രാപ്തിയുള്ള വ്യക്തികളും വിശ്വസനീയത അധികമുള്ളവരാണ്. സമൂഹത്തിൽ സകല കലാവല്ലഭന്മാർ അധികമില്ലെങ്കിലും മറ്റുള്ളവരിൽ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്ന ധാരാളം വ്യക്തികളുണ്ട്. മനഃസാന്നിധ്യത്തോടെ പ്രശ്‍നങ്ങളെ അഭിമുഖീകരിക്കുവാൻ കഴിവുള്ളവരായതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പിന്തിരിഞ്ഞോടുന്നവരല്ല, അതിനാൽ തന്നെ കൂടെയുള്ളവരെ സംരക്ഷിച്ച് ചേർത്തു നിർത്തുന്നതും സ്വാഭാവികമാണ്. പൊതു വിജ്ഞാനത്തോടൊപ്പം സാങ്കേതിക ജ്ഞാനവും നേടിയ വ്യക്തികളായതിനാൽ എല്ലാ അവസരങ്ങളിലും തീരുമാനങ്ങൾ സ്വയമെടുക്കുകയും മറ്റുള്ളവർക്ക് അനുയോജ്യമായ ഉപദേശങ്ങൾ നൽകുവാൻ നിപുണതയുള്ളവരുമാണ്. എല്ലാത്തിനുപരി നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാതെ എല്ലാക്കാലങ്ങളിലും നിറവേറ്റുന്ന വ്യക്തികളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA