ഓർമകളുടെ പൊന്നൂഞ്ഞാലാ‌ടി ഒരോണനാളിലേയ്ക്ക്..

onam-memories
SHARE

ഓണം വന്നാലും ക്രിസ്മസ് വന്നാലും പെരുന്നാൾ വന്നാലും ആണ്ടിലൊരിക്കൽ മാവേലിയെ പോലെ ജന്മ നാട് സന്ദർശിക്കുന്ന പ്രവാസികൾ പ്ലെയിനിൽ കയറാതെ ഒരു പോക്കുണ്ട്, ഓർമ്മകളുടെ കൊതുമ്പു വള്ളമേറി കള്ളവും, ചതിയും , പൊളി വചനവുമില്ലാത്ത തങ്ങളുടെ കുട്ടിക്കാലത്തിന്റെ ഗ്രാമീണതയുടെ നിഷ്കളങ്കതയിലേയ്ക്ക് . 

അന്നൊക്കെ “ ഓണം “ അവധിക്കൊക്കെ വീട് വയ്ക്കുന്നതിനു മുമ്പെ ഉമ്മയുടെ തറവാട്ടിലേക്കു പോകുമായിരുന്നു . ഉമ്മയുടെ നാടിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ വീടുകൾക്കും, പറമ്പുകൾക്കും മതിൽകെട്ടുകളും , അതിർ  വരമ്പുകളും ഇല്ല എന്നതാണ് . പാടവും വയലും  നീർച്ചാലും  തോടും  ഇട കലർന്ന ഏക്കറു ‌കണക്കോളം നീണ്ടു നിവർന്നു കിടക്കുന്ന സ്ഥലം . ഇടയ്‌ക്കിടെ  ഒറ്റപ്പെട്ട വീടുകൾ . "

ഒഴിഞ്ഞ വളപ്പ് "

അതാണ് സ്ഥലത്തിന്റെ പേര് . സ്ഥലത്തോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന പേര് . അവിടെ ഭൂരിഭാഗം പേർക്കും സ്വന്തമായി കൃഷിയും , പശുക്കളും , കോഴികളും ഒക്കെയുണ്ട്  . 

ഒട്ടു മിക്ക വീടുകളുടെ അടുക്കളയുടെ ഉത്തരത്തിലെ കഴുക്കോലിൽ നല്ല മഞ്ഞ നിറമുള്ള വെള്ളരിയും , മത്തങ്ങയും  കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കാണാം .  പിന്നെ അടുക്കളയുടെ പുകയേറ്റു കറുത്ത് കരുവാളിച്ചഭാണ്ഡക്കെട്ടിൽ അടുത്ത കൃഷിക്കാവശ്യമായ പച്ചക്കറി വിത്തുകളും ശേഖരിച്ചു വെച്ചിട്ടുണ്ടാകും . കുഞ്ഞു നാളിൽ ഉമ്മൂമയുടെ വീട്ടിൽ പോയാൽ ഉത്തരത്തിലേക്ക് നോക്കാൻ എനിക്ക് വല്ലാത്ത ഭയമായിരുന്നു . കഴുക്കോലിൽ തൂക്കിയിട്ടിരിക്കുന്ന ആ ഭാണ്ഡക്കെട്ടുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ കരിമ്പൂതങ്ങളായി രൂപാന്തരം പ്രാപിക്കുന്നതായി തോന്നും . 

ഉമ്മൂമയുടെ അടുത്ത ചങ്ങാതിമാരും അയൽക്കാരുമായിരുന്നു മാഷും , ചിരുതമ്മയും , സാവിത്രിയമ്മയുമൊക്കെ . ഞങ്ങളൊക്കെ ജനിക്കുന്നതിന് വളരെ മുമ്പ് ഈ മാഷിന്റെ വീട്ടിൽ കന്നു കാലികളെ നോക്കാനും , തെങ്ങിൻതോപ്പ് നോക്കാനുമായി ഒരു പയ്യനുണ്ടായിരുന്നു . മുതുക്കുറ്റി ചന്ദ്രൻ എന്നായിരുന്നു അവന്റെ യഥാർത്ഥ പേര് . കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ അവന്റെ സ്വഭാവത്തിൽ പന്തികേട് തോന്നിയ മാഷിന്റെ വീട്ടുകാർ അവനെ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയുണ്ടായത്രെ  . ആ പയ്യനായിരുന്നു പിന്നീട് കൊടും കുറ്റവാളിയായ  റിപ്പർ ചന്ദ്രനായി മാറിയത് . മാഷിന്റെയും , ചിരുതമ്മയുടെയും  മക്കളൊക്കെ ഉമ്മയുടെ അടുത്ത ചങ്ങാതിമാർ, അവരുടെകുട്ടികൾ ഞങ്ങളുടെ കൂട്ടുകാരും. അങ്ങനെ തല മുറകൾ കൈ മാറിയ സൗഹൃദം . ഞങ്ങൾ സമപ്രായക്കാരായതിനാൽ മറ്റു കസിന്സിനോടൊപ്പം നേരം പുലരുന്നത് മുതൽ സന്ധ്യ വരെ അവിടെത്തന്നെയാണ്  ഞങ്ങളുടെ സഹവാസം . 

മുതിർന്നവരുടെ പൂക്കളം കൂടാതെ ഞങ്ങൾ കുട്ടികളും പൂക്കളം ഒരുക്കും . മുതിർന്നവർ പൂക്കളത്തിന്റെ ഡിസൈൻ വരച്ചു തരും . പൂക്കൾ ശേഖരിക്കൽ തന്നെ ഒരു മത്സരയോട്ടമാണ് . കുട്ടികളുടെ ഓരോരോ ഗ്രൂപ്പ് ആയിട്ടാണ്പൂവട്ടിയുമായി ഇറങ്ങുക . ഏറ്റവും കൂടുതൽ , പല വർണ്ണങ്ങളിലുള്ള പൂക്കൾ ശേഖരിക്കുക എന്നത് തന്നെയാണ്  പ്രഥമമായ ലക്‌ഷ്യം . പെൺകുട്ടികൾ കണ്ട വയലിലും , പറമ്പിലും , ഇല്ലിക്കാട്ടിലും , കുറ്റിക്കാട്ടിലുമൊക്കെ കൊടത്താളിന്റെ ( ചൊറിയുന്ന ഒരു തരം ഇല ) ചൊറിച്ചിലും , തൊട്ടാവാടിയുടെ മുള്ളുകളും കൊണ്ട് ‌ തുമ്പയും , മുക്കുറ്റിയും , കറുകയും , കയ്യോന്നിയും , കാക്കപ്പൂവും വളരെ ക്ഷമാപൂർവ്വം പറിച്ചെടുത്ത് വട്ടിയിലിടുമ്പോൾ , ആൺകുട്ടികൾ ആക്രാന്തത്തോടെ ഇതൊക്കെയും വേരോടെ പിഴുതെടുത്ത് മണ്ടുകയാണ് ചെയ്യുന്നത് . അതുകൊണ്ട്‌ തന്നെ സ്വാഭാവികമായും പൂക്കൾ കൂടുതൽ ലഭിക്കുക അവന്മാർക്ക് തന്നെ . നാട്ടുപൂവും , കാട്ടുപൂവും , എന്തിനതികം പച്ചക്കറി പൂക്കളെ പോലും വിവേചിച്ചറിയാനാവാത്ത എനിക്ക് പൂക്കളെക്കുറിച്ചുള്ളപരിജ്ഞാനം ലഭിച്ചത് അവിടത്തെ കസിൻസിന്റെയും , കൂട്ടുകാരുടെയും  ചങ്ങാത്തം കൊണ്ടാണ് . 

ഒരു ദിവസം കസിന്സിനോടും , കൂട്ടുകാരോടൊപ്പം പതിവ് പോലെ പൂക്കൾ ശേഖരിക്കാൻ ഇറങ്ങിയതാണ് ഞാനും. ഉമ്മൂമയുടെ പറമ്പിൽ സാധാരണയായി കാണാറുള്ള തുമ്പച്ചെടിയിലും , മുക്കുറ്റിച്ചെടിയിലും , ഒരു പൂവ് പോലും ബാക്കി വെക്കാതെ ഏതോ സാമദ്രോഹികൾ നേരം വെളുക്കുന്നതിന് മുമ്പെ അടിച്ചു മാറ്റിയിരിക്കുന്നു . അപ്പോഴാണ് അടുക്കള ഭാഗത്ത് ചന്ദന നിറമുള്ള മുഖത്ത് കുങ്കുമപ്പൊട്ട് തൊട്ടിരിക്കുന്ന സുന്ദരിക്കോതകളെ എന്റെശ്രദ്ധയിൽ പെട്ടത് . 

ഭാഗ്യം ... ഇതു ദരിദ്രവാസികളുടെ കണ്ണിൽ പെട്ടിട്ടില്ല ...

മനസ്സിൽ പിറു പിറുത്തു കൊണ്ട് ഒക്കെയും ശര വേഗത്തിൽ പറിച്ചെടുത്ത് ഉമ്മൂമയുടെ വീടിന് തൊട്ടടുത്തുള്ളമൂത്തുമ്മയുടെ മകൾ സാബിക്ക് കൊണ്ടു പോയി ക്കൊടുത്തു . അവളുടെ മുഖത്തെ സമ്മിശ്ര വികാരംവേർതിരിച്ചെടുക്കാനാവാതെ ഞാനവളെ വാ പൊളിച്ചു കൊണ്ട് തുറിച്ചു നോക്കി .  

അള്ളാ ഇതു വെണ്ടയുടെ പൂവാണ് ... 

ഉമ്മൂമ്മയും  ഉമ്മയും ഒക്കെ അറിഞ്ഞാൽ നമ്മുടെ പൂ പറിക്കലും  പൂക്കളമിടലും ഇതോടെ അവസാനിക്കും ...

അതും പറഞ്ഞു അവൾ എന്റെ കൈയിലുള്ള പൂക്കളൊക്കെയും തട്ടിപ്പറിച്ച് ഒരു കുഴിയെടുത്ത് കുഴിച്ചു മൂടി . ഈപാതകം ചെയ്തവരെ ഉമ്മൂമയും , ഉമ്മയും അയൽക്കാരും ആരെന്നറിയാൻ എല്ലാവരുടെയും പൂക്കളം പരിശോധിച്ചെങ്കിലും , ഈ കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരിപ്പൂവിനെ ഒരിടത്തും കണ്ടെത്താനായില്ല . കാലമേറെ മുന്നോട്ട് പോയെങ്കിലും ,  ഉമ്മൂമയും , ചിരുതമ്മയും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും ഇന്നും ആ സത്യം ഞങ്ങളുടെമനസ്സിന്റെ നിലവറയിൽ താഴിട്ട് പൂട്ടിക്കിടക്കുന്നു .

തിരുവോണത്തിന്റെ തലേ ദിവസമായ ഉത്രാട ദിനം അവിടെ അമ്മമാരും , മുത്തശ്ശിമാരും എല്ലാവരും അടുക്കളയിൽ തകൃതിയായ പണിയിലായിരിക്കും. അന്നാണ് ഉപ്പേരി, ശർക്കര പുരട്ടി , കായ വറുത്തതൊക്കെ ഉണ്ടാക്കുന്നത് . കുസൃതിപ്പിള്ളേരാണെങ്കിൽ അതൊക്കെ അമ്മമാരുടെ കണ്ണ് വെട്ടിച്ച്‌  ട്രൗസറിന്റെ കീശയിലും ,  പാവാടത്തുമ്പിലുമായി എടുത്ത്‌ ചങ്ങാതിമാരുമായി പങ്കിട്ട്‌ കഴിക്കും . ഇന്ന് ശർക്കര വരട്ടിയതും , കായ വറുത്തതും കഴിക്കാൻ ഓണം വരേണ്ട . എല്ലാഴ്പ്പോഴും അടുക്കളയുടെ തട്ടിൻ പുറത്തെ ഭരണിയിൽ കവറുകൾക്കുള്ളിൽ ഇതൊക്കെ കാണും . ഹോട്ടലുകളിൽ ചെന്നാൽ ഏത് ദിവസവും  സദ്യയും കഴിക്കാം . 

ആദ്യത്തെ ഓണ സദ്യയും ചിരിക്കു വക നൽകുന്നതാണ് . അയൽ വീട്ടിലെ ക്ഷണപ്രകാരം ഞാനും , അനിയത്തിമാരും , അനിയനും ഓണ സദ്യ കഴിക്കാൻ ചെന്നു . ഞങ്ങളെല്ലാവരും തൂശനിലയ്ക്ക് മുന്നിൽ ചമ്രംപടിഞ്ഞിരുന്നു . അപ്പോൾ ചെറിയ അനിയത്തിക്ക് ഞങ്ങളെപ്പോലെ ചമ്രം പടിഞ്ഞിരിക്കണം . വല്ല വിധേനയും കൊടക്കമ്പി പോലുള്ള കാലുകൾ വളച്ചു വെച്ച് തല്ക്കാലം ഞാനവളുടെ  കരച്ചിലടക്കി . അങ്ങനെ വീട്ടുകാർ ഓരോരുത്തരായി നേറ്റി പാത്രത്തിൽ പഴം , പപ്പടം , ശർക്കര വരട്ടി , ഉപ്പേരി , പപ്പടം , തോരൻ , ഓലൻ , അവിയൽ , പച്ചടി , കിച്ചടി ,പുത്തരിച്ചോർ ഇവയൊക്കെ ഓരോരുത്തരുടെ ഇലയിൽ നിര നിരയായി വിളമ്പി . ഇലയുടെഅടുത്തായി കുഞ്ഞു പിഞ്ഞാണത്തിൽ രണ്ടു തരത്തിലുള്ള പായസവും . 

ഞാൻ ശർക്കര പുരട്ടി എടുക്കണോ , പായസം കുടിക്കണോ എന്ന സന്ദേഹത്തോടെ ഇടത്തു നിന്ന് വലത്തോട്ടും , വലത്തു നിന്ന് ഇടത്തോട്ടും കണ്ണോടിച്ചു ..

ഒടുവിൽ എന്റെ അപ്പുറത്തിരിക്കുന്ന ചേച്ചി പരിപ്പ് കറിയും , സാമ്പാറും കൂട്ടിക്കുഴക്കുന്നതു കണ്ട് ഞാനും അങ്ങ് ആഞ്ഞു കുഴച്ചു . അപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന രണ്ടാമത്തെ അനിയത്തിയുടെ ഭാഗത്തു നിന്ന് ഒരശരീരി . ഈസാമ്പാറിനെന്തു മധുരം . നോക്കുമ്പോൾ സാമ്പാർ എന്ന് കരുതി പായസം മൊത്തം ചോറിലേക്കു കമഴ്ത്തിയിരിക്കയാണ്  .

 പഷ്ട്ട് .

ഞാൻ നിസ്സഹായതയോടെയിരിക്കുന്ന അവളുടെ ഇലയിലെ ചോറിലേക്കും , അവളുടെ മുഖത്തേക്കും തുറിച്ചുനോക്കി . 

ഞാൻ പല്ലു കടിച്ചു കൊണ്ട് ഓൾടെ കാലിലിട്ട് ഒരു നല്ല നുള്ള് കൊടുത്തു . 

ത്ര .. തോനെ ഇലയിൽ കറികൾ നിരന്നിരിക്കുമ്പോൾ അനക്കു ബല്ല ആവശ്യോണ്ടായിനോ പായസമെടുത്തൊഴിക്കാൻ ?

ഞങ്ങളുടെ രഹസ്യ സംഭാഷണം ചോർത്തിയ ചേച്ചി അപ്പൊഴേക്കും തൊട്ടപ്പുറത്തിരിക്കുന്നതിന്റെ ചെവിയിൽമന്ത്രിച്ചു കൊണ്ട് ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയിരുന്നു . ഇതറിഞ്ഞ മാഷിന്റെ മകൾ അതായത് ഉമ്മയുടെ പഴയ കളിക്കൂട്ടുകാരി അപ്പോൾ തന്നെ അനിയത്തിക്ക് വേറെ സദ്യ വിളമ്പി . അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്നുള്ള സദ്യയ്ക്ക് ശേഷം ഞാനെണീറ്റ് കൈ കഴുകാൻ പോകുമ്പോഴൊരു കരച്ചിൽ . 

എവിടെയോ കേട്ട് പരിചയമുള്ള ഒച്ച ..

നോക്കുമ്പോൾ നേരത്തെ ചമ്രം പടിഞ്ഞിരുന്ന ചെറിയ അനിയത്തിയാണ് . കൊളുത്തി വെച്ച കാൽ പിടിച്ചു കൊണ്ട് കാല് തരിച്ചെന്നോ മറ്റോ പറഞ്ഞു കരയുകയാണ് . കാല് നിവർത്താതെ അനിയത്തിയെ അങ്ങനെ തന്നെ പൊക്കിയെടുത്ത് ഉമ്മൂമ്മാടെ വീട്ടിലേക്കോടുമ്പോൾ ഞാൻ ഉറക്കെ പറഞ്ഞു  , ഓണം കേറാ മൂലേന്ന് ഓണസദ്യയെന്ന് പറഞ്ഞു ഓരോന്നും ഇറങ്ങിക്കോളും മനുഷ്യനെ നാണം കെടുത്താനായിട്ട് . 

പിന്നീട് പല ഓണാഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഓർമ്മയിൽ എന്നും തിരി തെളിഞ്ഞിരിക്കുന്ന ഓണം ഉമ്മയുടെ തറവാട്ടിലെ ആ കുട്ടിക്കാലത്തെ ഓണമായിരുന്നു . ഇന്നവിടെ വല്യ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും , കേരളത്തിലെ ഒട്ടുമിക്ക പാടവും , വയലും നികത്തി 

പകരം കോൺക്രീറ്റ് നിലങ്ങളായിരിക്കുന്നു . സാമൂഹിക മാധ്യമങ്ങളിൽ പൂക്കളം തീർത്ത് , ഓണം വാങ്ങി , സദ്യയുണ്ട് , പരസ്പര ആശംസകൾ ചൊരിയുമ്പോൾ നാം പോലുമറിയാതെ ബന്ധു ജനങ്ങൾക്കിടയിലും അയൽക്കാർക്കിടയിലും  അന്യതാ ബോധത്തിന്റെ കരിങ്കൽ മതിലുകൾ പണിതുയർത്തുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}