ADVERTISEMENT

ഒരധ്യാപകനോട് അല്ലെങ്കിൽ അധ്യാപികയോട് how do you measure the value of your life എന്നു ചോദിച്ചാൽ പഠിപ്പിച്ച് ജീവിതം തേടി പറന്നു പോയ ആയിരക്കണക്കിനു കുട്ടികളുടെ മുഖങ്ങളാവും ഓർമയിലെത്തുക. മുഖങ്ങളും പേരുകളുമൊന്നും കൃത്യമായി തെളിഞ്ഞു വരില്ലെങ്കിലും.

ഓരോ വർഷവും കുട്ടികളെ പഠിപ്പിക്കുന്തോറും പഠിപ്പിക്കുന്നയാൾക്കും പഠിക്കുന്നവർക്കും അറിവു കൂടുന്നു, ജീവിതത്തിന്റെ മൂല്യവും (value) കൂടുന്നു. അച്ഛനുമമ്മയും അധ്യാപകരായതു കൊണ്ടല്ല എനിക്ക് ആദ്യം സ്ക്കൂൾ അധ്യാപകനാവണം പിന്നെ കോളജ് ലക്ചററാകണം എന്നൊക്കെ ഒരുകാലത്ത് ആഗ്രഹം വന്നത്. പയ്യന്നൂർ കോളജിൽ ഗണിതശാസ്ത്രം പഠിക്കുമ്പോഴായിരുന്നു അത്.

അടുത്തിലയിലെ എന്റെ വീട്ടിലേക്ക് ഏഴോം എന്ന അധികം ദൂരെയല്ലാത്ത ഒരിടത്തുനിന്നും ഒരു കുട്ടി എന്നെ കാണാൻ വന്നു. അവനെ കണക്കിലെ പുതിയ ചില ഭാഗങ്ങൾ പഠിപ്പിക്കണമെന്ന അപേക്ഷയുമായി. എനിക്ക് ഒരാളെയും പഠിപ്പിച്ച ശീലമില്ലായിരുന്നു അതുവരെ.

ആ കുട്ടിയുടെ പേര് വിനയൻ. ഒരു മാഷിന്റെ മകൻ. എനിക്ക് ഗണിതശാസ്ത്രത്തിൽ നല്ല അറിവുണ്ടെന്നൊ മറ്റോ എന്റെ പഴയൊരു കണക്കുമാഷ് പറഞ്ഞിട്ട് എന്നെയന്വേഷിച്ച് വന്നതാണ്. എനിക്കാണെങ്കിൽ പഠിപ്പിക്കാൻ ഒട്ടും താൽപ്പര്യമില്ല. 

അവന് പക്ഷെ പഠിച്ചേ പറ്റൂ.

എന്റെടുത്ത് നിന്ന് തന്നെ പഠിക്കുകയും വേണം!

 

വീട്ടിൽ നിന്ന് അച്ഛനുമമ്മയും പറഞ്ഞു ദൂരത്ത് നിന്നു നടന്നു വരുന്നതല്ലെ, നിന്നെപറ്റി യേതോമാഷ് പറഞ്ഞുവന്നതല്ലെ, കുറച്ച് നിനക്കവനെ സഹായിച്ചാലെന്താ എന്നൊക്കെ. എന്നിട്ടും വഴങ്ങാതെ ആവില്ലെന്നു പറഞ്ഞ് പലതവണ അവനെ പറഞ്ഞു വിട്ടുവെങ്കിലും വിനയൻ പിന്നെയും പിന്നെയും എന്റെ വീട്ടിൽ വന്നു , കണക്കിലെ ചോദ്യങ്ങളുമായി. ആവശ്യക്കാരന് ഔചിത്യമില്ല എന്നു പറഞ്ഞതുപോലെ.

ചോദ്യം കേട്ടാൽ അറിയുന്ന ഉത്തരം ആരായാലും പറഞ്ഞു കൊടുത്തു പോവുമല്ലോ. അങ്ങിനെ സ്ഥിരോൽസാഹം കൊണ്ട് വിനയൻ എന്റെ ശിഷ്യനായി. മിക്കദിവസങ്ങളിലും കോളജ് വിട്ടശേഷം ഏഴോത്തെ വീട്ടിൽ പോകുന്നതിനു പകരം വിനയൻ അടുത്തില eclp സ്കൂളിനു പുറകിലെ എന്റെ വീട്ടിലെത്തും. വീടിന്റെ പുമുഖത്തിരുന്ന് ഞാനവനെ പഠിപ്പിക്കും. 

