പുസ്തക പരിചയം -അമേരിക്കൻ കഥക്കൂട്ടം: എം.പി.ഷീല

mp-sheela-book-review
SHARE

മലയാള സാഹിത്യലോകത്ത്  ഇന്നും ഏറെ തിളക്കത്തോടെ  നിൽക്കുന്ന സാഹിത്യശാഖയാണു ചെറുകഥ. കഥ  എന്തായിരിക്കണം, എന്തായിരിക്കരുത് എന്ന നിബന്ധനകളിൽ നിന്നു സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇന്നത്തെ കഥാകൃത്തുക്കളുടെ കയ്യിലും മലയാളചെറുകഥകൾ ഭദ്രമാണ് എന്നുപറയുന്ന ഒരുകൂട്ടം കഥകളുടെ  സമാഹാരമാണ് അമേരിക്കൻ കഥക്കൂട്ടം. പ്രവാസജീവിതത്തിന്റെ  ചൂടും തണുപ്പും കഷ്ടപ്പാടും ആനന്ദവുമെല്ലാം  നിങ്ങൾക്ക്  ഇതിൽ കാണാം.

ഒരുപക്ഷെ മലയാള പുസ്തക ചരിത്രത്തിൽ ആദ്യമായിട്ടാവാം ഒരു അന്യനാടിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഇത്രയധികം കഥകൾ ഒരുമിച്ചുൾകൊള്ളിച്ചു കൊണ്ടുള്ള  പുസ്തകം പുറത്തിറങ്ങുന്നത്. ഗ്രീൻ ബുക്സിന്റെ മികച്ച നേട്ടം കൂടിയാണ് ഈ പുസ്തകം. ബെന്നി കുര്യന്റെ എഡിറ്റിങ്ങിൽ അമേരിക്കൻ കഥക്കൂട്ടം കൂടുതൽ ആകർഷണീയമാകുന്നു.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിയാണ് ഓരോ മലയാളിയും പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് . പക്ഷെ എത്തിച്ചേർന്ന നാട്ടിൽ ജീവിച്ചുതുടങ്ങുമ്പോൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളിൽ  പതറിപ്പോകുന്ന  സാഹചര്യങ്ങൾ  ഉണ്ടാകാം. ഇതുവരെ ലഭിച്ചിട്ടില്ലാത്ത ആനന്ദകരവും ഉല്ലാസകരവുമായ ഒരു  ജീവിതം കയ്യിലേക്കു വീണുകിട്ടുമ്പോൾ  ചിലപ്പോൾ ഒന്നു പരിഭ്രമിച്ചേക്കാം. ചില ധർമ്മസങ്കടങ്ങളിൽപ്പെട്ട് തീരുമാനങ്ങൾ എടുക്കാനാവാതെ സ്തംഭിച്ചു പോയേക്കാം .ഇത്തരം  അനുഭവങ്ങളിലൂടെ  അമേരിക്കൻ മലയാളിയുടെ ഒരു കടന്നുപ്പോക്കലാണ്  സത്യത്തിൽ അമേരിക്കൻ കഥക്കൂട്ടം. ഓരോ കഥയും ഓരോ ജീവിതമാണ് . 65 കഥകളിലൂടെ നൂറിലധികം  കഥാപാത്രങ്ങളെ  ഈ പുസ്തകത്തിലൂടെ വായനക്കാർക്കു കണ്ടുമുട്ടാനാവും .

അതിഭാവുകത്വത്തിന്റെ  മുഷിപ്പില്ലാത്ത കഥകളിൽ അമേരിക്കൻ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ മഞ്ഞുകണങ്ങൾപ്പോലെ ചിതറിക്കിടക്കുന്നതു വിസ്മയകരമായ ഒരു കാഴ്ചതന്നെയാണ്. എഴുത്തുകാരിൽ പലരും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതി തഴക്കമുള്ള രചയിതാക്കളാണ്. ഇതിനകം അമേരിക്കൻ കഥക്കൂട്ടത്തിനു വായനക്കാരിൽ നിന്നു നല്ല പ്രതികരണങ്ങൾ  ലഭിച്ചു കഴിഞ്ഞു എന്നത് ഈ പുസ്തകത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.

വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും കുടിയേറ്റഭൂമിയാണ്  അമേരിക്ക.  ഇവിടുത്തെ സ്പാനിഷുകാർ, ഇറ്റലിക്കാർ, ബ്രിട്ടീഷുകാർ, പോളണ്ടുകാർ, മെക്സിക്കൻസ് എന്നുവേണ്ട പാകിസ്താനിയും ചൈനക്കാരനുമൊക്കെ  ഈ പുസ്തകത്തിലൂടെ വായനക്കാരുടെ മനസിലിടം നേടും . പകുതിയിലധികം കഥകളും റിയലിസത്തോട് (യാഥാർഥ്യത്തോട്) ചേർന്ന് നിൽക്കുന്ന കഥകളാണ് .സ്ത്രീസ്വാതന്ത്ര്യവും, പ്രണയവും, പ്രണയ നഷ്ടവും, തൊഴിൽ പ്രശ്നങ്ങളും, പൊളിച്ചെഴുത്തുകളും ഓരോ കഥയെയും വ്യത്യസ്ത ഭാവതലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ പ്രാപ്തമാണ്. 

അമേരിക്കയുടെ സമ്പന്നതയിലും ആഡംബരങ്ങളിലും ഭ്രമിച്ചു കാൽവഴുതിയ ഒരു കഥാപാത്രത്തെ കണ്ടുമുട്ടുമ്പോൾ അതു നിങ്ങൾക്ക്  പരിചയമുള്ള  ഒരാളാണല്ലോ എന്നു തോന്നിപ്പോകും. നിസ്സഹായാവസ്ഥയിൽ ഉരുകി ഇല്ലാതാവുന്ന കഥാപാത്രങ്ങളുടെ കണ്ണുനീർ നിങ്ങളുടെ കണ്ണിലേക്ക് ഒലിച്ചിറങ്ങും. അറിയാത്ത ഭാഷകളിൽ പരസ്പരം സംസാരിക്കുന്നവരെക്കണ്ടു നിങ്ങൾ  അത്ഭുതപ്പെടും. ചില മരണം ഹൃദയത്തെ പിളർത്തി കടന്നു പോകുന്നു. അത്തരം മരണത്തിനു സാക്ഷിയാകേണ്ടി വരുന്ന നിസ്സഹായരായ ചില ആതുര ശുശ്രൂഷകർക്കൊപ്പം നിങ്ങളും ഒന്ന് ഏങ്ങലടിക്കും.

വറുത്ത മത്തിയുടെ മണവും അമേരിക്കൻ പള്ളിക്കഥകളും എന്നുവേണ്ട അസ്സോസിയേഷനുകളും. അവിടുത്തെ പ്രവർത്തനങ്ങളും, കള്ളുകുടിയും  രസകരമായി കോറിയിട്ട കഥകളും  അമേരിക്കൻ കഥക്കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കസീനോ, ഉല്ലാസകേന്ദ്രങ്ങൾ, ബീച്ച്, പെഡിക്യൂർ സെന്റർ , ഫ്യൂണറൽ ഹോം, കോടതി, വ്യത്യസ്തമായ ജോലിയിടങ്ങൾ എല്ലാം പശ്ചാത്തലമായി വരുന്ന കഥകൾ  പുതിയ ഒരു വായനാലോകം തുറന്നുതരും എന്നത് സംശയമില്ലാത്ത കാര്യമാണ്.

         

മഞ്ഞും വേനലും വസന്തവും നിറഞ്ഞു നിൽക്കുന്ന കഥകളും വിരളമല്ല. ചുരുക്കി പറഞ്ഞാൽ അമേരിക്കൻ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുകയാണ്  ഈ പുസ്തകം. പൊതു ലൈബ്രറികളിലും സ്വന്തം പുസ്തകശേഖരത്തിലും സ്ഥാനം നേടേണ്ട ഒരു പുസ്തകം തന്നെയാണ് അമേരിക്കൻ കഥക്കൂട്ടം.

കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരെ മാത്രം പരിചയിച്ച് ശീലിച്ചറിഞ്ഞ പ്രവാസി മലയാളികൾക്ക് അമേരിക്കൻ മലയാളികളായ തഴക്കം വന്ന എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ സർഗാത്മകതയുടെ സൗരഭ്യം അനുഭവിച്ചറിയാനും അമേരിയ്ക്കൻ കഥകൂട്ടം ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ്. ഒരു പക്ഷേ, പ്രവാസികൾക്കിടയിൽ മാത്രം ഒതുങ്ങിപോകുമായിരുന്ന 60 ൽ പരം എഴുത്തുകാരെ പ്രവാസ ലോകത്തിനു പുറത്തുള്ള മുഴുവൻ മലയാളികളുടെ ഇടയിലേക്ക് പരിചയപ്പെടുത്തിയ എഡിറ്റർ ബെന്നിയെ അഭിനന്ദിക്കുകയാണ്. ഇത്രമേൽ കഥാകൃത്തുക്കൾ നമ്മുടെ ഇടയിൽ ഉണ്ടെന്ന് അവരെ പരാതിയെടുത്ത ബെന്നിയുടെ ഈ ഉദ്യമം യഥാർത്ഥത്തിൽ വടക്കേ അമേരിക്കയിലെ  പ്രവാസി എഴുത്തുകാർക്ക് നൽകുന്ന ഏറ്റുവും മികച്ച ഉപഹാരമായിട്ടു വേണം കാണുവാൻ. പുസ്തകത്തിലെ ഓരോ കഥകളും രചന വൈഭവത്തിലും വാസന സുഖത്തിലും ഏറെ മികച്ചു നിൽക്കുന്നവയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഗ്രീൻബുക്ക്സിന്റെ എല്ലാ ശാഖകളിലും ഓൺലൈൻ ആയും അമേരിക്കൻ കഥക്കൂട്ടം വാങ്ങാവുന്നതാണ് (American Kathakkoottam). വിദേശ മലയാളികൾക്ക് അവരുടെ കൈകളിൽ മലയാള പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്ന നിധി ബുക്ക്സ്  (+ 91 62386 49228) കഥക്കൂട്ടം വിതരണം ചെയ്യുന്നു.  For Copies in USA, please contact (215) 433-3282 (Whatsapp)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA