ADVERTISEMENT

ആധുനിക ലോകത്തിൽ ധാർമ്മികതയിൽ ഉറച്ച ജീവിതശൈലിയും മൂല്യാധിഷ്ഠിതമായ ജീവിതരീതികളും അന്യം നിന്നുപോയെന്നു തുറന്നുപറയുവാൻ പലരും ശ്രമിക്കുമ്പോഴും അവരെല്ലാവരുടെയും ലക്ഷ്യവും പ്രതീക്ഷയും ധാർമ്മികതയിൽ ഉറച്ച ജീവിതമാണ്. ലോകത്തിൽ  ധാർമ്മികത ഉണ്ടായിരിക്കുമ്പോൾ മാത്രമാണ് ലോകം നിലനിൽക്കുകയുള്ളൂ എന്ന പൂർണ്ണബോധ്യമുള്ളതിനാലുമാണ് പലരും ധാർമ്മികതയെ കാംക്ഷിക്കുന്നത്.  

 

എന്നാൽ പലരും മറ്റുള്ളവരിൽ നിന്നും ധാർമ്മികത പ്രതീക്ഷിക്കുമ്പോൾ സ്വന്തം ജീവിതത്തിൽ പ്രായോഗികതയെ പുൽകുവാനാണ്  ശ്രമിക്കുന്നത്. കാരണം ആധുനികലോകത്തിൽ തികച്ചും ധാർമ്മിക തത്വങ്ങളിൽ ഉറച്ചുള്ള ജീവിതം സാധാരണക്കാർക്കു സാധിക്കില്ല എന്ന തിരിച്ചറിവാണ്.  

 

ധാർമ്മികതയെ ഘോരഘോരം പ്രഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും പ്രായോഗിക ജീവിതശൈലി അവലംഭിക്കുന്നതും അനുദിന കാഴ്ചയുമാണ്. ലോകം സൃഷ്ടിച്ചിരിക്കുന്നത് വൈവിധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നു വിശ്വസിക്കുമ്പോഴും പലർക്കും മറ്റുള്ളവരെ ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും സാധിക്കാതെ വരുന്നത് തന്നെയാണ് ധാർമ്മികത പാലിക്കാത്തതിനുള്ള ഏറ്റവും ചെറിയ ഉദാഹരണം.  

 

ഏഴു പതിറ്റാണ്ടിലധികം ലോകത്തിന്റെ രാജ്ഞി പദം അലങ്കരിച്ച് കാലം ചെയ്ത എലിസബത്ത് (രണ്ടാം) രാജ്ഞിയുടെ ജീവിതം ധാർമ്മികതയിൽ ഉറച്ചതായിരിന്നു എന്നു ഭൗതീക ശരീരം ഒരുനോക്ക് നേരിൽ കാണുവാൻ ദിവസങ്ങൾ കാത്തിരുന്ന പലരും ആവർത്തിക്കുന്നതും മനുഷ്യരുടെ പ്രതീക്ഷകൾക്ക് ഭംഗം വരുന്നില്ലായെന്നതിന്റെ തെളിവുകളാണ്.

 

ധാർമ്മികതയിലുള്ള വിശ്വാസവും ധാർമ്മിക തത്വങ്ങളും ലോകത്തിൽ പുതുമയുള്ളതല്ല. പരിഷ്കൃത ലോകം ഉരുത്തിരിഞ്ഞ പൗരാണിക ഗ്രീക്കിലും ചൈനയിലും പ്രചരിച്ചിരുന്ന ജീവിതമൂല്യങ്ങളാണു ധാർമ്മികത.  മനുഷ്യജീവിതത്തിൽ വിജയം നേടുവാൻ അഥവാ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൃപ്തിയുളവാക്കുന്ന അർത്ഥങ്ങൾ കണ്ടെത്താൻ എല്ലാ മനുഷ്യരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളായിരുന്നു ധാർമ്മികതയിൽ അധിഷ്ഠിതമായ ജീവിതരീതികൾ. നശ്വരവും നൈമിഷികവുമായ ജീവിതലക്ഷ്യങ്ങളെക്കാൾ അധിക സമാധാനം നൽകുന്ന പുണ്യം അഥവാ നിത്യത ലഭിക്കുവാനുള്ള മാർഗങ്ങളെ ആരായുന്നതിലൂടെയാണ് ധാർമ്മികതയിലുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.