 

അന്നു വീട്ടിൽ ഇലക്‌ട്രിസിറ്റിയില്ല. സന്ധ്യയായാൽ പുകവിടുന്ന മണ്ണെണ്ണ വിളക്ക്, കൊതുകുകടി എന്നീ പലഹാരങ്ങളുടെ അകമ്പടിയോടെയുള്ള പഠനവും ചോദ്യേത്തരങ്ങളും ക്രമേണ ശിഷ്യനെക്കാൾ “ഗുരു” ആസ്വദിച്ചു തുടങ്ങി. വിനയൻ ആഴത്തിലുള്ള പല ചോദ്യങ്ങളുമായി വന്നത് തുടക്കത്തിൽ അലോസരമായി തോന്നിയെങ്കിലും അത് എന്നെ കൂടുതൽ കണക്കിലെ കളികളും കുരുക്കുകളും മനസ്സിലാക്കാനും കൂടുതൽ സ്വയം പഠിക്കാനും പ്രേരിപ്പിച്ചു. അവന്റെ ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും മറുപടിപറയാൻ എനിക്ക് താൽപ്പര്യം കൂടി.

കണക്കു പഠനമെന്നാൽ ഒരു കടലിനെയറിയുന്നതു പോലെയാണെന്ന ബോധം അല്ലെങ്കിൽ ബോധോദയം! കൂടുതൽ ചുറ്റുവട്ടത്തേക്ക് പോകുമ്പോൾ അതിന്റെ വലുപ്പം പിന്നെയും കൂടുന്നു, കൂടുതൽ ആഴത്തിൽ പോകുമ്പോൾ അതിന്റെ ആഴം പിന്നെയും കൂടുന്നു. കോളജിൽ നിന്ന് എല്ലാം പഠിച്ചുവെന്ന് വിശ്വസിച്ചിരുന്നെങ്കിലും അതിനപ്പുറവും പഠിക്കാനുണ്ടെന്ന് വിനയനുമായി കണക്ക് പങ്കിടുമ്പോൾ ഞാനറിഞ്ഞു!

 

ഒടുവിൽ എനിക്ക് കണക്ക് പഠിപ്പിക്കുന്ന പ്രക്രിയയോട് അടങ്ങാത്ത അഭിനിവേശവും പ്രേമവുമായി എന്നെഴുതിയാലേ എന്റെ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനൊടുള്ള അഭിവാഞ്ച കുറച്ചെങ്കിലും കൃത്യമായി വായനക്കാർക്ക് മനസ്സിലാകൂ. അതിനു കാരണക്കാരൻ എന്റെ ആദ്യത്തെ ശിഷ്യനും.  പഠിപ്പിക്കുന്നയാളാണ് കൂടുതൽ പഠിക്കുന്നത്.

 

ആ കാലയളവിൽ പലതവണ വിനയൻ എനിക്ക് പഠിപ്പിക്കുന്നതിന് ഫീസ് തരാൻ ശ്രമിച്ചെങ്കിലും ഞാൻ വാങ്ങിയില്ല. എന്റെ എല്ലാ കാര്യങ്ങളും അച്ഛനുമമ്മയും നോക്കുന്നുണ്ട്, എനിക്കെന്തിനാണ് പണം? പഠിപ്പിക്കുന്ന അനുഭവവും അതിൽ നിന്ന് കിട്ടുന്ന സന്തോഷവും തന്നെയല്ലെ എനിക്കുള്ള ഗുരുദക്ഷിണ? അത് ആവോളം കിട്ടുന്നുമുണ്ട്!

 

ഇന്ത്യൻ ഗണിതശാസ്ത്ര ജീനിയസായ രാമാനുജൻ ഇംഗ്ലണ്ടുകാരനും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ GH Hardy യുടെയടുത്ത് ശിഷ്യനാക്കണമെന്ന് പലതവണയപേക്ഷിച്ച് ഒടുവിൽ ഹാർഡി കനിഞ്ഞു. അത് ചരിത്രസംഭവം, ലോകത്തിനതുകൊണ്ട് കിട്ടി ഒരസാമാന്യ പ്രതിഭയെ. A Mathematicians Apology എന്ന ക്ലാസിക്കിൽ ഹാർഡി പിന്നീടെഴുതി, രാമാനുജനെ ശിഷ്യനായികിട്ടിയതും രാമാനുജന്റെ കൂടെ കണക്കിലെ രസങ്ങളനുഭവിച്ചതുമൊക്കെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും romantic ആയി അനുഭവപ്പെട്ട കാലമെന്ന്.  അത് എത്രമാത്രം ശരിയാണെന്ന് എനിക്ക് മനസ്സിലാവും!

 

ഒടുവിൽ പഠനം കഴിഞ്ഞപ്പോൾ വിനയൻ ഞാനവനെ ഗണിതം

പഠിപ്പിച്ചതിന് നന്ദി പറയാനായി വീട്ടിൽ വന്നു. 

അവന്റെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. 

നിറയെ രൂപയുടെ നോട്ടുകൾ. ഞാൻ പതിവ് പോലെ നിരസിച്ചു. പക്ഷെ ഇത്തവണ എന്റെ നിരസിക്കൽ വകവെക്കാതെ, നന്ദി പറഞ്ഞ ശേഷം ആ കവർ പൂമുഖത്ത് വച്ച് അവൻ തിരിഞ്ഞ് ഒറ്റ നടത്തം.

 

ഞാനത് നോക്കി വിഷമത്തോടെയിരുന്നു. എനിക്ക് സത്യമായും കരച്ചിൽ വന്നു. അവന്റെ പണത്തിനു വേണ്ടിയല്ല ഞാനവനെ പഠിപ്പിച്ചത്. എന്റെ സമയം അത്രയും കാലം ഉപയോഗിച്ചതിന് എന്തെങ്കിലും പാരിതോഷികം തന്നില്ലെങ്കിൽ അവന് മനസ്സമാധാനം കിട്ടില്ല, അതായിരിക്കും പാവം അതവിടെ വച്ചു പോയത് എന്ന് അമ്മ പറഞ്ഞു.

 

എം എസ് സി യും പിന്നെ പഠിപ്പിക്കാൻ ബി എഡും ഉണ്ടായിട്ടും മാനേജ്മെന്റുകൾക്ക് കോഴ കൊടുക്കാൻ അധ്യാപകരായ അച്ഛനമ്മമാർക്ക് എളുപ്പമായിരുന്നില്ല. പിന്നെ കോഴയും കൈക്കൂലിയും

കൊടുത്ത് ജോലി വേണ്ട എന്ന് ആദർശമുള്ളിലും. രണ്ടും നല്ല ചേർച്ചയായി.

 

കോളജ് ലക്ചററാകാൻ പലയിടത്തും ഇന്റർവ്യുവിനു പോയി. പാനലിന്റെ ചോദ്യങ്ങൾക്കൊക്കെ നന്നായി ഉത്തരം പറഞ്ഞു. മാനേജ്മെന്റിന്റെ ചോദ്യത്തിന് എന്റെ ഉത്തരം പൂജ്യം എന്നായതു കാരണം ആരും ജോലിതന്നില്ല.

Mathematics പഠിപ്പിക്കുന്നത് ഭയങ്കര passion ആണ് എന്നൊക്കെ പറഞ്ഞതാണ്. 

25, 000 ഉറുപ്പികയായിരുന്നു അന്നത്തെ റേറ്റ് എന്നാണ് ഓർമ. 

വഴിയെ mathematics ലക്ചറർ ജോലിക്ക് psc test എഴുതി പാസ്സായി. ഇന്റർവ്യുവിനു വിളിച്ചു. അതും പാസ്സായി. റാങ്ക് ലിസ്റ്റിൽ വന്നു.

കാത്തിരുന്നു. വിളി വരുമ്പോഴേക്കും കമ്പ്യൂട്ടർ എൻജിനിയറായി

അമേരിക്കയിലെത്തി.

 

പക്ഷെ ഗണിതം പഠിപ്പിക്കാനുള്ള അഭിനിവേശം ഉള്ളിൽ കിടന്ന് കറങ്ങി. മകനും മകളും ഇവിടെ സ്ക്കൂളിൽ പഠിക്കാൻ മാത്രം വളർന്നപ്പോൾ, ടെക്നോളജിസ്റ്റിന്റെ കുപ്പായം ഊരിവെക്കുന്ന വാരാന്ത്യങ്ങളിൽ കണക്കുമാഷിന്റെ കുപ്പായമിട്ട് മക്കളെയും അവരുടെ കൂട്ടുകാരെയും ഗണിതവും പിന്നെ computer science & technology യും പഠിപ്പിച്ച് തുടങ്ങിയൊടുവിൽ ന്യുജേഴ്സിയിൽ വളരെ പ്രസിദ്ധിയിലെത്തിനിൽക്കുന്ന ഗണിതശാസ്ത്ര സ്ഥാപനം ആരംഭിക്കുവാനും കഴിഞ്ഞു വിനയൻ കണ്ടെത്തിയ (invented) അധ്യാപകന്.

സ്ഥാപനം വഴി ഇതുവരെ പഠിച്ചു നല്ല നിലയിലെത്തി ഒരായിരം വിനയൻമാരും, കൂടെ “വിനയി”കളും!

How do you measure your life എന്ന ചോദ്യത്തിന് എന്റെയുത്തരം?

1,000 and counting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com