ADVERTISEMENT

വളരെ ലളിതമായ ഭാഷയിൽ അരികുകളിൽ വേദനയും ചിന്തകളിൽ ചോദ്യങ്ങളും അനീതിയ്ക്കു നേരെ ചൂണ്ടിയ വിരലുകളും അവിശ്വാസങ്ങൾക്കു നേരെയുള്ള ധാർഷ്ട്യവും സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ഒന്നിച്ചിണക്കിയ പത്തു കഥകളാണ് വെള്ളിയോടന്റെ ‘ബർസഖ്’ എന്ന സമാഹാരത്തിലുള്ളത്.

എല്ലായിടങ്ങളിലും ഉള്ള മനുഷ്യരെ ഒരുമിച്ചു കോർത്തിണക്കി താരതമ്യം ചെയ്തുള്ള പഠനങ്ങൾ പല കഥകളിലും വെളിവാകുമ്പോൾ, ലോകം ഒരു കുട കീഴിൽ ആണെന്ന് വായനക്കാരന്  തോന്നുന്ന കഥകൾ.

 

കഠിന മനസ്സിനെ പോലും പിടിച്ചുലക്കുന്ന വേദനയാണ് ബർസഖ് എന്ന കഥ. മാതൃത്വത്തിന്റെ നോവും വെമ്പലുകളും ഏറ്റു വാങ്ങാൻ കൊതിച്ച രണ്ടു സ്ത്രീ കഥാപാത്രങ്ങളുണ്ട് ഈ കഥയിൽ. ഒന്ന് ആയിസുമ്മ, പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരുടെ പ്രതിനിധി. മറ്റവൾ, അവൾ നമുക്കിടയിൽ ഉണ്ട്, സമൂഹത്തിന്റെ തമാശകളാൽ മുറിവേൽപ്പിക്കപെടുന്നവൾ. ഒരു കുഞ്ഞിന് വേണ്ടി സർവ്വത്യാഗങ്ങൾക്കും സന്നദ്ധമായ മനസ്സും ശരീരവും ഉള്ളവൾ. കഥയുടെ ഒടുക്കം  ഒരുവളുടെ മാറിടത്തിൽ അമ്മിഞ്ഞ കുടിച്ചു ഉറങ്ങേണ്ടിയിരുന്ന ഉണ്ണി ,നിത്യമായ ഉറക്കത്തിൽ ആയിസുമ്മയുടെ മാറിൽ മറയുമ്പോൾ, ആ ബർസഖിന്റെ ചിത്രം കഠിന വേദനയായി നമുക്കുള്ളിൽ കൂടു കൂട്ടുന്നു.

 

ഈ രണ്ടു കഥാപാത്രങ്ങളെ കൂട്ടിയിണക്കി കഥ കൂട്ടുമ്പോൾ, ആകാശത്തിലെ അജ്ഞാത പീഠത്തിലേക്കു കഥാകാരൻ ചോദ്യങ്ങൾ ഉതിർക്കുമ്പോൾ വായനക്കാരനും നോവുന്നു. ആ നോവിൽ അവരും  ചോദ്യങ്ങളുതിർക്കുന്നു , എന്ത് കൊണ്ട്? പാതിവഴിയിൽ ജീവൻ നഷ്ട്ടപെട്ടു കുഴിച്ചു മൂടപ്പെട്ട എത്ര കുഞ്ഞുങ്ങളുടെ നിലവിളി നമ്മുടെ കാഴ്ചയിലുണ്ട്, അവരെ ഇവർക്ക് നൽകിയിരുന്നെങ്കിൽ...! ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പും  അതിനു വേണ്ടിയുള്ള ചികിത്സകളും ആണ് ഈ കഥയിലെ ഉൾക്കഥ. ഈ വിഷയത്തോട് ചേർത്ത് നിർത്താവുന്ന  മറ്റു രണ്ടു കഥകൾ  കൂടിയുണ്ട്  ഈ പുസ്തകത്തിൽ. നിഴൽ ചിത്രങ്ങൾ, പൊക്കിൾ ക്കൊടിയിലേക്കു പരന്നൊഴുകുന്ന രക്തം.

 

ഇതിലെ മറ്റൊരു കഥയാണ് ഉമാജോ ഉവാസോ  ഉമാജോ ഉവാസോ, പെൺഗ്രാമം, അഥവാ  ആണധികാരമില്ലാത്ത രാജ്യം. വെള്ളപ്പട്ടാളം ഉടൽ കീറിയെറിഞ്ഞ ഒരു കൂട്ടം പെണ്ണുങ്ങളുടെ,  സംബുരുപെണ്ണുങ്ങളുടെ, കഥയാണിത്.  കീറി പോയ ഉടലുകൾ മാലിന്യക്കൂമ്പാരത്തിലേക്കു വലിച്ചെറിയാൻ നിൽക്കുന്ന ഭർത്താക്കന്മാരുടെ നേർചിത്രം. 

 

സ്ത്രീയെന്നാൽ ഉടലെന്നു കരുതുന്ന എല്ലാ നികൃഷ്ട ജീവികളോടുമുള്ള മറുപടിയാണ്  ഈ സംബുരു പെണ്ണുങ്ങൾ പടുത്തുയുർത്തുന്ന  ലോകവും അവരുടെ ഉയിർത്തെഴുന്നേൽപ്പും. ഓരോ പെണ്ണും യജമാനത്തിയാണിവിടെ. റെബേക്ക ഹൃദയം കൊണ്ട് ചിരിക്കുമ്പോൾ , ആ ചിരി വായനക്കാരനിലേക്കും നിറയുന്നു.  ഒരു പാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌ ഈ കഥ തുടക്കത്തിൽ. കുറെ ഉത്തരങ്ങൾ നൽകി   അവസാനിപ്പിക്കുന്നുമുണ്ട് .വിവേചനങ്ങൾ എന്തിന്റെ പേരിലായാലും ഇല്ലാതാവട്ടെ . ഇന്ത്യയിലെ ദേവയും ഉമാജോ ഉവാസോയിലെ റെബേക്കയും മുഴക്കുന്ന ശബ്‍ദം അത് സമത്വത്തിന്റെ സന്ദേശമാണ്.

 

അന്നജമെന്ന കഥയിൽ ശൂന്യമായ മൂന്നിടങ്ങൾ കാട്ടിത്തരുന്നുണ്ട് കഥാകൃത്ത്‌. കോവിഡ് കാലത്തെ പ്രതിസന്ധികൾ ശൂന്യമാക്കിയ മൂന്നിടങ്ങൾ.  വിമാനങ്ങൾ  ഇല്ലാത്ത ആകാശം, ആഹാരം നിറക്കാത്ത ഫ്രിഡ്ജ് , കത്തിയെരിയുന്ന വയർ. ആദ്യത്തെ  രണ്ടു കാരണങ്ങളാൽ മൂന്നാമത്തവൻ ഒഴിഞ്ഞു കിടക്കുന്നു . ക്രൂരമായ വിശപ്പ് അത് തന്നെയാണ് ഈ കഥയിലെ വിഷയം.  കോവിഡ് കാലത്തെ പ്രതിസന്ധികൾ മൂലം ആഹാരത്തിനലയുന്ന പ്രവാസി പുസ്തക കച്ചവടക്കാരൻ ഒടുക്കം ബിരിയാണിയെന്ന കഥാസമാഹാരം കടിച്ചു തിന്നു  വിശപ്പടക്കുമ്പോൾ നോവുകൾ മാത്രം അവശേഷിപ്പിച്ചു ചിന്തകൾക്ക് തിരി കൊളുത്താൻ എഴുത്തുകാരന് സാധിക്കുന്നു. ആഹാരം തുല്യമായി വീതിക്കപ്പെടണം.

 

ഉൾച്ചുവരുകൾ ,ലെബിസുലിത് എന്നീ കഥകൾ ഒരുമിച്ചു നോക്കുമ്പോൾ ,അനശ്വര പ്രണയത്തെ അടയാളപ്പെടുത്തുന്ന കഥയാണ് ലെബിസുലിത്. മനസ്സിലും രക്തത്തിലും അവൾ നിറഞ്ഞൊഴുകുമ്പോൾ ഫറൽ അവളെ കാണാൻ പുറപ്പെടുകയാണ്. സദാചാര കണ്ണുകൾ അവരെ ശിക്ഷക്ക്  വിധിച്ചു ചാട്ടവാറ്  കൊണ്ട്  അടിക്കുമ്പോൾ, ഈശ്വരനോട് പ്രാർത്ഥിക്കുകയാണ് പ്രണയമെന്ന വികാരം മനുഷ്യനിൽ നിന്ന് എടുത്തു കളഞ്ഞിരുന്നെങ്കിലെന്ന് .

 

ഉൾച്ചുവരുകൾ എന്ന കഥയിൽ അവൾ വിലപിക്കുകയാണ്, പങ്കു വെക്കപ്പെടേണ്ടതിൽ പ്രധാനപ്പെട്ടത് അയാളുടെ ഹൃദയമായിരുന്നു, അയാൾ അത് തനിക്ക് തന്നില്ല പിന്നെ എങ്ങനെ സ്വത്തുക്കൾ ? കാൻസർ വിരൂപമാക്കിയ അവളുടെ ശരീരവും ജീവിതവും ഉപേക്ഷിച്ചു അയാൾ മടങ്ങുമ്പോൾ ഈശ്വരനോട് പ്രാർത്ഥിക്കുകയാണ് പ്രണയമെന്ന വികാരം മനുഷ്യനിൽ നിന്ന് എടുത്തു കളയരുതേയെന്ന്. അത് ശരീരത്തിന് വേണ്ടിയോ പുറം മോടികൾക്കു വേണ്ടിയോ  മാത്രമാകരുതേയെന്നും.

 

പാഞ്ചാലീ സ്വയംവരത്തിൽ തവളയെ കൂട്ടു പിടിച്ചു പെണ്മനസ്സിനെ അളക്കാൻ കഥാകാരൻ ശ്രമിക്കുന്നു. ഒപ്പം ശാസ്ത്ര പഠനങ്ങളെയും കൂട്ട് പിടിക്കുന്നു .

ആകാശത്തോളം പറക്കാൻ കൊതിച്ച്  സ്വപ്‌നങ്ങൾ കരിഞ്ഞു പോയവരെ അടയാളപ്പെടുത്തുന്ന കഥകളാണ് ആകാശചിറകുകൾ, അണ്ടർ 19  എന്നീ  കഥകൾ .

ജനങ്ങളുടെ പ്രസിഡന്റുമായി സംസാരിക്കുന്ന ആകാശ ചിറകുകളിലെ  അവൻ. മാധ്യമങ്ങളിലെ  നുണക്കഥകൾ, പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ കച്ചവടക്കണ്ണുകൾ, വരണ്ട ക്യാമ്പസ് എന്നിങ്ങനെ അവൻ പങ്കുവെക്കുന്ന അസ്വസ്ഥതകൾ  പലതാണ്.

 

അണ്ടർ- 19 ലെ ഇർഫാൻ സ്വപ്നങ്ങൾ വീണുടഞ്ഞ കൗമാരത്തിന്റെ പ്രതീകമാണ്. കൗമാരത്തിന്റെ സ്വപ്‌നങ്ങൾക്കു നിറം പകരുന്ന  ലോകം ചോദ്യമായി  തന്നെ അവശേഷിക്കുന്നു. താളുകൾ  മടക്കുമ്പോൾ  കഥാപാത്രങ്ങൾ  നമ്മിൽ നൊമ്പരമുണർത്തി അലിഞ്ഞു ചേർന്നിരിക്കും. സ്വയം കഥയിൽ ചേർന്ന് കഥാകാരൻ  നിൽക്കുമ്പോൾ ചിത്രങ്ങളായി കഥ മുന്നിൽ വരുത്തുന്ന  രീതി, വെള്ളിയോടൻ എന്ന കഥാകാരന്റെ പ്രത്യേകതയാണ്. കൈരളി ബുക്ക്സ് ആണ് പ്രസാധകർ . പേജ് 86, വില:150.00 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com