 

ഗ്രീക്ക് സൈദ്ധാന്തികനായ അരിസ്റ്റോട്ടിലിൽ തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും ചരിത്രത്തിലുടനീളം മനുഷ്യന്റെ ധാർമ്മിക ഉത്തരവാദിത്വങ്ങളിൽ ഗവേഷണങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മനഃശാസ്ത്രമേഖലകളിൽ ധാർമ്മികതയുടെ വികസനത്തിന്റെ ഭാഗമായാണ് ധാർമ്മിക തത്ത്വങ്ങളുടെ പഠനങ്ങൾ നടക്കുന്നത്.  മനുഷ്യരിൽ ധാർമ്മികതയുടെ ഉറവിടം കണ്ടെത്തുവാനായി കുട്ടികളുടെ മനോഭാവവും, വളർച്ചയും, വിദ്യാഭ്യാസ രീതികളും, അവരുടെ ജീവിത സാഹചര്യങ്ങളും പഠനവിഷയങ്ങളാക്കിയിട്ടുണ്ട്.  ധാർമ്മിക മൂല്യങ്ങളെക്കാൾ അന്യോന്യമുള്ള മത്സരം ജീവിതം ദിനചര്യയാക്കി മാറ്റിയ ആധുനിക ലോകത്തിൽ സത്യത്തിനും നീതിക്കും അല്പമെങ്കിലും പ്രാധിനിത്യം ഉണ്ടെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുമുണ്ട്. പ്രായോഗിക ജീവിതത്തേക്കാൾ ധാർമ്മിക ജീവിതമാണ് ആത്യന്തിക വിജയം നൽകുന്നതെന്ന് ഇഹലോകവാസം വെടിഞ്ഞ എലിസബത്ത് രാജ്ഞിയുടെ ജീവിതം നൽകുന്ന മറ്റൊരു സന്ദേശം.

 

ആഗോള തലങ്ങളിലുള്ള ധാർമ്മികതയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത് രണ്ടു തരത്തിലുള്ള ധാർമ്മികതയാണ് ലോകത്തിലുള്ളതെന്നാണ്,  സമ്പൂർണ്ണമായ ധാർമ്മിക തത്വങ്ങളും  ആപേക്ഷികമായ  ധാർമ്മിക തത്വങ്ങളും.  വാക്കുകളിൽ നിറയുന്ന  അർത്ഥംപോലെ സമ്പൂർണ്ണമായ ധാർമ്മികത മാറ്റമില്ലാത്തതും സാർവത്രികവുമാണ്. മനുഷ്യജീവിതത്തിൽ അനുദിനം പരിപാലിക്കപ്പെടേണ്ടതെല്ലാം അവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എല്ലാ ജീവിത സാഹചര്യങ്ങളിലും സത്യം മാത്രം പറയുക, അന്യരുടെ വസ്തുക്കൾ അപഹരിക്കാതിരിക്കുക, തെറ്റായ മാർഗ്ഗങ്ങൾ അവലംബിക്കാതിരിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്യുക, ദാനധർമ്മങ്ങളിലൂടെ അന്യരുടെ ദുഃഖത്തിൽ പങ്കാളിയാവുക. ഇതിനെല്ലാറ്റിനുപരിയായി  മറ്റൊരു മനുഷ്യജീവൻ നഷ്ടമാകുവാൻ കാരണമാവാതിരിക്കുക.  എന്നാൽ കേവലമല്ലാത്ത അഥവാ ആപേക്ഷികമായ  ധാർമ്മികത വലിയ അന്തരങ്ങൾ ഇല്ലാത്തവയുമാണ്. 

 

കാലോചിതമായും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലും ചില വ്യത്യാസങ്ങൾ നിഴലിക്കുമെങ്കിലും  കാതലായ മാറ്റങ്ങളില്ല. പ്രാഥമികമായും വ്യക്തികളുടെ ജീവിതരീതികളിലും സാഹചര്യങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും ഉള്ള അന്തരമാണ്. വ്യക്തികളുടെ വിശ്വാസജീവിതത്തിലൂടെ ലഭിക്കുന്ന സത്യങ്ങളെല്ലാം മറ്റുള്ളവർക്ക് യുക്തമായി അനുഭവപ്പെടാറില്ല. സസ്യാഹാരം കഴിക്കുക എന്നത് ഒരാളുടെ ജീവിതരീതിയാണ്, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരുടെ യുക്തിക്ക് യോജിച്ചതാണ് എന്നാൽ മൽസ്യവും മാംസവും കഴിക്കുന്നവർക്ക് ഉചിതമാവുന്നില്ല. നേരായ മാർഗത്തിലൂടെ അധികധനം സമ്പാദിക്കുന്നത് ഉത്തമമാണ് എന്നാൽ അനാവശ്യമായി ചിലവഴിക്കുന്നത് അധാർമ്മികതയാണ്. ഈ പ്രപഞ്ചത്തിനെ സംരക്ഷിക്കുകയെന്നത് ചിലരുടെ ധാർമ്മിക ഉത്തരവാദിത്വമാണ് എന്നാൽ ചിലർക്ക് അവരുടെ ജീവിതസുഖത്തിനായി മാത്രം വിനിയോഗിക്കുവാൻ ശ്രമിക്കുന്നു.

 

70 വർഷത്തിലധികം ആക്ഷേപങ്ങൾക്കതീതമായി എലിസബത്ത് രാജ്ഞിക്ക് രാഷ്ട്രത്തിന്റെ പരമോന്നതസ്ഥാനം വഹിക്കുവാനായത് തന്റെ ധാർമ്മികതയിലൂന്നിയ ജീവിതശൈലിയിലൂടെ മാത്രമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം വിലയിരുത്തുന്നത്. രാജ്ഞിയുടെ ജീവിതദൈർഘ്യത്തിൽ ലോകത്തിലുടനീളം നിരവധി നേതാക്കൾ അധികാരത്തിലെത്തിയെങ്കിലും അവരിൽ നിന്നെല്ലാം വേറിട്ട ജീവിതശൈലി പുലർത്തിയിരുന്നതിനാൽ മാത്രമാണ് ജനലക്ഷങ്ങൾ ആദരാഞ്ജലികളർപ്പിക്കുവാൻ ലണ്ടനിലേക്ക് ഒഴുകിയെത്തുന്നത്. രാജ്ഞിയുടെ ഭൗതികശരീരം വഹിക്കുന്ന പേടകം കാണുവാനും തങ്ങളുടെ സ്‌നേഹാദരങ്ങൾ നേരിൽ പ്രകടിപ്പിക്കുവാനും 26 മണിക്കൂറിലധികം ക്ഷമയോടെ കാത്തുനിന്ന ആരാധകർ ലോകത്തിൽ മറ്റൊരു നേതാവിനും ഉണ്ടാകുവാനിടയില്ല. 

 

ഏകദേശം രണ്ടു ദശലക്ഷം മനുഷ്യർ കാത്തിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട രാജ്ഞിയുടെ പേടകം നേരിൽ കാണുവാനായും പ്രാർത്ഥനകൾ സമർപ്പിക്കുവാനും. രാജഭരണത്തിൽ നിന്നും ജനാധിപത്യഭരണ സംവിധാനങ്ങളിലേയ്ക്ക് ലോകം മാറിയപ്പോൾ മടികൂടാതെ പുതിയ സംവിധാനത്തെ മാറോട് ചേർത്തതിനപ്പുറം തന്റെ പരിമിതമായ അധികാരങ്ങളുടെ അതിരുകൾ ഒരിക്കലും ലംഘിക്കാതിരുന്നതും രാജ്ഞിയുടെ ജീവിതവിജയമാണ്. തന്റെ 70  വർഷത്തെ രാജകീയ പദവിയിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെയും, 14 അമേരിക്കൻ പ്രെസിഡന്റ്മാരെയും, ഫ്രാൻസിന്റെ 10  രാഷ്ട്രത്തലവന്മാരെയും കാണുന്നതിലധികം അവരെല്ലാമായി ഊഷ്മളമായ ബന്ധങ്ങൾ പുലർത്തുവാനും സാധിച്ചിരിക്കണം. എല്ലാ രാഷ്ട്രീയ നേതാക്കന്മാരെയും വ്യക്തികളെക്കാളും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ മൂല്യങ്ങളെക്കാളും അതാത് രാഷ്ട്രങ്ങളുടെ തലവന്മാരായി കാണുവാൻ സാധിച്ചതിനാലായിരിക്കണം അധിക സ്വീകാര്യത ലഭിച്ചത്. കാലം ചെയ്ത രാജ്ഞിയുടെ ധാർമ്മിക ജീവിതത്തിന്റെ പ്രതിഫലമായിട്ടായിരിക്കണം ചാൾസ് മൂന്നാമൻ രാജാവിന് വളരെ സുഗമമായി അധികാരത്തിലേറുവാനായത്.  

