മലബാര്‍ കുടിയേറ്റം ഓർമകളില്‍ – പുസ്തക പരിചയം

book-cover
SHARE

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് 'മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍' എന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് കുര്യന്‍ മ്യാലില്‍. ഇതിനുമുമ്പ് നിരവധി  നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന്‍ മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒതന്‍റെ ജന്മനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്‍റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്‍. സരസ്സമായ ഒരു നാടന്‍ ഓട്ടം തുള്ളല്‍ പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു. ആ സമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും,  വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്‍റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് കുര്യന്‍. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം.

 മനുഷ്യരും മൃഗങ്ങളും മെച്ചപ്പെട്ട മേച്ചില്‍ സ്ഥലങ്ങള്‍ തേടി ഭൂമിയില്‍ മാത്രമല്ല, ഗോളാന്തര മേഖലകളില്‍പോലും എത്തപ്പെടാന്‍ തത്രപെടുന്നു. ജനിച്ച നാടും വീടും ദേശവും വിട്ട് മലയാളികളുടെ കുടിയേറ്റത്തിന്‍റെയും ജീവന- അതിജീവന കഥകളും സാഹസങ്ങളും ഏവര്‍ക്കും സുപരിചതമാണ്. ജനിച്ച നാടുവിട്ട് കേരളത്തിന്‍റെ മറ്റേത് ഭാഗത്തേക്ക് ഉപജീവനത്തിനായിപ്പോയാലും, കേരളം വിട്ട് ഇന്ത്യയിലെ മറ്റ് ഏതു ഭാഗത്തേക്കു പോയാലും അതല്ലാ ഇന്ത്യ, തന്നെ വിട്ട് മറ്റ്  ലോകത്തിന്‍റെ ഏതു ഭാഗത്തേക്കു പോയാലും എല്ലാം ഓരോതരത്തിലുള്ള മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയുള്ള കുടിയേറ്റങ്ങള്‍ തന്നെയാണ്.

