ADVERTISEMENT
 സാധാരണ മനുഷ്യരുടെ സങ്കൽപത്തിലും കാഴ്ചപ്പാടിലും  'സ്രഷ്ടാവ്' എന്നാൽ ദൈവീക ഭാവമാണ്, ഒന്നുമില്ലായ്മയിൽ നിന്നു ചിലതെല്ലാം സൃഷ്ടിക്കുവാൻ കഴിവുള്ള ഏതോ ഒരു അദൃശ്യശക്തി. മനുഷ്യ നന്മയ്ക്കായും ലോകത്തിന്റെ ഉന്നമനത്തിനായും പ്രവർത്തിച്ചിട്ടുള്ള നേതാക്കന്മാരെയും സാമൂഹിക പ്രവർത്തകരെയും കലാകാരന്മാരെയും ലോകം ആദരിക്കുന്നുണ്ടെങ്കിലും സ്രഷ്ടാവായി കരുതാറില്ല. അതിനാൽ തന്നെ സൃഷ്ടികർത്താവ് അഥവാ സ്രഷ്ടാവ് എല്ലാ സാധാരണക്കാർക്കും മനുഷ്യർക്ക് അതീതമായ അദൃശ്യ ശക്തിയാണ്.    എന്നാൽ സ്രഷ്ടാവിന്റെ മറ്റൊരു പര്യായമാണ് ഉൽപാദകൻ അഥവാ നിർമ്മാതാവ് .മനുഷ്യരുടെ സുഗമമായ ജീവിതത്തിനായി ഏതെങ്കിലും വസ്തുക്കളും പദാർഥങ്ങളും കലാസാംസ്കാരികപരമായ  ആശയങ്ങളും ശാസ്ത്രസാങ്കേതിക മേഖലകളിൽ  പുതുതായി നിർമ്മിക്കുന്നവർ. അങ്ങനെ വിശാലമായി കാണുവാൻ ശ്രമിക്കുമ്പോൾ ഈ പ്രപഞ്ചത്തിൽ ധാരാളം സ്രഷ്ടാക്കളുണ്ട്, ഹ്രസ്വമായ ഭാഷയിൽ വിവരിച്ചാൽ "ഈ ലോകത്തിൽ ഏതെങ്കിലും രീതിയിൽ അധ്വാനിച്ചു ജീവിക്കുന്നവരെല്ലാം സ്രഷ്ടാക്കളാണ്".  അവരുടെയെല്ലാം അനുദിന ജീവിതത്തിലൂടെ നിലവിലുള്ളവയെ വിപുലീകരിക്കുന്നു, ചിലതിനെയെല്ലാം പുതുതായി സൃഷ്ടിക്കുന്നു മറ്റു ചിലതിനെ പരിപോഷിപ്പിക്കുന്നു. അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ മറ്റു മനുഷ്യരുടെ ജീവിതം സുഗമമാക്കുവാൻ പ്രവർത്തിക്കുന്നവരും ശ്രമിക്കുന്നവരും സ്രഷ്ടാക്കളായി മാറുകയാണ്.     മനുഷ്യർ എക്കാലവും പുതുമകൾ തേടുന്നവരാണ്, പുതുമയെ പുൽകുന്നവരാണ്. അതിനാൽ  ആധുനിക ലോകത്തിൽ സാമൂഹിക മാധ്യമങ്ങൾക്ക് അവരുടെ ജീവിതത്തിൽ അധിക പ്രാധാന്യവും നൽകുന്നുണ്ട്.   സാധാരണക്കാർക്കിടയിൽ അതിപ്രസരണമുള്ള മാധ്യമമാണ് യൂട്യൂബ്, മനോരഞ്ജനത്തിനായും പുത്തൻ അറിവുകൾ പങ്ക് വയ്ക്കാനും ഉപയോഗിക്കുന്ന മാധ്യമവുമാണ്.  യുട്യൂബിൽ വിവരങ്ങൾ പങ്ക് വയ്ക്കുന്നവരെ രണ്ടായി വേർതിരിക്കുന്നുണ്ട്, വ്യവസ്ഥാപിതരായവർ അവർ നൽകുന്ന വിവരങ്ങളെല്ലാം വിശ്വസനീയമായതാണ്. രണ്ടാമതായി വ്യവസ്ഥാപിതമായ സ്ഥിതിയിലേക്ക് എത്തുവാൻ പ്രയഗ്നിക്കുന്നവർ, ചിലപ്പോൾ തുടക്കകാരാവും, കൂടുതൽ സബ്സ്ക്രൈബേർസ് ആവശ്യമുള്ളവർ.    