 

അധികാരം ലോകത്തിൽ ചിലർക്കെങ്കിലും ഒരു ലഹരിയാണ് അഥവാ ഒരു സുഖമുള്ള അനുഭൂതിയാണ്. നിസീമമായ അധികാരങ്ങൾക്കായി എത്രയും ഹീനപ്രവർത്തികൾ ചെയ്യുവാനും മടിയില്ലാത്തവരാണ് ചില  ലോകനേതാക്കളെന്ന് മനുഷ്യർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലുള്ള എല്ലാ അധികാരങ്ങൾക്കും പരിമിതികളുണ്ടെങ്കിലും അധികാരം കാലോചിതമായി കയ്യൊഴിയുവാൻ ശ്രമിക്കാതെ കൂടുതൽ അധികാരങ്ങൾ തേടുവാനാണ് പലരും ശ്രമിക്കുന്നതും. ജന്മത്തിലൂടെ അധികാരം ലഭിക്കാത്ത പലരും ജനാധിപത്യത്തിലൂടെ അധികാരത്തിലേറുമ്പോൾ ജനാധിപത്യത്തിലെ പഴുതുകൾ ഉപയോഗിച്ച് അധികാരം ജീവിതകാലം മുഴുവൻ നിലനിർത്തുവാനും ശ്രമിക്കുന്നത് ചില ലോകരാജ്യങ്ങളിൽ നിന്നുമുള്ള നേർക്കാഴ്ചയുമാണ്. 

 

അധികാരം അലങ്കാരമാവുന്നത് ഉചിതമായ പ്രവർത്തനത്തിലൂടെ മാത്രമാണെന്ന് കാലം ചെയ്ത രാജ്ഞിയുടെ ജീവിതത്തിൽ നിന്നും മനസിലാക്കുവാൻ സാധിക്കും. തന്റെ 25-മത്തെ വയസ്സിൽ അധികാരത്തിലേറുമ്പോൾ ബ്രിട്ടൺ സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു എന്നാൽ കാലക്രെമേണ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും അധികാരം ഒഴിയേണ്ടി വന്നപ്പോഴും അവരെയെല്ലാം അംഗീകരിക്കുന്നതിനൊപ്പം എല്ലാ രാജ്യങ്ങളെയും ആദരിക്കുവാനും മടികാണിച്ചില്ല. അവിരാമം തുടരുന്ന പരിണാമപ്രക്രിയയാണ് ഭൂമിയിലെ ജീവന്റെ ആധാരമെന്ന തിരിച്ചറിവുള്ളതിനാൽ മാത്രമാണ് ബാർബോഡോസ് എന്ന കൊച്ചു കരീബിയൻ രാജ്യവും 2021-ൽ  രാജ്ഞിയെ ഭരണതലപ്പത്തുനിന്നും നീക്കം ചെയ്ത തീരുമാനത്തെ മാനിച്ചത്. എന്നാൽ സാമൂഹിക അംഗീകാരങ്ങളോടൊപ്പം രാഷ്ട്രീയവും നയതന്ത്രബന്ധങ്ങളും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളും ബ്രിട്ടണുമായി നിലനിർത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

 

ഒരിക്കൽ ബ്രിട്ടീഷ് മഹാരാജ്യത്തിന്റെ ആധിപത്യത്തിലായിരിന്നു രാജ്യങ്ങളുടെ പ്രതിനിധികളെ 2022-ൽ അഭിസംബോധന ചെയ്ത് കാലം ചെയ്ത  എലിസബത്ത് (രണ്ടാം) രാജ്ഞി പറഞ്ഞത്  " ഒരേ കുടുംബത്തിലെ അംഗങ്ങളായ  കോമൺവെൽത്ത്  രാജ്യങ്ങളിലെ പ്രതിനിധികൾ സൗഹൃദങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും ഒരുമിക്കുന്നവരാണ്. പൊതുവായ ലക്ഷ്യങ്ങളും പൊതുനന്മയും തേടുവാനുള്ള വേദിയാണിത്. അന്യോന്യം സേവനം ചെയ്യുവാനും അതിലൂടെ ഓരോ അംഗങ്ങൾക്കും പ്രയോജനങ്ങൾ ലഭിക്കുവാനുമുള്ള വേദി". ലോകചരിത്രത്തിനും വ്യക്തികളുടെ പൂർവിക ജീവിതത്തിനും  ആധുനിക ലോകത്തിൽ ജീവിക്കുന്ന ഭൂരിഭാഗം വ്യക്തികളും കാര്യമായി പരിഗണിക്കാറില്ല. ഇന്നിന്റെ ലോകത്തിൽ ജീവിക്കുന്നവരും ശോഭനമായ ഭാവിയെ കാംഷിക്കുന്നവരും ഇന്നലകളെ മറക്കുവാൻ ആഗ്രഹിക്കുന്നവരാണ്.  ഓരോ വ്യക്തിയുടെയും ഇന്നിന്റെ ധാർമ്മികത ഇന്നലെകളെയോർത്ത് വ്യസനിക്കുവാനുള്ളതല്ല മറിച്ച് ഇന്നിന്റെ ധാർമ്മികത അനുഷ്ഠിക്കുവാനുള്ളതാണ്. അതിനാലായിരിക്കും കാലം ചെയ്ത രാജ്ഞി വീണ്ടും ഓർമ്മിപ്പിച്ചത് "നമ്മുടെ ഇന്നിന്റെ ബന്ധങ്ങളാണ് അനുനിമിഷം നമ്മളെ പരിപോഷിപ്പിക്കുന്നതും ഭാവിയെ സുരക്ഷിതമാക്കുന്നതും. എന്റെ ജീവിതത്തിൽ കണ്ടറിഞ്ഞ വസ്തുതകളിൽ ഒന്നുമാത്രമാണിത്, വ്യതിരസ്ഥത പൂർണ്ണമായും നിഴലിക്കുന്നു കോമൺവെൽത്ത്  രാജ്യങ്ങളിലെ വ്യക്തികൾക്കും സമൂഹങ്ങൾക്കും ബന്ധങ്ങളാണ് ജീവിതത്തിൽ അനുനിമിഷം ഊഷ്മളത നൽകുന്നത്".  

 

അനാദികാലം മുതലുള്ള വിശ്വാസമാണ് ഓരോ വ്യക്തിയുടെയും അന്ത്യയാത്രയാണ് അവരുടെ ജീവിതകാലത്തിലെ ജനപ്രീതിയുടെ അളവുകോൽ. മനുഷ്യജീവിതത്തിൽ യാഥാർഥ്യമായിട്ടുള്ളത് മരണം മാത്രമാണെന്നും തിരിച്ചറിയുന്നതിനാലുമാണ് പലരും അന്ത്യയാത്രയുടെ ഭാഗമാകുവാൻ വിദൂരങ്ങളിൽ നിന്നുപോലും എത്തിച്ചേരുന്നതും. നാടുനീങ്ങിയ രാജ്ഞിയുടെ മൃതദേഹം വഹിച്ചുള്ള പേടകത്തിന്റെ യാത്ര സ്‌ക്കോട്ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ തുടങ്ങിയ നാൾ മുതൽ എല്ലാ നാളുകളിലും ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തുന്നത് പതിനായിരക്കണക്കിന് ആരാധകരാണ്. 

 

പലരും വ്യസനത്തോടെ യാത്രയാക്കുമ്പോൾ അധികവും രാജ്ഞിയുടെ ജീവിതകാലത്ത് ചെയ്ത പ്രവർത്തനങ്ങളെയും അവരുടെ ജീവിതത്തിൽ സംരക്ഷിച്ച സവിശേഷതകളധികമുള്ള ധാർമ്മിതകളെയും അനുസ്മരിക്കുന്നു. ഔദ്യോഗിക ബഹുമതികളോടെയുള്ള  സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ഭൂരിഭാഗം ലോകനേതാക്കൾ എത്തിക്കൊണ്ടിരിക്കുമ്പോഴും  ബ്രിട്ടനിലെ സ്വന്തം ജനത മൈലുകൾ നീളുന്ന നിരയിൽ കാത്തുനിൽക്കുന്നു. കാലം ചെയ്ത രാജ്ഞിയുടെ ജീവിതശൈലി ഏതെങ്കിലും രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള എല്ലാ മനുഷ്യരും വിലയിരുത്തുന്നത് തീരാനഷ്ടമായി മാത്രമാണ്. തന്റെ ഇരുപത്തൊന്നാം ജന്മദിനത്തിൽ സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനത്തിൽ നൽകിയ സന്ദേശം അക്ഷരാർത്ഥത്തിൽ അന്യുർഥമായതായിരിന്നു "ഹൃസ്വമാണെങ്കിലും ദൈർഘ്യമേറിയതാണെങ്കിലും എന്റെ ജീവിതം പൂർണമായും നിങ്ങളോരുത്തരുടെയും ഉന്നമനത്തിനും  നമ്മളെല്ലാവരും പ്രതിനിധാനം ചെയ്യുന്ന രാജവംശത്തിന്റെ സേവനത്തിനായും നിലനില്പിനായും  വിനിയോഗിക്കും".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com