book-cover-2

കുര്യന്‍ മ്യാലിലിന്‍റെ മലബാര്‍ കുടിയേറ്റത്തിന്‍റെ ഓര്‍മ്മ ചെപ്പു തുറക്കുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും ഏതാണ്ട് അഞ്ച് വയസ്സുമാത്രം അന്നു പ്രായമുള്ള കുര്യന്‍ മ്യാലില്‍ എന്ന പൈതലിന്‍റെ അതിസാഹസികമായ ജീവിത വിവരണ പരമ്പരകളാണ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി എന്ന കുഗ്രാമത്തില്‍ നിന്ന് അയല്‍ക്കാരെയും ഉറ്റവരെയും ഉടയവരെയും വിട്ട്, വീടും പറമ്പും വിറ്റു പെറുക്കി കൂടും കുടുക്കയുമായി തേങ്ങുന്നു, വിങ്ങുന്ന ഹൃദയഭാരത്തോടെ സ്വന്തം  പിതാവായ ഇട്ടിയവിരയുടെ കൈപിടിച്ച് കാളവണ്ടിയിലും ബസിലുമായി കുടുംബസഹിതം വൈക്കത്തെത്തുന്നു. അവിടെ നിന്ന് വേമ്പനാട്ടുകായലില്‍ കല്‍ക്കരി വള്ളത്തില്‍ കേറി എറണാകുളം - കൊച്ചിയില്‍ നിന്നൂ ബസ്സുവഴി ഒരു ദീര്‍ഘയാത്രയ്ക്കുശേഷം കണ്ണൂരിലെ 'പോത്തുകുഴി' ഗ്രാമത്തിലെത്തുന്നു. 1942ല്‍ ആയിരുന്നു ആ മലബാര്‍ യാത്രയും കുടിയേറ്റവും. അന്ന് രണ്ടു രാജ്യങ്ങളായ തിരുവിതാംകൂറും മറ്റൊരു രാജ്യമായ കൊച്ചിയും, ഭരിച്ചിരുന്നത് നാട്ടുരാജാക്കന്മാരായിരുന്നു. എന്നാല്‍ മലബാര്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള റസിഡന്‍സി ഗവര്‍ണറുടെ ഭരണത്തിന്‍കീഴിലായിരുന്നു. ഇന്നത്തെ കേരളമായ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവിശ്യകള്‍ക്കു പ്രത്യേക പട്ടാളവും, സിവില്‍ നിയമങ്ങളും, കസ്റ്റംസ്, നികുതി, പിരിവു വ്യവസ്ഥകളുമായിരുന്നു. ക്രയവിക്രയങ്ങള്‍ക്കുള്ള മലബാറിലെ നാണയങ്ങള്‍ ബ്രിട്ടീഷ് രൂപ, അണ, പൈസ ആയിരുന്നെങ്കില്‍ തിരുവിതാംകൂറില്‍ പണം, അരപണം, ചക്രം എന്നിങ്ങനെയായിരുന്നു. തിരുവിതാംകൂര്‍ നാണയങ്ങള്‍ക്ക് എക്സ്ചേഞ്ചു നിരക്കു കുറവായിരുന്നു. മലബാറില്‍ കിട്ടുന്ന ബ്രിട്ടീഷ് രൂപക്കും നാണയങ്ങള്‍ക്കുമായിരുന്നു കൂടുതല്‍ വില. തൂക്കത്തിനായി ഉപയോഗിച്ചിരുന്നത് വെള്ളി കോല്‍ ആയിരുന്നു. അതു പിന്നീട് തുലാസ് ആയി. ഒരു റാത്തല്‍, അരറാത്തല്‍, പറ, ഇടങ്ങിഴി, നാഴി, അരനാഴി, ഉരി എന്നൊക്കെയായിരുന്നു അളവുകളുടെ മാനദണ്ഡങ്ങള്‍. "നാഴി ഉരി പാലുകൊണ്ട് നാടാകെ കല്യാണം' എന്നെല്ലാമുള്ള പഴയകാല സിനിമാഗാനം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. മൈല്‍, ഫര്‍ലോങ്ങ്, വാര, അടി, ഇഞ്ച് എന്ന തോതിലായിരുന്നു നീളവും, വീതിയും, ദൂരവും ഒക്കെ അന്ന് അളന്നിരുന്നത്.