വിശ്വസനീയമായ വാർത്തകളും വിഡിയോകളും പങ്ക് വയ്ക്കുന്നവരെ ഫെയ്സ്ബുക്ക് കാണുന്നത് ഉദ്പാദകർ അഥവാ സ്രഷ്ടാവായി മാത്രമാണ്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരെ സ്വാധീനം ചെലുത്തുവാൻ ഉതകുന്നത് പങ്ക് വയ്ക്കുന്നവരെയും സൃഷ്ടാവായി കരുതുന്നു. ട്വിറ്ററിൽ ഉള്ളടക്കം നിർമ്മിക്കുന്നവരെ  കാണുന്നതും സൃഷ്ടാവായിട്ടാണ്. അതോടൊപ്പം കലാകാരന്മാരായും  മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിവുള്ളവരായും വീണ്ടും വിഭചിച്ചു കാണുവാൻ ശ്രമിക്കുന്നുമുണ്ട്. മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിവുള്ളവരെയും ചിലർ സ്രഷ്ടാവായി കാണുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവ പൂർണ്ണമായും ശരിയല്ലായെന്നും തിരിച്ചറിയുവാൻ സാധിക്കും.  മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിവുള്ളവർ തങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്കും ജീവിക്കുന്നവർക്കും എല്ലായ്പ്പോഴും അവരുടേതായ ആശയങ്ങളിലൂടെ ജീവിക്കുവാൻ അനുവദിക്കില്ല. അനുയോജ്യമായ ഉദാഹരണം രാഷ്ട്രീയ നേതൃത്വമാണ്, എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവരുടേതായ മൂല്യങ്ങളുണ്ടെങ്കിലും പലപ്പോഴും നേതൃത്വം അവയിൽ നിന്നും വ്യതിചലിച്ച് തങ്ങളുടേതായ പാതയിൽ മുന്നേറുന്നതായാണ് കണ്ടുവരുന്നത്. പലപ്പോഴും നേതാക്കന്മാർക്ക് രാഷ്ട്രീയ പാർട്ടിയുടെ ഉന്നമനത്തെക്കാളും രാജ്യത്തിന്റെ വളർച്ചയെക്കാളും അവരുടെ നിലനിൽപ്പാണ് പ്രാധാന്യം അർഹിക്കുന്നത്. അതിനാൽ അവരുടെ സ്വാധീനത്തിൽ ജീവിക്കുന്നവർ അവരുടെ മാർഗം അവലംബിക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ലക്ഷകണക്കിന് ആരാധകരുള്ള രാഷ്ട്രീയ നേതാക്കന്മാരെ സ്രഷ്ടാക്കളായും ഉൽപാദകരായും കാണുവാൻ സാധിക്കില്ല. എന്നാൽ സമൂഹത്തിൽ പുത്തൻ ആശയങ്ങളും തത്വ സംഹിതകളും പ്രചരിപ്പിക്കുന്ന സാമൂഹിക പ്രവർത്തകർ ശരിയായ മാർഗം കാണിക്കുന്നവരാണ്.   പൊതുജനങ്ങളെ  വേറിട്ട ആശയങ്ങളിലൂടെ അറിവ് പകർന്നു നൽകുവാൻ ശ്രമിക്കുന്നവരാണ്. ഓരോ വ്യക്തികളുടെയും പ്രത്യേക സാഹചര്യത്തിൽ അനുയോജ്യമായ ജീവിതശൈലി  തിരഞ്ഞെടുക്കുവാനുള്ള അവസരമൊരുക്കുന്നു. സാമൂഹിക  പ്രവർത്തകരോടൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള അറിവാണ് ലഭിക്കുന്നത്. അതിലുപരി തങ്ങളുടേത് മാത്രമായ ജീവിതം ജീവിക്കുവാനുള്ള സ്വാതന്ത്രവും ലഭിക്കുന്നു. അതിനാലാണ് സാമൂഹിക പ്രവർത്തകരെ സൃഷ്ടാവായി കാണുവാൻ സാധിക്കുന്നത്.  മനുഷ്യരെ അന്യോന്യം സഹകരിച്ചു ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം അവരാരും പരിപൂർണ്ണരല്ലെന്ന വസ്തുതയാണ്. ഹ്രസ്വമായ ജീവിതം പൂർണമായി ആസ്വദിക്കുവാൻ എല്ലാവർക്കും മറ്റുള്ളവരുടെ സഹായവും സഹകരണവും അനിവാര്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മറ്റുള്ളവരുമായി സഹകരിക്കുമ്പോൾ മാത്രമാണ് അനുനിമിഷം സുഖജീവിതം അനുഭവിക്കുവാൻ സാധിക്കുന്നത്. ഓരോ മനുഷ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമാണ് ആരോഗ്യ സംരക്ഷണം. എന്നാൽ ഏറ്റവും ശ്രേഷ്ഠമായ ജീവിതശൈലി അവലംബിക്കുന്ന വ്യക്തികൾക്കും അവരുടെ ജീവിതത്തിൽ  വൈദ്യന്റെ ആവശ്യകതയുണ്ടാവുന്നുണ്ട്. സമയോചിതമായി ചികിത്സിക്കാതിരുന്നാൽ നിസ്സാരമായ ജലദോഷം പോലും മറ്റു മാരകമായ രോഗാവസ്ഥയിലേയ്ക്ക് നയിക്കും.   അതുപോലെ തന്നെ എത്ര വൈദഗ്ധ്യമുള്ള ഭിഷഗ്വരനും സ്വയം ചികിൽസിക്കുവാൻ ശ്രമിക്കാറില്ല, പകരം മറ്റൊരാളിൽ നിന്നും വൈദ്യസഹായം തേടുകയാണ് പതിവ്. വിദഗ്‌ധരായ വൈദ്യർക്കും മറ്റ് മേഖലകളിൽ അതി നൈപുണ്യമുള്ളവർക്കും സാധാരണ ജീവിതം നയിക്കുവാൻ ലോകത്തിലുള്ള മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങൾ അനിവാര്യമാണ്. ദരിദ്ര രാജ്യത്തും വികസിത രാജ്യത്തും ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതായാൽ പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാവും. അതിനാൽ എല്ലാ രാജ്യങ്ങളിലും കൃഷിക്കാർ പ്രതികൂലമായ കാലാവസ്ഥയിലും കഠിനമായ അധ്വാനം ചെയ്താണ് ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുന്നത്. ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സംഭരിക്കുന്നതും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുവാനും ക്ഷാമകാലത്തെ അതിജീവിക്കുവാനുമാണ്. അതിനാലാണ് ഉൽപാദകർക്ക് അഥവാ സൃഷ്ടിക്കുന്നവർക്ക് പൗരാണിക കാലങ്ങളിലും സമൂഹത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ നൽകി ആദരിച്ചിരുന്നത്.  ജീവനുണ്ടാകുവാനുള്ള പദാർഥങ്ങളും സാഹചര്യങ്ങളും മനുഷ്യർക്കറിവുണ്ട് എന്നാൽ ലോകത്തിൽ ജീവൻ എങ്ങനെയുണ്ടാവുന്നു എന്നത് മാത്രം നാളിതുവരെയും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ ഓരോ ജീവനും അമൂല്യങ്ങളാണ്, നഷ്ടപ്പെടുത്താതെ സംരക്ഷിക്കേണ്ടതും എല്ലാവരുടെയും കടമകളായതിനാൽ അവയെ അനർഥങ്ങളിൽ നിന്നും സംരക്ഷിക്കുന്നവരും സൃഷ്ടാക്കളാണ്. ഈ അടുത്ത നാളുകളിൽ ദാനമായി ലഭിച്ച ജീവിതം നിസ്സാര കാരണങ്ങളാൽ നഷ്ടപ്പെടുത്തുവാൻ ശ്രമിച്ച നിർധനയായ യുവതിയെ അനുനയിപ്പിച്ച്  ജീവിതത്തിലേയ്ക്ക് മടക്കിയെത്തിച്ച പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ മറ്റുള്ളവരുടെ ജീവിതം സംരക്ഷിക്കുന്നവരും മറ്റൊരർഥത്തിൽ സ്രഷ്ടാക്കളാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് അനുയോജ്യമായ  ശിക്ഷ നൽകുന്നതിനേക്കാൾ പ്രാധാന്യമുള്ളത് കുറ്റകൃത്യം നടക്കാതിരിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ്. പൊലീസുൾപ്പെടുന്ന പരിചയസമ്പന്നരായ പ്രമുഖ വ്യക്തികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ നൽകുന്ന സന്ദേശവും മറ്റൊന്നല്ല "മനുഷ്യർക്കെതിരെയും സമൂഹങ്ങൾക്കെതിരെയുമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ എളുപ്പമാണ് എന്നാൽ അവയെല്ലാം ഫലപ്രദമായി തടയുവാൻ എളുപ്പമല്ല, കാരണം പൊതുജനങ്ങളിൽ അധികവും അനർദ്ധം തങ്ങളുടെമേൽ പതിക്കുന്നതുവരെ പ്രതികരിക്കില്ല". അന്യരെ അനാവശ്യമായി അവഹേളിക്കുകയും പൊതു സമൂഹത്തിൽ നിന്നും പുറത്താക്കുമ്പോളും മനസിലാക്കുന്നില്ല ഒരു നാളിൽ തങ്ങളുടെമേലും അത്യാചാരങ്ങൾ അടിച്ചേൽപിക്കപ്പെടുമെന്ന്. സമൂഹങ്ങളിൽ ജീവിക്കുവാൻ മാത്രം ജനിച്ച മനുഷ്യർ കേവലം ഉപഭോക്താക്കളായി മാത്രം ജീവിക്കുന്നതിനു പകരം സൃഷ്ടാക്കളായി രൂപാന്തരപ്പെടണം. അതിനാവശ്യം മറ്റു മനുഷ്യരുടെ ജീവിതം സുഗമമാക്കുവാനുള്ള ജീവിതരീതികൾ അവലംബിക്കുകയെന്നത് മാത്രമാണ്.  "ജീവിതത്തിന്റെ അർഥമെന്തെന്ന് ഒരോ മനുഷ്യനും അന്യോന്യം ചോദിക്കുന്നതിന് പകരം ഉത്തരവാദിത്വപരമായി ജീവിച്ച് ജീവിതമെന്താണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണമെന്നാണ്"  ഓസ്‌ട്രേലിയൻ എഴുത്തുകാരനും ചിന്തകനും മനഃശാസ്ത്രജ്ഞനുമായ വിക്ടർ ഫ്രാങ്ക്‌ളിൻ പറയുന്നത്. ജീവിത പ്രാരാബ്ധങ്ങൾ താരതമ്യേന ലഘുവായ ഈ ആധുനിക യുഗത്തിൽ മനുഷ്യരിൽ ചിലരെങ്കിലും തങ്ങളോട് തന്നെയും മറ്റുള്ളവരോടും ഇതേ ചോദ്യം ആവർത്തിക്കുന്നതിനാലാണ് അദ്ദേഹം വിശദീകരിച്ചത്. ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ അർഥവും ലക്ഷ്യവും തേടുന്നതിലുപരി ഇവയുടെയെല്ലാം സമന്യുയം മാത്രമാണ് ജീവിതമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മനുഷ്യരെല്ലാം വ്യത്യസ്‌ഥരായതിനാൽ പലർക്കും അവരുടേതായ വിശദീകരണങ്ങൾ നൽകുവാൻ സാധിക്കും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയതിനാൽ അവയെല്ലാം ശരിയുമായിരിക്കും. എന്നാൽ ജീവിതത്തിൽ  എല്ലാ നാളുകളിലും ഈ പ്രപഞ്ചത്തിലെ പരിമിതമായ വിഭവങ്ങളുടെ ഉപഭോക്താവായി ജീവിക്കുന്നതിനേക്കാളും ഉൽപാദകരായും സ്രഷ്ടാവായും  പരിണമിക്കുമ്പോൾ ജീവിതത്തിൽ കൂടുതൽ അർഥങ്ങൾ കാണുവാൻ പലർക്കും സാധിക്കുന്നുണ്ട്.  ലോക സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരിൽ ഒരാളാണ്  ലിയോ ടോൾസ്റ്റോയി, അദ്ദേഹം ജീവിതത്തിനെ വിലയിരിത്തിയിരിക്കുന്നത് "മനുഷ്യരാശിക്കായി ജീവിക്കുവാനായി അഥവാ സേവനം അനുഷ്ടിക്കുവാനായി മാത്രമാണ്". മനുഷ്യർ വ്യത്യസ്‌ഥരായതിനാലും അവരുടെ ജീവിത സാഹചര്യം വ്യത്യസ്ഥമായതിനാലും അവരുടെയെല്ലാം ജീവിതത്തിന്റെ അർഥങ്ങളിൽ വ്യത്യാസമുണ്ട്. അതിലുപരി അവരെല്ലാം നേടുന്ന അറിവിലും വീണ്ടും പരിണമിക്കുന്ന  ജീവിത സാഹചര്യങ്ങളിലും വ്യത്യാസങ്ങൾ സംഭവിക്കുന്നതിനാൽ ജീവിതത്തിന്റെ അർഥങ്ങളും ലക്ഷ്യങ്ങളും അനുനിമിഷം മാറിക്കൊണ്ടിരിക്കും. ചിലർ കുടുംബ ജീവിതത്തിലും കുടുംബാംഗങ്ങൾ തമ്മിലുള്ള സദൃഢമായ ബന്ധങ്ങളിലും ജീവിതം കേന്ദ്രീകരിക്കുമ്പോൾ മറ്റു ചിലർ വ്യക്തിപരമായും പ്രവർത്തിമണ്ഡലങ്ങളിലും ഉയർച്ച നേടുവാൻ ശ്രമിക്കും. ചിലരെങ്കിലും സമൂഹങ്ങളുടെയും മറ്റുള്ളവരുടെയും അശരണരുടെയും  ഉദ്ധാനത്തിനായി സമയം ചിലവിടുമ്പോൾ ചിലരെല്ലാം ദേശീയ തലങ്ങളിലും ആഗോള തലങ്ങളിലും അഭിവൃദ്ധി നേടുവാനുള്ള പരിശ്രമത്തിലാണ്.   എന്നാൽ വ്യക്തികൾക്കു പരമപ്രധാനമായുള്ളത് അവർ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അവർക്കെല്ലാം ലഭിക്കുന്ന സംതൃപ്തിയാണ്. അതിലെല്ലാമുപരി മാനവരാശിക്കായി, അതായത് ഈ പ്രപഞ്ചം ഇതേ അവസ്ഥയിൽ തലമുറകളോളം നിലനിർത്തുവാനായി തങ്ങളുടേതായ എളിയ സംഭാവനകളാണ്. അതിലേക്കായി ഈ ഭൂമിയിലുള്ള വളരെ പരിമിതമായ വിഭവങ്ങളുടെ ഉപഭോക്താവായി ജീവിതകാലം മുഴുവൻ ജീവിക്കുന്നതിന് പകരമായി ഉൽപാദകരായി അഥവാ സൃഷ്ടാവായി ജീവിക്കുവാൻ ശ്രമിക്കണം. ഉല്പാദനത്തിന്റെയും അഥവാ പുതുമകൾ സൃഷ്ടിക്കുന്നതിന്റെയും ആനന്ദം അനുഭവിക്കുന്നവർക്ക് അവയെല്ലാം സൃഷ്ടിക്കുന്നവരെയും ആദരിക്കുവാനും ബഹുമാനിക്കുവാനും സാധിക്കും   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com