അന്ന് ബര്‍മ്മയും, പാകിസ്ഥാനും, എല്ലാം ഇന്ത്യയുടെ ഭാഗമായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനും, അമേരിക്കയും, റഷ്യയും ഒപ്പം ബ്രിട്ടീഷ് ഇന്ത്യയും ഒരു ചേരിയില്‍ നിന്ന് പോരാടിയപ്പോള്‍ മറുചേരിയില്‍ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു. ഇന്ന് ആ വന്‍ശക്തിരാജ്യങ്ങളുടെ ചേരിതിരുവുകളില്‍ ധ്രൂവീകരണം സംഭവിച്ചിരിക്കുന്നു. അന്നത്തെ സര്‍ക്കാര്‍ഭരണ രീതികള്‍, നികുതി പിരിവ്, കുറ്റവും വിചാരണയും, ശിക്ഷയും എല്ലാം  കുര്യന്‍ വിവരിക്കുന്നു. ലോക്കല്‍ഭരണതലവനായ തഹസീല്‍ദാരായിരുന്നു താലൂക്കിലെ പൗവ്വര്‍ഫുള്‍ ആയ ഭരണതലവന്‍. കുറ്റങ്ങള്‍ക്ക് കൈവെട്ട്, കാല്‍വെട്ട്, തീകൊണ്ട് പൊള്ളിക്കല്‍, അടി, തൊഴി തുടങ്ങിയ കനത്ത ശിക്ഷകള്‍ സര്‍വ്വസാധാരണമായിരുന്നു. ഗ്രാമങ്ങളിലെ ഭരണാധികാരികളെ പാര്‍വര്‍ത്യാര്‍ എന്നു വിളിച്ചിരുന്നു. കരം പിരിവിന്‍റെ ഉത്തരവാദിത്തത്തോടൊപ്പം കുറ്റക്കാരെ ചിലയിടങ്ങളില്‍ ശിക്ഷിക്കുന്ന ഉത്തരവാദിത്വവും അവര്‍ ഏറ്റെടുത്തിരുന്നു. സ്വത്തും, അധികാരവും അധികവും കൈയ്യാളിയിരുന്നവര്‍ ബ്രാഹ്മണരും നമ്പൂതിരിമാരുമൊക്കെയാണ്. തപാലും, കമ്പിയില്ലാ കമ്പിവഴി ഒക്കെയായിരുന്നു ആശയവിനിമയം. മണികിലുക്കിയുള്ള തപാല്‍ ഓട്ടക്കാര്‍ അന്നത്തെ രീതിയിലുള്ള സ്പീഡുപോസ്റ്റുകള്‍ വിതരണം ചെയ്തു. 'കട - കട്ട്' എന്ന രീതിയില്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കമ്പിയടിച്ചൂ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഈ ലേഖകന് അന്ന് എന്‍റെ ഒരു സുഹൃത്ത് അയച്ച ഒരു മെസേജ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും. ഇതായിരുന്നു ആ ഇംഗ്ലീഷ് സന്ദേശം. "വൈഫ് ലോഡഡ് ടേക്ക് ഇമ്മീഡിയറ്റ് ഡെലിവറി" സുഹൃത്തു ഗര്‍ഭിണിയായ ഭാര്യയെ മദ്രാസില്‍ നിന്ന് ട്രെയിനില്‍ കയറ്റി വിട്ട ശേഷം എനിക്കയച്ച ടെലിഗ്രാം ആയിരുന്നു അത്.

തിരുവിതാംകൂര്‍ കൊച്ചി മേഖലയില്‍ നിന്ന് മലബാറിലേക്ക് കുടിയേറ്റക്കാരുടെ വേലിയേറ്റവും തള്ളിക്കയറ്റവുമായിരുന്നു ആ കാലഘട്ടങ്ങളില്‍. അവരുടെ നാട്ടിലെ പറമ്പും വീടും വിറ്റു കിട്ടുന്ന തുക കൊണ്ട് മലബാറില്‍ പല ഇരട്ടി ഭൂമിയും വസ്തുവകകളും അന്ന് മലബാറില്‍ ലഭ്യമായിരുന്നു. ചിലര്‍ മലബാറിലെ മാനന്തവാടി, വയനാട് തുടങ്ങിയ ജില്ലകളിലെ വനമേഖലയിലേക്ക് കുടിയേറി. തെങ്ങും, കവുങ്ങും, മാവും പ്ലാവും മരച്ചീനിയും, നെല്ലും, പച്ചക്കറി വിഭവങ്ങളും ഇഞ്ചി, റബര്‍ തുടങ്ങിയ മലഞ്ചരക്കുകളും കൃഷി ചെയ്ത് കുടിയേറ്റക്കാര്‍ മണ്ണിനെ പൊന്നാക്കി, സ്വര്‍ണ്ണം വിളിയിപ്പിച്ചു. സമീപസ്ഥലങ്ങളും എസ്റ്റേറ്റുകളും വാങ്ങിക്കൂട്ടി. ചില മലഞ്ചെരുവുകള്‍ വെട്ടിപിടിച്ചു. കാട്ടുപന്നിയോടും കാട്ടുപോത്തിനോടും സിംഹം, പുലി, പെരുമ്പാമ്പ്, മുള്ളു മുരട് മൂര്‍ഖന്‍ പാമ്പുകളോട് എതിരിട്ട് പൊരുതി അവര്‍ അതിജീവനത്തിന്‍റെ പടവുകള്‍ ചവിട്ടികേറി. കാട്ടില്‍ മാടം കെട്ടിയും വന്യമൃഗങ്ങളെ ഭയന്ന് മരമുകളില്‍ ഏറുമാടം കെട്ടിയും രാപ്പകലില്ലാതെ അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി കുടിയേറ്റക്കാര്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു. നല്ല ചികിത്സ കിട്ടാതെ മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളും മറ്റും വന്ന് നിരവധി പേര്‍ മരണമടഞ്ഞു. ക്രിസ്ത്യാനികളായിരുന്നു കുടിയേറ്റക്കാരില്‍ അധികവും. അവരോടൊപ്പം തന്നെ വൈദികരും പട്ടക്കാരുമെത്തി. കുടിയേറിയ മലഞ്ചെുരുവുകളിലും കുരിശും പള്ളിയും ഉയര്‍ന്നു. കുട്ടനാട്, പത്തനംതിട്ട, പാലാ, തൊടുപുഴ, കോട്ടയം, മൂവാറ്റുപുഴ ചങ്ങനാശേരി തുടങ്ങിയ മേഖലകളില്‍ നിന്നെത്തിയവര്‍ അവരവരുടെ വിട്ടിട്ടുപോന്ന സ്ഥലനാമങ്ങളെയും, പള്ളികളെയും അനുസ്മരിക്കുമാറ് റോഡുകള്‍ക്കും, തെരുവുകള്‍ക്കും, പള്ളികള്‍ക്കും അതേ നാമങ്ങള്‍ കൊടുത്തു. കുടിയേറ്റക്കാരെ മലബാറിലുണ്ടായിരുന്നവര്‍ പൊതുവെ കുടിയേറ്റക്കാരായ ചേട്ടന്മാരും ചേടത്തിമാരുമായിട്ടാണ് അഭിസംബോധന ചെയ്തിരുന്നത്. ഈ ചേട്ടന്മാരും ചേട്ടത്തിമാരും മലബാറിലുണ്ടായിരുന്ന പഴയ നിവാസികളേക്കാള്‍ കൗശലക്കാരും വക്രബുദ്ധികളുമായിരുന്നു.

 നര്‍മ്മം കലര്‍ന്ന പല മുഹൂര്‍ത്തങ്ങളും വിവരണങ്ങളും ഈ കൃതിയിലുടനീളമുണ്ട്. മലബാറിലേക്കുള്ള നീണ്ട ബസ് യാത്രയ്ക്കിടെ പലരും ബസ് യാത്രാച്ചൊരുക്കുകൊണ്ട് ഛര്‍ദിക്കാറുണ്ടായിരുന്നു. എന്നാല്‍ ചില വിദ്വാന്മാര്‍ സ്ത്രീകളുടെ പിറകിലത്തെ സീറ്റില്‍ കയറിഇരുന്ന് സ്ത്രീകളുടെ നീണ്ടമുടിയുടെ വാസനയും ഗന്ധവും ഉച്ഛ്വസിച്ച് ഛര്‍ദ്ദി ഒഴിവാക്കിയിട്ടുണ്ടെത്രെ. അതായത് സ്ത്രീകളുടെ മുടിയില്‍ നിന്നു വരുന്ന വാസന ഛര്‍ദ്ദിക്കും ഒരു കൈകണ്ട ഔഷധമായിരുന്നത്രെ. മറ്റൊരവസരത്തില്‍ ഒരു കുരിശുപള്ളിയില്‍ കുര്‍ബ്ബാന ചൊല്ലേണ്ട വൈദികന്‍ മൂന്നു ദിവസം കാത്തിരുന്നിട്ടും കുര്‍ബ്ബാന ചൊല്ലാന്‍ എത്തിയില്ല. വൈദികന്‍ വരേണ്ടിയിരുന്ന വഴിയിലൂടെ അന്വേഷിച്ച് ചെന്നപ്പോള്‍ വൈദികന്‍ ആനക്കുഴിയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. യാത്രയ്ക്കിടയില്‍ നാട്ടുകാര്‍ ആനയെ കുഴിയില്‍ വീഴ്ത്താന്‍ തയാറാക്കിയിരുന്ന കെണികുഴിയില്‍ ആനയ്ക്കുപകരം വീണത് വൈദികനായിരുന്നു എന്നു മാത്രം.

 കണ്ണൂരിലേക്ക് കുടിയേറിയ കുര്യന്‍മ്യാലില്‍ കോഴിക്കോട് ബോയിസ് സ്കൂളിലും സെന്‍റ് ജോസഫ്സ് ദേവഗിരി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പി.എസ്.സി ടെസ്റ്റ് എഴുതി റവന്യൂ വകുപ്പില്‍ ജോലി കിട്ടി. പിന്നീട് പ്രിന്‍റിംഗ് പ്രസ്, ബസ് സര്‍വീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് ഷിക്കാഗോയിലേക്ക് കുടിയേറുന്നതും അതിനുശേഷമാണ് ഇപ്പോഴത്തെ വാസസ്ഥലമായ ടെക്സാസിലെ ഹൂസ്റ്റണിലേക്ക് ചേക്കേറുന്നതും.

 മലബാറിലും  ഇടുക്കിയിലും നിയമാനുസൃതവും നിയമവിരുദ്ധവും ചതിവില്‍പെട്ടും അനധികൃതമായി കുടിയേറിയ ഒത്തിരി പേരെ ഗവണ്‍മെന്‍റ് നിര്‍ദാക്ഷിണ്യം കുടിയിറക്കി വിട്ടു. കുടിയിറക്കിനെതിരെ  സമരങ്ങള്‍ നടന്നു. കൊട്ടിയൂര്‍ സമരമായിരുന്നു അതിലൊന്ന്. സാമൂഹ്യപരിഷ്കര്‍ത്താവായ ഫാദര്‍ ജോസഫ് വടക്കന്‍, ബി. വെല്ലിംഗ്ടണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊട്ടിയൂര്‍ ചുരുളി, കീരിത്തോട് സമരം കേരളമാകെ കൊടുമ്പിരി കൊണ്ടു. മലനാടു കര്‍ഷകയൂണിയനും, കര്‍ഷക തൊഴിലാളി പാര്‍ട്ടിയും, രൂപീകൃതമായി. 

മദ്യനിരോധന മേഖലയായിരുന്ന മലബാറിലെത്തിയ ചില ചേട്ടന്മാര്‍ ചാരായ വാറ്റാരംഭിച്ചു. കാട്ടില്‍ കേറി കള്ളത്തോക്കില്‍ പന്നിയെ വെടിവെച്ച് വെടിയിറച്ചിലും, വാറ്റുചാരായവും സേവിച്ച് ജീവിതം ആസ്വദിക്കാനും അവര്‍ മറന്നില്ല.  ഇപ്രകാരം മലബാര്‍കുടിയേറ്റത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ കഥകളും നേര്‍കാഴ്ചകളും നിറഞ്ഞ ഈ കൃതി ഒരു തിരക്കഥപോലെ ആകാംക്ഷയോടെ വായിച്ചു പോകാം. കരുത്തുറ്റ ആഖ്യാനശൈലി അനര്‍ഗ്ഗളമായ ലളിതമായ ഭാഷാ ശൈലികൊണ്ട് സമ്പുഷ്ടമാണ് ഈ കൃതി. ഒപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്ന മലബാറിലെ ചില വാക്കുകളുടെ അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും വാചകങ്ങളും ശൈലികളും അത്യന്തം കൗതുകമുണര്‍ത്തുന്നതും അതിനൊപ്പം ഭാഷാ വിജ്ഞാനം പകരുന്നതുമാണ്. കുര്യന്‍ മ്യാലില്‍ സാറിന്‍റെ 'മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍'  വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നില്‍, അതിയായ സന്തോഷമുണ്ട്. കോഴിക്കോട് സ്പെല്‍ ബുക്സ് പബ്ലിഷേര്‍സ് ആണു പ്രസാധകര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA